»   » പ്രേക്ഷക മനംകവര്‍ന്ന് മമ്മിയും ഞാനും

പ്രേക്ഷക മനംകവര്‍ന്ന് മമ്മിയും ഞാനും

Posted By:
Subscribe to Filmibeat Malayalam
Mummy And Me Still
അച്ചുവിന്റെ അമ്മയ്ക്കുശേഷം വീണ്ടും ഒരു അമ്മയും മകളും കേരളത്തിലെ കുടുംബസദസ്സുകളില്‍ ചര്‍ച്ചാവിഷയമാവുകയാണ്. അന്ന് ഉര്‍വ്വശിയും മീരാ ജാസ്മിനുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ചെറിയൊരു മാറ്റം മകളുടെ സ്ഥാനത്ത് അര്‍ച്ചന കവി. ഇരുവരുടെയും മത്സരിച്ചുള്ള അഭിനയം കൂടിയായപ്പോള്‍ ജിത്തു ജോസഫിന്റെ മമ്മി ആന്റ് മിയെന്ന ചിത്രം കുടുംബചിത്രമെന്ന പേര് സ്വന്തമാക്കി.

പലപോഴും അമ്മ-മകള്‍, അച്ഛന്‍-മകന്‍ ബന്ധങ്ങള്‍ ചലച്ചിത്രങ്ങളില്‍ പ്രമേയമായിട്ടുണ്ട്. എന്നാല്‍ മമ്മി ആന്റ് മിയിലെ അമ്മ-മകള്‍ബന്ധം തീര്‍ത്തും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെയാണ് ചിത്രം പുതിയൊരു അനുഭവമായി മാറുന്നത്.

ടീനേജ് പ്രായത്തിലുള്ള മകളും അമ്മയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ശണ്ഠകളും ചിത്രത്തെ ഒരു പോലെ രസകരവും ചിന്തിപ്പിക്കാന്‍ കഴിവുള്ളതുമാക്കി മാറ്റുന്നു. ഇവര്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന അച്ഛനായി മുകേഷും കൂടിയായപ്പോള്‍ പടം ക്ലിക്ഡ്.

മകളായ ജ്യൂവല്‍ തന്റെ കഥ പറയുന്ന രീതിയില്‍ തുടങ്ങുന്ന ചിത്രം യുവതലമുറ കടന്നുപോകുന്ന പല സാഹചര്യങ്ങളും പകര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജ്യൂവലിനോട് ഉള്ളില്‍ പ്രണയം സൂക്ഷിയ്ക്കുന്ന അയല്‍ക്കാരനായി കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു.

ജ്യൂവല്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്ന അമീര്‍ എന്ന കഥാപാത്രമാണ്, കഥയെ പലപ്പോഴും വഴിത്തിരിവുകളില്‍ കൊണ്ടെത്തിക്കുന്നത്. സുരേഷ് ഗോപിയുടെ സാന്നിധ്യംചിത്രത്തില്‍ തീര്‍ത്തും സസ്‌പെന്‍സുണ്ടാക്കി.

ഉര്‍വ്വശിയുടെ ക്ലാരയെന്ന അമ്മവേഷം സമാനതകളില്ലാത്തതാണ്. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന ജോസഫിനെ അവതരിപ്പിക്കുന്നതില്‍ മുകേഷ് കാണിച്ച മികത്വവും അഭിനന്ദനീയമാണ്. നവീനമാധ്യമങ്ങളായ ഇന്റര്‍നെറ്റിന്റെ സാന്നിധ്യത്തെ അതീവ സൂക്ഷ്മതയോടെയാണ് ജിത്തു ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ചാറ്റില്‍ കിട്ടിയ സുഹൃത്തുമായി ജ്യുവലിന്റെ ബന്ധവും അത് ഈ പെണ്‍കുട്ടിയില്‍ വരുത്തുന്ന മാറ്റങ്ങളും ഇത് അമ്മയും മകളും തമ്മിലുള്ള ബന്ധത്തിലുണ്ടാക്കുന്ന വിള്ളലുകളുമമാണ് കഥായിലെ പ്രധാന ഭാഗം.

അസ്വസ്ഥയായ ഒരു ടീനേജുകാരിയുടെ റോള്‍ അര്‍ച്ചന കവിയില്‍ ഭദ്രമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അമ്മവേഷത്തിലൂടെ ഒരിക്കല്‍ക്കൂടി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ഉര്‍വ്വശിയ്ക്കു കഴിഞ്ഞു.

എന്നാല്‍ ഒരു എംബിഎ വിദ്യാര്‍ത്ഥിയായ കുഞ്ചാക്കോയുടെ കഥാപാത്രം അല്‍പം അവിശ്വസനീയത സൃഷ്ടിക്കുന്നുണ്ടെങ്കിലും ലാലു അലക്‌സുമൊത്തുള്ള കുഞ്ചാക്കോയുടെ സീനുകള്‍ക്ക് തിയേറ്ററുകളില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

പുതുമയാര്‍ന്ന കഥയും അവതരണരീതിയും അതിനൊപ്പം സിജോ ജോണിന്റെ മികച്ച സംഗീതവുമായപ്പോള്‍ ചിത്രം ഗുഡ് ചാര്‍ട്ടില്‍ ഇടംപിടിച്ചു. മാലാഖ പോലെ മകളേ നീ എന്ന ഗാനം മലയാളികള്‍ക്ക് താലോലിക്കാന്‍ വീണ്ടും ലഭിച്ചിരിക്കുന്ന ഒരു താരാട്ടുപാട്ടാണ്.

സ്ഥിരം മസാല ഗ്ലാമര്‍ റൂട്ടില്‍ നിന്നും വഴിമാറി പ്രസക്തമായ ഒരു വിഷയമെടുത്ത് കഥപറയാന്‍ ശ്രമിച്ച ജിത്തു ജോസഫിന് ഈ ചിത്രത്തില്‍ നൂറു മാര്‍ക്കും കിട്ടുമെന്ന് ഉറപ്പിയ്ക്കാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam