For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുട്ടത്തു വര്‍ക്കി ഐടിയില്‍ കൈവെച്ചാല്‍...

  By Super
  |

  മുട്ടത്തു വര്‍ക്കിയുടെ പ്രണയനോവലുകളിലെ പ്രമേയം തന്നെയാണ് കമല്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. സമ്പന്നനായ യുവാവ്, പാവപ്പെട്ട പെണ്ണിനെ പ്രേമിക്കുന്നു. മുട്ടത്തുവര്‍ക്കിയുടെ കാലത്ത് ഐടി ജീവിതം ഇല്ലായിരുന്നതിനാല്‍ പശ്ചാത്തലം അതായില്ലെന്നേയുളളൂ.

  മാണിക്കുഞ്ഞിന്റെ കാമുകി റോസ് മേരിയും വന്നത് കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ലോകത്തു നിന്നാണ്. തങ്ങളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാന്‍ കാമുകരെ അനുവദിക്കില്ലെന്ന പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ മനോഭാവം കൃത്യമായി വരച്ചിടാന്‍ കമലിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, സിനിമയില്‍ അതുമാത്രം പോരല്ലോ...

  ഏറെ പുകഴ്ത്തി വഷളാക്കിയ നടിയാണ് മീരാ ജാസ്മിന്‍. ഒരു പുതുമയും മീരയുടെ അഭിനയത്തിലില്ലെന്ന് പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. രസതന്ത്രത്തിലെ ഭാവവും ചേഷ്ടകളും തന്നെയായിരുന്നു, വിനോദയാത്രയിലും ഇന്നത്തെ ചിന്താവിഷയത്തിലുമൊക്കെ. മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അവാര്‍ഡ് ജേത്രി ഒരേ കുറ്റിയില്‍ തന്നെ കിടന്നു കറങ്ങുന്നത് പ്രേക്ഷകരും മനസിലാക്കുന്നുണ്ടെന്ന് സംവിധായകര്‍ ഓര്‍ക്കുന്നത് നന്ന്. മീരയില്ലാതെ ഈ ചിത്രം പൂര്‍ണമാകില്ലെന്നൊക്കെ കമല്‍ ചിത്രീകരണ വേളയില്‍ വീമ്പു പറഞ്ഞതും ഓര്‍ക്കാം.

  മനോജ് പിളളയുടെ ഛായാഗ്രഹണം മികച്ചത്. അടിപൊളി യുവത്വത്തിന്റെ ഫീല്‍ മുഴുവനും പ്രേക്ഷകരിലേയ്ക്ക് പകരാന്‍ മനോജിനായിട്ടുണ്ട്. ജയസൂര്യയും റോമയും പതിവു പോലെ നന്നായി. ഇന്ദ്രജിത്തും അനൂപ് ചന്ദ്രനുമൊക്കെ വെളളരിക്കണ്ടത്തിലെ കോലങ്ങളുടെ പ്രസക്തി പോലുമില്ലാത്ത ഒരു വേഷം കൂടി ചെയ്തു.

  ചുരുക്കത്തില്‍, ഐടി കുപ്പിയില്‍ കമല്‍ വിളമ്പിയ പഴയ വീഞ്ഞിന് ലഹരി തീരെ പോര. ഇത്തരം ചിത്രങ്ങളില്‍ സാധാരണ കാണാറുളള നര്‍മ്മമധുരമായ രംഗങ്ങളും വികാരസാന്ദ്രമായ മുഹൂര്‍ത്തങ്ങളും കമ്മി.

  അമ്പതു ദിവസമെങ്കിലും തീയേറ്ററുകളില്‍ മിന്നാമിന്നിക്കൂട്ടം നിന്ന് മിന്നിയാല്‍ നിര്‍മ്മാതാവിന്റെ ഭാഗ്യം. വാളയാറിനപ്പുറത്ത് ചെറുപ്പക്കാരുടെ നിര കഥയിലും ട്രീറ്റ്മെന്റിലുമൊക്കെ പുതിയ പരീക്ഷണങ്ങള്‍ നടത്തി അമ്പരപ്പിക്കുന്ന വിജയം കൊയ്യുമ്പോഴാണ് മലയാളത്തിലെ കൊടികെട്ടിയ സംവിധായകര്‍ പഴകിപ്പുളിച്ച സ്ഥിരം മസാലയുമായി പ്രേക്ഷകരെ കബളിപ്പിക്കാനിറങ്ങുന്നത്.

  എത്രകാലം പോകും ഈ കളി....കണ്ടറിയാം....

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X