»   » അമ്പതുകളിലെ പാലേരിയിലേക്ക് ഒരു യാത്ര

അമ്പതുകളിലെ പാലേരിയിലേക്ക് ഒരു യാത്ര

Posted By:
Subscribe to Filmibeat Malayalam
Paleri Manikyam
ആവള ദേശത്ത് ഒരു കച്ചവടക്കാര്യത്തിനായി പോകുമ്പോഴാണ് മുരിക്കുംകുന്നത് അഹമ്മദ് ഹാജി(മമ്മൂട്ടി) വാഴക്കൂമ്പ് പോലുള്ള മാണിക്യത്തെ (മൈഥിലി) കണ്ട് മോഹിച്ചത്. നാട്ടിലെ പ്രമാണിയും പാലേരിയിലെ അവസാന വാക്കുമായ ഹാജിയ്ക്ക് പെണ്ണ് എന്നും ഒരു ദൗര്‍ബല്യമാണ്. മോഹിച്ച പെണ്ണുങ്ങളെയെല്ലാം അനുഭവിച്ച അഹമ്മദ് ഹാജി മാണിക്യത്തെയും തന്റെ കിടപ്പറയിലെത്തിയ്ക്കാന്‍ പദ്ധതിയിടുന്നു.

തന്റെ രഹസ്യക്കാരിയായ ചീരുവിന്റെ(ശ്വേത) മകന്‍ പൊക്കനുമായി മാണിക്യത്തെ വിവാഹം കഴിപ്പിയ്ക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നത് അഹമ്മദ് ഹാജിയുടെ കുടിലബുദ്ധിയാണ്. മാണിക്യത്തെ പാലേരിയിലെത്തിച്ചാല്‍ തനിയ്ക്കവളെ വരുതിയിലാക്കാന്‍ കഴിയുമെന്നാണ് അഹമ്മദ് ഹാജിയുടെ ചിന്ത.

അങ്ങനെ മാണിക്യത്തെ കുരുക്കാനുള്ള കെണി അഹമ്മദ് ഹാജി ഒരുക്കി. ഒടുവില്‍ ആ ശപിയ്ക്കപ്പെട്ട രാത്രിയില്‍ ഗ്രാമക്കാരെയാകെ അവിടെ നിന്നകറ്റിയതിന് ശേഷം അഹമ്മദ് ഹാജി മാണിക്യത്തെ വശത്താക്കാനെത്തുകയാണ്. എന്നാല്‍ അഹമ്മദ് ഹാജി വിചാരിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. അഹമ്മദ് ഹാജി എത്തുന്നതിന് മുമ്പേ മാണിക്യത്തെ നോട്ടമിട്ട് ആരോ അവിടെയെത്തിയിരുന്നു.

മാണിക്യം കൊലക്കേസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലുകള്‍ അന്നേ വിവാദമായിരുന്നു. ഒരു നയാ പൈസ പോലും മേടിയ്ക്കാതെ പാലേരിയിലെ ആദ്യകാല സഖാവ് കെപി ഹംസ കേസ് അട്ടിമറിയ്ക്കാന്‍ കൂട്ട് നിന്നതെന്തിനായിരുന്നു? മരിച്ചു മണ്ണടിഞ്ഞെങ്കിലും മാണിക്യം കൊലക്കേസിന്റെ കരിനിഴല്‍ ഇന്നും അഹമ്മദ് ഹാജിയുടെ മേലാണ് പതിഞ്ഞു കിടക്കുന്നത്. കാലത്തിന്റെ കുത്തൊഴുക്കില്‍ മണ്‍മറഞ്ഞു പോയ സത്യങ്ങള്‍ തേടി ഹരിദാസ് വന്നതെന്തിന്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ..

ആരംഭത്തിലെ ഒരുപിടി മികച്ച രചനകള്‍ക്ക് ശേഷം വാണിജ്യ സിനിമയുടെ ചട്ടക്കൂടിലകപ്പെടുകയും പിന്നീട് അതല്ല തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് അതില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്ന രഞ്ജിത്തിന്റെ ഓരോ പുതിയ ചിത്രവും പ്രേക്ഷകന് അനുഭവമായി മാറുകയാണ്. കൈയ്യൊപ്പ്, തിരക്കഥ, കേരള കഫേ എന്നിവയ്ക്ക് ശേഷം രഞ്ജിത്ത് ഒരുക്കിയ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തെയും സാഹിത്യവും സിനിമയും ഒത്തുചേര്‍ന്ന സുവര്‍ണകാലത്തെ സിനിമകളുടെ ജനുസ്സില്‍ ഉള്‍പ്പെടുത്താം. പാളിച്ചകള്‍ ചിലതുണ്ടെങ്കിലും തിരക്കഥയുടെ കെട്ടുറപ്പിന്‍ മേല്‍ പാലേരി മാണിക്യത്തിന് മികച്ച രീതിയില്‍ സംവിധാനഭാക്ഷ്യം ചമയ്ക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്.

അമ്പത് വര്‍ഷം മുമ്പത്തെ പാലേരിയെ പുനസൃഷ്ടിയ്ക്കുന്നതില്‍ സംവിധായകന്‍ നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. അന്നത്തെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും അമ്പതുകളുടെ പശ്ചാത്തലവും സിനിമയില്‍ ന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു. അതേ സമയം ഒരു കുറ്റാന്വേഷണ ചിത്രമൊരുക്കുമ്പോള്‍ പുലര്‍ത്തേണ്ട സൂക്ഷ്മമായ പലകാര്യങ്ങളും രഞ്ജിത്ത് ശ്രദ്ധ പുലര്‍ത്തിയിട്ടില്ല. കൊലപാതകിയെ ഹരിദാസ് കണ്ടെത്തുന്നുണ്ടെങ്കിലും വ്യക്തമായെ തെളിവുകളോടെ അത് പ്രേക്ഷകന് മുമ്പില്‍ സമര്‍ത്ഥിയ്ക്കാന്‍ രഞ്ജിത്തിന് കഴിയുന്നുണ്ടോയെന്ന് സംശയമാണ്. ചെറിയ പാളിച്ചകള്‍ ഉണ്ടെങ്കിലും മലയാളത്തിന് എന്നോ നഷ്ടപ്പെട്ട നല്ല സിനിമകളുടെ സുവര്‍ണകാലത്തെ തിരികെ കൊണ്ടുവരാനുള്ള രഞ്ജിത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചേ മതിയാവൂ.

അടുത്ത പേജില്‍
പാലേരിക്ക് മേല്‍ മമ്മൂട്ടിയുടെ കൈയ്യൊപ്പ്

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam