»   » ആരവവും ആവേശവും മാത്രം... ആട് 2 ഒരു പരാജയമായിരുന്നോ? റിവ്യൂ വായിക്കാം...

ആരവവും ആവേശവും മാത്രം... ആട് 2 ഒരു പരാജയമായിരുന്നോ? റിവ്യൂ വായിക്കാം...

Posted By:
Subscribe to Filmibeat Malayalam

മുഹമ്മദ് സദീം

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

മിഥുന്‍ മാനുവല്‍ തോമസ് എന്ന നവാഗത സംവിധായകന്റെ ആദ്യ സിനിമയായിരുന്നു ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം. കോമഡി എന്റര്‍ടെയിന്‍മെന്റായി തിയറ്ററുകളിലേക്കെത്തിയ സിനിമ പൂര്‍ണ പരാജയമായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിലൂടെ സിനിമ വീണ്ടും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിരുന്നു.

വാപ്പച്ചിയല്ല കുഞ്ഞിക്കയാണ് സ്റ്റാര്‍! കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ നിന്നും നേട്ടം കൊയ്തത് ഇവരാണ്!

തീയറ്ററില്‍ പരാജയമായിരുന്ന ഒരു സിനിമയ്ക്ക് രണ്ടാം ഭാഗമെടുക്കാന്‍ ജയസൂര്യയും സംവിധായകനും തീരുമാനിച്ചത് പ്രേക്ഷകരെ ആകാംഷയിലാക്കിയിരുന്നു. ശേഷം ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ ആട് 2 പ്രതീക്ഷിച്ച നിലവാരത്തിലെത്തിയോ? സിനിമയ്ക്ക് വേണ്ടി എവി ഫര്‍ദിസ് എഴുതിയ റിവ്യൂ വായിക്കാം.

ഈയൊരു കുറവ് മാത്രമാണുള്ളത്

ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെയാണ് ആട് രണ്ട്. ആട് വില്പനക്കാരുടെ കൊട്ടുംകുരവയുമെല്ലാം കേട്ട് തീയേറ്ററിലെത്തുന്ന പ്രേക്ഷകന്‍, ആവി പറക്കുന്ന ചായയുടെ ആദ്യ കവിള്‍ കൊള്ളുന്നതോടെ അതിന്റെ ചൂട് ഇല്ലാതാകുന്നതുന്നതു പോലെ സിനിമ തുടങ്ങുന്നതോടെ തീയേറ്ററിനുള്ളില്‍ മാത്രം പൊട്ടുന്ന ഒരു ലഡുവാണ് ആട് രണ്ടാം ഭാഗവുമെന്ന് തിരിച്ചറിയുകയാണ്. തീയേറ്റര്‍ ഓഡീയന്‍സിനെ മാത്രം ലക്ഷ്യം വെച്ച് ഹിറ്റ് സിനിമകളില്‍ നിന്നെല്ലാം പ്രേക്ഷകന്‍ കൈയടിച്ചതെന്ന് ആടിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വയം വിലയിരുത്തിയ രംഗങ്ങള്‍ക്ക് പുതിയ വേഷങ്ങളും കളറുമെല്ലാം കൊടുത്ത് പുതിയ കുപ്പിയില്‍ അവതരിപ്പിക്കുവാനുള്ള ശ്രമമാണ് പുതിയ ആട് രണ്ട്. മിസ്റ്റര്‍ ബീന്‍ സിനിമയില്‍ കോമഡി രംഗങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ തന്നെ പശ്ചാത്തലത്തില്‍ അനേകം പേര്‍ ചിരിക്കുന്ന ശബ്ദം ഇടുന്ന പതിവുണ്ട്. ഈയൊരു കുറവ് മാത്രമാണ് ആട് രണ്ടിനുമുള്ളത്.

നല്ല കഥാപാത്രങ്ങളാണ്

പ്രേക്ഷകനെ ഉപരിപ്ലവമായി മാത്രം സ്പര്‍ശിച്ചു പോകുന്ന അനേകം കോമഡികള്‍കൊണ്ട് കുത്തിനിറക്കപ്പെട്ടതാണ് ഈ സിനിമ. തീയേറ്ററുകളില്‍ ചിരിയുടെ പൂരത്തിന് കൊടിയേറുകയായി എന്ന പരസ്യവാചകം കണ്ട് സിനിമക്കെത്തുന്ന സാധാരണക്കാരായ പ്രേക്ഷകന്‍ അവസാനം സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ കര്‍ത്താവെ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ലല്ലോ? എന്ന് പ്രാര്‍ഥിച്ചു പ്രാകികൊണ്ട് സ്ഥലം വിട്ടാല്‍ അതിന് മറുപടി പറയാന്‍ ഷാജി പാപ്പാനെയോ (ജയസൂര്യ), അറക്കല്‍ അബുവി(സൈജു കുറുപ്പ്)നെയോ തന്നെ കൊണ്ടു വരേണ്ടിവരും. ജനങ്ങള്‍ക്ക് തിരിയാത്ത നിലക്ക് പൊട്ടന്‍ കളിച്ചു പറയുവാന്‍ അവരെക്കാളും നല്ല കഥാപാത്രങ്ങള്‍ വേറെയുണ്ടാകില്ല.

പഴയ സിനിമയിലേക്കെത്തുന്നു

മംഗലാപുരത്തെ സ്വര്‍ണ കള്ളക്കടത്തില്‍ നിന്നാണ്. സ്വര്‍ണ കള്ളക്കടത്തുകാരെ അവരുടെ ഇടയില്‍പ്പെട്ടവരായവര്‍ തന്നെ ചതിച്ചു സ്വര്‍ണവുമായി മുങ്ങുന്നിടത്തു നിന്ന് കഥ നേരെ ഹൈറേഞ്ചിലേക്ക് വരികയാണ്. ഇതോടെ സിനിമ പഴയ ഷാജി പാപ്പാന്‍ എന്ന ജയുസൂര്യയിലും സര്‍ബത്ത് ഷമീര്‍ എന്ന വിജയ് ബാബുവിന്റെ എസ് ഐയിലേക്കുമെല്ലാം തിരിച്ചെത്തുകയാണ്. പണ്ട് സിദ്ദീഖ് ലാല്‍ എങ്ങനെ ജഗദീഷിനെ ഉപയോഗിച്ച് ഒരു മണ്ടന്‍ കഥാപാത്രമുണ്ടാക്കുവാന്‍ ശ്രമിച്ചുവോ മിഥുന്‍ മാനുവല്‍ തോമസിന്റെ ഈ നിലക്കുള്ള പരീക്ഷണമാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ കഥാപാത്രം.

പാപ്പന്റെ ഇതിഹാസങ്ങള്‍

കമ്പവലി സ്വന്തം ജീവന്റെ പാതിയായി കാണുന്ന ഷാജി പാപ്പന്‍ വീണ്ടും മറ്റൊരു കമ്പവലി മത്സരത്തിനു കൂടി കോപ്പൂ കൂട്ടുകയാണ്. ഇത് ഷാജിയുടെ ജീവൻ മരണ പോരാട്ടവുമാണ്. എന്തുകൊണ്ടെന്നാല്‍ അമ്മയുടെ സമ്മതമില്ലാതെ കിടപ്പാടം പണയം വെച്ചാണ് ഷാജി ഈ കമ്പവലി മത്സരത്തിന്റെ എന്‍ട്രി ഫീയായ അന്‍പതിനായിരം രൂപയും മറ്റു മുന്‍ചെലവുകള്‍ക്കുമുള്ള പണം കണ്ടെത്തുന്നത്. അവസാനം മത്സരത്തില്‍ ഷാജിയുടെ ടീമായ വിന്നേഴ്‌സ് വിജയിക്കുന്നുവെങ്കിലും അന്‍പതു പവന്റെ സ്വര്‍ണ കപ്പ് അണലി ഷാജിയുടെ ടീം അടിച്ചുകൊണ്ടുപോകുന്നു. ഇരയെ അതിന്റെ മടയില്‍തന്നെ കയറി ആക്രമിക്കുകയെന്ന തമിഴ്‌ നായകന്റെ സ്റ്റെലില്‍ അവരുടെ പാളയത്തില്‍ തന്നെ ചെന്ന് കപ്പ് തിരിച്ചു കൊണ്ടുവരികയാണ് ജയസൂര്യ. എന്നാല്‍ ഇവിടെ പ്രത്യക്ഷപ്പെടുന്ന ലൂസിഫര്‍ എന്ന കഥാപാത്രം ഷാജി പാപ്പാന്റെ പ്രതീക്ഷകളെ തെറ്റിക്കുകയാണ്.

കോമഡി തരംഗങ്ങളുടെ പുതിയ കാഴ്ചഉപരിപ്ലവമായി രണ്ടു രണ്ടര മണിക്കൂര്‍ കണ്ടിരിക്കാന്‍ അനേകം മസാല ചേരുവകള്‍കൂട്ടി തയ്യാറാക്കിയ ഒരു സിനിമ എന്നതിനപ്പുറത്തേക്ക് ആട് രണ്ട് സഞ്ചരിക്കുന്നേയില്ല, ഇനി സഞ്ചരിക്കണമെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് താല്പര്യവുമില്ല. മറിച്ച് രണ്ടു പതിറ്റാണ്ടു മുന്‍പ് സിദ്ദീഖ് ലാല്‍ സിനിമകള്‍ കേരളത്തില്‍ ഉയര്‍ത്തിയ കോമഡി തരംഗങ്ങളുടെ പുതിയ ഒരു കാഴ്ച അവതരിപ്പിക്കുവാനുള്ള ശ്രമമാണ് ആട് രണ്ടിന്റെ ശ്രമം. എന്നാല്‍ സിദ്ദീഖ്- ലാല്‍ സിനിമകളില്‍ ജീവിതപരിസരങ്ങളില്‍ നിന്നായിരുന്നു അവര്‍ തങ്ങളുടെ തമാശക്ക് വക കണ്ടെത്തിയതെങ്കില്‍ ഇവിടെ തമാശക്ക് വേണ്ടി ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും സങ്കടമാണ് തോന്നുന്നത്.

പുതുമയൊന്നുമില്ല


മധ്യകേരളത്തിന്റെയും തൃശൂരിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ് അനേകം സിനിമകള്‍ തീയേറ്ററുകളിലേക്ക് ആളുകളെ ധാരാളമായി കൊണ്ടു വന്നു വെന്നത്‌ കൊണ്ട് അത്തരമൊരു പിടി നമുക്കും പിടിച്ചാലോ, എന്ന ശ്രമം കൂടിയുണ്ട് ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലുള്ള ഈ സിനിമയുടെ സഞ്ചാരത്തിന്. മേക്കിംഗിന്റെ വ്യത്യാസം എന്നൊരു ഘടകം ഉയര്‍ത്തിക്കാട്ടി അല്പമെങ്കിലും ആട് രണ്ടുകാര്‍ക്ക് തങ്ങളെ ന്യായീകരിക്കാമെങ്കിലും അതിനും വലിയ പുതുമയൊന്നുമില്ല. എങ്കിലും ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയെപ്പോലെ കണ്ടിരിക്കുന്ന പ്രേക്ഷകനെ ഭീകരജീവിയാക്കി മാറ്റുകയില്ല, ഈ രണ്ടാംഭാഗം.

എന്താണ് പറയാൻ ഉദ്ദേശിച്ചത്?


മലയാളത്തില്‍ ഉണ്ടായ കോമഡി ഹിറ്റുകളുടെ സമവാക്യം എങ്ങനെ തങ്ങള്‍ക്കും ആളെക്കൂട്ടുവാന്‍ തീയേറ്ററിലെ കസേര നിറക്കുവാന്‍ ഉപയുക്തമാക്കാം എന്നുള്ളതാണ് ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചത്. പക്ഷേ അത്തരമൊരു കസേര നിറക്കല്‍ മാത്രം ലക്ഷ്യം വെച്ചപ്പോള്‍ ഈ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിച്ചിരുന്ന പല രാഷ്ട്രീയ സന്ദേശങ്ങളും ഗ്യാസായി പോകുകയായിരുന്നു. പ്രത്യേകിച്ച് ഹൈറേഞ്ചില്‍ നിന്നുള്ള നാട്ടുപ്രദേശത്തുകാരനായ മന്ത്രിയുടെ ഇടപെടലുകള്‍, നോട്ടുനിരോധം തുടങ്ങിയവയെല്ലാം.

അഭിനയമുഹൂര്‍ത്തങ്ങളുള്ള സിനിമ

മെര്‍സലില്‍ ജി എസ് ടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ വലിയ വിവാദമായി മാറിയിരുന്നു. ഇതുപോലെ മുഖ്യധാരയില്‍ തന്നെയുള്ള ഈ സിനിമയിലൂടെ ഇതുപോലെ പലതും പറയുവാന്‍ പ്രത്യേകിച്ച് കേരള ഭരണത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ലക്കും ലഗാനുമില്ലാത്ത കഥാപാത്രങ്ങളുടെ ഒരു പടയോട്ടത്തില്‍ അതെല്ലാം കുത്തിയൊലിച്ചുപോകുകയായിരുന്നു. ഇന്ദ്രന്‍സിന്റെ പി പി ശശിയെന്ന ഹൈറേഞ്ചിലെ വിപ്ലവ നായകന്‍ എന്നത് ആരെ ഉദ്ദേശിച്ചാണെന്നുപോലും മനസ്സിലാക്കാതെ എതോ ഒരു തമാശ കഥാപാത്രത്തിന്റെ കോമാളിത്തരങ്ങളായാണ് ബഹുഭൂരിഭാഗം പ്രേക്ഷകനും കൈയടിക്കുന്നതെന്ന് അവരുടെ ആര്‍പ്പുവിളികള്‍ കേട്ടാലറിയാം. ജയസൂര്യ, സൈജു കുറുപ്പുമടക്കമുള്ള അനേകം നടന്മാരുടെ ശക്തമായ അനേകം അഭിനയമുഹൂര്‍ത്തങ്ങളുണ്ട് എന്നതു മാത്രമാണ് ആട് രണ്ട് മുന്നോട്ടുവെക്കുന്ന നയനാനന്ദകരമായ ഏക കാര്യം.

English summary
Aadu 2 movie review

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X