»   » അപ്പുക്കുട്ടന്റെ നമ്പറുകള്‍ ഏശുന്നില്ല

അപ്പുക്കുട്ടന്റെ നമ്പറുകള്‍ ഏശുന്നില്ല

Posted By:
Subscribe to Filmibeat Malayalam
In Ghost House Inn
മറ്റെല്ലാം നന്നായി എന്നു പറയുമ്പോഴും സിനിമയുടെ ആണിക്കല്ലായ തിരക്കഥ രചിയ്ക്കുന്നതില്‍ ലാല്‍ വേണ്ടത്ര വിജയിച്ചുവെന്ന് പറയാനാവില്ല. വിശ്വാസയോഗ്യമായ തിരക്കഥയൊരുക്കുന്നതിലും കിടിലന്‍ കോമഡി നമ്പറുകളുടെ വരള്‍ച്ചയും ചിത്രത്തെ കാര്യമായി ബാധിയ്ക്കുന്നുണ്ട്. പറഞ്ഞു പഴകിയ കോമഡി നമ്പറുകളുടെ ആവര്‍ത്തനവും ഗോസ്റ്റ് ഹൗസിന്റെ രസം കെടുത്തുന്നു.

നേരത്തെ പറഞ്ഞതു പോലെ തുടക്കത്തിലേയുള്ള കോമഡികള്‍ക്ക് ശേഷം പ്രേക്ഷകര്‍ മനസ്സറിഞ്ഞ് ചിരിയ്ക്കുന്നത് ഒരുപക്ഷേ സിനിമയ്ക്ക ശേഷം ടൈറ്റിലിനൊപ്പം കാണിയ്ക്കുന്ന ലൊക്കേഷനിലെ അബദ്ധങ്ങളാണെന്ന് പറഞ്ഞാല്‍ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.

കഥയെപ്പറ്റി ആലോചിയ്ക്കാന്‍ പോയാല്‍ മണ്ടനാവുമെന്ന കാര്യത്തിലും സംശയമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ക്ലൈമാക്‌സിന്റെ കാര്യത്തില്‍ ലാല്‍ സ്‌കോര്‍ ചെയ്തിട്ടുണ്ടെന്ന് തന്നെ പറയാം. ആദ്യപകുതിയിലെ പൊട്ടിച്ചിരിയ്ക്കും രണ്ടാം പകുതിയിലെ ചില വിരസതകള്‍ക്കുമൊടുവിലെത്തുന്ന സര്‍പ്രൈസ് ക്ലൈമാക്‌സ് ആരിലും ഒരു ചലനമുണ്ടാക്കും.

പതിവ് പോലെ വിഡ്ഡിത്തരങ്ങള്‍ക്ക് നങ്കൂരമിടുന്നത് ജഗദീഷ് അവതരിപ്പിയ്ക്കുന്ന അപ്പുക്കുട്ടന്‍ തന്നെയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുന്തോറും അപ്പുക്കുട്ടന്റെയും കൂട്ടുകാരുടെയും തമാശകളുടെ തിളക്കം കുറയുകയാണ്. ഒരു ഔട്ട്‌സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് നാല്‍വര്‍ സംഘത്തിലെ ആരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. മഹാദേവനെ അവതരിപ്പിയ്ക്കുന്ന മുകേഷും ഗോവിന്ദന്‍ കുട്ടിയുടെ സിദ്ദിഖും അശോകന്റെ തോമസുകുട്ടിയും ഒന്നും പ്രേക്ഷകരെ ഓര്‍ത്തോര്‍ത്ത് ചിരിപ്പിയ്ക്കുന്നില്ല.

അതേ സമയം സീരിസിലെ പുതിയ കഥാപാത്രങ്ങളായി രംഗത്തെത്തുന്ന നെടുമുടി വേണുവും രാധികയും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഹരിശ്രീ അശോകന്‍, രോഹിണി, ലെന, രാഖി, റീന ബഷീര്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ക്കൊന്നും ചിത്രത്തില്‍ കാര്യമായൊന്നും ചെയ്യാനില്ല. ഒരു ഗാനരംഗത്തിലേക്ക് മാത്രമായെത്തുന്ന ലക്ഷ്മി റായിയുടെ ഗ്ലാമര്‍ ചോര്‍ത്തിയെടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഒരു ഹൊറര്‍ കോമഡിയ്ക്കിണങ്ങുന്ന തരത്തില്‍ ചിത്രത്തിന്റെ സാങ്കേതിക മേഖല മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഭയവും ആകാംക്ഷയും അനുഭവവേദ്യമാക്കുന്ന വേണുവിന്റെ ക്യാമറയും വി സാജന്റെ എഡിറ്റിങും ചിത്രത്തിന്റെ പിരിമുറുക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്.

എന്നാല്‍ ഗോസ്റ്റ് ഹൗസിന്റെ സോങ് ഡിപ്പാര്‍ട്ടമെന്റ് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അലക്‌സ് പോളിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിന് ചേരും. തീകായും താന്തോന്നിക്കാറ്റെ എന്ന ഗാനത്തിന് പാസ് മാര്‍ക്ക് നല്‍കാമെങ്കിലും ഒലെ ഒലെ എന്ന് തുടങ്ങുന്ന അടിച്ചുപൊളി പാട്ട് അസഹ്യമാണെന്ന് പറയാം.
ഇപ്പോഴും മലയാളി മൂളുന്ന ഏകാന്ത ചന്ദ്രികയും ഉന്നം മറന്ന് തെന്നിപ്പറന്ന ഗാനങ്ങളുമായെത്തിയ ഹരിഹരിഹര്‍നഗര്‍ സീരിസിനാണ് ഈ ദുര്‍വിധിയെന്നോര്‍ക്കണം.

ഒരു ഫെസ്റ്റിവെല്‍ മൂഡ് മൂവി ഒരുക്കാനുള്ള ലാലിന്റെ ശ്രമം ഏറെക്കുറെ ലക്ഷ്യത്തിലെത്തിയെന്ന് വേണമെങ്കില്‍ പറയാം. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ നിങ്ങള്‍ക്ക് ഈ ഗോസ്റ്റ് ഹൗസിലേക്ക് കയറാം. തല പുകയ്ക്കാതെ ഭയന്ന് ചിരിയ്ക്കാന്‍ വേണ്ടി മാത്രം, അങ്ങനെയാണെങ്കില്‍ ഗോസ്റ്റ് ഹൗസ് നിങ്ങളെ നിരാശപ്പെടുത്തില്ല. ഇനി ലേശം ചിരി കുറഞ്ഞു പോയെന്ന പരാതി ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ ഇന്‍ ഹരിഹര്‍ നഗറിന്റെ സിഡി ഒന്നുകൂടി കാണുക. അതിപ്പോഴും നിങ്ങളെ മടുപ്പിയ്ക്കില്ല. ഉറപ്പ്!!
മുന്‍ പേജില്‍
പ്രേത ബംഗ്ലാവിലെ നിഗൂഢത

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam