For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എബി' റിവ്യു: കരുത്തുറ്റ കഥയും കൈയൊതുക്കമുള്ള അവതരണവും!!! എബി പറക്കും!!!

  |

  Rating:
  3.5/5
  Star Cast: Vineeth Sreenivasan, Aju Varghese, Mareena Michael
  Director: Srikant Murali

  സ്വപ്‌നം കാണുന്നവന്റെ കഥയാണ് എബി. ആരംഭ ഘട്ടത്തില്‍ തന്നെ വിവാദക്കാറ്റില്‍ തെല്ലൊന്ന് ഉലഞ്ഞ എബി പിന്നീട് സ്വപ്‌നത്തിനൊപ്പം കുതിക്കുകയായിരുന്നു. നന്നേ ഗൗരവമുള്ള വിഷയത്തെ സ്വാഭാവിക നര്‍മത്തിലൂടെ പ്രേക്ഷകനെ കൂടുതല്‍ അടുപ്പിക്കുന്നു. ഒരു സാധാരണ കുട്ടിയുടെ പ്രകൃതമായിരുന്നില്ല എബിക്ക്. വളരെ വൈകിയാണ് അവന്‍ സംസാരിക്കാന്‍ തുടങ്ങിയത്. അവന് വേണ്ടി ഏറെ കഷ്ടപ്പെട്ട അമ്മയെ ഒന്ന് അമ്മേ എന്ന് വിളിക്കാന്‍ പോലും അവന് കഴിഞ്ഞിട്ടില്ല. അതിന് മുമ്പ് അമ്മ അവനെ വിട്ടുപോയി. മരിയാപുരം ഗ്രാമത്തില്‍ അവനെ മനസിലാക്കിയ ഒരാളെ ഉണ്ടായിരുന്നൊള്ളു കളിക്കൂട്ടുകാരിയും സഹപാഠിയുമായ അനുമോള്‍.

  പറക്കുന്നതിനേക്കുറിച്ച് മാത്രം സ്വപ്‌നം കണ്ട് നടന്ന എബി ഗ്രാമവാസികള്‍ക്ക് അത്രയ്ക്ക് കാര്യമുള്ള വിഷയമായിരുന്നില്ല. സുഖമില്ലാത്ത കുട്ടി എന്ന പരിഗണന ലഭിച്ചിരുന്നു. എന്നാല്‍ സ്വന്തം പിതാവില്‍ നിന്ന് അവന് യാതൊരു പരിഗണനയും ലഭിച്ചില്ല. അവനെ ഏറ്റവും ഒടുവില്‍ മനസിലാക്കിയതും ആ പിതാവ് ആയിരുന്നു. എബിയുടെ പറക്കാനുള്ള മോഹത്തില്‍ മാത്രം ഒതുങ്ങി നിന്ന സിനിമ രണ്ടാം പകുതിയില്‍ എബിയ അവന്റെ സ്വപ്‌നലോകത്തോട് കൂടുതല്‍ അടിപ്പിക്കുന്നുണ്ട്.

  നിങ്ങള്‍ക്ക് ഒരു സ്വപ്‌നമുണ്ടെങ്കില്‍ തീര്‍ച്ചയായും വിനീത് ശ്രീനിവാസൻ നായകനായ എബി എന്ന ചിത്രം കാണാം. ഒരിക്കലും സിനിമ നിരാശപ്പെടുത്തില്ല. കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ഒരു സിനിമ തന്നെയാണ് എബി.

  ശക്തമായാ പ്രമേയത്തേ അതിന്റെ ഗൗരവം ഒട്ടും ചോര്‍ന്ന് പോകാതെ അവതരിപ്പാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വിഷയത്തില്‍ ചിത്രം അല്പം പോലും മാറിപ്പോകുന്നുമില്ല. എബിയുടെ പറക്കാനുള്ള ആഗ്രഹം എന്നതിനൊപ്പം കഴിവുള്ള ഒരാള്‍ ഏതൊക്കെ തലത്തില്‍ എങ്ങനെയൊക്കെ ചൂഷണം ചെയ്യപ്പെടുന്നു എന്നതും എബിയുടെ വിഷയമാകുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജയസൂര്യ അനൂപ് മേനോന്‍ ചിത്രം ഡേവിഡ് ആന്‍ഡ് ഗോലിയാത്തിനെ ഓര്‍മിപ്പിക്കുന്നുണ്ട് എബി.

