twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മിഴി നനയ്ക്കുന്ന മിഴികള്‍ സാക്ഷി

    By Super
    |

    ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകനെയോര്‍ത്ത് നെഞ്ചുകലങ്ങുന്ന വേദനയുമായി ജീവിക്കുന്ന ഒരമ്മയുടെ കഥ പറയുകയാണ് അശോക് ആര്‍ നാഥിന്റെ മിഴികള്‍ സാക്ഷി. മാതൃപുത്ര ബന്ധത്തിന്റെ കദനഭരിത ദൃശ്യങ്ങള്‍ക്ക് സാക്ഷിയാകുന്ന പ്രേക്ഷക മിഴികള്‍ നനഞ്ഞു പോകുന്നതില്‍ തെല്ലും അത്ഭുതമില്ല.

    കോളെജ് അധ്യാപകനായ സയ്യദ് അഹമ്മദ് അവിചാരിതമായാണ് തീവ്രവാദി ബന്ധം ആരോപിക്കപ്പെട്ട് ജയലിലായത്. അയാളുടെ കമ്പ്യൂട്ടറില്‍ നിന്ന് അതിനാവശ്യമായ തെളിവുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.

    വിചാരണയില്‍ അയാള്‍ക്ക് വധശിക്ഷ തന്നെ കിട്ടി. നിരപരാധിയായ സയ്യദ് അഹമ്മദിന്റെയും അയാളുടെ മാതാവ് കൂനിയമ്മയുടെയും ജീവിതത്തിലൂടെ കാമറയുമായി കടന്നുപോവുകയാണ് സംവിധായകന്‍ അശോക് ആര്‍ നാഥ്. നാടക സീരിയല്‍ രംഗത്ത് ഇതിനകം പ്രശസ്തനായ അനില്‍ മുഖത്തലയാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത്.

    പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന അഫ്സല്‍ ഗുരുവുമായി സയ്യദ് അഹമ്മദിന് വിദൂരസാമ്യം തോന്നുന്നത് യാദൃശ്ചികമായിരിക്കാം. എന്നാല്‍ മിഴികള്‍ സാക്ഷിയെന്ന ചിത്രത്തിലെ ഊന്നല്‍ മാതൃപുത്ര ബന്ധത്തിന്റെ ഊഷ്മളതയാണ്. ഹൃദയാവര്‍ജകമായി ആ രംഗങ്ങള്‍ സംവിധായകന്‍ ചിത്രീകരിച്ചിട്ടുണ്ട്.

    സുകുമാരിയുടെ പ്രകടനം അത്യുജ്വലമെന്നേ പറയേണ്ടൂ. ആയാസരഹിതമായ മോഹന്‍ലാല്‍ ശൈലിക്ക് മറ്റൊരുദാഹരണം കൂടി.

    ട്രെയിന്‍ ബോംബ് വെച്ച് തകര്‍ത്ത് നൂറുകണക്കിന് പേരെ കൊന്നതിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് പൊലീസ് സയ്യദ് അഹമ്മദിനെ അറസ്റ്റ് ചെയ്യുന്നത്. അധ്യാപകനായ അഹമ്മദ്, ഖുറാന്റെ പേരില്‍ വര്‍ഗീയതയും തീവ്രവാദവും നടത്തുന്നതിനെ നിശിതമായി എതിര്‍ക്കുന്നയാളാണ്.

    ഖുറാന്‍ വചനങ്ങള്‍ പ്രസരിപ്പിക്കുന്ന സ്നേഹത്തിന്റെ സന്ദേശം ചെറുപ്പക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നയാളാണ് അഹമ്മദ്. മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദത്തിന്റെ വഴിയില്‍ നിന്ന് രക്ഷിക്കുക എന്നതും അയാളുടെ ലക്ഷ്യമാണ്. ആധുനിക ഇസ്ലാമിന്റെ വക്താവ് അയാള്‍.

    ട്രെയിന്‍ സ്ഫോടനത്തിന്റെ ഗൂഢാലോചനയെക്കുറിച്ചുളള വിവരങ്ങള്‍ അയാളുടെ കമ്പ്യൂട്ടറില്‍ എങ്ങനെയെത്തിയെന്നത് ചിത്രത്തിന്റെ സസ്പെന്‍സ്. കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ അഹമ്മദിന് കഴിയുന്നില്ല. തൂക്കുമരത്തിലേയ്ക്ക് നീതിപീഠം അയാളെ അയയ്ക്കുന്നു.

    ഏകമകന്‍ പോയതോടെ അനാഥയായ കുനിയമ്മ, അഭയം തേടി ഒരു ക്ഷേത്രത്തിലെത്തുന്നു. അവരുടെ ചിന്തയും ആകുലതകളുമാണ് ചിത്രത്തിന്റെ ഒന്നാം പകുതിയില്‍ സംവിധായകന്‍ നമ്മോട് പറയുന്നത്.

    പ്രമേയവും കഥയും ആവശ്യപ്പെടുന്ന തീവ്രത പക്ഷേ, തിരക്കഥയ്ക്കില്ല. ദുര്‍ബലമായ രംഗങ്ങളും നെടുനീളന്‍ സംഭാഷണങ്ങളും പലപ്പോഴും ബോറാകുന്നുണ്ട്. എന്നാല്‍ ഒരു സമകാലിക പ്രമേയത്തെ കഴിയുന്നടത്തോളം ശക്തമായി അവതരിപ്പിക്കാന്‍ അശോക് ശ്രമിച്ചിട്ടുണ്ട്.

    സൈബര്‍ വിഷന്റെ ബാനറില്‍ വി ആര്‍ ദാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രസക്തമായ ഒരു പ്രമേയം പ്രേക്ഷകരുടെ ചര്‍ച്ചയ്ക്കും ശ്രദ്ധയ്ക്കമായി സമര്‍പ്പിക്കുന്ന ചിത്രം, ബോക്സോഫീസില്‍ രക്ഷപെടുമോ എന്ന് കണ്ടറിയണം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X