twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോൺ ശ്രമിച്ചു, പക്ഷെ ‘പരമാണു’പോലെ ജ്വലിച്ചില്ല! 80-കളിലെ കഥയുമായി ‘സത്യമേവ ജയതേ’ - റിവ്യൂ

    |

    Rating:
    3.0/5
    Star Cast: John Abraham, Manoj Bajpayee, Aisha Sharma
    Director: Milap Zaveri

    പരമാണു എന്ന പ്രേക്ഷക -നിരൂപക ശ്രദ്ധയേറ്റുവാങ്ങിയ ഹിറ്റ് ചിത്രത്തിന് ശേഷം തീയറ്ററുകളിലെത്തിയ ജോൺ എബ്രഹാം നായകനായ ചിത്രമാണ് സത്യമേവ ജയതേ.

    അക്ഷയ് കുമാർ ചിത്രം 'ഗോർഡി’നൊപ്പം സ്വാതന്ത്രദിനത്തിൽ റിലീസ് ചെയ്ത ഈ ചിത്രത്തിനും വലിയൊരളവിൽ പ്രേക്ഷക പിന്തുണ ലഭിക്കുന്നുണ്ട്.

    ജോൺ എബ്രഹാമിനൊപ്പം മനോജ് ബാജ്പേയിയും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിൽ ഐഷാ ശർമ്മയാണ് നായിക. മിലാപ് മിലൻ സാവേരി സംവിധാനം ചെയ്ത ചിത്രം ടീ സീരീസ് ഫിലിംസും, എമ്മയ് എന്റർടെയിൻമെന്റും ഒന്നിച്ചാണ് നിർമ്മിച്ചിരിക്കുന്നത്‌.

    വിഷയം അഴിമതി തന്നെ! :

    വിഷയം അഴിമതി തന്നെ! :

    മുംബൈ പോലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒന്നൊന്നായി നായകൻ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തുന്നതിനെ തുടർന്ന് പോലീസിലെ സത്യസന്ധനും ബുദ്ധിശാലിയുമായ ഡിസിപി കൊലയാളിയെ പിടികൂടാനായി വലവിരിക്കുന്നു.

    കൊലയാളിയായ നായകനും സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള മത്സരവും, ഇത്തരത്തിലുള്ള കൊലപാതകങ്ങളിലേക്ക് നായകൻ എത്തിച്ചേരാനിടവരുത്തിയ സാഹചര്യവുമാണ് സത്യമേവ ജയതേയുടെ ഇതിവൃത്തമായി വരുന്നത്.

    കഥാസംഗ്രഹം:

    കഥാസംഗ്രഹം:

    ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ജീവനോടെ തീകൊളുത്തുന്ന നായകനെയാണ് ചിത്രം ആരംഭിക്കുമ്പോൾ കാണുന്നത്‌. കത്തിച്ച് ചാമ്പലാക്കിയ ശേഷം അയാളുടെ ചിതാഭസ്മത്തിനൊപ്പം അയാളുടെ നേംപ്ലേറ്റും ഒരു കുടത്തിലാക്കി പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് നായക കഥാപാത്രമായ വീർ (ജോൺ എബ്രഹാം) അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയുയർന്നു.

    വീർ എന്ന് വിളിക്കുണ വീരേന്ദ്ര സിംഗ് റാത്തോഡ് തുടർച്ചയായി രണ്ട് കൊലപാതകങ്ങൾ നടത്തുമ്പോൾ ഡി സി പി ശിവാൻശ് റാത്തോഡ് കൊലയാളിയെ കണ്ടെത്താനായി നിയോഗിക്കപ്പെട്ടു.

    ഡിപ്പാർട്ട്മെന്റിലെ സത്യസന്ധനും മിടുക്കനുമായ ശിവാൻശിനെ വെല്ലുവിളിച്ചുകൊണ്ട് വീർ തുടർന്നും പോലീസ് ഉദ്യോഗസ്ഥരെ വേട്ടയാടുന്നു.

    രണ്ട് വശങ്ങളിലായി ശിവാൻശും വീറും തമ്മിൽ മത്സരിക്കുന്നത് കണ്ട്കൊണ്ടിരിക്കുമ്പോഴാണ് ഇടവേളക്ക് മുൻപ് ഒരു ട്വിസ്റ്റ് വരുന്നത് -

    ഇവർ രണ്ട്പേരും സഹോദരങ്ങൾ തന്നെയാണ്!

    ഇവർ രണ്ട്പേരും സഹോദരങ്ങൾ തന്നെയാണ്!

