»   » ചിരിയുടെ മാലപടക്കവുമായി ഇതാ ഒരു മരുഭൂമിക്കഥ

ചിരിയുടെ മാലപടക്കവുമായി ഇതാ ഒരു മരുഭൂമിക്കഥ

Posted By: ഷുക്കൂര്‍ എ.പി
Subscribe to Filmibeat Malayalam
Arabiyum Ottakavum um
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി അറബിയും ഒട്ടകവും പിന്നെ നമ്മുടെ സ്വന്തം മാധവന്‍ നായരും മലയാളികളെ രസിപ്പിക്കാന്‍ 'ഒരു മരുഭൂമിക്കഥ'യുമായി എത്തി. ഏറെ കാലമായുള്ള സിനിമാ സ്‌നേഹികളുടെ കാത്തിരുപ്പിന് ഇതോടെ വിരാമമായി. സിനിമാ സമരം മൂലം റിലീസ് നീണ്ടുപോയ ചിത്രം ക്രിസ്മസ് ആഘോഷത്തിന് മികവേകും.

'കിളിച്ചുണ്ടന്‍ മാമ്പഴം' എന്ന ചിത്രത്തിനു ശേഷം മലയാളികളുടെ മോഹന്‍ലാലും പ്രിയദര്‍ശനും ഏറെ കാലത്തിനു ശേഷം ഒന്നിക്കുന്ന ചിത്രത്തില്‍ മുകേഷിന്റെ സാന്നിദ്ധ്യവുമുണ്ട്. റിമേക്കുകളില്‍ പ്രശസ്തനായ പ്രിയന്‍ ഇത്തവണ ഒരു പുതിയ കഥയുമായാണ് വരുന്നത്. 'സ്‌നേഹവീടി'നു ശേഷം ലാലേട്ടന്റെ മറ്റൊരു മനോഹരമായ കഥാപാത്രമാണ് മാധവന്‍ നായര്‍.

ബുര്‍ജ് ഖലീഫയില്‍ വച്ചു ആദ്യമായി ചിത്രീകരിച്ച ചിത്രം, ഹോളിവുഡ് ഇതിഹാസ സംവിധായകന്‍ ജയിംസ് കാമറൂണ്‍ ആദ്യമായി ഷൂട്ടിംഗ് കണ്ട മലയാള ചലച്ചിത്രം തുടങ്ങി ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രത്തെ വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കാന്‍ ചിത്രത്തിനു സാധിച്ചു. ഒട്ടേറെ സസ്‌പെന്‌സ് രംഗങ്ങളിലൂടെ മുന്നേറുന്ന ചിത്രം മികച്ച ദൃശ്യാവിശ്കാരത്തോടെ പ്രേക്ഷകരെ രസിപ്പിക്കുന്നു.

എന്റെ പ്രവാസ ജീവിതത്തില്‍ ആദ്യമായി കണ്ട ചിത്രം പ്രവാസികളുടെ ജീവിതം വരച്ചുകാണിക്കുന്ന ചിത്രമായത് തികച്ചും യാഥൃശ്ചികം മാത്രം. 'അറബിക്കഥ'യിലൂടെ പ്രവാസിയുടെ പച്ചയായ ജീവിതം മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീനിവാസന്റെ വിവരണത്തില്‍ ആരംഭിക്കുന്ന ചിത്രം നിലവാരമുള്ള തമാശകളിലൂടെ പ്രേക്ഷകരെ ശരിക്കും രസിപ്പിക്കുന്നു.

ജോലിയില്ലാത്തതിന്റെ പേരില്‍ സ്‌നേഹിച്ച പെണ്ണ് ഉപേക്ഷിച്ച മാധവന്‍ നായര്‍ പെങ്ങളുടെ കല്യാണവും സ്വന്തം കുടുംബത്തിനെ രക്ഷിക്കാനുമായി ഒരു പാടു ഉത്തരവാദിത്തങ്ങളുമായാണ് അബുദാബിയില്‍ എത്തുന്നത്. തന്റെ സത്യസന്ധതയിലൂടേയും കഷ്ടപ്പാടിലൂടെയും നഷ്ടത്തിലായിരുന്ന കമ്പനിയെ മാധവന്‍ നായര്‍ മികച്ച നിലയിലെത്തിച്ചു. തന്റെ പ്രയത്‌നത്തിനുള്ള പാരിദോഷികമായി അറബി (ശക്തി കപൂര്‍) മാധവന്‍ നായരെ ചീഫ് അക്കൗണ്ടന്റ് ആക്കുന്നു. മാത്രമല്ല തന്റെ എല്ലാ സമ്പാദ്യത്തിന്റെ രേഖകളും മാധവന്‍ നായരെ ഏല്‍പ്പിക്കുന്നു. വില പിടിപ്പുള്ള പെയിന്റിംഗിലും പരസ്തീ ബന്ധത്തിലും മറ്റും കമ്പമുള്ള അറബി തന്റെ ബിസിനസ്സ് മുഴുവനും നോക്കി നടത്താന്‍ മാധവന്‍ നായരെ ചുമതലപ്പെടുത്തുന്നു. കോടിക്കണക്കിന് ദിര്‍ഹം സൂക്ഷിച്ചിട്ടുള്ള ലോക്കറിന്റെ പാസ്‌വേഡ് പോലും മാധവന്‍ നായര്‍ക്ക് പറഞ്ഞു കൊടുക്കുന്നു. പിന്നീട് ചിത്രത്തില്‍ ഏറെ വഴിത്തിരിവാകുന്ന ഒന്നാണ് ഇത്.

കല്യാണവും കുടുംബവും ഒന്നും വേണ്ട എന്നു തീരുമാനിച്ച മാധവന്‍ നായരുടെ ജീവിതത്തിലേക്ക് യാദൃച്ഛികമായി വരുന്ന മീനാക്ഷി (ലക്ഷ്മി റായി) മാധവന്റെ ജീവതത്തെ മാറ്റി മറിക്കുന്നു. യാദൃശ്ചികമായി പല തവണ കണ്ടു മുട്ടിയ മാധവനും മീനാക്ഷിയും കൂടുതല്‍ അടുക്കുന്നു. ഈ രംഗങ്ങളുടെ ചിത്രീകരണത്തില്‍ പ്രീയദര്‍ശന്റെ ക്രാഫ്റ്റ് നമുക്ക് കാണാണം. വിധിയില്‍ വിശ്വസിക്കുന്നവരാണ് മാധവനും മീനാക്ഷിയും. എന്നാല്‍ മീനാക്ഷിയുടെ വിവാഹം കുടുംബ സുഹൃത്തുമായി ഉറപ്പിച്ചിരിക്കുന്ന വിവരം മാധവന്‍ നായരെ അസ്വസ്ഥനാക്കുന്നു. അമേരിക്കയിലേക്ക് പോകിന്നതിന്റെ തലേ ദിവസം മീനാക്ഷി തന്റെ മൊബൈല്‍ നമ്പര്‍ അഞ്ച് ദീര്‍ഹം നോട്ടിന്റെ പുറകില്‍ എഴുതുന്നു. എന്നെങ്കിലും ആ നോട്ട് മാധവന്റെ കയ്യില്‍ എത്തുകയാണെങ്കില്‍ വീണ്ടും കാണാമെന്നും പറഞ്ഞു അവര്‍ പിരിയുന്നു.

ചിത്രത്തിന്റെ പേരു പോലെ അറബിയും ഒട്ടകവും (മുകേഷ്) മാധവന്‍ നായര്‍ക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ തെറ്റിദ്ധാരണയാണ് ചിത്രത്തില്‍. സി സി ടി വി ഒപ്പറേറ്ററുടെ ജോലി അന്വേഷിച്ചു വരുന്ന അബ്ദുള്ള (മുകേഷ്) സാമ്പത്തിക മാന്ദ്യം കാരണം ജോലി നഷ്ടപ്പെട്ട കാര്യം മാധവനെ അറിയിക്കുന്നു. അബ്ദുള്ള വന്ന ദിവസം തന്നയാണ് മാധവന്‍ നായര്‍ ചീഫ് അക്കൗണ്ടന്റ് ആയത്. അതിന്റെ സന്തോഷത്തിനായി സ്വീറ്റ്‌സ് വാങ്ങിച്ചു തിരിച്ചു കിട്ടിയ ദിര്‍ഹത്തില്‍ മീനാക്ഷിയുടെ മൊബൈല്‍ നമ്പര്‍ മാധവനു കിട്ടുന്നു. മാധവന്റെ സുഹൃത്തായിരുന്ന അബ്ദുള്ള കുറച്ചു മോഷണമൊക്കെ ഉണ്ടായിരുന്ന ആളായിരുന്നു. എന്നിരുന്നാലും മീനാക്ഷിയെ കണ്ടുമുട്ടിയ സന്തോഷത്തില്‍ മാധവന്‍ അബ്ദുള്ളക്ക് ജോലി കൊടുക്കുന്നു. തുടര്‍ന്ന് മീനാക്ഷിയെ വിളിക്കുന്ന മാധവന്‍ മീനാക്ഷിയുടെ കല്യാണം മുടങ്ങിയ കാര്യം അറിയുന്നു. പിന്നീട് കൂടുതല്‍ അടുക്കുന്ന അവര്‍ വിവാഹിതരാകാന്‍ തീരുമാനിയ്ക്കുന്നു.

