For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വാതന്ത്രദിനത്തിൽ വിജയക്കൊടി പാറിച്ച് അക്ഷയ് ! “ഗോൾഡ്”ശരിക്കും തിളങ്ങി - ഹിന്ദി മൂവി റിവ്യൂ

  |

  Rating:
  4.5/5
  Star Cast: Akshay Kumar, Mouni Roy, Kunal Kapoor
  Director: Reema Kagti

  ഒന്നിനൊന്ന് വ്യത്യസ്ഥവും മികവുറ്റതുമായ ചിത്രങ്ങൾ തുടരെ തീയറ്ററുകളിലെത്തിച്ച് പ്രേക്ഷകരുടെ വിശ്വാസങ്ങൾ തകർക്കാതെ മുന്നേറുന്ന ബോളിവുഡ് സൂപ്പർതാരം ആക്ഷൻ കില്ലാടി അക്ഷയ് കുമാർ നായകനായ പുതിയ ചിത്രം 'ഗോൾഡ്’ സ്വാതന്ത്രദിനത്തിൽ തന്നെ റിലീസായിരിക്കുകയാണ്.

  പേമാരിയില്‍ മുങ്ങി താരങ്ങളും! സാഹയവുമായി ചാലക്കുടിക്കാരന്‍ ചങ്ങാതിയും കൂട്ടരും, പോരാട്ടവുമായി കേരളം

  ഇന്ത്യൻ പ്രേക്ഷകരുടെ ദേശസ്നേഹം മാക്സിമം യൂട്ടിലൈസ് ചെയ്യുന്ന ചിത്രം ഹിസ്റ്റോറിക്കൽ സ്പോർട്സ് ഡ്രാമാ ഗണത്തിൽപ്പെടുന്നതാണ്. 'തലാഷ്’എന്ന ആമിർ ഖാൻ നായകനായ ചിത്രത്തിന് ശേഷം റീമ കഗ്തി സംവിധാനം ചെയ്ത ചിത്രം എക്‌സലന്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാണിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
  ഒളിംപിക് മത്സരത്തില്‍ സ്വതന്ത്ര ഇന്ത്യ ആദ്യമായി സ്വന്തമാക്കിയ ഗോള്‍ഡ് മെഡലിലേക്കുള്ള യാത്രയെപ്പറ്റിയുള്ള ചിത്രത്തിൽ അക്ഷയ്കുമാറിനൊപ്പം, അമിത് സാദ്, കുണാല്‍ കപൂര്‍, സണ്ണി കൗശാല്‍, വിനീത് കുമാര്‍ സിംഗ്, മോണി റോയ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

  ചരിത്രവും സ്പോർട്ട്സും സമന്വയിച്ചപ്പോൾ :

  ചരിത്രവും സ്പോർട്ട്സും സമന്വയിച്ചപ്പോൾ :

  ബ്രിട്ടീഷ് ഇന്ത്യ എന്ന ലേബലിൽ ഒളിംപിക്സിൽ രണ്ട് തവണ തുടർചയായി ഇന്ത്യ ഹോക്കിയിൽ ഗോൾഡ് നേടിയിരുന്നു. അന്ന് ഹോക്കി കളിച്ചവരും മറ്റുള്ള ഇന്ത്യക്കാരും ഒരുപോലെ കണ്ട സ്വപ്നമായിരുന്നു അവർ ഇന്ത്യക്ക് വേണ്ടി കളിച്ച് ഗോൾഡ് മേടിക്കുക എന്നത്. 1936 ലെ ഒളിംപിക്സിനു ശേഷം ലോകമഹായുദ്ധം കാരണം രണ്ട് തവണ ഒളിംപിക്സ് ഒഴിവാക്കിയിരുന്നു, പിന്നീട് 1948 ൽ ലണ്ടനിൽ നടന്ന ഒളിംപിക്സിൽ ഹോക്കിയിൽ ആദ്യമായി സ്വതന്ത്ര ഇന്ത്യ ഗോൾഡ് മെഡൽ നേടി. വർഷങ്ങളോളം ഇന്ത്യയെ അടിമയായി വച്ചിരുന്നവരെ അവരുടെ നാട്ടിൽ തോൽപ്പിച്ച് ഇന്ത്യൻപതാക ഉയർത്തുകയും ആ മൈദാനത്ത് നമ്മുടെ ദേശീയഗാനം മുഴക്കുകയും ചെയ്ത അഭിമാനകരമായ മുഹൂർത്തവും അതിലേക്ക് ഇന്ത്യ എത്തിച്ചേർന്നതുമായ കഥയാണ് ഗോൾഡിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.

  ഗോൾഡ് ആരുടേയും ജീവചരിത്രമല്ല :

  ഗോൾഡ് ആരുടേയും ജീവചരിത്രമല്ല :

  ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന കഥയാന്നെങ്കിലും ചിത്രം പൂർണ്ണമായി യഥാർത്ഥ സംഭവങ്ങളുടെ സിനിമാ ആവിഷ്ക്കാരമല്ല. ചരിത്രത്തിനൊപ്പം ഫിക്ഷൻ ചേർത്ത മിശ്രിതമാണ് ഗോൾഡ്. പ്രശസ്ഥ ഹോക്കിതാരത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയത് എന്ന് പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് അണിയറക്കാരും മുൻപ് അറിയിച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളൊക്കെ സാങ്കൽപികമാണ്. തപൻ ദാസ് എന്ന ബംഗാളി കഥാപാത്രമായാണ് അക്ഷയ് കുമാർ ചിത്രത്തിലഭിനയിച്ചിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടി മികച്ച കളിക്കാരെ കണ്ടെത്തി ടീം രൂപീകരിക്കുന്ന മാനേജറുടെ വേഷമാണത്.

  മദ്യപാനത്തിനാലും, മോശം പെരുമാറ്റത്തിനാലും മറ്റുള്ളവർക്ക് മുന്നിൽ പലപ്പോഴും പരിഹാസകഥാപാത്രമാകുന്ന തപൻ ദാസ് പക്ഷെ ഹോക്കിയേയും ഇന്ത്യയേയും ഒരുപോലെ ജീവനുതുല്യം സ്നേഹിക്കുന്നയാളാണ്.

  ബ്രിട്ടീഷുകാരെ അവരുടെ മണ്ണിൽ ചെന്ന് തോൽപ്പിക്കുക എന്ന താൻ കണ്ട സ്വപ്നം പൂർത്തിയാക്കാൻ തപൻ ദാസിന് എന്തെല്ലാം നേരിടേണ്ടി വരുന്നു എന്നുള്ളതാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

  ചിത്രത്തിന്റെ ആദ്യ പകുതി :

  ചിത്രത്തിന്റെ ആദ്യ പകുതി :

  ചിത്രം ആരംഭിക്കുന്നത് 1936 ലെ ഒളിംപിക്സിലെ ഹോക്കി ഫൈനലിൽ നിന്നുമാണ്‌. ഫൈനൽ മത്സരത്തിന് സ്റ്റേഡിയത്തിലേക്കെത്തുന്ന താരങ്ങൾക്ക് മുന്നിൽ രണ്ട് ഇന്ത്യക്കാർ വന്ന് നിങ്ങൾ കളിക്കേണ്ടത് ബ്രിട്ടീഷ് ഇന്ത്യക്ക് വേണ്ടിയല്ല ഇന്ത്യക്ക് വേണ്ടിയാന്നെന്ന് ക്യാപ്റ്റർ സാമ്രാട്ടിനോട് (കുണാൽ കപൂർ ) വിളിച്ച് പറയുകയും ബ്രിട്ടീഷുകാർ നിരോധിച്ച ഇന്ത്യൻ പതാക (ചർക്കയുടെ ചിത്രമുള്ളത്) ഉയർത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സൈന്യം അവരെ മർദ്ദിക്കുമ്പോൾ വലിച്ചെറിയപ്പെട്ട പതാക നിലത്ത് വീഴാതെ പിടിച്ച് തപൻ ദാസ് (അക്ഷയ് കുമാർ)തന്റെ കോട്ടിനുള്ളിൽ ഒളിപ്പിച്ചു.

  ജർമ്മനിയിൽ നടക്കുന്ന മത്സരം കാണാൻ ഹിറ്റ്ലറും എത്തിയിരുന്നു, ജർമ്മനിയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ എതിരാളിയും. ഹിറ്റ്ലറിനോടുള്ള ഇന്ത്യയുടെ എതിർപ്പ് കാരണം കാണികളടക്കം മറ്റുള്ളവരെല്ലാം ഹിറ്റ്ലറിനെ സല്യൂട്ട് ചെയ്തപ്പോൾ ഇന്ത്യൻ പ്ലയേർസ് മാത്രം വിട്ടുനിന്നു.

  മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും ആ വിജയം ഇന്ത്യക്ക് മാത്രമായി അവകാശപ്പെട്ടതല്ലാത്തതിനാൽ പ്ലയേർസും മാനേജർ തപൻ ദാസും നിരാശരായിരുന്നു.

  രണ്ടാം ലോകമഹായുദ്ധത്തിനാൽ തുടർച്ചയായി 1940-ലും, 1944-ലും ഒളിംപിക്സ് റദ്ദാക്കിയിരുന്നു. ഈ സമയങ്ങളിൽ ഫെഡറേഷൻ മോശം പെരുമാറ്റം ആരോപിച്ച്‌ പുറത്താക്കിയ തപൻ ദാസ് മുഴുക്കുടിയനായി മാറിയിരുന്നു. ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ വിറ്റ് ജീവിക്കേണ്ട അവസ്ഥയിലേക്ക് എത്തപ്പെട്ട തപൻ ദാസിന് ഒരു പത്രവാർത്തയിൽ നിന്നാണ് പുതുജീവൻ ലഭിക്കുന്നത്.

  1948-ൽ ഒളിംപിക്സ് ലണ്ടൻ നഗരത്തിൽ സംഘടിപ്പിക്കുമെന്ന് അറിയുന്ന തപൻ ദാസ് വളരെ കഷ്ട്ടപ്പെട്ട് ഫെഡറേഷൻ മേധാവിയിൽ നിന്നും ടീം രൂപീകരിക്കാൻ അനുമതി നേടി.

  ഒളിംപിക്സിന് രണ്ട് വർഷം ബാക്കിയുള്ളപ്പോൾ അയാൾ പ്ലയേർസിനെ അന്വോക്ഷിച്ചിറങ്ങി. ഹോക്കിയിലെ സൂപ്പർ താരമായിരുന്ന സാമ്രാട്ട് ക്യാപ്ടനാവാൻ തനിക്ക് പകരം തപൻ ദാസിനോട് 1936-ൽ ഗോൾഡ് നേടിയ ടീമംഗമായ ഇംത്യാസിനെ (വിനീത് കുമാർ സിംഗ്) നിർദ്ദേശിച്ചു.

  ഇംത്യാസിനെ ക്യാപ്റ്റനായി നിശ്ചയിച്ച് മറ്റ് കളിക്കാരെ തിരഞ്ഞെടുക്കാൻ തപൻ ദാസ് പല മത്സരവേദികളിലും അലഞ്ഞതിന് ശേഷം സെലക്ഷനായി നിരവധി താരങ്ങളെ കണ്ടെത്തി. കണ്ടെത്തിയവരിൽ പ്രധാനികൾ രണ്ട് പേരാണ്‌.

  ഒന്ന് ഇംത്യാസിന്റെ തന്നെ ശിഷ്യനായ ഹിമ്മത് സിംഗ് (സണ്ണി കൗശൽ), കുട്ടിക്കാലം മുതൽക്കെ ഹോക്കിയെ സ്നേഹിച്ച അയാൾ ആഗ്രഹമില്ലാതിരുന്നിട്ടും താൻ സേനയിലുള്ളത് എതെങ്കിലും ദേശഭക്തർക്ക് സഹായമാകും എന്ന് കരുതി പഞ്ചാബ് പോലീസിൽ ചേർന്നയാളാണ്‌.

  രണ്ടാമത്തെയാൾ രാജകുടുംബത്തിലെ അംഗമായ രഘുബീർ പ്രതാപ് സിംഗാണ് (അമിത് സാദ്).

  വളരെ മികച്ച പ്ലയർ ആണെങ്കിലും ആർ പി സിംഗ് അതിന്റെ അഹംഭാവവും ഉള്ളയാളാണ്. മറ്റാർക്കും ബോൾ പാസ് ചെയ്യുന്നത് പോലും അയാൾക്ക് ഇഷ്ട്ടമല്ല.

  മികച്ചതിൽ മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് സ്വതന്ത്ര ഇന്ത്യയുടെ ടീം രൂപീകരിച്ചതിന്റെ ആഘോഷങ്ങൾ തീരുന്നതിന് മുൻപെ അടുത്ത പ്രശ്നം തലയുയർത്തുകയുണ്ടായി, ഇന്ത്യക്ക് സ്വതന്ത്ര രാഷ്ട്രമായി അധികാരം നൽകുന്നതിനൊപ്പം ബ്രിട്ടീഷുകാർ ഭാരതത്തെ രണ്ടായി പിളർത്തി ഇന്ത്യയും - പാകിസ്ഥാനുമെന്ന്.

  സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്നവർ പരസ്പരം ശത്രുക്കളായി, കലാപങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു.

  രാജ്യത്തിലുണ്ടായ വിള്ളൽ തപൻ ദാസിന്റെ ഹോക്കി ടീമിലും പ്രതിഫലിച്ചു. ക്യാപ്റ്റൻ ഇംത്യാസ് അടക്കം കുറച്ചു പേർ പാകിസ്ഥാനിലേക്കും രണ്ട് മൂന്ന് പേർ മറ്റ് സ്ഥലങ്ങളിലേക്കും പോയി.

  പകുതി വഴിയിൽ തപൻ ദാസിന്റെ സ്വപ്നം ഛിന്നഭിന്നമാകുന്നിടത്താണ് ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നത്.

  പ്രതിസന്ധികളെ മറികടന്ന് തപൻ ദാസ് പുതിയ ടീം രൂപപ്പെടുത്തി ഗോൾഡ് നേടി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്നതെങ്ങനെ എന്നതാണ് പിന്നീട് രണ്ടാം പകുതിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

  കഥാപാത്രങ്ങളും അഭിനയവും :

  കഥാപാത്രങ്ങളും അഭിനയവും :

  ഓരോ കഥാപാത്രങ്ങളേയും ഹോക്കിയുമായും രാജ്യസ്നേഹവുമായും ബന്ധപ്പെടുത്തി വളരെ സൂക്ഷ്മമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ.

  തപൻ ദാസ് എന്ന ബംഗാളി കഥാപാത്രമായി അക്ഷയ് കുമാർ തകർത്തു എന്ന്തന്നെ പറയാം. അക്ഷയ് കുമാറിന്റെ ലുക്കുകൊണ്ടും ബംഗാളി ശൈലിയിലുള്ള സംഭാഷണങ്ങളാലും പ്രേക്ഷകരെ രസിപ്പിക്കുന്ന നിരവധി നർമ്മരംഗങ്ങൾ ചിത്രത്തിലുണ്ട്. അക്ഷയ് കുമാറും മോണി റായിയും തമ്മിലുള്ള കോംബിനേഷൻ സീനുകളും ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പല സന്ദർഭങ്ങളിലും നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രത്തെ അയാളുടെ എല്ലാ ഭാവങ്ങളും ആവാഹിച്ചെടുത്തെന്ന പോലെ അക്ഷയ് കുമാർ കൈകാര്യം ചെയ്തതാണ് ചിത്രത്തെ പ്രേക്ഷകപ്രിയമാക്കുന്ന മുഖ്യ ഘടകം.

  ഓരോ ചെറിയ ചെറിയ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ അവരുടേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അക്ഷയ് കുമാറിന് ശേഷം ചിത്രത്തിൽ കുടുതൽ ശ്രദ്ധപിടിച്ചു പറ്റിയ താരങ്ങൾ യഥാക്രമം അമിത് സാദ്, സണ്ണി കൗശൽ, കുണാൽ കപൂർ, വിനീത് കുമാർ സിംഗ് എന്നിവരാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇവരുടെയെല്ലാം കൂട്ടായ പ്രവർത്തനമാണ് സിനിമയെ യാഥാർത്യമെന്ന തോന്നലിലേക്ക് ഉയർത്തുന്നത്.

  സംവിധാനം :

  സംവിധാനം :

  വർഷങ്ങൾക്ക് മുൻപിറങ്ങിയ "ലഗാൻ" എന്ന ഇതിഹാസ സിനിമയിൽ സംവിധായകൻ അശ്വതോഷ് ഗോവാരിക്കറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത അനുഭവം സംവിധായിക റീമ കഗ്തിക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. ഏകദേശം സമാന വിഷയം തന്നെ ചർച്ച ചെയ്യുന്ന ഗോൾഡ് ഓരോ ഘടകങ്ങളിലും മികവ് പുലർത്തുമ്പോൾ അതിന്റെ പൂർണ്ണമായ ക്രഡിറ്റും സംവിധായികയ്ക്ക് അവകാശപ്പെട്ടതാണ്. ഹോക്കി സൂപ്പർതാരം സന്ദീപ് സിംഗിന് കീഴിൽ താരങ്ങൾ പരിശീലനം നേടിയ ശേഷമാണ് ഹോക്കി കളിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത്, ഇത് ശരിക്കും സംവിധായിക ഉദ്ദേശിച്ച എഫക്ട് പ്രേക്ഷകരിൽ എത്തിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.

  ഒരു രംഗവും പ്രേക്ഷകന് മുഷിച്ചിലുണ്ടാക്കിയില്ലെന്ന് മാത്രമല്ല ആവേശത്തോടെ പ്രേക്ഷകർ ഓരോ രംഗങ്ങളും സ്വീകരിക്കുകയും ചെയ്തു, പ്രത്യേകിച്ചും ക്ലൈമാക്സിലെ ഹോക്കി മത്സരം.

  സിനിമയെ മികവുറ്റതാക്കിയ ഘടകങ്ങൾ :

  സിനിമയെ മികവുറ്റതാക്കിയ ഘടകങ്ങൾ :

  വാണിജ്യപരമായ ഘടകങ്ങളും, കലാപരമായ ഘടകങ്ങളും ഒരുപോലെ ചേർന്ന മികച്ച ആവിഷ്ക്കാരമാണ് ഗോൾഡ്. ചിത്രത്തിന്റെ റിലീസിനായി തിരഞ്ഞെടുത്ത ദിവസം അതിലും ബെസ്റ്റ്. ഗോൾഡ് എന്ന ചിത്രം റിലീസ് ചെയ്യാൻ ഇതിലും മികച്ച അവസരം വേറെയില്ല, ചിത്രത്തിനിത് വളരെ ഉപകാരപ്പെടുകയും ചെയ്യുമെന്നത് മറ്റ് ചിത്രങ്ങളുണ്ടായിരുന്നിട്ടും ആദ്യ ദിനത്തിലെ അതിരാവിലത്തെ നിറഞ്ഞ സദസിലെ പ്രദർശനം ബോധ്യപ്പെടുത്തുന്നു.

  ചിത്രത്തിന്റെ എടുത്ത് പറയേണ്ട പ്രത്യേകതകളിൽ ഒന്ന് സംഗീതമാണ്‌. വളരെ ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതമായിരുന്നു ചിത്രത്തിലേത്. ക്ലൈമാക്സിലെ മത്സരരംഗങ്ങളിലൊക്കെ സീറ്റിന്റെ തുമ്പിലെത്തിയ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് വളരെയധികം ഉയർത്തിയതിൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിന്റെ പങ്ക് എത്രയാണെന്ന് അനുഭവിച്ച് മാത്രമെ അറിയാൻ സാധിക്കുകയുള്ളു.

  ചിത്രത്തിലെ കൂടുതൽ ഗാനങ്ങളും പഞ്ചാത്തല സംഗീതവും സച്ചിൻ-ജിഗർ കൂട്ടുകെട്ടിലുള്ളതാണ്.

  അർക്കോ പ്രാവോ മുഖർജി ഈണം നൽകിയ ‘നൈനോ നെ ബാന്ധി' എന്ന് തുടങ്ങുന്ന പ്രണയഗാനവും, സച്ചിൻ - ജിഗർ ഈണം നൽകിയ ‘ചഡ് ഗയി ഹെ' എന്ന ആഘോഷവേളയിലെ ഗാനവും, സ്പോർട്ട്സ് സിനിമയുടെ ആവേശം നിറക്കുന്ന ‘ഘർ ലായേംഗെ ഗോൾഡ്', ‘ഖേല് ഖേല് മെ' എന്നിങ്ങനെയുള്ള ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകരെ ആകർഷിക്കുന്നതാണ്‌.

  ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നതിൽ മുഖ്യ പങ്ക് വഹിച്ച അടുത്ത ഘടകം ജാവേദ് അക്തറിന്റെ സംഭാഷണങ്ങളും, ഗാനങ്ങളുടെ വരികളുമാണ്.

  ഇത്തരത്തിലൊക്കെ ശ്രവണതലത്തിൽ ചിത്രത്തിന്റെ നില ഭദ്രമാക്കിയതിനൊപ്പം അൽവാരോ ഗ്യൂട്ടെറെസ്സ് എന്ന സ്പാനിഷ് കലാകാരനെ ഛായഗ്രഹണം ഏൽപ്പിച്ച് ദൃശ്യഭംഗിയിലും പുതുമ സൃഷ്ട്ടിക്കാൻ സംവിധായികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

  റേറ്റിംഗ് : 8.5/10

  റേറ്റിംഗ് : 8.5/10

  ‘ചക്ദേ ഇന്ത്യ'എന്ന ഷാരൂഖ് ഖാൻ ചിത്രവുമായി പലരും ഗോൾഡിന്റെ താരതമ്യപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടു, പക്ഷെ അതിൽ കാര്യമില്ലാത്തതിനാൽ അത് ഒഴിവാക്കുകയാണ്.

  സമാനമായ വിഷയങ്ങൾ മുൻപ് വന്നിട്ടുമുണ്ട് ഇപ്പോഴും ആവർത്തിക്കപ്പെടുന്നുമുണ്ട്, പക്ഷെ ഗോൾഡ് ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ മേക്കിംഗ് പെർഫെക്ഷൻ കൊണ്ടാണ്. തുടർച്ചയായ വിജയങ്ങളിലൂടെ അക്ഷയ് കുമാർ നെയ്തെടുത്ത കിരീടത്തിൽ മാറ്റ് കൂടിയ പുതിയ സ്വർണ്ണതൂവാലായി കാണാവുന്ന ചിത്രമാണ് ഗോൾഡ്.

  കുടുംബസമേതം ഒരു സങ്കോചവും ആശങ്കയും ഇല്ലാതെ ധൈര്യമായി കാണാവുന്ന ചിത്രമായ ഗോൾഡ് തീയറ്ററുകളിൽ പോയിതന്നെ കാണാൻ ശ്രമിക്കുക. സിനിമയുടെ സാങ്കേതികപരമായ എല്ലാ സവിശേഷതകളും അനുഭവവേദ്യമാകുന്നത് തീയറ്ററിൽ നിന്നും മാത്രമാണ്.

  ചിത്രത്തിന്റെ ആത്മാവ് പ്രേക്ഷകരൊന്നടങ്കം അനുഭവിച്ചറിഞ്ഞതിന് തെളിവാണ് അവസാനം ഇന്ത്യൻ പതാക ഉയരുമ്പോൾ ദേശീയ ഗാനത്തിനായി എല്ലാവരും നിറകണ്ണോടെ എഴുന്നേറ്റ് നിന്നത്,

  വന്ദേ മാതരം....

  English summary
  akshay kumar's movie gold review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X