»   » 'അലമാര' ഒരു ഭീകരജീവിയാണ്... പൊളിച്ചടുക്കി ശൈലന്റെ നിരൂപണം

'അലമാര' ഒരു ഭീകരജീവിയാണ്... പൊളിച്ചടുക്കി ശൈലന്റെ നിരൂപണം

Posted By: desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്

ഓം ശാന്തി ഓശാന" യിലൂടെ തിരക്കഥാകാരനായും " ആട്- ഒരു ഭീകരജീവിയാണ്" "ആന്മരിയ കലിപ്പിലാണ്" എന്നീ സിനിമകളിലൂടെ റൈറ്റർ ആയും ശ്രദ്ധേയമായ ചുവടുകൾ വച്ച മിഥുൻ മാനുവൽ തോമസ് തന്റെ നാലാം വരവിൽ മറ്റുള്ളവരുടെ എഴുത്തിനൊപ്പിച്ച് സിനിമ സൃഷ്ടിക്കാൻ ശ്രമിച്ച് പാളിപ്പോവുന്ന കാഴ്ചയാണ് "അലമാര" യിൽ കാണാൻ കഴിയുന്നത്.

തന്റെ സ്ഥിരം ശൈലിയിൽ ഒരു ഫീൽ ഗുഡ് കോമഡി എന്റർടൈനർ ആണ് ഒരുക്കാൻ പോവുന്നത് എന്ന പ്രതീതി ജനിപ്പിക്കുന്ന മിഥുന് അരമണിക്കൂർ പിന്നിടുമ്പോഴേക്കും സ്ക്രിപ്രിന്റെ കെണിയിൽ കുടുങ്ങി സീരിയൽ പരുവത്തിലേക്ക് അലമാരയെ കൺവേർട്ട് ചെയ്യേണ്ടിവരുന്നു. തനിക്ക് അപരിചിതമായതും കാണികൾക്ക് സിനിമയുണ്ടായ കാലം മുതലേ പരിചിതമായതുമായ ആ മേഖലയിൽ സംവിധായകന് നിരാശമാത്രമേ സമ്മാനിക്കാനാവുന്നുള്ളൂ.

കഥയിങ്ങനെ

ബാങ്ക് ജീവനക്കാരനായ അരുണിന് 46പെണ്ണുകാണൽ ചടങ്ങിനൊടുവിൽ ഉറപ്പിക്കപ്പെടുന്ന വിവാഹം വധു ഒളിച്ചോടിയതിനെതുടർന്ന് മുടങ്ങുന്നതും പിന്നീട് കൂട്ടുകാരനായ സുബിന് വേണ്ടി കാണാൻ പോവുന്ന സ്വാതി എന്ന പെണ്ണിനെ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ ഇഷ്ടപ്പെട്ട് കല്യാണം കഴിക്കുന്നതും അവരുടെ ജീവിതത്തിൽ കുടുംബാംഗങ്ങളുടെ കുത്തിത്തിരിപ്പും ഈഗോയും കേറി മേയുന്നതും ആണ് സിനിമയുടെ ത്രെഡ്.

അയ്യേ എന്ന് പറയിപ്പിക്കുന്ന കഥ

ഏഷ്യാനെറ്റിലെ ഒഴികെ ഉള്ള സീരിയലുകാരെക്കൊണ്ടുപോലും അയ്യേ എന്ന് പറയിപ്പിക്കുന്ന ഈ കഥ മഹേഷ് ഗോപാലിന്റെ ആണ്. രണ്ടുമണിക്കൂർ പത്തുമിനിറ്റിൽ അത്യാവശ്യം ലാഗിംങ്ങോടെയും ബോറടിയോടെയും അതിനെ സ്ക്രിപ്റ്റാക്കി മാറ്റിയിരിക്കുന്നത് ജോൺ മന്ത്രിക്കൽ. രണ്ടുപേരും മിഥുൻ മാനുവലിന്റെ ട്രാക്കിൽ പെട്ടവരല്ല എന്നതുതന്നെ ആണ് അലമാരയുടെ പാളം തെറ്റലിന് പ്രധാനകാരണം.

അലമാരയുടെ ആത്മഗതങ്ങളും സലീം കുമാറും

കല്യാണത്തിന്റെ പിറ്റേന്ന് സ്വാതിയുടെ വീട്ടിൽ നിന്നും അരുണിന്റെ വീട്ടിലേക്ക് അടുക്കളകാണൽ ചടങ്ങിന് വരുമ്പോൾ കൊണ്ടുവരുന്ന അലമാരയുടെ ആത്മഗതങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. സലിംകുമാറിന്റെ ഡബ്ബിംഗിലെ എനർജി കാരണം അലമാരയെ ഒരു പ്രധാനകഥാപാത്രമായി നിലനിർത്തുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നു.(വളരെ കുറച്ച് പേർ കണ്ടതാണെങ്കിലും മുൻപ് ഉട്ടോപ്പിയയിലെ രാജാവ് എന്ന സിനിമയിൽ ഒരു കാക്ക ഇതുപോലെ സാക്ഷിയുടെ രൂപത്തിൽ കഥ പറഞ്ഞതും സലിം കുമാറിന്റെ ശബ്ദത്തിൽ ആയിരുന്നു എന്നത് യാദൃച്ഛികമാവാം)

നായകനും നായികയും

നായകനായ സണ്ണിവെയ്ൻ ഡൌൺ ടു എർത്ത് ആയും വൈകാരികമായ പാളിപ്പോവാൻ സാധ്യതയുള്ള ഇടങ്ങളിൽ മിതമായി ബിഹേവ് ചെയ്തും അരുണിനെ രക്ഷിച്ചെടുത്തു. നല്ല സ്ക്രീൻ പ്രെസൻസ് ഉള്ള അദിതി രവി എന്ന പുതുമുഖനായിക പ്രോമിസിങ് ആണ്.

അഭിനേതാക്കളാണ് രക്ഷ

അജു വർഗീസ്, രൺജി പണിക്കർ, സൈജു എന്നിവർക്കൊപ്പം മണികണ്ഠന്റെ കോമഡിയിൽ ഉള്ള അരങ്ങേറ്റം ഹെവി ആണ്. അഭിനേതാക്കൾ തന്നെ ആണ് വൻ തകർച്ചയിൽ നിന്നും അലമാരയെ രക്ഷിച്ചെടുക്കുന്നത്. (എന്നിട്ടും കുറെ പേർ തിയേറ്ററിൽ നിന്നും ഇറങ്ങിയോടി തടി രക്ഷപ്പെടുത്തുകയും ബാക്കിയായവർ പടം തീർന്നപ്പോൾ കൂവുകയും തന്നെ ചെയ്തു)

മിഥുൻ മാനുവലിന് മുന്നിലെ മാർഗ്ഗം

എളുപ്പവഴിയിൽ ക്രിയ ചെയ്യാൻ നിൽക്കാതെ തനിക്ക് പാകത്തിൽ ഒരു സ്ക്രിപ്റ്റ് സ്വയം എഴുതി അടുത്ത സിനിമയ്ക്ക് മുതിരുന്നതാവും മിഥുന് ഈ അലമാര വരുത്തിവച്ച വിനയിൽ നിന്നും രക്ഷപ്പെടാനുള്ള ഉചിതമാർഗം.

English summary
Alamara movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam