»   » പായില്‍ ബാല്‍ക്കിയുടെ മികവ്

പായില്‍ ബാല്‍ക്കിയുടെ മികവ്

Posted By: Staff
Subscribe to Filmibeat Malayalam
Paa
ഹോളിവുഡ് ചിത്രമായ 'ക്യൂറിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബര്‍ട്ട'ന്റെയും, റോബിന്‍ വില്യംസ് നായകനായ 'ജാക്കി'നോടും സാദൃശ്യമുണ്ടെന്ന് ആരോപിയ്ക്കാമെങ്കിലും പാ അതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നു. അപൂര്‍വ രോഗത്തിനടിമയായ ഒരു വ്യക്തിയുടെ കഥ മാത്രമല്ല പാ ദൃശ്യവത്ക്കരിയ്ക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള തീവ്രമായ സ്‌നേഹബന്ധങ്ങളുടെയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യവുമെല്ലാം പായെ മേല്‍പറഞ്ഞ സിനിമകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു.

'പ്രോഗേറിയ' എന്ന രോഗത്തെ സംബന്ധിച്ച് ഒരു ഇന്‍ഫോര്‍മേറ്റീവ് ചിത്രമൊരുക്കാനല്ല പായിലൂടെ സംവിധായകന്‍ ബാല്‍ക്കി ശ്രമിച്ചിരിയ്ക്കുന്നത്. ഈ അപൂര്‍വ രോഗം ഒരു ചിത്രത്തിലെ ഒരു വഴിത്തിരിവായി ഒരിയ്ക്കലും മാറുന്നില്ല, അതിനെ കഥാഗതിയിലെ ഒരു ഘടകം മാത്രമായാണ് സംവിധായകന്‍ ഉപയോഗിക്കുന്നത്. വളിപ്പ് തമാശകള്‍ സൃഷ്ടിയ്ക്കാന്‍ ശ്രമിയ്ക്കാതെ കഥാസന്ദര്‍ഭത്തിനാവശ്യമായ ഹ്യൂമറുകള്‍ ചേര്‍ക്കാനും തിരക്കഥാക്കൃത്ത് കൂടിയായ സംവിധായകന്‍ ശ്രദ്ധിച്ചിരിയ്ക്കുന്നു. ചിത്രത്തില്‍ അരോയും കൂട്ടുകാരന്‍ വിഷ്ണുവുമായുള്ള സംഭാഷണങ്ങള്‍ ആരിലും ചിരിയുണര്‍ത്തുന്നതാണ്. വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിയ്ക്കാതെ തീര്‍ത്തും ലളിതമായ ശൈലിയില്‍ കഥ പറഞ്ഞ് അവസാനിപ്പിയ്ക്കുന്നിടത്താണ് സംവിധായകന്റെ വിജയം.

പായുടെ സാങ്കേതിക വശമാണ് ഏറെ പ്രശംസയര്‍ഹിയ്ക്കുന്ന മറ്റൊരു വിഭാഗം. ബിഗ് ബിയെ പതിമൂന്നുകാരനായ അരോവാക്കി രൂപാന്തരപ്പെടുത്തിയത് ഹോളിവുഡിലെ പ്രശസ്തനായ മേയ്ക്കപ്പ് മാന്‍ സ്റ്റീഫന്‍ ഡുപീയസാണ്. കളിമണ്ണു കൊണ്ടുള്ള ഭാഗങ്ങള്‍ ചേര്‍ത്താണ് അമിതാഭിനെ കുട്ടിയാക്കി മാറ്റിയത്. ഇതിന് വേണ്ടി മണിക്കൂറുകളാണ് ഇരുവരും ഉപയോഗിച്ചത്.

ഇളയരാജയുടെ ഹൃദ്യമായ മെലഡികള്‍ സിനിമയുടെ കഥാഗതിയ്ക്ക് ഏറെ ചേര്‍ന്നു പോകുന്നുണ്ട്. തീര്‍ത്തും ഫ്രഷായ പശ്ചത്തല സംഗീതം പ്രേക്ഷകരെ പിടിച്ചിരുത്തും. അനില്‍ നായിഡുവിന്റെ എഡിറ്റിങും പിസി ശ്രീരാമിന്റെ ഛായാഗ്രഹണവും മികച്ചതായിട്ടുണ്ട്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam