For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളികളുടെ ആഭാസങ്ങളിലേക്കും വഷളത്തങ്ങളിലേക്കും ഒരു ബസ് യാത്ര.. ശൈലന്റെ റിവ്യൂ!!

By Desk
|

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജുബിത് നമ്രാട് സംവിധാനം ചെയ്ത ആഭാസം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജു എസ് ഉണ്ണിത്താന്‍ നിര്‍മ്മിച്ച സിനിമയില്‍ റിമ കല്ലിങ്കലാണ് നായികയായി അഭിനയിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ കുരുക്കില്‍പ്പെട്ടിരുന്നെങ്കിലും നിയമയുദ്ധങ്ങള്‍ക്ക് ശേഷം ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി റിലീസ് ചെയ്യുകയായിരുന്നു. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

കാത്തിരിപ്പ് വെറുതെയായില്ല.. ഈ മ യൗ അസാധ്യ ഞെട്ടിക്കൽ.. ശൈലന്റെ റിവ്യു..!!

ആഭാസം

ആഭാസം

ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ഒരു സ്വകാര്യ ബസിന്റെ യാത്രയാണ് ജുബിത് നമ്രാടത്തിന്റെ 'ആഭാസം' എന്ന സിനിമ. ഡെമോക്രസി ട്രാവൽസിന്റെ ഗാന്ധി ബസും അതിലെ ഡ്രൈവറും കിളിയും സീറ്റു നിറയെ യാത്രക്കാരുമുള്ള ഒരു രാത്രിയാത്രാ ലോകം. പക്ഷെ, ആ യാത്രയിൽ തൊലിയുരിച്ചു കാണിച്ചു തരുന്നത് മലയാളികളുടെ സകലമാനവിധത്തിലുള്ള കപടസദാചാരമേലങ്കികളെയും വഷളത്തങ്ങളെയുമാണ്. ഇതൊക്കെയാണല്ലോ മുഖംമൂടി അഴിച്ചുവച്ചാൽ നമ്മളോരോരുത്തരും എന്ന് ഒരു നിമിഷമെങ്കിലും ഓരോ മലയാളിയെയും കൊണ്ട് ചിന്തിപ്പിക്കാൻ തോന്നിപ്പിക്കുന്ന തീർത്തും ആത്മാർത്ഥമായ ഒരു ശ്രമം..

പേരില്ലാത്തവർ

പേരില്ലാത്തവർ

ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ ആർക്കും അങ്ങനെ പേരുകളൊന്നുമില്ല. സമകാലിന കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് അത്. നല്ലവർ ചീത്തവർ അങ്ങനൊന്നുമില്ല. ഓരോരുത്തരും അവരവരുടേതായ സ്വഭാവ സവിശേഷതകൾ കൊണ്ട് പ്രേക്ഷകനിൽ തങ്ങളാലാവും വിധമുള്ള കൗതുകങ്ങളോ ഇറിറ്റേഷനുകളോ സമ്മാനിക്കാൻ പ്രാപ്തരാണ്.. പ്രേക്ഷകനാവട്ടെ ഇതൊക്കെ തങ്ങളുടെ സ്വത്വത്തിൽ തന്നെ രൂഢമൂലമായിരിക്കുന്ന സംഗതികൾ ആയതിനാൽ അവയുമായൊന്നും റിലേറ്റ് ചെയ്യാനും വലിയ പ്രയാസം കാണുകയുമില്ല

ഫ്രസ്ട്രേഷന്റെ കോളറ..

ഫ്രസ്ട്രേഷന്റെ കോളറ..

റീമാ കല്ലിങ്കൽ അവതരിപ്പിക്കുന്ന ക്യാരക്റ്റർ നിർമ്മൽ പാലാഴി കാണിച്ചു കൂട്ടുന്ന വെപ്രാളങ്ങളും പരവേശങ്ങളും കണ്ട്, 'ഫ്രസ്ട്രേഷന്റെ കോളറ ബാധിച്ചവൻ' എന്ന് പിറുപിറുക്കുന്നുണ്ട്.. ആ ഒരു നിർമ്മൽ കഥാപാത്രത്തിന് മാത്രമല്ല മലയാളിക്ക് മൊത്തം തന്നെ ഏറ്റവും അനുയോജ്യമായ നിർവചനം. സ്വാഭാവികമായും ബസിലെ ആൾക്കാരിലെയും നല്ലൊരു ശതമാനം ആളുകളുടെ പ്രശ്നം ലൈംഗിക ദാരിദ്ര്യവും അതുമായി ബന്ധപ്പെട്ട ഫ്രസ്ട്രേഷനുമാണ്. ജാതി, മതം, ഭക്തി, വിശ്വാസം, ആർഷഭാരത സംസ്കാരം, സദാചാരം, താൻ പ്രമാണിത്തം, പരപുച്ഛം എന്നിവയുമായി ബന്ധപ്പെട്ട മറ്റു ഞെരമ്പുരോഗങ്ങളും സുലഭം..

പടത്തിന്റെ രാഷ്ട്രീയം.

പടത്തിന്റെ രാഷ്ട്രീയം.

വഴിയിൽ ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടാൽ അവളെ ഒരു മാംസപിണ്ഡമായി നോക്കി കണ്ണുകൊണ്ട് ഭോഗിക്കുകയും തക്കം കിട്ടിയാൽ തരപ്പെടുമോന്ന് മുട്ടിനോക്കുകയും അതിനുള്ള ധൈര്യമില്ലെങ്കിൽ തൊട്ടുരുമ്മിയോ കമന്റടിച്ചോ കഴപ്പു മാറ്റുകയും ചെയ്യുന്നവനാണ് ആവറേജ് മലയാളി.. എന്നാൽ ഒരാണും പെണ്ണും ഒരുമിച്ചിരുന്നാൽ അവനോളം കുത്തിക്കഴപ്പുള്ളവനും വേറെ കാണില്ല. ട്രാൻസ്ജെൻഡർ എന്നാൽ അവന് അവഹേളിക്കാനുള്ള ഒരു വസ്തു മാത്രമാണ്. മറ്റുള്ളവരുടെ മുന്നിൽ തങ്ങളുടെ മതവിശ്വാസ്യത്തിന്റെ ദാർഢ്യം പ്രകടിപ്പിച്ച് ഓർഗസപ്പെടാൻ അവനോളം കേമൻ വേറാരുമില്ല താനും.. എല്ലാത്തിന്റെയും നേർക്കാഴ്ചകൾ ജഡ്ജ്മെന്റും പരിഹാരഫോർമുലയുമൊന്നും കൂടാതെ മുന്നോട്ട് വെക്കുന്ന സിനിമയുടെ രാഷ്ട്രീയം സുവ്യക്തമാണ്. കീഴ്ശ്വാസം എന്നായിരുന്നു ആദ്യം സിനിമയ്ക്ക് ഇടാൻ ഉദ്ദേശിച്ചിരുന്ന പേര് എന്ന് സംവിധായകൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. പിന്നീട് ആഭാസം എന്ന് പേര് മാറുകയായിരുന്നു.

