twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പഴശ്ശിരാജയായി അഭിനയ ചക്രവര്‍ത്തി

    |

    Mammootty
    ഒരു മമ്മൂട്ടി സിനിമയാണ്‌ നിങ്ങള്‍ പഴശ്ശിരാജയില്‍ പ്രതീക്ഷിയ്‌ക്കുന്നതെങ്കില്‍ ക്ഷമിയ്‌ക്കുക. ഇതൊരു താര ചിത്രമല്ല, ഇത്‌ പഴശ്ശിരാജയുടെ സിനിമയാണ്‌. ഒരു കൂട്ടം പോരാളികള്‍ക്കൊപ്പം ഒരു ജനതയെ കൂടെ നിര്‍ത്തി സൂര്യനസ്‌തമിയ്‌ക്കാത്ത സാമ്രാജ്യത്തെ വെല്ലുവിളിച്ച നാാട്ടുരാജാവിന്റെ കഥ. ചരിത്രത്തിനോട്‌ പരമാവധി നീതിപുലര്‍ത്തി രചിച്ച തിരക്കഥയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സിനിമയില്‍ മമ്മൂട്ടിയെന്ന താരത്തെ പഴശ്ശിരാജയെന്ന കഥാപാത്രം കടത്തിവെട്ടുന്നതും അത്‌ കൊണ്ട്‌്‌ തന്നെ.

    തട്ടുപൊളിപ്പന്‍ ആക്ഷന്‍ പടങ്ങളിലെ പോലെ പ്രിയതാരത്തിന്റെ വരവ്‌ പ്രതീക്ഷിച്ചിരിയ്‌ക്കുന്ന പ്രേക്ഷകരിലേക്ക്‌ താരജാഡകളുടെ കോലം കെട്ടിയ്‌ക്കല്ലുകളില്ലാതെയാണ്‌ പഴശ്ശിരാജയെത്തുന്നത്‌ പ്രേക്ഷകരെ ഒന്നമ്പരിപ്പിച്ചേക്കാം.

    ദ്രുതഗതിയിലുള്ള ക്യാമറ മൂവ്‌മെന്റുകളും വമ്പന്‍ ശബ്ദകോലാഹലങ്ങളുടെ അകമ്പടിയില്ലാതെ

    ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക്‌ ശാന്തമായി നടന്നടുക്കുന്ന പഴശ്ശിരാജ പ്രേക്ഷകന്‌ ഒരു വ്യത്യസ്‌ത അനുഭവമാണ്‌ പകര്‍ന്ന്‌ നല്‍കുന്നത്‌. തുടക്കത്തിലേ പാലിയ്‌ക്കുന്ന ഈ മിതത്വം സിനിമയുടെ അവസാനം വരെ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ സംവിധായകനും അതിനോട്‌ സഹകരിയ്‌ക്കാന്‍ മമ്മൂട്ടിയ്‌ക്കും കഴിഞ്ഞിട്ടുണ്ട്‌. മമ്മൂട്ടി കാത്തിരുന്ന ഒരു കഥാപാത്രം തന്നെയാണ്‌ പഴശ്ശിരാജ. അതിന്‌ വേണ്ടി തന്റെ ശരീരവും മനസ്സും പൂര്‍ണമായി അര്‍പ്പിയ്‌ക്കാന്‍ മഹാനടന്‌ കഴിഞ്ഞിരിയ്‌ക്കുന്നു.

    രണ്ട്‌ പതിറ്റാണ്ട്‌ പിന്നിട്ട ഒരു വടക്കന്‍ വീരഗാഥയില്‍ നിന്നും പഴശ്ശിരാജയിലേക്കെത്തുമ്പോള്‍ മമ്മൂട്ടിയെന്ന നടന്റെ വളര്‍ച്ച തന്നെയാണ്‌ നമുക്ക്‌ മുന്നില്‍ വെളിപ്പെടുന്നത്‌. യുദ്ധരംഗങ്ങളില്‍ തികഞ്ഞ ഒരു അഭ്യാസിയുടെ മെയ്‌ വഴക്കങ്ങള്‍ പ്രകടിപ്പിയ്‌ക്കുന്നതിനൊപ്പം സ്‌നേഹിയ്‌ക്കുന്ന പെണ്ണിന്റെ മുന്നില്‍ പച്ച മനുഷ്യനായ മാറാനും മമ്മുട്ടിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ക്ലൈമാക്‌സ്‌ രംഗങ്ങളില്‍ തനിയ്‌ക്ക്‌ മാത്രം കഴിയുന്ന വികാരവിക്ഷോഭങ്ങള്‍ മുഖത്തേക്കാവാഹിയ്‌ക്കാനും ഡയലോഗ്‌ പ്രസന്റേഷനില്‍ ഒരിയ്‌ക്കല്‍ കൂടി മികവ്‌ പ്രദര്‍ശിപ്പിയ്‌ക്കുന്നതിലും മമ്മൂട്ടി വിജയിച്ചിരിയ്‌ക്കുന്നു. പഴശ്ശിയെ പൊലൊരു വീരപുരുഷനെ അവതരിപ്പിയ്‌ക്കാന്‍ മമ്മൂട്ടി മാത്രമേ ഉള്ളുവെന്ന സംവിധായകന്റെ വിശ്വാസം നടന്‍ തെറ്റിയ്‌ക്കുന്നില്ല. താരത്തിന്റെ കരിയറില്‍ ഒരു നാഴികക്കല്ല്‌ തന്നെയാണ്‌ പഴശ്ശിരാജ. ഒരുപാട്‌ അഭിനന്ദങ്ങളും പുരസ്‌ക്കാരങ്ങളും ചിത്രം മമ്മൂട്ടിക്ക്‌ നേടിക്കൊടുക്കുന്ന കാര്യത്തില്‍ സംശയമില്ല.

    താരബാഹുല്യത്താല്‍ സമൃദ്ധമായ പഴശ്ശിരാജയിലെ കഥാപാത്രങ്ങളുടെ പെര്‍ഫോമന്‍സിനെക്കുറിച്ചെഴുതണമെങ്കില്‍ പേജുകള്‍ തന്നെ വേണ്ടിവരും. സംവിധായകന്‍ മനസ്സില്‍ കണ്ട പ്രകടനം കാഴ്‌ചവെയ്‌ക്കാന്‍ ഒട്ടുമിക്ക നടന്‍മാര്‍ക്കും കഴിഞ്ഞിട്ടുണ്ട്‌. നായകന്‌ ചുറ്റും വട്ടമിട്ട്‌ പറക്കുന്ന വെറും ഈയാംപാറ്റകളല്ല പഴശ്ശിരാജയിലെ മറ്റു കഥാപാത്രങ്ങള്‍. അവര്‍ക്കെല്ലാം അവരുടേതായ വ്യക്തിത്വമുണ്ട്‌.

    പഴശ്ശിയുടെ പടത്തലവന്‍ എടച്ചേന കുങ്കനായെത്തുന്ന ശരത്‌ കുമാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള കൈയ്യടികള്‍ നേടുന്നത്‌ ആരെയും അതിശയിപ്പിയ്‌ക്കും. എടച്ചേന കുങ്കന്‍ ശരീരഭാഷ കൊണ്ടും ഒരുപടത്തലവനെ അനുസ്‌മരിപ്പിയ്‌ക്കുന്നുണ്ട്‌. സംഘട്ടനരംഗങ്ങള്‍ മികച്ചതാക്കാന്‍ ഈ ശരീരഭാഷ അദ്ദേഹത്തെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. തന്റെ ജീവിതത്തെക്കുറിച്ച്‌ കൈതേരി അമ്പുവിനോട്‌ വിവരിയ്‌ക്കുന്നതും അദ്ദേഹം ഗംഭീരമാക്കി.

    ആദിവാസിപ്പോരാളിയായ നീലിയായി സമാനതകളില്ലാത്ത പ്രകടനമാണ്‌ പത്മപ്രിയ കാഴ്‌ചവെച്ചിരിയ്‌ക്കുന്നത്‌. ഇന്ത്യന്‍ സിനിമയില്‍ തന്നെ അടുത്തകാലത്ത്‌ വന്ന ഒരു കരുത്തുറ്റ സ്‌ത്രീ കഥാപാത്രമാണ്‌ നീലി. ഏറെ റിസ്‌ക്കെടുത്ത്‌ പത്മപ്രിയ അഭിനയിച്ച പല സംഘട്ടനരംഗങ്ങളും ശ്വാസമടക്കിപ്പിടിച്ചേ കാണാനാവൂ. കുറിച്ച്യരുടെ നേതാവായെത്തുന്ന തലയ്‌ക്കല്‍ ചന്തുവായി മനോജ്‌ കെ ജയനും കസറി. ശത്രുക്കളെ മറഞ്ഞിരുന്ന്‌ വീഴ്‌ത്തുന്ന ചന്തുവിന്റെ യുദ്ധങ്ങള്‍ പ്രേക്ഷകരെ ആവേശഭരിതരാക്കും. പഴശ്ശിയുടെ നിഴലായി നില്‍ക്കുകയും പ്രിയതമന്‌ പിന്തുണ നല്‍കുന്ന കൈതേരി മാക്കമായി കനിഹ തന്റെ റോള്‍ ഭംഗിയാക്കി.

    ചെറിയ റോളുകളിലെത്തിയ കുറുമ്പ്രനാട്‌ രാജാവായ തിലകന്‍, മൂപ്പനായെത്തുന്ന നെടുമുടി വേണു, ക്യാപ്‌റ്റന്‍ രാജ (ഉണ്ണിമൂത്ത), മാമുക്കോയ (അത്താന്‍ ഗുരുക്കള്‍), ദേവന്‍ (കണ്ണവത്ത്‌ നമ്പ്യാര്‍), അജയ്‌ രത്‌നം (സുബേദാര്‍ ചേരന്‍) ഇവരൊക്കെ പഴശ്ശിരാജയ്‌ക്ക്‌ വേണ്ടി മികച്ച സംഭാവനകള്‍ നല്‍കി. ഹാസ്യം ഉള്ളിലൊളിപ്പിച്ച്‌ ബ്രിട്ടീഷ്‌ പിണിയാളായ കണാരന്‍ മേനോനായി ജഗതി തിളങ്ങിയപ്പോള്‍ ജഗദീഷ്‌ അവതരിപ്പിച്ച ഭണ്ഡാരിയുടെ വേഷം കല്ലുകടിയായി മാറി. രണ്ടാംപകുതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിനിമയുടെ ആദ്യഭാഗത്തിന്‌ വേണ്ടത്ര വേഗമില്ലെന്നും തോന്നിയേക്കാം.

    അടുത്ത പേജില്‍
    പഴശ്ശിരാജയുടെ പ്രസക്തി

    മുന്‍ പേജില്‍

    ചരിത്രത്തിലേക്ക്‌ സ്വാഗതംചരിത്രത്തിലേക്ക്‌ സ്വാഗതം

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X