»   » ദുർബലരായ അച്ചായന്മാരെ കാഴ്ചക്കാരാക്കി പ്രകാശ് രാജിന്റെ ഹീറോയിക് പെർഫോമൻസ്.. ശൈലന്റെ അച്ചായൻസ് റിവ്യൂ

ദുർബലരായ അച്ചായന്മാരെ കാഴ്ചക്കാരാക്കി പ്രകാശ് രാജിന്റെ ഹീറോയിക് പെർഫോമൻസ്.. ശൈലന്റെ അച്ചായൻസ് റിവ്യൂ

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ആടുപുലിയാട്ടത്തിന് ശേഷം ജയറാം - കണ്ണന്‍ താമരക്കുളം കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രമാണ് അച്ചായന്‍സ്. ജയറാമിനൊപ്പം പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്‍, ആദില്‍, സഞ്ജു ശിവറാം, അമല പോൾ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രയാഗ മാര്‍ട്ടിനാണ് അച്ചായൻസിലെ നായിക. സത്യയ്ക്ക് ശേഷം തീയറ്ററിലെത്തുന്ന അച്ചായൻസിന് ശൈലൻ എഴുതുന്ന റിവ്യൂ.

അച്ചായന്മാരും കൂട്ടുകാരനും

ടോണി (ഉണ്ണി മുകുന്ദൻ) , റോയി (ജയറാം) എബി (ആദിൽ) എന്നീ അച്ചായന്മാരെ , അവരുടെ കൂട്ടുകാരനായ റാഫി (സഞ്ചു)യെയും ചേർത്ത് ടൈറ്റിൽ റോളിൽ നിർത്തി ആണ് കണ്ണൻ താമരക്കുളവും സേതുവും അച്ചായൻസിന്റെ കളി തുടങ്ങുന്നത്. പക്ഷെ, കുറച്ചുനേരം കഴിയുമ്പോൾ തന്നെ ക്യാരക്റ്ററൈസേഷന്റെയും സ്ക്രിപ്റ്റിന്റെയും ദൗർബല്യം കാരണം കാര്യങ്ങൾ നായകനിരയുടെ കയ്യിൽ നിന്ന് പിടിവിട്ട് പോവുന്നു.

പ്രകാശ് രാജ് വരുന്നു

ഇന്റർവെലിനോടടുപ്പിച്ച് കാർത്തിക് വിശ്വനാഥൻ ഐപിഎസ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായി പ്രകാശ് രാജ് എത്തുക കൂടി ചെയ്തതോടെ അച്ചായന്മാർ സൈഡിലൊതുങ്ങി വെറും കാഴ്ചക്കാരായി മാറുകയും ചെയ്യുന്നു. ഒരുപക്ഷെ സിനിമയെ വാച്ചബിൾ ആയി നിലനിർത്താൻ സംവിധായകനും തിരക്കഥാകാരനും കൂടി കളിച്ച ഒരു ഡക്കുവേലയായി ഇതിനെ കരുതിയാലും കുഴപ്പമില്ല എന്നുതോന്നുന്നു.

ഉണ്ണി മുകുന്ദൻറെ ടോണി തോട്ടത്തിൽ

അലസനും അതീവമദ്യപാനിയും കോടീശ്വരനുമൊക്കെയായ ടോണി തോട്ടത്തിലിനെ അച്ചായന്മാരിലെ കേന്ദ്രമായി ഇൻട്രോഡ്യൂസ് ചെയ്തുകൊണ്ടാണ് സിനിമ തുടങ്ങുന്നത്.. ആളു പരമ വെയ്സ്റ്റാണെങ്കിലും ഉണ്ണി മുകുന്ദന്റെ രൂപമായതുകൊണ്ട് പിറകെ നടക്കാൻ ജെസീക്ക എന്ന കാമുകി (ശിവദ)യുണ്ട്.. വെള്ളമടിച്ച് വീലൂരിപ്പോയതിനാൽ സ്വന്തം കല്യാണത്തിന് എത്തിച്ചേരാൻ പറ്റിയില്ല എന്ന മട്ടിലൊക്കെ ആണ് കഥയുടെ പോക്ക്.

ബാലിശതയുടെ പരകോടി

കല്യാണം മുടങ്ങിയതിനെ തുടർന്ന് സഹോദരന്മാരും സഹ വെള്ളമടിയന്മാരുമായ ജയറാമിനെയും ആദിലിനെയും കൂട്ടി കൂട്ടുകാരനായ റാഫിക്കൊപ്പം ഡീ അഡിക്ഷനായി പാറേപ്പള്ളിയുലെ ധ്യാനകേന്ദ്രത്തിൽ എത്തുന്നതും അവിടെകാട്ടിക്കൂട്ടുന്ന ഉഡായിപ്പുകളുമൊക്കെ ബാലിശതയുടെ പരകോടി ആണ്.

അച്ചായൻസിൻറെ സഞ്ചാരം

അവിടുന്ന് പുറന്തള്ളപ്പെടുന്ന അച്ചായൻസ് പിന്നീട് സഞ്ചരിക്കുന്നത് ഒരു സഹോദരന്മാരും പോയിട്ടില്ലാത്ത വഴികളിലൂടെ ആണ്. അതിനിടെ രണ്ടുപെണ്ണുങ്ങളുടെ ട്രാക്ക് പിടിച്ച് ഏർക്കാട് ന്യൂ ഇയർ സെലിബ്രേഷനായി എത്തിച്ചേരുന്ന ലവന്മാർ അവിടെ നടക്കുന്ന ഒരു കൊലപാതകത്തെ തുടർന്ന് ട്രാപ്പിലാവുന്നതാണ് തുടർന്നുള്ള ഭാഗം

പരമാവധി മസാല ചേർത്തിട്ടുണ്ട്

മസാലയ്ക്കായി സകലമാന അൽക്കുൽത്ത് ചേരുവകളും ചേർത്തതാണ് സേതുവിന്റെ സ്ക്രിപ്റ്റ്. സഭ്യതയുടെയും സദാചാരത്തിന്റെയും ഡബിൾ മീനിംഗിന്റെയുമൊക്കെ സകല അതിരുകളും പൊളിച്ചുകൊണ്ട് ഏതുവിധേനയും ഹിറ്റ് ഒപ്പിച്ചേ മട്ടിലാണ് അതിന്റെ പോക്ക്.. നട്ടെല്ലാവേണ്ട ഒരു സ്ട്രോംഗ് സ്റ്റോറി ലൈനിന്റെ അഭാവത്തിലും രണ്ടുമണിക്കൂർ ഇരുപത് മിനിറ്റ് എൻഗ്ഗേജ്ഡ് ആയി നിർത്താനുള്ള ചെപ്പടി വിദ്യകൾ സ്ക്രിപ്റ്റ് നിറയെ ഉണ്ട്.‌

എതിരാളികളില്ലാതെ പ്രകാശ് രാജ്

കർണകഠോരമായ ബാക് ഗ്രൗണ്ട് സ്കോറോടുകൂടിയുള്ള മാസ് ഇൻട്രോയോടെ പ്രകാശ് രാജ് സ്ക്രീനിൽ എത്തിയ ശേഷം പിന്നെ സിനിമയെ മുന്നോട്ടുകൊണ്ടുപോവുന്നത് അദ്ദേഹമാണ്. മറ്റേതൊരു നടൻ ആ പോലീസ് വേഷത്തിൽ വന്നാലും ഇടവേളക്ക് ശേഷം ഇറങ്ങിപ്പോവുന്ന കാണികളുടെ എണ്ണം വളരെ കൂടിയേനെ.. പെർഫോമൻസ് ലെവലിൽ പുള്ളിക്കാരന് സിനിമയിൽ എതിരാളികളേ ഇല്ല..

അച്ചായൻസ് ഒരു ജയറാം ചിത്രമല്ല

ഒരു ജയറാം ചിത്രമായി അച്ചായൻസിനെ ഒരുക്കിയില്ല എന്നതാണ് കണ്ണൻ താമരക്കുളം കാണികളോട് ചെയ്ത വല്യ ഔദാര്യം.. പ്രകാശ് രാജ് കഴിഞ്ഞാൽ പടത്തിന്റെ ഏക പ്ലസ് പോയിന്റും അതുതന്നെ.. ഒപ്പമുള്ളവന്മാർ ചേർന്ന് റോയി തോട്ടത്തിൽ എന്ന കഥാപാത്രത്തിനെ ആദ്യപാതിയിൽ പുലിയൂരിലെ മൂപ്പൻ സ്റ്റൈലിൽ തള്ളി മറിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയിലൊക്കെ വെറുപ്പിക്കൽ വളരെ കുറവാണ്..

ജയറാമിനെക്കാളും ഭേദമാണ് ഉണ്ണി

ജയറാം കൂടെ ഉള്ളതുകൊണ്ട് അച്ചായൻസിൽ അപാരമായി രക്ഷപ്പെട്ട ഒരു മനുഷ്യൻ ഉണ്ണി മുകുന്ദൻ ആണ്. ലവനെ വച്ചുനോക്കുമ്പോൾ ലിവനെത്ര ഭേദം എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കാനുള്ള സാധ്യത പടം ഉണ്ണിയ്ക്ക് തുറന്നുകൊടുക്കുന്നു. ലുക്കിലും സ്ക്രീൻ നിറഞ്ഞുള്ള നടപ്പിലും രണ്ടാളും പ്വൊളിക്കുന്നുണ്ട്. ഒപ്പമുള്ള സഞ്ചുവും ആദിലും തങ്ങൾക്ക് കിട്ടിയ സ്പെയ്സ് മാക്സിമം മുതലാക്കുന്നുമുണ്ട്.

അമലാ പോൾ, അനു സിതാര, പിസി ജോർജ്

വെറും ഷോകേസ് പീസുകൾ എന്ന മട്ടിൽ അവതരിച്ച് അവസാനമെത്താറാകുമ്പോഴെയ്ക്ക് പടത്തിന്റെ സെൻട്രൽ ബോൾട്ടുകളായി മാറുന്ന അമലാ പോളിന്റെയും അനു സിതാരയുടെയും ക്യാരക്റ്ററുകൾ അപ്രതീക്ഷിത സർപ്രൈസാണ്. രണ്ടുപേരും മോശമാക്കിയിട്ടുമില്ല
ജനപക്ഷം യൂത്ത് വിംഗിന്റെ നേതാവായ എബി തോട്ടത്തിലിന്റെ രാഷ്ട്രീയ ഗുരുനാഥനായി പിസി ജോർജ് സ്വന്തം റോളിൽ തന്നെ എത്തുന്നതും ഒരു കൗതുകം.

അച്ചായൻസിനെ വാച്ച്ബൾ ആക്കുന്ന ക്യാമറ

പ്രദീപ് നായരുടെ ഫ്രെയിമുകൾ പടം ഹിറ്റായാലും ഇല്ലെങ്കിലും ഒരു മെഗാഹിറ്റ് പടത്തിന് ഉതകുന്നതാണ്.. പടത്തെ വാച്ചബ്ൾ ആയി നിലനിർത്തുന്നതിൽ ക്യാമറാവിഭാഗത്തിന്റെ റോൾ നിർണായകമാണ്. എഡിറ്റർ എന്ന നിലയിൽ കെ ആർ രഞ്ജിത്തും കാണികളെ മടുപ്പിക്കാതെ സീറ്റിൽ പിടിച്ചിരുത്താൻ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ട്.

കണ്ണൻ താമരക്കുളം കാട്ടുന്ന നല്ല ലക്ഷണങ്ങൾ

തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം എന്നീ ജയറാം പടങ്ങളിലൂടെ നന്നായി ട്രോളപ്പെട്ട ഒരു സംവിധായകൻ ആണ് കണ്ണൻ താമരക്കുളം.. തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വളരെ മുന്നോട്ട് പോവാൻ കണ്ണന് അച്ചായൻസിലൂടെ സാധിക്കുന്നുണ്ട്.. ജയറാമിനെ നന്നായി‌ കയറിട്ട് പിടിക്കാനും മൂന്നാം സിനിമയായപ്പോഴേയ്ക്കും അയാൾക്ക് കഴിയുന്നു.. നല്ല ലക്ഷണമാണത്.. ഭാവിയിൽ ഭേദപ്പെട്ട പടങ്ങൾ ഒരുക്കാൻ കണ്ണൻ താമരക്കുളത്തിന് കഴിയുമെന്ന് തന്നെ വിശ്വസിക്കാം

English summary
Achayans movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X