അബ്ദുള്ള ജോലിക്കു ജോയിന്‍ ചെയ്യാന്‍ വരുന്ന ദിവസം അബ്ദുള്ളക്ക് പഴയ ജോലി നഷ്ടപ്പെട്ടത് മോഷണ കേസില്‍ പ്രതി ആയതു കൊണ്ടാണെന്നും സാമ്പത്തിക മാന്ദ്യം കൊണ്ട് അല്ലെന്നും മാധവന്‍ അറിയുന്നു. അതോടെ അബ്ദുള്ളക്ക് ജോലി ന്ഷ്ടമാകുന്നു.

അതേ ദിവസം യാദൃശ്ചികമായി വീട്ടില്‍ വരുന്ന മാധവന്‍ തന്റെ റൂമില്‍ മീനാക്ഷിയേയും മറ്റൊരു പുരുഷനേയും കാണാനിടയാകുന്നു. തുടര്‍ന്ന് ഹാളില്‍ തന്റെ മുതലാളിയായ അറബിയുടെ കോട്ട് കാണാനിടയാകുന്നു. മാനസികമായി തളര്‍ന്ന മാധവന്‍ ആത്മഹത്യ ചെയ്യാനായി തന്റെ കാറില്‍ പോകുമ്പോള്‍ കാറിന്റെ പിന്‌സീറ്റില്‍ ഒളിച്ചിരുന്ന ഒട്ടകം (മുകേഷ്) തോക്കു കാണിച്ചു ഭീഷണിപ്പെടുത്തുന്നു. തുടര്‍ന്ന് അമിത വേഗത്തില്‍ വണ്ടി ഒടിച്ചു പോയ മാധവന്‍ ഒടുവില്‍ മരുഭൂമിയില്‍ എത്തിപ്പെടുന്നു.

വണ്ടി കേടായതു കാരണം മാധവനും അബ്ദുള്ളയും മരുഭൂമിയിലൂടെ നടന്നു ഒടുവില്‍ ആളില്ലാത്ത ഒരു ബെന്‍സ് കാര്‍ കാണുന്നു. ആ കാറുമായി യാത്ര തുടര്‍ന്ന അവര്‍ ആളൊഴിഞ്ഞ സ്ഥലത്തു വച്ചു ഡിക്കിയിലുണ്ടായിരുന്ന എലീനയെ (ഭാവന) കാണുന്നു. എലീനയെ തട്ടികൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ചവര്‍ ഉപയോഗിച്ച കാറാണ് അതെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. പിന്നീട് അവര്‍ എലീനയുമായി ഏറ്റുമുട്ടുന്ന രംഗങ്ങള്‍ മികച്ചതാണ്. ഒടുവില്‍ അവര്‍ പണത്തിനായി എലീനയെ തട്ടികൊണ്ടുപോയവരായി മാറുന്നു. തുടര്‍ന്നങ്ങോട്ട് കോമഡി രംഗങ്ങളുമായി മോഹന്‍ ലാലും മുകേഷും തകര്‍ത്തഭിനയിക്കുന്നു. ഭാവനയുടെ ശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍. ഒട്ടേറെ സസ്പന്‍സ് രംഗങ്ങളുമായി മുന്നേറുന്ന ചിത്രത്തിലെ രണ്ടാം പകുതിയാണ് കൂടുതല്‍ മികച്ചു നിയ്ക്കുന്നത്.

തിരക്കഥയിലെ ചില പാളിച്ചകള്‍ മികച്ച സംവിധാന മികവുകൊണ്ടു മറയ്ക്കാന്‍ പ്രിയനായി. വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന 'ഒരു മരുഭൂമിക്കഥ' മികച്ച ഒരു എന്റര്‍ട്രയിനര്‍ ആണ്.

മോഹന്‍ലാലിനും മുകേഷിനും പുറമേ സുരാജ്, ഇന്നസെന്റ്, മാമുകോയ എന്നിവരും കോമഡി രംഗങ്ങളുമായി ചിത്രത്തെ മികച്ചതാക്കുന്നു.

കൗ ബോയ് ചിത്രങ്ങളുടെ രാജാവായ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ എക്കാലത്തേയും മികച്ച ചിത്രമായ 'ദ ഗുഡ് ദ ബാഡ് ദ അഗ്ലി' എന്ന ചിത്രത്തിലെ തീം മ്യൂസിക്ക് ചിത്രത്തില്‍ പല തവണ ഉപയോഗിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ സംഗീതം നല്‍കിയിരിക്കുന്നത് എം.ജി.ശ്രീകുമാര്‍ ആണ്. മികച്ച ഗാനങ്ങള്‍ ചിത്രത്തിലെ മുതല്‍ കൂട്ടാണ്. ചിത്രത്തിലെ 'മാധവേട്ടനെന്നും....'എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീതം അമര്‍ ദയാബിന്റെ ഗാനത്തിനോട് സാമ്യമുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam