For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആളൊരുക്കം ഓട്ടൻതുള്ളൽ അല്ല.. അമ്പരപ്പിക്കൽ ആണ്.. ശൈലന്റെ റിവ്യൂ!!

  By Desk
  |

  ശൈലൻ

  കവി
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  ഇത്തവണത്ത സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള  അവസരമൊരുക്കി കൊടുത്ത സിനിമയായിരുന്നു ആളൊരുക്കം. നവാഗതനായ വിസി അഭിലാഷ് സംവിധാനം ചെയ്ത സിനിമ റിലീസിനെത്തിയിരിക്കുകയാണ്. ഓട്ടന്‍തുള്ളല്‍ കലാകാരനായി പപ്പു പിഷാരടി എന്ന വേഷത്തിലൂടെ ഇന്ദ്രന്‍സ് തകര്‍ത്തഭിനയിച്ച സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

  ആളൊരുക്കം

  കവിയും കാർട്ടൂണിസ്റ്റും‌ മാധ്യമ പ്രവർത്തകനുമായ വിസി‌ അഭിലാഷ് സംവിധാനം ചെയ്ത "ആളൊരുക്കം" റിലീസിന് മുൻപെ ശ്രദ്ധേയമായത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിലൂടെ ആണ്. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് ചേട്ടന് പപ്പു പിഷാരടി എന്ന ആ റോളിന്റെ പ്രകടന മികവിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് തന്നെ ലഭിക്കുകയുണ്ടായി. അതെത്തുടർന്ന് ഓൺലൈൻ - അച്ചടി- ദൃശ്യ മാധ്യമങ്ങളിലെല്ലാാം‌ പടത്തെക്കുറിച്ചുള്ള ബൈറ്റുകളുടെയും ഇന്റർവ്യൂകളുടെയും ധാരാളിത്തമായി.. ആളൊരുക്കം, പപ്പുപിഷാരടി, വിസി അഭിലാഷ് എന്നിങ്ങനെ ഉള്ള പേരുകൾ ആളുകൾക്ക് സുപരിചിതവുമായി.. അങ്ങനെ ഈ ആളൊരുക്കം എന്താവുമെന്ന് അറിയാനുള്ള കൗതുകം ആളുകളിൽ വളർന്നുകൊണ്ടിരിക്കെ രണ്ടു റിലീസുമാറ്റി വെക്കലുകൾക്കു ശേഷം ഇന്ന് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി

  പപ്പു പിഷാരടി

  ആളൊരുക്കത്തെ കുറിച്ചുള്ള ആദ്യ വാർത്തകളിൽ മുതൽ അവസാന വിശേഷങ്ങളിൽ വരെ നിറഞ്ഞു നിൽക്കുന്ന പേരാണ് പപ്പു പിഷാരടിയുടേത്.. എഴുപത്തിയഞ്ചു വയസുകാരനാണ്.. ഓട്ടൻതുള്ളൽ കലാകാരനാണ്. 20 വർഷം മുൻപ് പതിനാറാം വയസിൽ നഷ്ടപ്പെട്ട മകനെയും തെരഞ്ഞ് അദ്ദേഹം അൻപതു കിലോ മീറ്റർ ദൂരെ ഉള്ള അപരിചിതമായ നഗരത്തിലേക്ക് വാർധക്യസഹജമായ അവശതകളുമായി എത്തുകയാണ്. ഇത്രയും കേൾക്കുമ്പോൾ ഒരു അവാർഡ് സിനിമയ്ക്ക് വേണ്ട ലക്ഷണമൊത്ത ക്ലീഷേ/ഫോർമുലാ വൺലൈൻ എന്ന് നിങ്ങൾ മനസിൽ പറഞ്ഞിട്ടുണ്ടാവും.. പക്ഷെ ആളൊരുക്കം എന്ന സിനിമ അതല്ല.. ആളൊരുക്കം നിങ്ങൾ ഉദ്ദേശിക്കുന്ന ഒരനുഭവമേയല്ല മുന്നോട്ടുവെക്കുന്നത്..

  ഓട്ടൻതുള്ളൽ അല്ല വിഷയം

  കഥകളിയും കൂടിയാട്ടവും നങ്ങ്യാർ കൂത്തും തെയ്യവും മുതൽ ചവിട്ടു നാടകവും കിലുക്കിക്കുത്തും മുച്ചീട്ടുകളിയും ഗരുഡൻ തൂക്കവും വരെയുള്ള അനുഷ്ഠാന കലകൾ അരവിന്ദൻ, ഷാജി എൻ കരുണും പോലുള്ള മാസ്റ്റർമാർ മുതൽ അങ്ങേയറ്റത്ത് സനൽകുമാർ ശശിധരൻ വരെ തങ്ങളുടെ ആർട്ട് ഹൗസ് സിനിമകളുടെ പശ്ചാത്തലത്തിനായി ഉപയോഗിച്ച് ഇച്ചീച്ചിയാക്കിയ ഒരു നാടാണ് കേരളം. ഒരുകാലത്ത്, മലയാളത്തിലെ അവാർഡ് സിനിമ സമം ഇതുപോലേയെങ്കിലും പാരമ്പര്യകലയുടെ കുത്തിച്ചെലുത്തൽ എന്ന ഒരു അനുഷ്ഠാന ഫോർമുലയീയി തന്നെ രൂപപ്പെട്ടു വന്നിരുന്നു.. (സായിപ്പിന്റെയും അന്യനാട്ടുകാരുടെയും കണ്ണിൽ പൊടിയിടാമെന്ന "മറ്റാർക്കും മനസിലാവാത്ത" ട്രേഡ് സീക്രട്ട്‌ തന്നെ പിന്നിൽ.. യേത്!!!) അതു കൊണ്ടു തന്നെ, ഓട്ടൻതുള്ളൽ കലാകാരനെ കേന്ദ്രമാക്കി ആളൊരുക്കം വരുന്നു എന്നുകേട്ടപ്പോൾ സത്യത്തിൽ ചുണ്ടിൽ ഒരു പരിഹാസച്ചിരിയാണ് വന്നത്. പക്ഷെ, പടം കണ്ടു കഴിഞ്ഞപ്പോൾ എന്റെ മുൻവിധികൾ തെറ്റാണെന്ന് മനസിലായി.. കാരണം, ഇത് ഏതെങ്കിലും മന്ദബുദ്ധി ജൂറിക്കാരെ കുഴിയിലിറക്കാൻ വേണ്ടി ഓട്ടൻതുള്ളലിനെ മുഴപ്പിച്ചുവെച്ചിരിക്കുന്ന ഒരു പടമേ അല്ല. പപ്പു പിഷാരടിയ്ക്ക് ഓട്ടൻതുള്ളലിന്റെ ഒരു പശ്ചാത്തലമുണ്ടായിരുന്നു..അദ്ദേഹത്തിന്റെ ഓർമ്മകളിൽ ഇപ്പോഴും അത് ലൈവായി കടന്നു വരുന്നുണ്ട്.. അത്രയേ ഉള്ളൂ..

  നഗരപ്രവേശവും മകനെ തേടലും..

