For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വണ്‍വേ ടിക്കറ്റെടുത്ത് ഒരു നര്‍മ്മയാത്ര

  By Staff
  |

  ബിപിന്‍ പ്രഭാകര്‍ എന്താണോ ലക്ഷ്യമിട്ടത്, അത് സാധിച്ചുവെന്നാണ് വണ്‍വേ ടിക്കറ്റിന്റെ പ്രാഥമിക കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഥാഗതിയില്‍ കൃത്യമായി ഇടപെടാനാവും വിധം സൂപ്പര്‍താരത്തെ അതിഥിവേഷം ഏല്‍പ്പിക്കുന്നത് ഒന്നും കാണാതെയാവില്ലല്ലോ.

  വണ്‍വേ ടിക്കറ്റ് എന്ന പ്രിഥ്വിരാജ് ചിത്രം അറുപതു തീയേറ്ററുകളില്‍ റിലീസ് ചെയ്തതും, ചിത്രത്തിന് കിട്ടിയ വമ്പന്‍ സ്വീകരണവും തെളിയിക്കുന്നത്, സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ലക്ഷ്യം പാളിയില്ലെന്നാണ്.

  കഥയിലോ ചിത്രീകരണ രീതിയിലോ സംവിധാനത്തിലോ വലിയ മികവൊന്നും പറയാനില്ലെങ്കിലും കണ്ടിരിക്കാവുന്ന ചിത്രമാണ് വണ്‍വേ ടിക്കറ്റ്. ഇത്തരമൊരു കഥ തിരഞ്ഞെടുക്കുന്നതില്‍ കാണിച്ച ബുദ്ധിയൊന്നും തിരക്കഥയൊരുക്കുന്നതില്‍ ബാബു ജനാര്‍ദ്ദനനില്‍ നിന്നുണ്ടായിട്ടില്ല.

  തന്റെ ആരാധകന്‍ നേരിടുന്ന പ്രശ്നം പരിഹരിക്കാന്‍ സൂപ്പര്‍താരം നേരിട്ടെത്തുന്ന തരത്തിലാണ് കഥ രൂപപ്പെടുത്തിയിരിക്കുന്നത്. പ്ലസ് ടു പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയിട്ടും, മൂന്നു സഹോദരിമാരെയും വിധവയായ ഉമ്മയെയും പുലര്‍ത്താന്‍ ജീപ്പ് ഡ്രൈവറാകേണ്ടി വന്ന ജഹാംഗീര്‍ എന്ന കുഞ്ഞാപ്പുവാണ് വണ്‍വേ ടിക്കറ്റിലെ നായകന്‍. ജീവിതത്തിന്റെ എല്ലാ ദുര്‍വിധിയെയും ചെറുപ്രായത്തില്‍ തന്നെ നേരിടേണ്ടി വന്ന കുഞ്ഞാപ്പു, ആശ്വാസം കണ്ടെത്തുന്നത് മമ്മൂട്ടി സിനിമകളിലാണ്.

  മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ മലപ്പുറം ജില്ലാ പ്രസിഡന്റാണ് കുഞ്ഞാപ്പു. പ്രമാണിയും സമ്പന്നനുമായ തന്റെ അമ്മാവന്‍ ബാവാ ഹാജിയില്‍ നിന്നും കു‍ഞ്ഞാപ്പുവിന്റെ കുടുംബത്തിന് സഹായമൊന്നും കിട്ടുന്നില്ല. ബാവാ ഹാജിയെ വിരട്ടാന്‍ അദ്ദേഹത്തിന്റെ മകള്‍ സാജിറയുമായുളള പ്രണയത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നാട്ടില്‍ കഥയുണ്ടാക്കുന്നത് കുഞ്ഞാപ്പു തന്നെയാണ്.

  കഥകള്‍ ഹാജിയുടെ ചെവിയിലും എത്തുന്നു. സുന്ദരനും വിദ്യാസമ്പന്നനുമായ കുഞ്ഞാപ്പു ശ്രമിച്ചാല്‍ തന്റെ മകള്‍ അവന്റെ വീട്ടില്‍ നില്‍ക്കുമെന്ന് ഹാജിയ്ക്കും അറിയാം. കുഞ്ഞാപ്പുവിന് നല്ല വിവാഹാലോചനകള്‍ കൊണ്ടുവരാന്‍ കല്യാണബ്രോക്കര്‍ സക്കാത്ത് ബീരാനെ നിയോഗിക്കുന്നതിനു കാരണം അതാണ്.

