»   » ആക്ഷനിൽ പുലി.. ബാക്കിയെല്ലാം എലി.. ആവറേജിലൊതുങ്ങുന്ന ആദിയുടെ വിധി കണ്ടുതന്നെ അറിയാം.. പ്രണവിന്റെയും!

ആക്ഷനിൽ പുലി.. ബാക്കിയെല്ലാം എലി.. ആവറേജിലൊതുങ്ങുന്ന ആദിയുടെ വിധി കണ്ടുതന്നെ അറിയാം.. പ്രണവിന്റെയും!

Posted By: Ambili
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
ആദിയിൽ ആക്ഷൻ മാത്രമേ ഉള്ളൂ?? | Aadhi Movie Review | filmibeat Malayalam

മലയാള സിനിമയില്‍ ഇതുവരെ കാണാത്ത കീഴ്‌വഴക്കങ്ങളോടെയാണ് താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദി തിയറ്ററുകളിലേക്കെത്തിയത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ മോഹന്‍ലാല്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ആക്ഷനില്‍ അസാധ്യ മെയ്‌വഴക്കമാണ് പ്രണവിനുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സിനിമയിലെ ബാക്കി ഘടകങ്ങളെല്ലാം മികച്ചതാക്കാന്‍ പ്രണവിന് കഴിഞ്ഞിട്ടുണ്ടോ? ശൈലന്റെ റിവ്യൂ വായിക്കാം..

വോൾട്ടേജ് കുറവാണ്, ഇക്കയെ കളിത്തോക്കാക്കി തട്ടിക്കൂട്ടിയ സ്ട്രീറ്റ് ലൈറ്റ്‌സിന്... ശൈലന്റെ റിവ്യൂ!

ആദി

മച്ച് അവൈറ്റഡ് എന്ന കാറ്റഗറിയിൽ പെടുത്തി സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന ഒന്നാണ് മോഹൻലാലിന്റെ മകന്റെ നായകനെന്ന നിലയിലുള്ള അരങ്ങേറ്റവും "ആദി" എന്ന സിനിമയും.. ദൃശ്യം, മെമ്മറീസ് എന്നിങ്ങനെ ഉള്ള മലയാളം കണ്ട ഏറ്റവും മികച്ച ത്രില്ലറുകളിൽ ചിലത് തയ്യാർ ചെയ്ത ജിത്തു ജോസഫ് ആണ് ആദി"യുടെ പിന്നണിയിലെ അമരക്കാരൻ എന്നത് മറ്റൊരു പ്രതീക്ഷയായിരുന്നു. (ലൈഫ് ഓഫ് ജോസൂട്ടി, ഊഴം എന്നിവ ആയിരുന്നു ജിത്തുവിന്റെ അവസാനസിനിമകൾ എന്നതും പ്രസ്താവ്യമാണ്) പ്രതീക്ഷകൾക്കെല്ലാമൊപ്പം ആദി ഉയർന്നോ എന്നാണ് ഇനിയുള്ള ചോദ്യം..

മിഴിയോരവുമായി തുടക്കം..