  മരിയാപുരം എന്ന ഗ്രാമത്തിലാണ് എബിയുടെ വളര്‍ച്ചയും ഉയര്‍ച്ചയും നടക്കുന്നത്. രണ്ടാം പകുതില്‍ മരിയാപുരത്തു നിന്ന് നഗരത്തിലേക്ക് മാറുന്ന എബി തന്റെ സ്വപ്‌നത്തോട് കൂടുതല്‍ അടുക്കുകയാണ്. പറക്കുക എന്ന സ്വപ്‌നമാണ് എബിയെ ഒരോ അണുവിലും മുന്നോട്ട് നയിക്കുന്നു. നേരിടുന്ന പ്രതിബന്ധങ്ങളെ എതിര്‍ത്ത് നില്‍ക്കാന്‍ അവനെ പ്രേരിപ്പിക്കുന്നതും ഈ സ്വപ്‌നം തന്നെ. എന്നാല്‍ ഒടുവില്‍ മരിയാപുരത്തേക്ക് തിരിച്ചെത്തുന്ന എബിക്ക് സ്വപ്‌നങ്ങള്‍ രണ്ടാണ്.

  സ്വന്തം അച്ഛന്‍ പോലും എബിക്കെതിരായി നില്‍ക്കുമ്പോള്‍ എബിയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് കളിക്കൂട്ടുകാരിയായ അനുമോളാണ്. എബിയോടുള്ള അനുമോളുടെ പ്രണയത്തെ അംഗീകരിക്കാന്‍ അവളുടെ അച്ഛന് കഴിയുന്നില്ല. മരിയാപുരത്തേക്കുള്ള രണ്ടാം വരവില്‍ എബിയ്ക്ക് രണ്ട് സ്വപന്ങ്ങളുണ്ട്. പറക്കാന്‍ മാത്രമല്ല അനുമോളെ വിവാഹം കഴിക്കണമെന്നതും അവന്റെ സ്വപ്‌നമായി മാറുന്നു.

  9 വര്‍ഷത്തെ അഭിനയ ജീവിത്തില്‍ വിനീത് അവതരിപ്പിക്കുന്ന 13ാമത്തെ കഥാപാത്രമാണ് എബി. ഇവയില്‍ ഏറ്റവും മികച്ച കഥാപാത്രവും എബി തന്നെയാണ്. കഥാപാത്രത്തിനായി വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് വിനീത് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ വിനീതിന് സംഭാഷണങ്ങള്‍ കുറവാണ്. ശരീരഭാഷ കൊണ്ട് കഥാപാത്രത്തെ പൂര്‍ണമാക്കാനുള്ള ശ്രമം വിനീതിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

  ചിത്രത്തില്‍ മികച്ച ഒരു അഭിനേതാക്കളുടെ നിര തന്നെയുണ്ട്. എബിയുടെ അച്ഛനായി എത്തുന്നത് സുധീര്‍ കരമനയാണ്. അമ്മയാകുന്നത് ആനന്ദം ഫെയിം വിനീത കോശിയാണ്. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. നായകിയായി മെറീന മിഖായേലും എബിയുടെ കൂട്ടുകാരനും സഹപാഠിയുമായി അജു വര്‍ഗീസും എത്തുന്നു. അനുമോളുടെ അച്ഛനായി സുരാജ് വെഞ്ഞാറമ്മൂടും ശക്തമായ വേഷത്തിലെത്തുന്നു.