  അതിനിടയിലാണ് കുഞ്ഞാപ്പു, തന്റെ സഹപാഠിയുടെ വിവാഹച്ചടങ്ങില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ കണ്ടത്. ഒപ്പനയും പാട്ടും കൊണ്ട് അതിഥികളുടെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റിയ അവള്‍ കുഞ്ഞാപ്പുവിന്റെ കരള്‍ കവര്‍ന്നു. റസിയ എന്നാണ് അവളുടെ പേരെന്ന് അവനോട് ആരോ പറഞ്ഞു.

  റസിയയെക്കുറിച്ചുളള വിവരങ്ങള്‍ അറിയാനായി പിന്നീട് അവന്റെ ശ്രമം. കുഞ്ഞാപ്പുവിന്റെ ഖല്‍ബില്‍ ഒരു പെണ്ണ് കുടിയേറി എന്ന വിവരം ബാവാ ഹാജിയും അറിഞ്ഞു. പ്രമാണിയായ അയാള്‍ റസിയയുടെ വീട്ടില്‍ ചെല്ലുകയും അവളെ തന്റെ മരുമകന്‍ ജഹാംഗീര്‍ വിവാഹം കഴിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

  എന്നാല്‍ താന്‍ റസിയയെന്ന് തെറ്റിദ്ധരിച്ച പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേര് സുനന്ദയെന്നാണെന്ന് കുഞ്ഞാപ്പു പിന്നീട് മനസിലാക്കുന്നു. ഇതോടെ അയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നു. പുലിവാലു പിടിച്ച ബാവാ ഹാജിക്ക് ഒടുവില്‍ തന്റെ മകനെക്കൊണ്ട് റസിയയെ വിവാഹം കഴിപ്പിക്കേണ്ടി വന്നു.

  സമ്പന്നയാണെങ്കിലും സുനന്ദയും പ്രശ്നക്കടലിന് നടുവിലാണ്. അമ്മാവനായ കരുണാകരന്‍ എഴുത്തച്ഛനില്‍ നിന്ന് കടുത്ത ഭീഷണി നേരിടുകയാണ് സുനന്ദ. സുനന്ദയുടെ കുട്ടിക്കാലത്തു തന്നെ അവളുടെ അച്ഛന്‍ കൊല്ലപ്പെട്ടിരുന്നു. അമ്മയാകട്ടെ മാറാരോഗത്തിന് അടിമയും.

  ആദ്യഭാര്യ മരിച്ചു പോയ തന്റെ മകനെക്കൊണ്ട് സുനന്ദയെ വിവാഹം കഴിപ്പിക്കണമെന്നാണ് കരുണാകരന്‍ എഴുത്തച്ഛന്റെ ആഗ്രഹം. സുനന്ദയുടെ ഭാരിച്ച സ്വത്ത് കൈക്കലാക്കുകയാണ് അയാളുടെ ലക്ഷ്യം.

  സുനന്ദയെ രക്ഷിക്കാനുളള ചുമതല കുഞ്ഞാപ്പു ഏറ്റെടുക്കുന്നു. താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ സഹായം ഈ ലക്ഷ്യം നേടാന്‍ കുഞ്ഞാപ്പുവിന് ലഭിക്കുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ സുനന്ദയെ അമ്മാവനില്‍ നിന്നും രക്ഷിക്കാനുളള പദ്ധതികള്‍ കുഞ്ഞാപ്പു ആസൂത്രണം ചെയ്യുന്നു. മറ്റ് പരിക്കുകളൊന്നും കൂടാതെ ലക്ഷ്യം പൂര്‍ത്തിയാകുന്നതോടെ വണ്‍വേ ടിക്കറ്റ് ശുഭകരമായി അവസാനിക്കുന്നു.

  ജഗതി, ജഗദീഷ്, സലിം കുമാര്‍, ജാഫര്‍ ഇടുക്കി എന്നിവരുടെ ഗംഭീര പ്രകടനമാണ് വണ്‍വേ ടിക്കറ്റിന്റെ പ്ലസ് പോയിന്റ്. ശുദ്ധനര്‍മ്മത്തിന്റെ മനോഹാരിത വെളിപ്പെടുന്ന ഏറെ സീനുകളുണ്ട് ഈ ചിത്രത്തില്‍. സിനിമയുടെ വിജയത്തെ നിര്‍ണയിക്കുന്നതും ഒരുപക്ഷേ ഈ രംഗങ്ങളായിരിക്കാം.

  കോമഡിയുടെ ചട്ടക്കൂട് പ്രിഥ്വിരാജിനും വഴങ്ങി വരുന്നുണ്ട്. അനായാസത, ടൈമിംഗ് എന്നിവയില്‍ പ്രിഥ്വി കൈവരിക്കുന്ന പുരോഗതി വണ്‍വേ ടിക്കറ്റ് അടയാളപ്പെടുത്തുന്നു. ബിജുക്കുട്ടനെപ്പോലെ സിനിമയില്‍ അനിവാര്യമായ ഒരു സാന്നിദ്ധ്യമാവുകയാണ് ജാഫര്‍ ഇടുക്കി. ജാഫറിന്റെ നിര്‍ദ്ദോഷമായ ഭാവവും വ്യത്യസ്തമായ തമാശകളും ഇതിനകം ഒട്ടേറെ അവസരങ്ങള്‍ അദ്ദേഹത്തിന് നേടിക്കൊടുത്തിട്ടുണ്ട്.

  ജഗദീഷ്, ഇന്ദ്രന്‍സ്, പ്രേംകുമാര്‍ എന്നിങ്ങനെയുളള നിര യുവത്വം വിട്ട് വാര്‍ദ്ധക്യത്തിലേയ്ക്ക് എത്തിയ വിടവ് നികത്താന്‍ സുരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന്‍, ജാഫര്‍ ഇടുക്കി എന്നീ മിമിക്രിതാരങ്ങള്‍ എന്തുകൊണ്ടും യോഗ്യരാണെന്ന് അവരുടെ സ്വീകാര്യത തെളിയിക്കുന്നുണ്ട്. പുതിയ ഒരുപാട് നമ്പരുകള്‍ അവരുടെ കൈകളിലുണ്ടെന്നത് പ്രേക്ഷകര്‍ക്കും ആശ്വാസമാകുന്നു.

  തന്റെ ആദ്യ പ്രിഥ്വിരാജ് ചിത്രമായ കാക്കിയില്‍ നിന്നും ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട് ബിപിന്‍ പ്രഭാകര്‍. രണ്ടാം പകുതിയില്‍ വല്ലാതെ ഇഴയുന്നതും, ക്ലൈമാക്സിനും അതിനോട് ചേര്‍ന്ന രംഗങ്ങള്‍ക്കും വേണ്ടത്ര തീവ്രതയില്ലാത്തതും തിരക്കഥയുടെ പോരായ്മയായി പറയാമെങ്കിലും മൊത്തത്തില്‍ ഒരു മോശം ചിത്രമല്ല വണ്‍വേ ടിക്കറ്റ്.

  പ്രിഥ്വിരാജിനും സംവിധായകനും ആശ്വസിക്കാവുന്ന വിജയമാകും ഇതെന്നാണ് തീയേറ്ററിലെ ആദ്യസ്വീകരണം തെളിയിക്കുന്നത്.

  ബന്ധപ്പെട്ട വാര്‍ത്തകള്‍

  വണ്‍വേ ടിക്കറ്റിന് വമ്പന്‍ സ്വീകരണം
  വണ്‍വേ ടിക്കറ്റു പോലെ ജീവിതങ്ങള്‍
  മമ്മൂട്ടി വീണ്ടും സൂപ്പര്‍സ്റ്റാറാകുന്നു
  വണ്‍വേ ടിക്കറ്റെടുത്താല്‍ പരുന്തിനെ കാണാം
  വണ്‍വേ ടിക്കറ്റില്‍ കാവ്യയ്‌ക്കു പകരം ഭാമ
  കാവ്യ പാട്ടെഴുതുകയാണ്
  ഓട്ടോ ഓടിച്ചു; ഇനി ജീപ്പോടിക്കാം
  പൃഥ്വിരാജിന്റെ വണ്‍വേ ടിക്കറ്റ്
  വണ്‍വേ ടിക്കറ്റ്: ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X