    പിന്നീട് ഇടവേളയ്ക്ക് ശേഷം വീറിന്റെ കുട്ടിക്കാലത്തേക്ക് ചിത്രം സഞ്ചരിക്കുന്നു. എല്ലാവർക്കും മതിപ്പുള്ള സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു വീറിന്റേയും ശിവാൻശിന്റെയും അച്ഛൻ, എന്നാൽ ഒരു സാതന്ത്രദിന ആഘോഷവേളയിൽ അയാളെ സ്വന്തം ഡിപ്പാർട്ട്മെന്റിലെ ആളുകൾതന്നെ കൈക്കൂലിക്കാരനും, മയക്കുമരുന്ന് കൈവശം വച്ചയാളെന്നും മുദ്രകുത്തി അറസ്റ്റ് ചെയ്തുകൊണ്ട് പോയി. തിരിച്ച് വീട്ടിലെത്തിയ അയാൾ കാണുന്നത് മൂത്ത മകൻ തന്റെ മെഡൽ കത്തിക്കാൻ ശ്രമിക്കുന്നതാണ്. യൂണിഫോമിനൊപ്പം അന്തസ്സും നഷ്ട്ടപ്പെട്ടതിൽ മനംനൊന്ത് അയാൾ അതേ ദിവസം ദേശീയ പതാകയുടെ മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്‌.

    അച്ഛൻ വരുത്തിവച്ച ദുഷ്പ്പേര് മാറ്റാൻ ശിവാൻശ് തന്റെ ജീവിതത്തിൽ കഠിനപ്രയത്നം നടത്തുമ്പോൾ അനുജൻ വീർ അച്ഛന്റെ ദുഷ്പ്പേര് മാറ്റാനാണ് ശ്രമിക്കുന്നത്.

    കാലത്തിനൊപ്പം പുരോഗമിക്കാത്ത കഥ :

    കാലത്തിനൊപ്പം പുരോഗമിക്കാത്ത കഥ :

    സിനിമാ കഥകൾ പലപ്പോഴും അഡ്വാൻസ്ഡായിട്ട് സഞ്ചരിക്കുന്നത് സ്വാഭാവികമാണ് പ്രേക്ഷകർക്ക് അത് വളരെ സ്വീകാര്യവുമാണ്, എന്നാൽ പിന്നിട്ട വഴികളിൽ നിരവധി തവണ ആവർത്തിച്ച് പ്രേക്ഷകർക്ക് കാണാപ്പാടമായി മാറിയ കഥയാണ് സത്യമേവ ജയതേയുടെ അടിസ്ഥാനം.

    70-80 കളിൽ ഒട്ടുമിക്ക ഭാഷകളിലും പല തരത്തിൽ സ്ഥിരം ആവർത്തിച്ചിരുന്ന ഒരു കഥയാണ് സാങ്കേതികപരമായി ഇന്ത്യൻ സിനിമ വളരെയധികം പുരോഗമിച്ചിരിക്കുന്ന ഈ സമയത്തും ചിത്രം ആധാരമാക്കിയിരിക്കുന്നത് എന്നത് അദ്ഭുതപ്പെടുത്തുന്നു. ട്വിസ്റ്റെന്നും, സസ്പെൻസെന്നും കരുതി ചിത്രത്തിൽ സംവിധായകൻ ഒരുക്കിവച്ചിരിക്കുന്ന വിഭവങ്ങളെല്ലാം ആർക്കും അനായാസം മനസ്സിലാക്കാൻ കഴിയുന്നതാണ്.

    ഒരു അവധി ദിവസത്തിന്റെ എല്ലാ ഗുണങ്ങളും ആദ്യദിനം ചിത്രത്തിന് തീയറ്ററുകളിൽ നിന്നും ലഭിച്ചു, പക്ഷെ അത് തുടരാനുള്ള വെടിമരുന്ന് ചിത്രത്തിലില്ല.

    അച്ഛൻ-മകൻ അല്ലെങ്കിൽ ജ്യേഷ്ഠാനുജൻമ്മാർ തമ്മിലുള്ള ആത്മബന്ധവും,സ്നേഹവും ഒന്നും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.

    ആവർത്തിക്കപ്പെട്ട കഥ, അതിനെ ഒന്നുകൂടി തരംതാഴ്ത്തുന്ന വിധത്തിലുള്ള തിരക്കഥ, ജോൺ എബ്രഹാമിനെ മാസ്സ് പരിവേഷത്തിലൂടെ സൂപ്പർ ഹീറോയായി പ്രതിഷ്ഠിക്കാനുള്ള കഷ്ട്ടപ്പാടെന്ന് തോന്നുന്ന സംവിധാനം ഇവയെല്ലാം പ്രേക്ഷകരുടെ പ്രതീക്ഷകൾ തകർത്ത് ഒരു തട്ടിക്കൂട്ട് ചിത്രമായി സത്യമേവ ജയതേയെ പടുകുഴിയിലേക്ക് തളളിയിട്ടിരിക്കുകയാണ്.

    ആക്ഷനും കാര്യമായില്ല :

    ആക്ഷനും കാര്യമായില്ല :

    പരമാണു എന്ന ചിത്രത്തിന്റെ വിജയം ജോണിന്റെ സത്യമേവ ജയതേയിലുള്ള പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയിരുന്നു. അത് കൂടാതെ ചിത്രത്തിന്റെ ട്രെയിലറിൽ നിറഞ്ഞ പഞ്ച് ഡയലോഗുകളും ഞെരിപ്പൻ ആക്ഷനുകൾ എന്ന തോന്നലുണ്ടാക്കിയ രംഗങ്ങളും പിന്നേയും പ്രതീക്ഷകൾ വാനോളം ഉയർത്തി.

    പക്ഷെ തീയറ്ററിൽ എത്തിയപ്പോൾ ഊതിപ്പെരുപ്പിച്ച വലിയൊരു ബലൂൺ മാത്രമായിരുന്നു അതെന്ന് മനസ്സിലായി, പുറമേ കണ്ട കളറുകളൊന്നും ഉള്ളിലില്ല.

    അഭിനയത്തിൽ സ്ഥിരത പുലർത്തുന്ന നടനായ മനോജ് വാജ്പേയ് ഇവിടേയും തന്റെ പ്രകടനം മോശമാക്കിയില്ല. ജോൺ എബ്രഹാമിന്റെ സാന്നിധ്യമുണ്ടെന്നതിൽ ഉപരിയായി അഭിനയത്തിലോ ആക്ഷനിലോ തിളങ്ങാൻ നടന് കഴിഞ്ഞിട്ടില്ല. ജോൺ എബ്രഹാമിന്റെ നായികയായി സിനിമയിലേക്ക് ഏച്ചുകെട്ടിയ ഐഷാ ശർമ്മക്കും രണ്ട് പ്രണയഗാനങ്ങളിലധികമായി സ്ക്രീൻസ്പേസ് ലഭിച്ചിട്ടില്ല.

    സംഗീതം

    സംഗീതം

    സാജിദ് വാജിദ്, തനിഷ്ക്ക് ബഗ്ച്ചി, രോചക് കൊഹ്ലി, അർക്കോ പ്രാവോ മുഖർജി എന്നിവരുടെ സംഗീതത്തിലാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 1999-ലെ ‘സിർഫ് തും' എന്ന ചിത്രത്തില ഗാനം റീ ക്രിയേറ്റ് ചെയ്ത ‘ദിൽബർ'എന്ന നേഹ കക്കർ ആലപിച്ച ഗാനം ചിത്രത്തിന് നൽകുന്ന എനർജി ലെവൽ വലുതാണ്, ഗാനരംഗത്തെ നോറ ഫത്തേഹിയുടെ പ്രകടനവും ഇമവെട്ടാതെ നോക്കിയിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്.

    ‌ സിനിമയിലെ ‘പാനിയോം സാ', ‘തേരെ ജൈസാ' എന്നിങ്ങനെ തുടങ്ങുന്ന ജോൺ എബ്രഹാമും ഐഷാ ശർമ്മയും സ്ക്രീൻ പങ്കിടുന്ന ഗാനങ്ങളും മികച്ചു നിൽക്കുന്നുണ്ട്.

    മോഹൻലാലിന്റെ താണ്ഡവം സിനിമയിലെ ഇൻട്രോ മ്യൂസിക്ക് ഓർമ്മയില്ലേ ?, ശിവതാണ്ഡവ സ്തോത്രത്തിലെ ആ വരികൾ സഞ്ചയ് ചൗധരി ജോൺ എബ്രഹാമിന് വേണ്ടി മറ്റൊരു ഈണത്തിൽ രൂപപ്പെടുത്തിയത് അരോചകമായാണ് അനുഭവപ്പെട്ടത്. ഒരുപക്ഷെ താണ്ഡവത്തിൽ കേട്ട ആ ഈണം മനസ്സിൽ നിന്നും മായാത്തതിനാലാവാം അത്.

    റേറ്റിംഗ് : 6/10

    റേറ്റിംഗ് : 6/10

    കഥയും, തിരക്കഥയും ചിത്രത്തെ പിന്നോട്ട് വലിക്കുമ്പോഴും ചിത്രം കാണുമ്പോൾ ബോറടിക്കുകയില്ല. പ്രതീക്ഷിച്ചതുപോലെ ഒന്നും ലഭിച്ചില്ലെങ്കിലും ഒരു ശരാശരി പ്രേക്ഷകന് ഒരു തവണ കണ്ടിരിക്കാൻ കഴിയുന്ന ചിത്രമായി സംവിധായകൻ മിലാപ് മിലൻ സാവേരി സത്യമേവ ജയതേയെ നിലനിർത്തിയിട്ടുണ്ട്.

    ഗാനങ്ങളും, മികച്ച നിലവാരത്തിലുള്ള ദൃശ്യങ്ങളും, ഇഷ്ട്ട താരങ്ങളുടെ പ്രസൻസുമൊക്കെയാണ് ചിത്രത്തിന് ഗുണം ചെയ്തിരിക്കുന്നത്.

    എല്ലാ രംഗങ്ങളിലും കടന്നുവരുന്ന പഞ്ച് ഡയലോഗുകൾ ചിത്രത്തിന് ഒരേ സമയം മേന്മയായും പോരായ്മ്മയായും മാറുന്നുണ്ട്.

    ജോൺ എബ്രഹാം, മനോജ് വാജ്പേയ് തുടങ്ങിയവരുടെ ചിത്രങ്ങളിഷ്ട്ടപ്പെടുന്നവർക്ക് ചിത്രം നല്ലൊരു വിരുന്ന് തന്നെയാണ്, അത്രമാത്രം.


    English summary
    About satyameva jayathe movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X