»   » നിരൂപണം; സൗഹൃദത്തെയും പ്രണയത്തെയും കൂട്ടി കലര്‍ത്തി ഒരു യാത്ര; കൂടെ ഒരു സര്‍പ്രൈസും

നിരൂപണം; സൗഹൃദത്തെയും പ്രണയത്തെയും കൂട്ടി കലര്‍ത്തി ഒരു യാത്ര; കൂടെ ഒരു സര്‍പ്രൈസും

Posted By: Naveen Kumar
Subscribe to Filmibeat Malayalam
Rating:
3.5/5

തുടക്കം മുതല്‍ക്കെ ആനന്ദം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. യുവത്വത്തിന്റെ ഹരമായി മാറിയ വിനീത് ശ്രീനിവാസന്‍ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങുന്ന ചിത്രം എന്നതുകൊണ്ട് തന്നെ. എന്നാല്‍ പുതുമുഖ താരങ്ങള്‍ മാത്രം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നത് പ്രേക്ഷകരെ ചെറിയതായി ഒന്ന് നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ വിനീത് ശ്രീനിവാസനല്ലേ, ഒന്നും കാണാതെ ചിത്രത്തിന്റെ ഭാഗമാകില്ലെന്നായിരുന്നു ചില സിനിമാ പ്രേമികള്‍ പറഞ്ഞത്. അതെ, അങ്ങനെ തന്നെ. ചിത്രത്തിലേക്ക് വരാം.

സ്‌കൂള്‍ കാലഘട്ടങ്ങളില്‍ നമ്മളില്‍ പലരും വിനോദ യാത്ര പോയിട്ടുണ്ടെങ്കിലും എപ്പോഴും ഓര്‍മയില്‍ നിലനില്‍ക്കുക കോളേജ് ട്രിപ്പുകളാണ്. അത്തരം ഒരു യാത്ര തന്നെയാണ് വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ ജേക്കബിന്റെ സ്വര്‍ഗ രാജ്യം വരെയുള്ള സനിമകളില്‍ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത ഗണേഷ് രാജ് തന്റെ കഴിവ് തെളിയിച്ചു എന്നു തന്നെ പറയാം. എന്താണ് ഈ സിനിമയുടെ പുതുമ എന്ന് ചോദിച്ചാല്‍ ഒരു സംശയവും കൂടാതെ പറയാം. 30 പുതുമുഖങ്ങള്‍ അണിനിരക്കുന്നു, 12 പുതുമുഖ ടെക്‌നീഷ്യന്‍മാരും. ഇതിനപ്പുറം ഒരു പുതുമയും ഈ സിനിമയ്ക്കില്ല.

സൗഹൃദത്തെ ആഘോഷമാക്കിയാണ് വിനീത് ശ്രീനിവാസന്‍ മലയാള സിനിമയില്‍ സംവിധാന രംഗത്തേക്ക് കടന്നു വന്നത്. അദ്ദേഹം നിര്‍മ്മാണ രംഗത്ത് കൈവെക്കുന്നതും സൗഹൃദം ആഘോഷമാക്കികൊണ്ട് തന്നെ. കോഴ്‌സിന്റെ ഭാഗമായി നാല് ദിവസത്തെ ഇന്റസ്ട്രിയല്‍ വിസിറ്റിന് പോകുന്ന കുട്ടികള്‍. അവരുടെ സൗഹൃദവും പ്രണയവും ചില പിണക്കങ്ങളുമൊക്കെയാണ് ചിത്രത്തിലുടനീളം. സാധാരണ എല്ലാ കോളേകളിലും ഉണ്ടാകുന്ന പ്രണയവും തമാശകളും തല്ലുകൊള്ളിത്തരങ്ങളുമെല്ലാം രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. പുതുമുഖങ്ങളാണെങ്കിലും സ്വാഭാവികത നിറഞ്ഞ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.

അക്ഷയ്, കെ. ഉണ്ണികൃഷ്ണന്‍ പിള്ള (കുപ്പി) ദിയ, റോക്സ്റ്റാര്‍ ഗൗതം, വരുണ്‍, ദേവിക, ദര്‍ശന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. കൃത്രിമത്വം തോന്നാത്ത വിധത്തില്‍ ഓരോരുത്തരും തങ്ങളുടെ വേഷം വൃത്തിയായിത്തന്നെ അവതരിപ്പിച്ചു. കുപ്പി ഒരു ഹാസ്യകഥാപാത്രവും, വരുണ്‍ ഗൗരവക്കാരനുമായിരുന്നു. ഇമോഷണല്‍ രംഗങ്ങളിലടക്കം ഒരു കഥാപാത്രങ്ങള്‍ വെറുപ്പിച്ചില്ല. ഡബ്‌സ്മാഷുകളിലൂടെ ശ്രദ്ധേയയായ വിനിതാ കോശി അവതരിപ്പിച്ച ലൗലി മിസ് ആണ് മറ്റൊരു പ്രത്യേകത. എല്ലാ കോളേജുകളിലും കണ്ടേക്കാവുന്ന,കുട്ടികളോട് മാനസികമായി ഏറെ അടുപ്പമുള്ള അധ്യാപികയുടെ വേഷം നന്നായിത്തന്നെ അവര്‍ കൈകാര്യം ചെയ്തു. ഡോ.റോണി ഡേവിസ് അവതരിപ്പിച്ച ചാക്കോമാഷിന്റെ വേഷം വളരെ രസകരമായിരുന്നു. സിനിമയില്‍ ഒരു വമ്പന്‍ സര്‍പ്രൈസും സംവിധായകന്‍ പ്രേക്ഷകര്‍ക്കായ് ഒരുക്കിയിരുന്നു.

ഹമ്പി ക്ഷേത്രത്തെക്കുറിച്ചും, അതിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കുറിച്ചും വിജ്ഞാനപ്രദമായ ചില വിവരങ്ങള്‍ പകര്‍ന്നുതരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ അതിപ്രസരമില്ലാതെ തമാശകള്‍ ഉള്‍പ്പെടുത്താനും അത് വിജയിപ്പിക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ശീലങ്ങളോടും ദുശ്ശീലങ്ങളോടും വ്യത്യസ്ത സമീപന രീതികളാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. പഠനയാത്രയില്‍ പാലിക്കേണ്ട അച്ചടക്കത്തിന്റെ അതിര്‍വരമ്പുകളേക്കുറിച്ച് സംവിധായകന്‍ സ്വന്തമായി തന്നെ ചില നിലപാടുകളെടുക്കുകയാണ് ചിത്രത്തില്‍. ഓരോ കഥാപാത്രത്തിനും ഓരോ പാര്‍ട്ണര്‍ എന്ന പഴഞ്ചന്‍ രീതി മറികടക്കാനും സംവിധായകന് സാധിച്ചിട്ടില്ല.

ചിത്രത്തിലെ ശ്രദ്ധേയമായ മറ്റൊന്ന് ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രാഹണമാണ്. കേരളത്തിന് പുറത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളെ മനോഹരമായ ഫ്രെയിമില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സച്ചിന് വാര്യര്‍ ആദ്യമായി സംഗീത സംവിധായകനാവുകയാണ് ആനന്ദത്തിലൂടെ. ഗാനങ്ങള്‍ എല്ലാം ശരാശരി നിലവാരം പുലര്‍ത്തിയിട്ടുണ്ട്.

നിരവധി ക്യാംപസ് ചിത്രങ്ങള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ടെങ്കിലും ഗൃഹാതുരതയില്‍ നിന്നും വിട്ട് വിദ്യാര്‍ത്ഥികളെ മാത്രം ഫോക്കസ് ചെയ്യുന്ന സിനിമയാണ് ആനന്ദം. ക്യാംപസ് ജീവിതത്തിന്റെ നല്ല കാലങ്ങള്‍ നിങ്ങള്‍ മറന്നിട്ടില്ലെങ്കില്‍...ഒരിക്കല്‍ കൂടി ക്യാംപസ് ടൂറിന് നിങ്ങള്‍ തയ്യാറാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ടിക്കറ്റെടുക്കാം.... ആനന്ദം ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല....

ആനന്ദം

എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രമാണ് ആനന്ദം. വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച് ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം.

തിരക്കഥ, സംവിധാനം

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി ജോലി ചെയ്ത ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം. ഒരു കോളേജ് ലൈഫിലെ എല്ലാം സത്തും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു ചിത്രം. കോളേജിലെ തമാശകളും മറ്റും വളരെ റിയലസ്റ്റികായാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ചെറിയ വലിച്ചു നീട്ടല്‍ ഉണ്ടായെങ്കിലും യൂത്തിനെ ഹരം പിടിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ അവതരണം.

സംഗീതം-സച്ചിന്‍

സച്ചിന്‍ വാര്യരാണ് ചിത്രത്തിന്റെ സംഗീതം നല്‍കിയിരിക്കുന്നത്. അഞ്ചു ഗാനങ്ങളാണ് ചിത്രത്തില്‍.

ഛായാഗ്രാഹണം

പ്രേമം, നേരം എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന് വേണ്ടി ക്യമാറ ചലിപ്പിച്ചത്. മനോഹരമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ആനന്ദിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള ഹുമ്പി, തുടങ്ങിയ സ്ഥലങ്ങള്‍.

എഡിറ്റര്‍

വായ് മൂടി പേസും, യു ടൂ ബ്രൂട്ടസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് എഡിറ്റിങ് നിര്‍വ്വഹിച്ച അഭിനവ് സുന്ദര്‍ നായകാണ് ചിത്രസംയോജകന്‍.

നിര്‍മാണം

ഗായകന്‍, അഭിനയതാവ്, സംവിധായകന്‍ ഇപ്പോഴിതാ നിര്‍മ്മാതാവിന്റെ കുപ്പായം അണിയുകയാണ് വിനീത് ശ്രീനിവാസന്‍. കൈവച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച വിനീത് നിര്‍മ്മാതാവിന്റെ വേഷത്തില്‍ എത്തുന്നത് ചില പ്രത്യേകതകളുമായാണ്. വിനീതിന്റെ പതിവ് ചിത്രങ്ങളിലേതു പോലെ യുവത്വങ്ങള്‍ക്ക് പ്രിയപ്പെട്ട എല്ലാം ഉള്‍പ്പെടുത്തിയ ചിത്രം.

English summary
A Memorable Journey Of Love, Friendship & Much More!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam