»   » ആമിർ ഖാനും അജയ് ദേവ്ഗണും ഒറ്റച്ചിത്രത്തിൽ! ശ്വേതാ മേനോന്റെ ഡാൻസുമായി - “ഇഷ്ക്ക്”

ആമിർ ഖാനും അജയ് ദേവ്ഗണും ഒറ്റച്ചിത്രത്തിൽ! ശ്വേതാ മേനോന്റെ ഡാൻസുമായി - “ഇഷ്ക്ക്”

Posted By: SANDEEP SANTOSH
Subscribe to Filmibeat Malayalam

തുല്ല്യപ്രാധാന്യമുള്ള വേഷങ്ങളിൽ പ്രേക്ഷകരുടെ പ്രിയ താരങ്ങൾ ഒന്നിച്ചഭിനയിക്കുന്നത് ഇന്നത്തെ സിനിമയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രധാന കാരണം ബഡ്ജറ്റാണ്, പിന്നെ താരങ്ങളുടെ ഡേറ്റ്, അവരുടെ ഈഗോ എന്നിങ്ങനെ പല പ്രശ്നങ്ങളാണ് മുൻനിര നായക നടന്മാരെ ഒന്നിച്ചഭിനയിപ്പിക്കുന്നതിൽ.

എന്നാൽ കുറേ വർഷങ്ങൾക്ക് മുൻപ് വരെ ഇത്തരം പ്രശ്നങ്ങൾ വളരെ കുറവായിരുന്നു എന്നതിന്റെ തെളിവാണ് അക്കാലത്തിറങ്ങിയ നിരവധി മൾട്ടിസ്റ്റാർ ചിത്രങ്ങൾ.

ഇഷ്ക്കിലെ പ്രിയതാരങ്ങൾ

ആമിർ ഖാൻ, അജയ് ദേവ്ഗൺ, ജൂഹി ചൗള, കാജോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘ഇഷ്ക്ക്'എന്ന ചിത്രം 1997ലാണ് റിലീസ് ചെയ്തത്. ഇന്ദ്ര കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ

ജോണി ലിവർ, ദലീപ്താഹിൽ, സദാശിവ് അമ്രാപുർക്കർ തുടങ്ങിയവരും പ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

പ്രണയവും, സുഹൃത്ത് ബന്ധവും പിന്നെ ഹാസ്യവും!

ഇഷ്ക്ക് എന്ന ചിത്രത്തിൽ രണ്ട് നായകന്മാരുള്ളതുപോലെ ചിത്രത്തിന്റെ രണ്ട് പകുതികളും വ്യത്യസ്തമാണ്. ആദ്യ പകുതിയിൽ ഹാസ്യത്തിനാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്, രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ചിത്രം വളരെ സീരിയസാകുന്നു. പ്രണയവും, വിരഹവും, സൗഹൃദവുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്പർശിക്കും വിധമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

ആമിർ ഖാൻന്റെ നായികയായി ജൂഹി ചൗളയും,അജയ് ദേവ്ഗണിന്റെ നായികയായി കാജോളുമാണ് അഭിനയിച്ചത്.

ആമിർ ഖാനും കാജോളും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയാണ്‌ ഇഷ്ക്ക്. പിന്നീട് ഇവർ ജോഡികളായി ‘ഫനാ' എന്ന ചിത്രത്തിലുമെത്തിയിട്ടുണ്ട്.

ആമിർ ഖാൻ - ജൂഹി ചൗള ജോഡി

‘ഖയാമത് സെ ഖയാമത് തക്ക്'എന്ന ചിത്രത്തിലൂടെ നായകനായി ആമിർ ഖാൻ സിനിമയിൽ സജീവമായപ്പോൾ അതിൽ നായിക ജൂഹി ചൗളയായിരുന്നു. തുടർന്ന് കുറെയേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു, പക്ഷെ ഇഷ്ക്കിനു ശേഷം ഇവർ ജോഡികളായി എത്തിയിട്ടില്ല. ചിത്രീകരണ വേളയിൽ ആമിറിന്റെ കളിയാക്കലുകളും, പറ്റിക്കലുകളും സഹിച്ചു മടുത്തതിനാലാണിതെന്ന് ജൂഹി ചൗള പറഞ്ഞിട്ടുണ്ടെന്നതാണ് രസകരമായ സത്യം.

അജയ് ദേവ്ഗൺ - കാജോൾ

സിനിമയിൽ പ്രണയജോഡികളായ ഇവർ പിന്നീട് യഥാർത്ഥ ജീവിതത്തിലും പങ്കാളികളായി മാറി. സിനിമയിൽ ഒന്നിച്ചഭിനയിക്കുന്നതിനിടയിലെ ആകർഷണം തന്നെയാണ് പിന്നീട് വിവാഹത്തിലേക്ക് നയിച്ചതെന്ന് കാജോൾ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

1999-ലായിരുന്നു ഇരുവരുടേയും വിവാഹം.

ചിത്രത്തിൽ ശ്വേതാ മേനോന്റെ സൂപ്പർ ഡാൻസും!!!

1997 -ലെ രണ്ട് ചിത്രങ്ങളിലാണ് ശ്വേതാ മേനോൻ പ്രത്യക്ഷപ്പെട്ടത്, അതിൽ ശ്രദ്ധിക്കപ്പെട്ടത് ഇഷ്ക്കിലെ ‘ഹമ്കൊ തുമ്സെ പ്യാർ ഹെ' എന്ന ഗാനത്തിലെ പ്രകടനത്തിലൂടെയാണ്. ഈ ഗാനരംഗത്തിൽ ആമിർ ഖാനും, അജയ് ദേവ്ഗണിനും ഒപ്പം ഡാൻസുചെയ്താണ് ശ്വേതാ മേനോൻ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ ഗാനങ്ങളിൽ വളരെ ഹിറ്റായി മാറിയ ഒരു ഗാനം കൂടിയാണിത്.

അനു മാലിക്കിന്റെ സംഗീതം

ഇഷ്ക്ക് എന്ന ചിത്രത്തിന്റെ ഒരു മുഖ്യ ആകർഷണമായിരുന്നു അനു മാലിക്കിന്റെ ഗാനങ്ങൾ. എട്ടോളം ഗാനങ്ങളാണ് ചിത്രത്തിനായി അനു മാലിക്ക് ഒരുക്കിയത്, അവയെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടതുമാണ്.

‘നീന്ദ് ചുരായി മേരി', ‘ഇഷ്ക്ക് ഹുവാ കൈസെ ഹുവാ', ‘ദേക്കോ ദേക്കോ ജാനം' തുടങ്ങിയ ഗാനങ്ങൾ വർഷങ്ങൾക്ക് ശേഷവും ജനപ്രീതി നഷ്ടപ്പെടാത്തവയാണ്‌.

അമിതാഭ് ബച്ചൻ അഭിനയിക്കേണ്ടിയിരുന്ന വേഷം:

ചിത്രത്തിൽ ഇടവേളയ്ക്ക് ശേഷം വേർപിരിഞ്ഞു പോകുന്ന പ്രണയ ജോഡികളെ വീണ്ടും ഒന്നിപ്പിക്കുന്ന കഥാപാത്രമായി അമിതാഭ് ബച്ചനും ഇഷ്ക്കിൽ അഭിനയിക്കേണ്ടിയിരുന്നതാണ്‌. സംവിധായകൻ ഇന്ദ്രകുമാറിന്റെ മറ്റൊരു പ്രോജക്ടായ ‘രിഷ്ത' എന്ന സിനിമ ബച്ചന്റെ പ്രൊഡക്ഷൻ ഹൗസായ എബിസിഎൽ-ന്റെ പങ്കാളിത്തത്തിൽ നിർമ്മിക്കുന്നതായിരുന്നു. ആ ചിത്രത്തിന്റെ സാമ്പത്തികപരമായ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ബിഗ്ബി ഇഷ്ക്ക് ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് സംവിധായകൻ ആ കഥാപാത്രത്തെ കഥയിൽ നിന്നും മാറ്റുകയാണ് ചെയ്തത്. ‘മിസ്റ്റർ ലവ്വാ ലവ്വാ' എന്നു തുടങ്ങുന്ന അമിതാഭ് ബച്ചന്റെ സ്റ്റൈലിൽ ഒരുക്കിയിരുന്ന ഗാനത്തിൽ ജോണി ലിവറാണ് അഭിനയിച്ചത്. ബച്ചന്റെ പഴയ ചിത്രങ്ങളിലെ വിവിധ ഗെറ്റപ്പുകളിലാണ് ജോണി ലിവർ ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്.

