»   » ആട് ശരിക്കും ഭീകരജീവിയാകുന്നു.. ബോക്സോഫീസിനെ ഷാജിപ്പാപ്പൻ പൊക്കി.. ശൈലന്റെ റിവ്യു

ആട് ശരിക്കും ഭീകരജീവിയാകുന്നു.. ബോക്സോഫീസിനെ ഷാജിപ്പാപ്പൻ പൊക്കി.. ശൈലന്റെ റിവ്യു

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.5/5
  Star Cast: Jayasurya, Saiju Kurup, Dharmajan Bolgatty
  Director: Midhun Manuel Thomas

  ലോകസിനിമയിൽ തന്നെ ആദ്യമായിരിക്കും തിയേറ്ററിൽ പൊളിഞ്ഞുപാളീസായ ഒരു സിനിമയ്ക്ക് സീക്വൽ ഇറക്കാൻ അതിന്റെ പിന്നണിക്കാർ സാഹസപ്പെടുന്നത്. 2015 ഫെബ്രുവരിയിൽ എത്തിയപ്പോൾ കാര്യമായ പ്രതികരണം ഇല്ലാതിരുന്ന 'ആട് ഒരു ഭീകരജീവിയാണ്' എന്ന സിനിമയ്ക്ക് ഡിവിഡി ഇറങ്ങിയപ്പോൾ കിട്ടിയ വൻ സ്വീകാര്യതയിൽ പിടിച്ചുകൊണ്ട് അണിയറക്കാർ കാണിച്ച ഈ അതിസാഹസം ഒട്ടും തെറ്റായ ഒരു തീരുമാനമായിരുന്നില്ലായെന്ന് തെളിയിക്കുന്ന വരവേൽപ്പാണ് ആട് 2 ന് കേരളത്തിലെ തിയേറ്ററുകളിൽ അങ്ങോളമിങ്ങോളം കിട്ടുന്നത്.. മലയാളത്തിലെ ആദ്യത്തെ സമ്പൂർണടോറന്റ് ഹിറ്റ് ആയിരുന്ന ആട് അങ്ങനെ രണ്ടാംവരവിൽ 2017ലെ 'കണ്ണുതള്ളിക്കുന്ന ബമ്പർ ഹിറ്റ്' ആയി മാറുന്നു...

  തീമും സന്ദേശവുമൊക്കെ കൊള്ളാം.. ബട്ട് വേലൈക്കാരൻ കണ്ടിരിക്കാൻ നല്ല പാടാ.. ശൈലന്റെ റിവ്യൂ

  നാലുദിവസം കേരളത്തിൽ ഇല്ലാതിരുന്നതിനാൽ തിരിച്ചുകേറുമ്പോൾ ആദ്യലക്ഷ്യം തന്നെ ഷാജിപ്പാപ്പനെ കാണുകയെന്നതായിരുന്നു.. പാലക്കാട് എത്തിയപ്പോൾ പതിനൊന്നുമണിക്കേ പ്രിയദർശിനിയിൽ മാത്രമല്ല, മായാനദിയുടെ പോസ്റ്ററൊട്ടിച്ച പ്രിയതമ കൂടി ആട് ഫാൻസ് കയ്യടക്കിയിരിക്കുന്നതിനാൽ കോമ്പൗണ്ടിലേക്ക് കേറുക തന്നെ അസാധ്യം.. തുടർന്ന് മണ്ണാർക്കാട്ടേയ്ക്ക് അടിച്ചുവിട്ടു.. അവിടെയെത്തിയപ്പോൾ 'പ്രതിഭ'യിലാണ് ആട്.. മൂന്നുവരി കല്ലുകൊണ്ട് പടുത്ത് ബാക്കി പനമ്പ് വച്ച് മറച്ച് മുകളിൽ റൂഫായി മുളകളിൽ ഓലത്തടുക്ക് മേഞ്ഞിരിക്കുന്ന മണ്ണാർക്കാട് പ്രതിഭ പോലൊരു തിയേറ്റർ കേരളത്തിലെ റിലീസിംഗ് സെന്ററുകളിൽ മാത്രമല്ല, ബി, സി ക്ലാസുകളിലും (തമിഴ്നാടും കർണാടകയും കൂടി പരിഗണിച്ചാലും) ഉണ്ടാവില്ല.. പക്ഷെ ഓൺലൈൻ റിസർവേഷൻ ഇല്ലെന്നത് ഒരു ഹൈലൈറ്റ് ആണ്. അപ്രതീക്ഷിതമായി എത്തുന്നവനും ടിക്കറ്റിന് സ്കോപ്പ് ഉണ്ട്.