  ഗൗരവമുള്ള കഥാപാത്രമായി എത്തുന്ന സുരാജ് ഒരുക്കുന്ന ചില നര്‍മമുഹൂര്‍ത്തങ്ങള്‍ ഏറെ ആസ്വാദ്യകരമാണ്. കഥയുടെ ഗൗരവം ചോര്‍ന്ന് പോകാതെ നിരവധി നര്‍മമൂര്‍ഹത്തങ്ങള്‍ ചിത്രത്തില്‍ കാണാം. അജു വര്‍ഗീസും തന്റെ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. നര്‍മത്തിന് വേണ്ടി മനപ്പൂര്‍വമുള്ള ശ്രമങ്ങളൊന്നും ചിത്രത്തില്‍ കാണാന്‍ കഴിയില്ല. ചില ശൈലികളും നോട്ടങ്ങളും പോലും പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്.

  നാല് ഘട്ടങ്ങളിലായാണ് എബിയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. ഇതില്‍ മൂന്ന് ഘട്ടവും കൈകാര്യം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. കഥയുടെ അവസാനഭാഗത്തേക്കുള്ള യാത്രയില്‍ എബിയുടെ മോഹം തിരിച്ചറിഞ്ഞ കഥാപാത്രങ്ങളിലൂടെ വീണ്ടുമൊരു സഞ്ചാരം സംവിധായകന്‍ നടത്തുന്നുണ്ട്. സ്വപ്‌നം കാണാന്‍ മാത്രമല്ല അതിന് വേണ്ടി അധ്വാനിച്ച് വിജയത്തിലെത്താനും ഈ ചിത്രം പ്രചോദനമാകും.

  ഈ ചിത്രത്തിലെ ഒരു ഘട്ടത്തില്‍ പോലും പശ്ചാത്തല സംഗീതത്തിന്റെ സാന്നിദ്ധ്യം വേറിട്ട് അറിയാന്‍ സാധിക്കില്ല. അത്രത്തോളം ചിത്രത്തോട് നീതി പുലര്‍ത്താന്‍ പശ്ചാത്തല സംഗീതമൊരുക്കിയ അനില്‍ ജോണ്‍സണ് കിഴിഞ്ഞിട്ടുണ്ട്. അതിവൈകാരികതയുള്ള രംഗങ്ങളില്‍ പോലും പശ്ചാത്തല സംഗീതം രംഗത്തെ കൈയടക്കാന്‍ ശ്രമിക്കുന്നില്ല.

  ഒന്നും അധികമാകാതെ പാകപ്പെടുത്തിയ സദ്യ എന്ന് ഒറ്റ വാക്കില്‍ ചിത്രത്തെ വിശേഷിപ്പിക്കാം. പരസ്യചിത്രസംവിധായകനായി ശ്രദ്ധനേടിയ ശ്രീകാന്ത് മുരളി തന്റെ പ്രഥമ മുഴുനീള ചലച്ചിത്രത്തില്‍ തെല്ലും നിരാശപ്പെടുത്തിയിട്ടില്ല. പരസ്യ ചിത്ര സംവിധായകന്റെ കൈയൊതുക്കം രംഗങ്ങളെ കൈകാര്യം ചെയ്തതിലും കാണാം. ഇഴച്ചില്‍ അനുഭവപ്പെടാതെ ബോറടിപ്പിക്കാതെ പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരുത്താന്‍ ചിത്രത്തിനായിട്ടുണ്ട്.

  കുഞ്ഞിരാമായണത്തിലൂടെ നിര്‍മാണ രംഗത്തേക്കെത്തിയ സുബിന്‍ വര്‍ക്കിയാണ് ചിത്രം നിര്‍മിച്ചരിക്കുന്നത്. വ്യത്യസ്തമായ പ്രചരണ രീതികളിലൂടെ ചിത്രം റിലീസിനു മുമ്പേ വാര്‍ത്ത നേടിയിരുന്നു. സുധീര്‍ സുരേന്ദ്രനാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ബിജിബാലും ജെയ്‌സണ്‍ ജെ നായരുമാണ് എബിയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. സൂരജ് ഇഎസ് എഡിറ്റിംഗ് നിര്‍വഹിച്ച ചിത്രം സെന്‍ട്രല്‍ ഫിലിംസാണ് വിതരണത്തിനത്തിക്കുന്നത്.

  English summary
  Aby is a clean entertaining inspirational movie. Aby is from a remote village. Vineeth Sreenivasan play the lead role.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X