For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യഥാർത്ഥ ജീവിതം ഓസ്കാറിലൂടെ മുന്നിലെത്തുമ്പോൾ, സദീം മുഹമ്മദിന്റെ റിവ്യൂ

  By സദീം മുഹമ്മദ്
  |

  മുഹമ്മദ് സദീം

  ജേര്‍ണലിസ്റ്റ്
  സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന സദീം മുഹമ്മദ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്.

  Rating:
  3.5/5
  Star Cast: Tovino Thomas, Anu Sithara, Salim kumar
  Director: Salim Ahamed

  ആൻഡ് ദ ഓസ്കാർ ഗോസ് ടൂ വിലെ സലീം കുമാറിന്റെ കഥാപാത്രമായ സഖാവ് മൊയ്തു ഒരു സന്ദർഭത്തിൽ സിനിമയിൽ ഇങ്ങനെ പറയുന്നുണ്ട്, സിനിമയും ജീവിതവും തമ്മിൽ വലിയ അന്തരമുണ്ട്. ഒരു പക്ഷേ ഈ തിരിച്ചറിവ് തന്നെയാണ് സലീം അഹമ്മദിന്റെ ഓസ്കാർ ഗോസ് ടു വേറിട്ട ഒരു ചലച്ചിത്രമാക്കുന്നതിന്റെറ പ്രധാന ഘടകവും. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിൽ താങ്ങും തണലുമായി മാറേണ്ടതാണ് സിനിമയടക്കമുള്ള എല്ലാ കലാകായിക വിനോദങ്ങളുമെന്നത് ഒരു തത്വസംഹിത കൂടിയാണ്. ഇത്തരമൊരു തിരിച്ചറിവില്ലാതാകുമ്പോഴാണ് തൊലിപ്പുറത്ത് ഇക്കിളിപ്പെടുത്തുന്ന അല്പനേരത്തേക്കുള്ള നേരം പോക്കായി സിനിമയടക്കമുള്ളവയെ ചിലർ കാണുന്നത്. എന്നാലിതിനപ്പുറമാണ് ഇവക്ക് സമൂഹത്തിന്നു വേണ്ടി ചെയ്യാനുള്ളതെന്ന ബോധം പ്രേക്ഷകനിൽ ഉണ്ടാക്കുകയാണ് ഓസ്കാർ ഗോസ് ടു വെന്ന തന്റെ പുതിയ സിനിമയിലൂടെ സലീം അഹമ്മദ്.

  മൊഴി മാറ്റ സിനിമകൾ തേടി അങ്ങ് കൊറിയയിൽ വരെ സെർച്ച് ചെയ്ത് എത്തുന്ന ന്യൂ ജെൻ സിനിമാക്കാരുടെ പ്രളയത്തിനിടയിൽക്കൂടി തന്നെയാണ് , തന്റെ കണ്ണുരിരിലെ തികച്ചും ഗ്രാമീണമായ കൊച്ചു ജീവിത പരിസരത്തു നിന്ന് സലീം അഹമ്മദ് എന്ന സംവിധായകൻ , അങ്ങ് ഹോളിവുഡ് വരെയെത്തുന്ന വലിയ സിനിമകളെ തന്റെ ക്യാമറകളിലൂടെ കാണുന്നുവെന്നതാണ് വേറിട്ട മറ്റൊരു ഘടകം.

  ഒരു അഭിനിവേശമായി കൊണ്ടു നടക്കുന്ന ഇസ്ഹാഖ് ഇബ്രാഹീമി(ടൊ വിനോ തോമസ് )ന്റെ സിനിമ അങ്ങ് ഓസ്കാർ വേദിയിൽ വരെ എത്തുന്നത് തന്നെയാണ് ഈ സിനിമയുടെ കഥ. ആ റുവർഷം കാത്തിരുന്ന ശേഷം സ്വയം നിർമിച്ച് സംവിധാനം ചെയ്ത ഇസ്ഹാഖ് ഇബ്രാഹിമിന്റെ സിനിമക്ക് ദേശീയ അവാർഡ് ലഭിക്കുകയും ശേഷം ആ സിനിമ ഇന്ത്യയുടെ ഓസ്കാർ നോമിനിയായി മത്സരത്തിനെത്തുകയും ചെയ്യുകയാണ്. എന്നാൽ താൻ നിർമിച്ച സിനിമയെക്കാൾ കൂടുതൽ ഓസ്ക്കാറിലെ സിനിമാ പ്രമോഷനായി ചെലവഴിക്കേണ്ടി വന്ന ഇസ്ഹാഖ് ഇബ്രാഹീം എന്ന സംവിധായകന്റെ മുന്നിൽ സിനിമ ഷോട്ട് ലിസ്റ്റ് ചെയ്തിട്ടില്ലെന്ന തീർത്തും നിരാശജനകമായ മറുപടിയാണ് അവസാനം കിട്ടുന്നത്. എന്നാൽ ആദ്യം ഒന്ന് പതറിപ്പോകുന്നുവെങ്കിലും പെട്ടെന്ന് തന്നെ അതിൽ നിന്നും ഉയിർത്തെഴുന്നേല്ക്കുകയും ഓസ്ക്കാർ ലഭിച്ചാലുള്ളതുപോലുള്ള ഒരു പോസറ്റീവ് എനർജി ലഭിക്കുന്ന വ്യക്തിയായി ഇസ്ഹാഖ് ഇബ്രാഹീം മാറുകയാണ്.

  ഓസ്കാറിനായി താൻ തയ്യാറെടുത്തതു മുതലുള്ള കാര്യങ്ങൾ വെച്ച് തന്റെ അടുത്ത സിനിമക്കുള്ളകഥ കണ്ടെത്തുകയാണ് സംവിധായകൻ. കൂടാതെ തനിക്ക് താങ്ങും തണലുമായി നിന്ന അമേരിക്കൻ മലയാളി പ്രിൻസ് (സിദ്ദീഖ് ) എന്ന സിനിമ മോഹം അടക്കി കെട്ടി പ്രവാസ ജീവിതത്തിലേക്ക് വഴിമാറിയ ആളിലും തന്നെ ഓസ്ക്കാർ പ്രവർത്തനങ്ങൾക്കായി സഹായിക്കുവാനായി എത്തിയ അമേരിക്കക്കാരിയിലുമെല്ലാം കഥാപാത്രങ്ങളെ കണ്ടെത്തുകയാണ് ഇസ്ഹാഖ് ഇബ്രാഹീം.

  സിനിമ കഴിയുമ്പോൾ കാഴ്ചക്കാരനിലേക്ക് ഒരു പോസിറ്റീവ് എനർജി നല്കുന്നുവെന്നതാണ്. ഒരു സിനിമയിലൂടെ ഓസ്കാർ നോമിനേഷൻ വരെയെത്തിയ എല്ലാം കീഴടക്കിയ സിനിമാക്കാരന്റെ കഥ പറയുന്നതോടൊപ്പം സിനിമ ഒരു Passion ആയി കൊണ്ടു നടന്ന് ഒന്നുമാകാതെ പോയ പതിനായിരങ്ങൾ ഇപ്പോഴും നമ്മുടെ കൊച്ചു കേരളത്തിലടക്കമുണ്ടെന്നുള്ളതിലേക്ക് കൂടി ഈ സിനിമ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നുണ്ട്. ചെന്നൈയിലെ തട്ടുകടയിൽ ഇസ്ഹാഖ് ഇബ്രാഹീം ഭക്ഷണം കഴിക്കുവാൻ വരുമ്പോൾ കണ്ടുമുട്ടുന്ന അസോസിയേറ്റ് ഡയറക്ടർ , തന്റെ സുഹൃത്തുകൂടിയായ അസോസിയേറ്റ് ഡയറക്ടർ തുടങ്ങി ഇത്തരം കഥാപാത്രങ്ങളുടെ ഈ സിനിമയിലെ പ്രേക്ഷകനോട് പറയുവാനുള്ള ദൗത്യവും ഇതുതന്നെയാണ്‌.

  ഒരന്തർ ദേശീയ മാനം കൈവരുവാനാണെങ്കിൽക്കൂടി പശ്ചാത്തല സംഗീതം ചിലപ്പോഴെല്ലാം സിനിമയുടെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിന് തടസ്സമാകുന്നുവെന്നത് കൂടി പറയാതെ വയ്യ. സിദ്ദീഖിന്റെ കൈയിൽ ഏതു കഥാപാത്രവും തികച്ചും ഭദ്രമാണെന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിക്കുകയാണ് പ്രിൻസ് എന്ന അമേരിക്കൻ മലയാളിയിലൂടെ. അതേപോലെ മാലാ പാർവതിയുടെ ഉമ്മയും സലീം അഹമ്മദിന്റെ മൊയ്തുവും തീർത്തും വ്യത്യസ്തമായ പ്രതീതിയുണ്ടാക്കുന്നതാണ്. പ്രകടമായി രാഷ്ട്രീയം പറയുന്നില്ലെങ്കിലും അമേരിക്കൻ എംബസിയിൽ വെച്ച് യു ആർ ഐസക്ക് എബ്രഹാം ? എന്നു ചോദിക്കുന്ന അമേരിക്കക്കാരിയായ റിസപ്ഷണിസ്റ്റിനെ ആയാം ഇസ്ഹാഖ് ഇബ്രാഹീം, അയാം ഏ മുസ്‌ലിം എന്നു പറഞ്ഞ് തിരുത്തുന്നതും അതിന് തൊട്ടു മുൻപ് ഇസ്ഹാഖ് ഡൊണാൾസ്ട്രം വിന്റെ ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കുന്നതുമെല്ലാം വർത്തമാനകാല അമേരിക്കയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്.

  ഇത് തികച്ചും സാങ്കല്പികം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആൻഡ് ഓസ്കാർ ഗോസ് ടു കാണുവാൻ പോകുമ്പോൾ നിങ്ങൾ സംവിധായകൻ സലീം അഹമ്മദിന്റെ ജീവിതകഥ കൂടി വായിച്ചാണ് പോകുന്നതെങ്കിൽ ഈ സിനിമയിൽ എങ്ങനെ ഒരു യാഥാർത്ഥ ജീവിതം മനോഹരമായ ഒരു സിനിമയാക്കി മാറ്റിയെന്നത് നമുക്ക് അനുഭവിച്ചറിയുവാൻ കഴിയും. അത് നല്കുന്ന അനുഭൂതി ചിലപ്പോൾ വാക്കുകൾ കൊണ്ട് എഴുതി പ്രതിഫലിപ്പിക്കുവാൻ പറ്റുന്നതിനുമപ്പുറമായിരിക്കും.

  ചുരുക്കം: ടൊവിനോ തോമസിന്റെ പ്രകടനം കൊണ്ട് സിനിമ കഴിയുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജി നല്‍കാന്‍ ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടുവിന് സാധിക്കുന്നുണ്ട്.

  English summary
  and the oscar goes to movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X