മോഹൻലാലിന്റെ ആദ്യ ചിത്രമായ "മഞ്ഞിൽ വിരിഞ്ഞ പൂക്കളി"ലെ എവർഗ്രീൻ മെലഡി ഗിറ്റാറുമായി പാടുന്ന നിലയിൽ ആണ് പടം തുടങ്ങി മിനുറ്റുകൾക്കകം മറ്റു ക്യാരക്റ്ററുകളൊന്നും സ്ക്രീനിൽ വരും മുൻപെ, പ്രണവിനെയും ആദിയെയും ജിത്തു ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. തീർത്തും സാധാരണമായി മോഹൻലാലിൽ ചാരിനിന്നു ലാലേട്ടൻ ഫാൻസിനെ നൊസ്റ്റാൾജിയപ്പെടുത്തിക്കൊണ്ടുള്ള ഒരു എൻട്രി. പിന്നെ മനസിലാവുന്നു അയാൾ, അപ്പർ മിഡിൽക്ലാസ് ദമ്പതികൾ ആയ സിദ്ദിഖിന്റെയും ലെനയുടെയും മകനായ ആദിത്യ മോഹൻ വർമ്മ ആണെന്നും (മുദ്ര ശ്രദ്ധിക്കണം) അച്ഛൻ മോഹൻ വർമ്മ എന്ന സിദ്ദിഖ് കോൺഫിഡന്റ് ഗ്രൂപ്പിലെ (വീണ്ടും മുദ്ര ശ്രദ്ധിക്കുക) ജി എം ആണെന്നും അമ്മ റോസിക്കുട്ടി എന്ന ലെന ഘർവാപ്പസി കേസ് ആണ് എന്നും ഒക്കെ. സിനിമയിൽ മ്യൂസിക് ഡയറക്ടർ ആവുകയെന്ന ഉൽക്കടമായ ആഗ്രഹമുള്ള ആദിയ്ക്ക് അച്ഛൻ രണ്ടുകൊല്ലമാണ് അതിലേക്കായി അലോട്ട് ചെയ്തിരിക്കുന്ന സമയം. അതിനുള്ളിൽ സിനിമക്കുള്ളിൽ കേറാൻ കഴിഞ്ഞില്ലെങ്കിൽ മര്യാദയ്ക്ക് വന്ന് പണിയെടുത്ത് ജീവിച്ചോണം.

സന്തുഷ്ടകുടുംബം

ചാൻസ് തേടിയും ഹോട്ടലിൽ പാട്ടുപാടിയും നാളുകഴിക്കുന്ന ആദി തിന്നത് എല്ലിനുള്ളിൽ കുത്തുമ്പോൾ ബീച്ചിൽ പോയി മലയാള സിനിമകളിൽ ഒട്ടും പരിചിതമല്ലാത്ത പാർക്കൗർ (parkour) നടത്തുന്നതായും കാണിക്കുന്നുണ്ട്. അയല്പക്കത്തെ ടീനേജുകാരി വളക്കാൻ ഇടക്കിടെ വരുന്നുണ്ടെങ്കിലും അമ്മ പ്രോൽസാഹിപ്പിച്ചിട്ടും വളയാൻ പോയിട്ട് നോക്കാൻ പോലും അവൻ തയ്യാറാവുന്നില്ല. (കാരണം ജിത്തു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു, റൊമാൻസ് എന്നൊരു ഏരിയ ഇല്ലാത്തതുകൊണ്ടാണ് മാക്സിമം ഷൈ ആയ പ്രണവ് ഈ സ്ക്രിപ്റ്റ് തെരഞ്ഞെടുത്തത് തന്നെ). അങ്ങനെ സന്തുഷ്ടമായി പോകുന്നതിനിടെ അവർ ഭക്ഷണം കഴിക്കാൻ പോകുന്ന ഹോട്ടലിൽ സാക്ഷാൽ ലാലേട്ടൻ തന്നെ ആന്റണി പെരുമ്പാവൂർ സമേതനായി അവതരിക്കുന്നുണ്ട്. നാട്ടുനടപ്പ് പ്രകാരം സിദ്ദിഖ് അതോടെ പുലിയൂരിലെ മൂപ്പനായി പരിണാമപ്പെടുകയും "സിനിമയിൽ കാണുന്നത്ര വണ്ണമൊന്നുമില്ല കേട്ടോ" "താടി വച്ചതോടെ എന്താ ഒരു ഗ്ലാമർ" തുടങ്ങിയ ഡയഗോലുകൾ ഒറ്റ സ്ട്രെച്ചിനങ്ങ് കാച്ചുകയും ചെയ്യുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും ഭക്തന്മാർക്ക് ഒരു ഇടക്കാലാശ്വാസം. നമ്മക്കൊരു നിശ്വാസം..