  ആടിലേക്ക്

  തിയേറ്റർ മോശമാണെങ്കിലും ആടിന്റെ ആരവത്തിന് അവിടെയും കുറവൊന്നുമുണ്ടായില്ല.. ആഘോഷമായിട്ട് തന്നെയാണ് കാര്യങ്ങൾ.. ലോജിക്ക് വെളിയിൽ വച്ച് കേറിയാൽ മതിയെന്ന പ്രാഥമികമായ മുന്നറിയിപ്പ് മുതൽ കയ്യടിയും വിസിലടിയും ആനന്ദക്കൂവൽ തന്നെ.. ഷാജിപ്പാപ്പനും ഡൂഡും അബുവും സാത്താൻ സേവിയറും ഉൾപ്പടെ പ്രധാനകഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ഇൻട്രോകളിലൊന്നും ഒരു രക്ഷയുമില്ല.. ഡയലോഗ് മനസിക്കാൻ പോയിട്ട്, ചെവിതല കേൾക്കാൻ പോലും സമ്മതിക്കുന്നില്ല യൂത്ത്.. ഒപ്പം അർമാദിക്കുകയല്ലാതെ വേറെ വഴിയേ ഇല്ല

  പാപ്പനാണ് ഹീറോ

  ആടിലെ പോലെ തന്നെ ഷാജിപ്പാപ്പന്റെയും പ്രശ്നങ്ങളും പ്രതിസന്ധികളും നെട്ടോട്ടങ്ങളുമാണ് ആട് രണ്ടും. ആട് എന്ന സിനിമയെപ്പോലെ തന്നെ ഷാജിപ്പാപ്പൻ എന്ന ക്യാരക്റ്ററിനെ ഹീറോ എന്ന നിലയിൽ ഒന്ന് ചുഴിഞ്ഞുനോക്കിയാലും യാഥാർത്ഥ്യങ്ങൾ വിചിത്രമാണ്. വടംവലിക്കിടയിൽ നടുവെട്ടിയതിനാൽ സംഘട്ടനം പോയിട്ട് ലൈംഗികബന്ധം പോലും അസാധ്യമായ പുരുഷൻ.. അക്കാര്യം പറഞ്ഞ് ഭാര്യ ഡ്രൈവറുടെ കൂടെ ഒളിച്ചോടിപ്പോവുക എന്നൊക്കെ പറഞ്ഞാൽ അധോഗതിയുടെ പരകോടി ആണ്. ഡയറക്റ്റായ ഒരു ഹീറോയിസവും സാധ്യമല്ലാത്ത ആ ക്യാരക്റ്ററിനെ മലയാളികൾ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നറിയണമെങ്കിൽ തിയേറ്ററുകളിൽ ഒന്ന് പോയിനോക്കിയാൽ മതി.. ഇമേജ് മെയ്ക്കിംഗിനായി കൊണ്ടുപിടിച്ചധ്വാനിക്കുന്ന സകലമാനതാരങ്ങളും കണ്ണുതള്ളി തലയിൽ കൈവച്ച് നിന്നുപോകും..

  മറ്റു കഥാപാത്രങ്ങളും

  മിഥുൻ മാനുവൽ തോമസ് സൃഷ്ടിച്ചുവിട്ട പാപ്പനെപ്പോൽ എട്ടു പത്ത് സാദാമനുഷ്യന്മാർ ഇപ്പോഴും ലൈവായി പ്രേക്ഷകന്റെ ഉള്ളിൽ ഉണ്ട് എന്നത് തന്നെയാണ് രണ്ടാം വരവിലെ ഈ തകർത്തു വാരലിന്റെ കാരണം. ഒരുപാട് കഥാപാത്രങ്ങളെ അനാവശ്യസ്റ്റൈലൈസേഷനും സ്വന്തമായ ഇൻട്രോസോംഗും ഒക്കെ നൽകി സൃഷ്ടിച്ചുവിട്ടുവെങ്കിലും ടോട്ടാലിറ്റിയിൽ എല്ലാറ്റിനേയും കൂട്ടിയോജിപ്പിച്ച് സിങ്കാക്കാൻ സാധിച്ചില്ല എന്നതായിരുന്നു ഒന്നാം ഭാഗത്തിനെക്കുറിച്ചുള്ള പ്രധാന പരാതി എങ്കിൽ രണ്ടാം ഭാഗത്തിന് അതെല്ലാം അനുഗ്രഹമായിമാറുന്ന കാഴ്ചയാണ് കാണുന്നത്.. ഇപ്പോൾ ആലോചിക്കുമ്പോൾ ആദ്യഭാഗം ഒരു ബേസ്മെന്റ് മാത്രമായിരുന്നെന്ന് മനസിലാകും.. ഇനി എത്രനിലകളും കെട്ടിപ്പൊക്കാവുന്ന എന്തോ ഒരു സുഭദ്രത അതിന് ഉണ്ട്..

  ചങ്ക് ഡ്യൂഡ്

  ഷാജിപ്പാപ്പൻ മാത്രമല്ല സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മാൻലി ആണ്.. നായകത്വത്തിനും വില്ലത്തത്തിനും ഉപരിയായി കാണികൾക്ക് എളുപ്പം റിലേറ്റ് ചെയ്യാവുന്ന മാനുഷികമായ പരിമിതികൾ അവർക്കുണ്ടെന്നത് തന്നെയാണ് പടത്തിന്റെ ഹൈലൈറ്റ്.. ഒന്നാം എഡിഷനിൽ മെക്സിക്കൻ അധോലോകബിൽഡപ്പിൽ വന്ന വിനായകന്റെ ഡ്യൂഡിന് (ദാമോദരൻ ഉണ്ണിമകൻ ഡെൽമൻ എടക്കൊച്ചി!!!) ഈ പാർട്ടിൽ മൊത്തം തമിഴ്നാട്ടിലെ ഒരു ലോക്കൽ തട്ടുകടയിൽ പൊറോട്ടയടിയും അടുക്കളപ്പണിയും ആണ്.. മൊയലാളി കം കാഷ്യർ ആയ മയില് വാഹനൻ ബോറടി മാറ്റാൻ ചെള്ളയ്ക്ക് പൊട്ടിച്ച് കളിക്കുന്നതും ഈ അണ്ടർവേൾഡ് ഡ്യൂഡിനെ ത്തന്നെ.. പക്ഷെ, കാണികൾക്ക് ഇതൊന്നും ഒരു വിഷയമേയല്ല.. ഡ്യൂഡ് എങ്ങനെ വന്നാലും മ്മടെ ഡ്യൂഡ് തന്നെ എന്നുപറഞ്ഞ് സ്നേഹിച്ച് കൊല്ലുകയാണ് ചങ്ക് ഡ്യൂഡിനെ..

  ധർമജന്റെ കൗണ്ടർ

  ലോജിക്ക് പുറത്ത് വച്ച് കേറിയാൽ മതി എന്ന് മുൻകൂർജാമ്യം ഉള്ളതോണ്ട് ജി എസ് ടി , റിലാക്സേഷൻ റഫറൻസ് ഉള്ള, പടം നടക്കുന്ന കാലത്തിന് മുന്നെ സഞ്ചരിക്കുന്ന ധർമജന്റെ കൗണ്ടറുകളെ കണ്ടില്ലെന്ന് നടിക്കയേ നിർവാഹമുള്ളൂ.. ഇത്തരം കൂടുതൽ ഐറ്റങ്ങൾ ഉൾപ്പെടുത്തുന്നത് ഈ ഒരു ജോണറിൽ വരുന്ന പടങ്ങൾക്ക് മുതൽക്കൂട്ടാവുകയേ ഉള്ളൂ എന്ന് തോന്നുന്നു..

  സാമൂഹികമായി

  നായികയില്ലാത്ത ആടിൽ പൊന്നപ്പന്റെ കൂടെ ചാടിപ്പോയ മേരിയെ മീൻ കച്ചവടക്കാരിയായി ഷാജിപ്പാപ്പൻ കണ്ടുമുട്ടുന്നുണ്ട്.. നടുവെട്ടിയതിന്റെ പേരിൽ പൊന്നപ്പൻ ഇട്ടിട്ടുപോയ അവൾക്ക് തിരിച്ചും തേപ്പ് ഡയലോഗ് കൊടുക്കുമ്പോഴും പശ്ചാത്തലത്തിൽ തേപ്പുകട കാണിക്കുമ്പോഴും ഒക്കെ സ്ത്രീവിരുദ്ധത ആരോപിക്കേണ്ടവർക്ക് അങ്ങനെ സന്തോഷിക്കാം.. പടത്തിൽ അതിനൊന്നും വല്യ സ്പെയ്സില്ല.. മോഡിയോടുള്ള കലിപ്പ് മിഥുൻ ആടിൽ നന്നായി പ്രകടമാക്കുന്നുണ്ട്.. പ്രത്യക്ഷത്തിൽ, ആളുകൾ മറന്നുതുടങ്ങിയ ഡീമോണിറ്റൈസേഷനെ വീണ്ടും ലൈവാക്കുന്നുണ്ട് പടത്തിന്റെ കണ്ടന്റ്.. ആദ്യപാതിയിൽ തേച്ചോട്ടിച്ച മണിയാശാന്റെ കാരിക്കേച്ചർ രൂപമായ പിപി ശശിയെ ഇത്തവണ കുറച്ചുകൂടി മാന്യമായി ഡീൽ ചെയ്തിട്ടുണ്ട്.., ആഭ്യന്തരമന്ത്രിയാക്കിയിട്ടുമുണ്ട്..