  ഒരു ഉൾവിളി (intuition) കാരണമാണ് പിഷാരടി ഇരുപതു കൊല്ലങ്ങൾക്കിപ്പുറം മകൻ സജീവനെത്തേടി നഗരത്തിലെത്തുന്നത്. അവിടെ ഉണ്ട് എന്നൊരു ഉറച്ച തോന്നലിൽ അലഞ്ഞു നടക്കുന്നതിനിടെ അയാൾ വീണുപോകുന്നു.. അജ്ഞാതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുമ്പോൾ, അവിടെയുള്ള സീത എന്ന യുവഡോക്ടർ അയാളോട് കാണിക്കുന്ന അനുഭാവ പൂർണമായ പെരുമാറ്റത്തിലൂടെ ആ അന്വേഷണം തുടരുന്നു..‌ ഡോക്ടറുടെ സുഹൃത്തായ പ്രിയൻ എന്ന പത്രപ്രവർത്തകൻ, അയാളുടെ സുഹൃത്തായ പോലീസുദ്യോഗസ്ഥൻ എന്നിങ്ങനെയുള്ള കൈവഴികളിലൂടെ.. ഇപ്പോൾ നിങ്ങൾക്ക് തോന്നാം, ഈ മകനെ തേടലും കെളവന്റെ നഗര പ്രവേശവുമൊക്കെ ആർട്ട് ഹൗസ് സിനിമക്കാർ മുൻപെ പയറ്റിക്കഴിഞ്ഞ നമ്പരുകളല്ലേന്ന്.. അവിടെയും നിങ്ങൾക്ക് തെറ്റി.. സജീവനായുള്ള തെരച്ചിലും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും സിനിമയുടെ ആദ്യപാതിയുടെ മാത്രം ഉള്ളടക്കമാണ്.. ഒന്നാം തരമൊരു ഇന്റർവെൽ പഞ്ചോടുകൂടി മകനെ പിഷാരടി കണ്ടുമുട്ടുന്നതോടു കൂടി ആ ഒരു ട്വിസ്റ്റിൽ നമ്മൾ അമ്പരന്ന് പോവുകയും ഇതൊരു പുത്രാന്വേഷണ സിനിമയല്ല എന്ന് വ്യക്തമാകുകയും ചെയ്യും..

  തകർപ്പൻ സെക്കന്റ് ഹാഫ്..

  സജീവനെ കണ്ടെത്തിക്കഴിഞ്ഞ ശേഷം പപ്പു പിഷാരടിയുടെ പിരിമുറുക്കങ്ങളും ആന്തരിക സംഘർഷങ്ങളും അതിനിടയാക്കുന്ന സാഹചര്യങ്ങളുമാണ് ആളൊരുക്കം എന്ന സിനിമയെ വേറെ ലെവലാക്കി മാറ്റുന്നത്.. പ്രേക്ഷകൻ ഉദ്ദേശിക്കുന്ന റെയ്ഞ്ചിനപ്പുറം ചിന്തിച്ച് അതിന് കാരണമാവുന്ന ഒരു വഴിത്തിരിവ് സ്ക്രിപ്റ്റിൽ സൃഷ്ടിച്ചെടുത്തു എന്നിടത്താണ് വിസി അഭിലാഷ് ഒരു മികച്ച തിരക്കഥാകൃത്ത് ആയി മാറുന്നത്.. അത് കൃത്യമായി സ്ക്രീനിൽ എക്സിക്യൂട്ട് ചെയ്ത് പിഷാരടിയുടെയും മകന്റെയും‌ പ്രതിസന്ധികൾ പ്രേക്ഷകന്റേതു കൂടിയായി അനുഭവിപ്പിക്കാൻ കഴിയുന്നിടത്ത് ഫിലിം മേക്കിംഗ് തന്റെ മേഖല തന്നെയെന്ന് ഉറച്ചു വ്യക്തമാക്കാനും.. അത്രയ്ക്ക് ഗംഭീരമാണ് പടത്തിന്റെ സെക്കന്റ് ഹാഫും ക്ലൈമാക്സും പകർന്നുതരുന്ന ഫീൽ.. ഞാൻ റിവ്യൂ എഴുതുന്നത് മാതൃഭൂമിയ്ക്ക് വേണ്ടിയല്ലാത്തതിനാൽ അതെക്കുറിച്ച് എന്തെങ്കിലും സൂചന തരുന്നത് അഭിലഷണീയമാവില്ല താനും..

  അവാർഡ് അർഹിക്കുന്നത്..

  ആർക്കും പരാതിയിയൊട്ടുമില്ലാത്ത ഒരു അവാർഡ് പ്രഖ്യാപനമായിരുന്നു, ഇത്തവണ മികച്ച നടനാരെന്ന് ജൂറി കണ്ടെത്തി അവതരിപ്പിച്ച ഇന്ദ്രൻസ് എന്ന പേരുകാരന്റേത്. കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന്റെ പ്രകടന മികവ് പുരസ്‌കാരങ്ങൾ അർഹിക്കുന്ന ലെവലിൽ ആയിരുന്നു. അതിന്റെ ഒരു അൾട്ടിമേറ്റ് കൊട്ടിക്കയറ്റമാണ് ആളൊരുക്കത്തിൽ കാണുന്നത്. മാധ്യമങ്ങൾ മുൻ വിധിയിട്ടപോലെ ഓട്ടൻതുള്ളൽ കലാകാരൻ എന്ന നിലയിലോ മകനെ തെരയുന്ന വൃദ്ധന്റെ ദൈന്യമായിട്ടോ അല്ല ഇന്ദ്രൻസ് മറ്റാർക്കും അവകാശപ്പെടാനാവാത്ത വിധം‌ അവാർഡ് തന്റേതാക്കി മാറ്റുന്നത്.. മകനെ കണ്ടെത്തി കഴിഞ്ഞ ശേഷം ആ ഫ്ലാറ്റിൽ അനുഭവിക്കുന്ന മൂകവേദന..‌ ബിയോണ്ട് വേഡ്സ്.. ഏത് ജൂറിയും അവാർഡ് എടുത്തുകൊടുത്തുപോവും..

  ഇന്ദ്രൻസ് ചേട്ടന്റെ പേര് വാഴ്ത്തപ്പെടുമ്പോൾ കാണാതെ പോവരുതാത്ത മറ്റൊരു പേരാണ് ശ്രീകാന്ത് മേനോന്റേത്.. മുംബൈ മോഡലും പുതുമുഖവുമായ ശ്രീകാന്ത് പിഷാരടിയുടെ മകൻ സജീവനായി നടത്തിയിരിക്കുന്ന പകർന്നാട്ടം‌ വിസ്മയാവഹമാണ്.. ഒരു സ്പെഷ്യൽ ജൂറി മെൻഷൻ എങ്കിലും‌ അർഹിക്കുന്നത്ര ഗംഭീരം. ശ്രീകാന്തിന്റെ പ്രകടന മികവ് കൂടി ചേരുമ്പോഴാണ് പടത്തിന്റെ ക്ലാസ് നിർണയിക്കപ്പെടുന്നത്..

  കലാഭവൻ നാരായണൻ കുട്ടിയും അലൻസിയറുമാണ് പടത്തിൽ പേരറിയാവുന്ന മറ്റു രണ്ട് നടൻമാർ.. പുതുമുഖങ്ങളാണ് ബാക്കി വേഷങ്ങളിലൊക്കെ.. പിഷാരടിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവാനായി എത്തുന്ന വകയിലൊരു അനന്തിരവനായി സംവിധായകൻ വിസി അഭിലാഷും അക്കൂട്ടത്തിൽ ഉണ്ട്.. റോണി റാഫേൽ കമ്പോസ് ചെയ്ത രണ്ട് പാട്ടുകളിൽ വിദ്യാധരൻ മാഷ് ആലപിക്കുന്ന ഒരിടത്തൊരു പുഴയുണ്ടേ... ശ്രദ്ധേയമാണ്.

  അവാർഡ് ഗിമ്മിക്കല്ല തെല്ലും

  മുൻപെ പറഞ്ഞ പോലെ ഇതൊരു ഓട്ടൻതുള്ളൽ പടമോ മകനെത്തേടൽ പടമോ അവാർഡ് ഗിമ്മിക്ക് പടമോ അല്ല.. ചെറിയ ചെറിയ കുറ്റങ്ങളും‌ കുറവുകളുമൊക്കെയുണ്ടെങ്കിലും തിയേറ്ററിൽ നിന്നും ഇറങ്ങുമ്പോഴും ഉള്ളിലൊരു ഫീൽ കാഴ്ചക്കാരനിൽ നിലനിർത്താൻ കഴിവുള്ള ഡയറക്റ്റേഴ്സ് സ്പെഷ്യൽ ഐറ്റം ആണ്. അവാർഡുകൾക്ക് അത് നിമിത്തമായിതീരുന്നത് സ്വാഭാവികം..

  അടിയോടടി.. ഇടി വെടി പുക.. ആവോളം! (ചിലപ്പോഴൊക്കെ ബോറടിയും) ശൈലന്റെ റിവ്യൂ..!

  English summary
  Alorukkam movie review by Schzylan

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more