കണ്ടുമടുത്ത കഥാഗതിയും വഴിത്തിരിവുകളും

മകനെ കോൺഫിഡൻസ് ഗ്രൂപ്പ് എം ഡി റോയിയുടെ അടുത്ത് വിട്ട് ഒന്ന് ബ്രെയിൻ വാഷ് നടത്തിച്ച് ഉത്തരവാദിത്തബോധത്തമുള്ളവനാക്കുക എന്ന ലക്ഷ്യം വച്ച് മോഹൻ വർമ്മ ബാഗ്ലൂരിലേക്ക് വിടുമ്പോൾ അതിലൂടെ സിനിമാക്കാർ വരുന്ന ഫോക്സ് ക്ലബ്ബിൽ പാടി ചാൻസ് നേടിയെടുക്കുക എന്ന ഐഡിയ ആദി കാണുന്നതോടെ പടത്തിലെ വഴിത്തിരിവ് ആരംഭിക്കുന്നു. സംഗീതസംവിധായകൻ ആവുക എന്ന ഏക സ്വപ്നവും മാടപ്രാവിന്റെ ഹൃദയവുമുള്ള നിഷ്കളങ്കതയുടെ പര്യായപദമായ ആ യുവാവിനെ ഫോക്സ് ക്ലബ്ബിൽ കാത്തുനിന്നത് ദുർവിധിയുടെ കരാളഹസ്തങ്ങളായിരുന്നു. (ചെഞ്ചഞ്ചേം.. ചെരചെരചേം..) തുടർന്നങ്ങോട്ട് പടം തീരുംവരെ ഉടനീളം പെടലിയിലായ കൊലപാതകക്കുറ്റത്തിൽ നിന്നും കൊല്ലപ്പെട്ടവന്റെ പ്രതികാരദാഹിയായ പിതാവിൽ നിന്നും രക്ഷനേടാനുള്ള അയാളുടെ നെട്ടോട്ടവും ഒളിവുജീവിതവും ആണ്. ആയിരം സിനിമകളിൽ ഇതിനുമുൻപ് കണ്ട അതേ അന്തംവിട്ട ഓട്ടത്തിന്റെ ബോറടിപ്പിക്കുന്ന മറ്റൊരു വേർഷൻ. നായകൻ ഓടുമ്പോഴും പടം 158മിനിറ്റ് ഇഴയുകയാണ് എന്നതാണ് പ്രേക്ഷകരുടെ ഗതികേട്. ഓട്ടത്തിനിടയിൽ ആദിയ്ക്കും പ്രണവിനും വൃത്തിയായി അറിയാവുന്ന പാർക്കൗർ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് പടത്തിന്റെ ഏക ത്രില്ലിംഗ് വശം. അതിനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സ്റ്റണ്ട് മാസ്റ്റർമാരുടെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുന്നു.

പ്രണവ് എന്ന നടൻ

ജീവിതത്തിൽ നിസ്സംഗത പുലർത്തുന്ന ഒരു വ്യക്തിത്വം ആണ് ഇത്രയും കാലത്തെ പ്രണവ് മോഹൻലാൽ എന്ന് കേട്ടിട്ടുണ്ട്. ആ ഒരു നിസ്സംഗാവസ്ഥ അയാളുടെ സ്ക്രീൻ ചലനങ്ങളിലും ആദി എന്ന ക്യാരക്റ്ററിലും സിനിമയിൽ ഉടനീളവുമുണ്ട്. ചില ആംഗിളിൽ അത്യാവശ്യം ഗ്രെയ്സ് ഒക്കെ ഉണ്ടെങ്കിലും നായകൻ എന്ന നിലയിൽ പ്രേക്ഷകരെ കൂടെ കൂട്ടാനുള്ള എനർജി ലെവൽ ഒന്നും അയാൾക്ക് ഇപ്പോഴില്ല. (ഭാവിയിൽ ഉണ്ടാവില്ല എന്ന് അർത്ഥമില്ല താനും.. ) പാർക്കൗറിംഗും ആക്ഷനും ആണ് അയാൾ തിളങ്ങുന്ന മേഖലകൾ. ഗിറ്റാർ മീട്ടി പാടാനും അറിയാം. ആ ഒരു ഇംഗ്ലീഷ് പാട്ട് എഴുതിയതും പാടിയതും പ്രണവ് തന്നെയാണ് എന്ന് കേട്ടിരുന്നു. ഒരു ഫുൾടൈം നായകനാകാൻ ഇത്രമാത്രം പോരല്ലോ. ഫാമിലി മെലോഡ്രാമകളിലും മറ്റു വൈകാരികമേഖലകളിലുമൊക്കെ പ്രണവ് മറ്റുള്ള യുവതാരങ്ങളേക്കാളൊക്കെ ബഹുദൂരം പിറകിൽ ആണ്. (ഇരുപത്തേഴര വയസ് എന്നത് അത്ര ചെറിയ ഒരു പ്രായമല്ല താനും..‌) ഭാവിയിൽ മെച്ചപ്പെടട്ടെ എന്ന് ആശംസിക്കാൻ മാത്രേ നിർവാഹമുള്ളൂ.