  ജയസൂര്യ തകർത്തു

  2017ൽ കാര്യമായിട്ടൊന്നും എടുത്ത് പറയാനില്ലാതെ കുറച്ചുകാലമായി ഡിമ്മായി നിൽക്കുകയായിരുന്ന ജയസൂര്യയ്ക്ക് വർഷാന്ത്യത്തിൽ കിട്ടിയ ന്യൂ ഇയർ ബമ്പറാണ് ആട്-2. ഒരർത്ഥത്തിൽ ചിന്തിച്ചാൽ ജയസൂര്യയുടെ ഇദപര്യന്തമുള്ള കരിയറിലെ ഏറ്റവും മാൻലി ആയിട്ടുള്ളതും ഒട്ടും ആർട്ടിഫിഷ്യലായല്ലാതെ അദ്ദേഹം ചെയ്തതുമായ ക്യാരക്റ്റർ ഷാജിപ്പാപ്പന്റെത് ആണെന്ന് തോന്നുന്നു.. പാപ്പന്റെ ശരീരഭാഷ തന്നെ, മറ്റുള്ള എല്ലാ ജയസൂര്യാക്യാരക്റ്ററുകളിൽ നിന്നും തീർത്തും വിഭിന്നമാണ്.. ജയസൂര്യയിൽ നിന്ന് പ്രതീക്ഷിക്കാൻ പോലും സാധിക്കാത്ത മസ്കുലിൻ എന്നോ വേർസറ്റൈൽ എന്നോ വിശേഷിപ്പിക്കാവുന്ന ബോഡിഫിഗർ പോലും പാപ്പനുണ്ട്.. 2015ൽ ആക്സിഡന്റലി സംഭവിച്ച ഒന്നായിരുന്നില്ല അതെന്ന് 2017ലും ആവർത്തിച്ച് അടിവരയിടാൻ ജയസൂര്യക്ക് കഴിഞ്ഞിരിക്കുന്നതിനാൽ കഥാപാത്രത്തിന്റെയും സിനിമയുടെയും വിജയത്തിൽ ആഹ്ലാദിക്കാം.. വിനായകൻ, സണ്ണിവെയിൻ, ധർമജൻ, സൈജു, സേതുലക്ഷ്മി തുടങ്ങി ഒറ്റസീനിൽ വന്ന് നിറഞ്ഞകയ്യടി വാങ്ങിയ പിങ്കി ആടിന് വരെ അഭിമാനിക്കാം..

  സർബത്ത് ഷമീറല്ല വിജയ് ബാബുവാണ് ഹീറോ

  പൊളിഞ്ഞ ഒരു പടത്തിന് സീക്വൽ ഒരുക്കാമെന്ന് നായകനും മറ്റുനടന്മാർക്കും തിരക്കഥാകൃത്തിന്നും സംവിധായകനും ഒക്കെ ആവേശം തോന്നിയാലും അങ്ങനെ ഒരു തോന്നലിന് തെല്ലും സാധ്യത ഇല്ലാത്ത ഒരാളാണ് അന്ന് കൈപൊള്ളിയ പ്രൊഡ്യൂസർ.. അതുകൊണ്ടുതന്നെ ആട്-2 നെക്കുറിച്ച് പറയുമ്പോൾ ഏറ്റവും നിർണായകമായ പേരാണ് വിജയ് ബാബുവിന്റെത്.. ഗാംബ്ലിംഗ് എന്നുതന്നെ പറയാവുന്ന ഇങ്ങനെ ഒരു കൈവിട്ടകളിയ്ക്ക് തയാറായ അയാൾ ശരിയ്ക്കും താരമാണ്.. സർബത്ത് ഷമീറിന് കിട്ടുന്നതിനെക്കാൾ കയ്യടി വിജയ് ബാബു നിർമാതാവ് എന്ന നിലയിൽ അർഹിക്കുന്നു..

  ചുരുക്കം: ആട് രസിച്ചവര്‍ക്ക് അത് പോലെയോ അതിലേറെയോ ഇഷ്ടപ്പെടുന്ന രസക്കൂട്ടാണ് മിഥുന്‍ മാനുവല്‍ തോമസ് ആട് 2 ലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

  English summary
  Aadu Movie Review by Schylan

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more