»   » വിനീതിന് തെറ്റിയില്ല; മലര്‍വാടി സൂപ്പര്‍

വിനീതിന് തെറ്റിയില്ല; മലര്‍വാടി സൂപ്പര്‍

Posted By:
Subscribe to Filmibeat Malayalam
Malarvadi Arts Club
നടനായും ഗായകനായും പേരെടുത്ത വിനീത് ശ്രീനിവാസന്റെ സംവിധാന രംഗത്തേയ്ക്കുള്ള ചുവടുവെയ്പാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രം.

വമ്പന്‍ താരനിരയില്ലാതെ പരിചയസമ്പത്തിന്റെ പിന്‍ബലമില്ലാതെ എത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല, അതേസമയം തന്നെ പുതിയൊരു സാധ്യത യുവത്വത്തിന് മുന്നില്‍ ഈ ചിത്രം തുറന്നിടുകയും ചെയ്യുന്നുണ്ട്.

റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം ചിത്രത്തെക്കുറിച്ച് നല്ല റിപ്പോര്‍ട്ടുകളാണ് വരുന്നത്. പ്രേക്ഷകരെ ഓരോ നിമിഷവും ചിരിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ. ഇത്രയും മികച്ച രീതിയില്‍ തുടങ്ങുകയും ഇന്റര്‍വെല്‍ വരെ പ്രേക്ഷകരെ ആകാംഷയില്‍ നിര്‍ത്താന്‍ കഴിയുകയും ചെയ്യുന്ന രു സിനിമ അടുത്തകാലത്ത് വന്നിട്ടില്ലെന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല.

രണ്ടാം പകുതിയില്‍ ചില പാകപ്പിഴകള്‍ വന്നിട്ടുണ്ടെങ്കിലും പ്രേക്ഷകരെ കഥയ്‌ക്കൊപ്പം സഞ്ചരിപ്പിക്കാന്‍ വിനീതിലെ സിനിമാറ്റോഗ്രാഫര്‍ക്ക് കഴിയുന്നുണ്ട്. രണ്ടാം പകുതിയിലെ ചില വികാരനിര്‍ഭര രംഗങ്ങള്‍ കണ്ണുനനയിക്കാന്‍ പാകത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് താരങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

സ്ഥിരം പ്രണയ സങ്കല്‍പ്പത്തില്‍ നിന്നുമാറി പുതുമയുള്ള പ്രണയവും യുവാക്കളുടെ സാഹസികതയുമൊക്കെ രസിപ്പിക്കുന്നതാണ്. കൗമാരം പിന്നിട്ട് യൗവ്വനത്തിലേക്ക് കടക്കുന്ന ചെറുപ്പത്തിന്റെ വികാരവിചാരങ്ങളാണ് മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് പുതിയ രീതിയില്‍ അവതരിപ്പിക്കുന്നത്.

മനിശ്ശേരി ഗ്രാമം. അവിടുത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍. അവരില്‍ പലരും പലജോലികളും ചെയ്യുന്നവരാണ്. പകലന്തിയോളം പണിയെടുക്കുന്ന ഈ ചെറുപ്പക്കാര്‍ വൈകുന്നേരം അവരുടെ ക്ലബ്ബായ മലര്‍വാടിയില്‍ ഒത്തുചേരും.

പിന്നീട് പാട്ടും കവിതയും ഡാന്‍സും ചര്‍ച്ചയുമായി സജീവമാണ് ക്ലബ്ബ്. അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം അവിടെ ജീവന്‍ വെക്കുന്നു കലാപ്രവര്‍ത്തനത്തിനൊപ്പം ജീവിതത്തിന് പുതിയ ദിശാബോധം തേടുന്നവരാണ് അവര്‍.

ചിത്രത്തില്‍ സലിം കുമാറിന്റെ പ്രകടനം അടിവരയിട്ടു പറയേണ്ടതുണ്ട്. നെടുമുടിവേണു, ജഗതി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും തങ്ങളുടെ ഭാഗങ്ങള്‍ തീര്‍ത്തും ഭംഗിയാക്കിയിരിക്കുന്നു. ഗസ്റ്റ് റോളിലെത്തുന്ന ശ്രീനിവാസനും നിരാശപ്പെടുത്തുന്നില്ല.

ഇവരേക്കാളൊക്കെ എടുത്തുപറയേണ്ടത് ചിത്രത്തിലെ പുതുമുഖ സംഘത്തെയാണ്. സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഇവര്‍ മത്സരിച്ചഭിനയിക്കുന്നുണ്ട്.

ചിത്രത്തിലെ ചിലഭാഗങ്ങളിലെ സംഭാഷണങ്ങളില്‍ പടരുന്ന കൃത്രിമച്ചുവ ഇടയ്ക്കിടെ അലോസരമുണ്ടാക്കുന്നുണ്ട്. ചില ഭാഗങ്ങളില്‍ വലിഞ്ഞുനീളുന്നുവെന്ന തോന്നലുണ്ടെങ്കിലും മേക്കിങിന്റെ സൗന്ദര്യത്തിന് ഒരു പരിധിവരെ ഇതിനെ മറികടക്കാന്‍ കഴിയുന്നു.

പൊതുവേ യുവതയ്ക്ക്് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളില്‍ കുറേനാളത്തേയ്‌ക്കെങ്കിലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന പാട്ടുകള്‍ പിറക്കാറുണ്ട്. എന്നാല്‍ മലര്‍വാടിയില്‍ ഇത്തരത്തിലൊരു ഗാനം പോലുമില്ലെന്നത് നിരാശപ്പെടുത്തുന്നു. അതേസമയം ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തെ പ്രശംസിക്കാതെ വയ്യതാനും.

എന്തായാലും മലര്‍വാടി ഒരു വന്‍ വിജയമാകുമെന്ന സൂചനയാണ് ആദ്യ ദിനത്തിലെ പ്രകടനം നല്‍കുന്നത്.
നല്ല ചിത്രങ്ങള്‍ ഒരുക്കുന്നത് കുറഞ്ഞ ബഡ്ജറ്റിലാണെങ്കില്‍ പ്രേക്ഷകര്‍ക്കിടയില്‍ എത്തിക്കാമെന്ന സന്ദേശം നല്‍കുന്നതില്‍ വിനീതിന്റെ ശ്രമം വിജയിച്ചിട്ടുണ്ട്.

സൂപ്പര്‍ താരങ്ങളില്‍ നിന്നുമാറിയാലും സിനിമയ്ക്ക് സ്വ്ത്വമുണ്ടെന്ന തിരിച്ചറിവുണ്ടാക്കാനും പുതുമകളുമായെത്തിയ മലര്‍വാടിയ്ക്കു സാധിയ്ക്കുന്നുണ്ട്. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും നല്ല കഥപറച്ചില്‍ ശൈലിയും നല്ല ട്രീറ്റമെന്റുമായിരിക്കും മലര്‍വാടിയെ ഇഷ്ടമുള്ള ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam