twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യത്യസ്തമാമൊരു രജനീചിത്രം

    By Super
    |

    സൂപ്പര്‍സ്റ്റാറ് യാരെന്നു കേട്ടാല്‍...!!! - 2

    തീര്‍ത്തും വ്യത്യസ്തമായൊരു രജനീ ചിത്രമാണ് കുചേലന്‍. മലയാളത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെ മുഴുനീള കഥാപാത്രമായി വികസിപ്പിക്കുന്നുവെന്നൊക്കെ ചിത്രീകരണ വേളയില്‍ പ്രചരിപ്പിച്ചത് വെറുതെയാണെന്ന് ചിത്രം കാണുമ്പോള്‍ മനസിലാകും. രജനിയുടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ അല്‍പം രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തെന്നൊഴിച്ചാല്‍ മൂലകഥയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

    രജനിയുടെ യഥാര്‍ത്ഥ ജീവിതത്തിലെ ചില അനുഭവങ്ങള്‍ ചിത്രത്തില്‍ അതുപോലെ പകര്‍ത്തിയും സംവിധായകന്‍ നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. തിരശീലയ്ക്ക് വെളിയിലെ സൂപ്പര്‍സ്റ്റാര്‍ വ്യക്തിത്വം നേരിടുന്ന ചില വെല്ലുവിളികളെക്കുറിച്ചും കഥാപാത്രം തുറന്നു സംസാരിക്കുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കാത്തതിന്റെ കാരണവും, അടിക്കടിയുളള ഹിമാലയ യാത്രകളുമൊക്കെ രജനി തന്നെ വിശദീകരിക്കുന്നുണ്ട് ചിത്രത്തില്‍.

    കഥ പറയുമ്പോള്‍ എന്ന സൂപ്പര്‍ ഹിറ്റായത് അതിലെ ക്ലൈമാക്സ് സീനിന്റെ വൈകാരിത ജനം അതേപടി ഏറ്റെടുത്തതു കൊണ്ടാണ്. ഉളളുലയ്ക്കും വിധം അത് അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞു. അതിനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു രജനിയുടെ പ്രകടനം. ഹൃദ്യമായ മാനുഷിക ഭാവങ്ങള്‍ തിരശീലയില്‍ അവതരിപ്പിക്കാന്‍ രജനീകാന്തിനെപ്പോലൊരാള്‍ക്ക് അവസരം ലഭിക്കുന്നത് അപൂര്‍വമായിട്ടാണ്. കുചേലന്റെ ക്ലൈമാക്സ് സീന്‍ രജനി മനോഹരമാക്കിയെന്ന് ആസ്വാദകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

    അതിമാനുഷികതയുടെ അങ്ങേയറ്റമാണ് രജനീകാന്തിന്റെ കഥാപാത്രങ്ങള്‍. അദ്ദേഹം അങ്ങനെ സ്ക്രീനിലെത്തിയാലേ പ്രേക്ഷകര്‍ തീയേറ്ററില്‍ കയറൂവെന്ന മുന്‍വിധി കുചേലന്‍ തകര്‍ക്കുകയാണ്. സൂപ്പര്‍താരമായിത്തന്നെയാണ് അദ്ദേഹം സ്ക്രീനിലെത്തുന്നത്. എന്നാല്‍ താരത്തിന്റെ ഉളളിലെ മിടിക്കുന്ന ഹൃദയം ഒരു മനുഷ്യന്റേതാണ് എന്നോര്‍മ്മിപ്പിക്കുന്ന കഥാപാത്രമാണ് കുചേലനിലെ അശോക് കുമാര്‍. മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന മനുഷ്യനായി രജനി സ്ക്രീനില്‍ പ്രത്യക്ഷപെടാന്‍ ഈ ചിത്രം കാരണമാകുമോ എന്ന് കാത്തിരിക്കുന്നവരുമുണ്ട് അദ്ദേഹത്തിന്റെ ആരാധകരില്‍.

    കഥ നടക്കുന്ന മറയൂരിന്റെ ഗ്രാമീണ ഭംഗി അരവിന്ദ് കൃഷ്ണ, അസാമാന്യമായ കരവിരുതോടെ കാമറയിലാക്കിയിട്ടുണ്ട്. ജി വി പ്രകാശ് കുമാറാണ് സംഗീതം. മുന്‍കാല രജനീചിത്രങ്ങളുടെ ഗാനങ്ങള്‍ ഉയര്‍ത്തുന്ന ആവേശം കുചേലനിലെ ഗാനങ്ങള്‍ക്കില്ല. എങ്കിലും മോശമല്ല അവ.

    സംവിധായകന്‍ പി വാസു തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. കുചേലനു വേണ്ടി ഏറെ കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷ ഒട്ടും മങ്ങിയില്ലെന്നാണ് ചിത്രത്തിന്റെ ഗംഭീര കളക്ഷന്‍ സൂചിപ്പിക്കുന്നത്.

    മുന്‍ പേജില്‍

    സൂപ്പര്‍സ്റ്റാറ് യാരെന്നു കേട്ടാല്‍...!!! സൂപ്പര്‍സ്റ്റാറ് യാരെന്നു കേട്ടാല്‍...!!!


    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X