ഹിറ്റായ കോമഡി രംഗങ്ങൾ മറ്റ് ചിത്രങ്ങളിലേക്കും :

വളരെ ശുദ്ധമായ കുറെയേറെ ഹാസ്യ രംഗങ്ങൾ ഇഷ്ക്കിലുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതിയുടെ തൊണ്ണൂറു ശതമാനവും ഹാസ്യമാണെന്ന് തന്നെ പറയാം. ഈ രംഗങ്ങൾ പിന്നീട് പല ചിത്രങ്ങളിലും ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.

ജയം രവി നായകനായ തമിഴ് ചിത്രം "എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി" എന്ന ചിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് ഹാസ്യ രംഗങ്ങൾ ഇഷ്ക്കിലേതാണ്‌.

ഒന്ന് - അജയ് ദേവ്ഗൺ കാജോളിന്റെ കഥാപാത്രത്തെ കാണാൻ രണ്ട് കെട്ടിടങ്ങളുടെ മുകളിൽ കുറുകെയുള്ള പൈപ്പിലൂടെ നടക്കുന്നതും തുടർന്നുള്ള കാര്യങ്ങളും .

രണ്ട് - അജയ് ദേവ്ഗൺ അബദ്ധത്തിൽ ഒരു സ്ത്രീയുടെ രൂപത്തിലുള്ള ശില്പ്പം തട്ടിയിട്ട് പൊട്ടിച്ച ശേഷം തിരികെ വയ്ക്കുമ്പോൾ ഒരു ഭാഗം തെറ്റായി യോജിപ്പിക്കുന്നതും, ശില്പ്പം മേടിക്കാൻ വന്നയാൾ അത് കണ്ട് മനോഹരമെന്ന് വിശേഷിപ്പിച്ച് പറഞ്ഞതിലധികം വില വാഗ്ധാനം ചെയ്യുന്നതുമായ രംഗം.

ഇഷ്ക്ക് കന്നഡ ഭാഷയിലേക്ക് ‘സ്നേഹനാ പ്രീതിനാ' എന്ന പേരിൽ ചിത്രം റീമേക്കും ചെയ്തിട്ടുണ്ട്.

പണക്കാരന്റെയും പാവപ്പെട്ടവന്റേയും സൗഹൃദം

പേര് സൂചിപ്പിക്കുന്നതു പോലെ പ്രണയം മാത്രമല്ല ഇഷ്ക്ക് എന്ന ചിത്രത്തിന്റെ കഥയിൽ പറയുന്നത്.

സമ്പന്ന കുടുംബത്തിൽ ജനിച്ച അജയ്യുടേയും (അജയ് ദേവ്ഗൺ) സാധാരണ വർക്ക്ഷോപ്പ് ജീവനക്കാരനായ രാജയുടേയും (ആമിർ ഖാൻ ) സൗഹൃദത്തിന്റെ കഥ കൂടിയാണ് ഇഷ്ക്ക്‌.

അജയ് പണവും സ്വത്തുമൊന്നുമില്ലാത്ത കാജളുമായും (കാജോൾ), രാജ മറ്റൊരു സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയായ മധുവുമായും (ജൂഹി ചൗള ) പ്രണയത്തിലാകുന്നു.

അജയ്യുടേയും, മധുവിന്റെയും അച്ഛന്മാർ തങ്ങളുടെ മക്കളുടെ വിവാഹം അവർ പ്രണയിക്കുന്ന സമ്പത്തില്ലാത്തവരുമായി നടത്താൻ തയ്യാറല്ല, അവരുടെ പ്രണയം തകർക്കുന്നതിനായി അവർ നടത്തുന്ന ശ്രമങ്ങൾ ഇടയ്ക്ക് വിജയിക്കുന്നു.

ഒരു വേളയിൽ അജയ്യും, മധുവും തങ്ങളുടെ ജീവനായി കണ്ടിരുന്ന രാജായേയും,കാജളിനേയും വെറുക്കുന്നു.

സുഹൃത്ബന്ധത്തിനും, പ്രണയത്തിനും ഒരു പോലെ അകൽച്ചയുണ്ടായ ശേഷം തെറ്റിദ്ധാരണകൾ മാറി എല്ലാവരും എങ്ങനെ ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥ.

English summary
Ajay devgn and aamir khan in Ishq movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X