ആർഷഭാരത സംസ്കാരം

ആർഷഭാരത സംസ്കാരം

ആഭാസം എന്നതുകൊണ്ട് ലക്ഷ്യം വെക്കുന്നത് വെറും ആഭാസങ്ങളെ മാത്രമല്ല, മഹത്തായ ആ ആർഷഭാരത സംസ്കാരത്തെകൂടി ആണ്. കൈകളിൽ ചരടുവെച്ചവരും നെറ്റിയിൽ കുങ്കുമം ചാർത്തിയവരും പ്രധാനമന്ത്രിയെക്കുറിച്ച് വാചാലപ്പെടുന്നവരുമൊക്കെയായ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളിലൂടെയും ചലനങ്ങളിലൂടെയും മുദ്രാവാക്യ സമാനമായിട്ടല്ലാതെ സട്ട്ലായി സംഘിയിസത്തിനെതിരെ നല്ല പണി കൊടുക്കുന്നുണ്ട് പടം. ഡെമോക്രസി ട്രാവൽസിൽ നിന്നും ഗാന്ധി ബസിന് പിറകെ വരുന്ന ബസിന്റെ പേര് ഗോഡ്സെ എന്നാണ്. ഗാന്ധി ബസ് വഴിയിൽ നിന്നുപോവുമ്പോൾ കിട്ടിയ തക്കത്തിന് ഗോഡ്സെ ബസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പാഞ്ഞു കയറുന്നുണ്ട് ചില യാത്രക്കാർ. അംബേദ്കർ ബസിലേക്കുള്ള ടിക്കറ്റുമായി വന്ന അവശനെ(ഇന്ദ്രൻസ്) ആ ബസ് ക്യാൻസൽ ചെയ്തെന്നറിയിച്ച് ടിക്കറ്റ് വാങ്ങി കീറിക്കളഞ്ഞ് ഗാന്ധിയിലേക്ക് പുതിയ ടിക്കറ്റെടുക്കാൻ കാശ് വാങ്ങിക്കുന്നുമുണ്ട് ഏജൻസിക്കാരൻ (വിജയകുമാർ). എ സർട്ടിഫിക്കറ്റ് ആയിരുന്നു തിരുവനന്തപുരത്തെ സെൻസർ ബോർഡ് ആഭാസത്തിന് നൽകിയിരുന്നു. പിന്നീട് മുകളിലേക്ക് അപ്പീൽ പോയി യു എ സർട്ടിഫിക്കറ്റെങ്കിലും നേടിയെടുക്കുകയായിരുന്നു.

ശീതൾ ശ്യാം.

ശീതൾ ശ്യാം.

ട്രാൻസ്ജെൻഡർ പ്രശ്നങ്ങളെ പ്രതുനിധീകരിക്കാൻ അവരുടെ ഇടയിലെ ആക്റ്റിവിസ്റ്റായ ശീതൾ ശ്യാമിനെ തന്നെ ഒരു മുഴുനീള കഥാപാത്രമാക്കിയിട്ടുള്ളത് സന്തോഷകരമായ ഒരു കാഴ്ചയാണ്. നാളിതുവരെ മലയാളം സിനിമ ട്രാൻസ്ജെബ്ഡർ ക്യാരക്റ്ററുകളെ വച്ച് കാണിച്ചുകൂട്ടിയ വഷളത്തങ്ങൾക്ക് ഒരു ചെറിയ പ്രായശ്ചിത്തം കൂടി ആണ് അത്. ബസിലെ കിളിയും ഡ്രൈവറുമായി വരുന്ന ഊള കഥാപാത്രങ്ങളെ സുരാജും അലൻസിയറും ഇമേജൊന്നും നോക്കാതെ ഗംഭീരമാക്കി. ഇന്ദ്രൻസ്, റീമ, അനിൽ നെടുമങ്ങാട് തുടങ്ങി പേരറിയുന്നവരും അല്ലാത്തതുമായ എല്ലാരും അങ്ങനെത്തന്നെ. തമിഴ് നടൻ നാസറുമുണ്ട് ഏറെക്കാലത്തിന് ശേഷം പോലീസ് വേഷത്തിൽ. സത്യം പറഞ്ഞാൽ ഇതിന് വേണ്ടി നാസറിനെയൊന്നും വിളിച്ചുകൊണ്ടുവരേണ്ട ഒരു കാര്യവുമില്ലായിരുന്നു..

മികച്ച ശ്രമം.. പക്ഷെ

മികച്ച ശ്രമം.. പക്ഷെ

കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രസാക്തിയാൽ ആഭാസത്തെ ഒരു മികച്ച ശ്രമമെന്ന് അടയാളപ്പെടുത്താം. അതിനപ്പുറം ഒരു ഗംഭീരസിനിമ എന്നൊന്നും പറയാനാവില്ല. സാധ്യതകൾ ഒരു പാടുണ്ടായിട്ടും കൈവിട്ട കളികളിലേക്കൊന്നും തിരക്കഥാകൃത്ത് കൂടിയായ ജുബിത് എന്ന സംവിധായകൻ ഇറങ്ങിപ്പോവുന്നില്ല. എന്നാലും ഇത്രയെങ്കിലുമൊക്കെ ശ്രമിച്ചല്ലോ എന്ന സന്തോഷത്താൽ ആഭാസത്തിന് ഒരു സ്പെഷ്യൽ ലൈക്ക്..

English summary
Aabhasam movie review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more