ജിത്തുവിന്റെ പിഴവ്..

Engaging ആയുള്ള ഒരു തിരക്കഥ ഒരുക്കാൻ കഴിഞ്ഞില്ല എന്നതും പ്രണവിന് ആധിപത്യമുള്ള മേഖലയിൽ ആദിയെ ഫോക്കസ് ചെയ്ത് മറ്റ് ദൗർബല്യങ്ങളെ ഒളിപ്പിച്ചു വെക്കാൻ കഴിഞ്ഞില്ല എന്നതുമാണ് തിരക്കഥ ഒരുക്കുന്നതിൽ ജിത്തുജോസഫ് വരുത്തിയ പിഴവുകൾ. വിരസമെന്ന് പറയാവുന്ന സ്ക്രിപ്റ്റ് പലയിടത്തും കോട്ടുവായിടീപ്പിക്കുന്നു. നായകന്റെ പരാധീനതകൾ മൂടിവെക്കാൻ കട്ടയ്ക്ക് കട്ടയായുള്ള ഒരു രണ്ടാം നായകനെ കൂടെ വെക്കാനുള്ള ശ്രമങ്ങളും ഉണ്ടായില്ല. ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റിൽ അത്ര വലിയ റോളല്ലെങ്കിൽ പോലും ഷറഫുദ്ദീൻ കേറി ഗോളടിക്കുന്നത് ശ്രദ്ധിക്കുക. ശരത് നായർ ആയുള്ള അയാളുടെ നിസ്സഹായന്റെ ശരീരഭാഷ ഗംഭീരം. നന്നായി ഡെവലപ്പ് ചെയ്തെടുത്ത മറ്റൊരു നായകൻ കൂടെ ഉണ്ടായിരുന്നെങ്കിൽ പ്രണവിന് വല്യ ആശ്വാസമായേനെ.. "എന്റെ തല എന്റെ ഫുൾ ഫിഗർ" തിയറി അപ്ലൈ ചെയ്യണമെങ്കിൽ അതിനുള്ള സബ്സ്റ്റൻസ് ആളുടെ അടുത്ത് വേണ്ടേ.

ലാലേട്ടന്റെ ഭാഗ്യവും മമ്മൂക്കയുടെ കഷ്ടവും..

പണ്ടത്തെ ഒരു തോണിക്കാരന്റെ കഥയിൽ പറഞ്ഞ പോൽ ഒരു കണക്കിന് ലാലേട്ടൻ ഭാഗ്യവാനാണ്. ദുൽഖർ ഫീൽഡിൽ വന്നതോടെ ചെക്കൻ ഇക്ക വീക്കായ പല ഏരിയകളിലും പുലിയാണല്ലോ എന്ന് ആരാധകർ പറയാൻ തുടങ്ങിയതും ഇക്കയുടെ കഷ്ടകാലം തുടങ്ങിയതും ഓർക്കുക. താരപ്രഭയിലും ഫാൻബെയ്സിലും ഇനിഷ്യലിലുമെല്ലാം DQ ബഹുദൂരം ഓവർടെയ്ക്ക് ചെയ്ത് പോയതും ചരിത്രം. നിലവിലുള്ള സാഹചര്യം വച്ച് പ്രണവ് പാർക്കൗർ ഒഴികെ മറ്റൊരു മേഖലയിലും ലാലേട്ടനുമായി കമ്പാരിസൺ പോലും അർഹിക്കുന്നില്ല.‌ പ്രണവിന്റെ അച്ഛൻ എന്ന ലേബലിൽ അറിയപ്പെടേണ്ട ഗതികേടും ലാലേട്ടനു വരുമെന്ന് തോന്നുന്നില്ല. ആരാധകർക്ക് ആഹ്ലാദിക്കാം..

English summary
Aadhi movie review by Schzylan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam