»   » അത്ര ലോക്കലല്ല അങ്കമാലി ഡയറീസ്‌!!! അങ്കമാലിക്കാര്‍ക്കൊപ്പം രണ്ട്‌ മണിക്കൂര്‍!!!

അത്ര ലോക്കലല്ല അങ്കമാലി ഡയറീസ്‌!!! അങ്കമാലിക്കാര്‍ക്കൊപ്പം രണ്ട്‌ മണിക്കൂര്‍!!!

Posted By:
Subscribe to Filmibeat Malayalam
Rating:
4.0/5

പരീക്ഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്‌. പക്ഷെ എല്ലാം ഒന്നില്‍ നിന്നൊന്ന്‌ വ്യത്യസ്‌തം. കട്ട ലോക്കല്‍ എന്ന ടാഗ്‌ ലൈനില്‍ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ്‌ അത്ര ലോക്കല്‍ അല്ല. ചിത്രം പറയുന്നത്‌ അങ്കമാലിയിലെ സാധാരണ ജീവിതമാണെന്ന്‌ മാത്രം. ആ ജീവിതം സിനിമയുടെ ഗിമ്മിക്കുകളില്ലാതെ പകര്‍ത്താനായി എന്നതാണ്‌ ലിജോ ജോസ്‌്‌ പല്ലിശ്ശേരി എന്ന സംവിധായകന്റെ വിജയം.

ചെമ്പന്‍ വിനോദ്‌ ജോസ്‌ എന്ന നടന്റെ തിരക്കഥാകൃത്തിലേക്കുള്ള രൂപാന്തരം കൈയടി അര്‍ഹിക്കുന്നുണ്ട്‌. ഒരു അങ്കമാലിക്കാരനായ ചെമ്പന്‍ വിനോദിന്‌ അങ്കമാലിയെ അക്ഷരം പ്രതി കടലാസിലേക്ക്‌ പകര്‍ത്താനായി. കൊട്ടേഷനും അടിപിടികളും കൊച്ചിക്കാരന്റെ മാത്രമല്ല. ഓരോ നാടിനും അതിന്റെ പശ്ചാത്തലില്‍ ഇത്തരം ജീവിതങ്ങളെ കണ്ടെത്താനാകുമെന്നും അങ്കമാലിയുടെ ഈ ഡയറിത്താളുകള്‍ പ്രേക്ഷകന്‌ കാണിച്ചു തരുന്നുണ്ട്‌.

അങ്കമാലിയുടെ ജീവിതം

അങ്കമാലി ടൗണിലൂടെ ബസില്‍ യാത്ര ചെയ്യുമ്പോള്‍ കാണുന്ന ജീവിതമല്ല അങ്കമാലിയുടേത്‌. അത്‌ പള്ളിപ്പെരുന്നാളും കിഴങ്ങിട്ട്‌ വച്ച കോഴിക്കറിയുടേയും കായ ഇട്ട്‌ വച്ച്‌ പോര്‍ക്കിന്റേയും അടിയും ഇടിയും പ്രണയവും പ്രാരാബ്ദങ്ങളും ഉള്ള ജീവിതമാണ്‌. അത്‌ അടുത്ത്‌ അറിയണമെങ്കില്‍ രണ്ട്‌ മണിക്കൂറിന്റെ ചെലവേ ഉള്ളു. അതാണ്‌ ഒറ്റ വാചകത്തില്‍ അങ്കമാലി ഡയറീസ്‌. നോണ്‍ ലീനിയര്‍ കഥ പറച്ചിലാണ്‌ അങ്കമാലി ഡയറീസിന്റേത്‌്‌. പക്ഷെ വിട്ടുപോകാത്ത്‌ കൂട്ടിമുട്ടിക്കലുകള്‍ സിനിമയുടെ രസച്ചരട്‌ പൊട്ടാതെ സൂക്ഷിക്കുന്നു.

86 പുതുമുഖങ്ങള്‍

സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്‌ അതിലെ കഥാപാത്രങ്ങളാണ്‌. അങ്കമാലിയുടെ കഥപറയാന്‍ അങ്കമാലിക്കാരെ തന്നെ തിരഞ്ഞെടുത്തു എന്നതാണ്‌ സിനിമയുടെ വിജയം. 86 പുതുമുഖങ്ങളാണ്‌ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്‌. കണ്ട്‌ പരിചയമുള്ള മുഖങ്ങളെ ചിത്രത്തില്‍ കണ്ടെത്താന്‍ കഴിയില്ല. പക്ഷെ പുതുമുഖങ്ങളുടെ സിനിമ എന്ന ഒരു തോന്നല്‍ പ്രേക്ഷകന്‌ ഉളവാകുകയുമില്ല. മലയാളത്തിന്‌ ഒരു പിടി മികച്ച താരങ്ങളെ സംഭാവന ചെയ്യാന്‍ ചിത്രത്തിനായി.

സിനിമയുടെ പ്രമേയം

പ്രമേയപരമായി നോക്കുകയാണെങ്കില്‍ സിനിമയില നായകനായ പെപ്പെ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ചില നിമിഷങ്ങള്‍, ഒറ്റ വാചകത്തിലെ അങ്കമാലി ഡയറീസ്‌ അതാണ്‌. പെപ്പെയുടെ കുട്ടികാലത്തു നിന്നും അവനൊപ്പം കൂടുന്ന പ്രേക്ഷകര്‍ കഥാന്ത്യം വരെ അവനോടൊപ്പമുണ്ടാകും. പ്രണയവും ജീവിതവും വിവാഹവും അടിപിടികളും കേസും കോടതിയും ഒത്തുതീര്‍പ്പും ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ അവസ്ഥകളൊക്കെ ഇവിടെയുമുണ്ട്‌. കള്ളിനൊപ്പം തൊട്ടുകൂട്ടാന്‍ അല്‌പം പോര്‍ക്കും കൂടെ ഉണ്ടാകും.

പ്രേക്ഷക പങ്കാളിത്തം

തീയറ്ററില്‍ പ്രേക്ഷകരെ വെറും കാഴ്‌ചക്കാരാക്കുന്ന സിനിമകളേക്കാള്‍ പ്രേക്ഷക പങ്കാളിത്തം കൂടെ ഉറപ്പുവരുത്തുന്ന ചിത്രങ്ങളാണ്‌ ഏക്കാലവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുക. അക്കാര്യത്തില്‍ അങ്കമാലി ഡയറീസിന്‌ ഒരു ഉറപ്പുള്ള ചിത്രമാണ്‌. രണ്ട്‌ മണിക്കൂര്‍ അങ്കമാലിയിലെ ചില ജീവിതങ്ങളോടൊപ്പം ചെലവഴിച്ച്‌മടങ്ങുന്ന ഒരു പ്രതീതി ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്കുണ്ടാകും. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളുടെ സങ്കര്‍ഷങ്ങളും പ്രശ്‌നങ്ങളും പ്രേക്ഷകരുടേതായി മാറും.

ഇന്റര്‍വെല്‍ പഞ്ചും ക്ലൈമാക്‌സും

മികച്ച ഇന്റര്‍വെല്‍ പഞ്ച്‌ ഒരു സിനിമയുടെ വിജയത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്‌. പത്ത്‌ നിമിഷത്തെ ഇടവേളയ്‌ക്കായി കൊട്ടകയിലെ ഇരുട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്ന പ്രേക്ഷകന്‍ സിനിമയില്‍ തന്നെ തുടരുന്നിടത്താണ്‌ ഇന്റര്‍വെല്‍ പഞ്ചിന്റെ വിജയം. അവിടെ വിജയിക്കാന്‍ അങ്കമാലി ഡയറീസിന്‌ കഴിഞ്ഞിട്ടുണ്ട്‌. പ്രേക്ഷകര്‍ക്ക്‌ ആകാംഷ നിറച്ചുകൊണ്ടാണ്‌ ചിത്രത്തിന്റെ ഇന്റവെല്‍ കടന്നു വരുന്നത്‌. പ്രേക്ഷകനെ വാച്ചില്‍ നോക്കാതെ പിടിച്ചിരുത്താന്‍ ചിത്രത്തിനായി. ഇതേ നിലവാരം ക്ലൈമാക്‌സിലും പുലര്‍ത്താന്‍ ലിജോ ജോസിന്‌ കഴിഞ്ഞു.

ഒറ്റ ഷോട്ടിന്റെ മാസ്‌മരികത

ഒറ്റ ഷോട്ടിന്റെ വിസ്‌മയം ഇക്കുറി ക്ലൈമാക്‌സിലേക്കാണ്‌ ലിജോയും കൂട്ടുകാരും കരുതി വച്ചരിക്കുന്നത്‌. സിനിമയുടെ റിലീസിന്‌ മുമ്പേ ഈ രംഗം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌തു. ആയിരം ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി 11 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ടിലാണ്‌ ക്ലൈമാക്‌സ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. അതിഭാവുകത്വമില്ലാതെ ക്ലൈമാക്‌സ്‌ ഒരുക്കാന്‍ ലിജോ ജോസിനായി. ആദ്യമായല്ല ഇത്തരത്തിലൊരു രംഗം ലിജോ ജോസ്‌ ചിത്രീകരിക്കുന്നത്‌. തന്റെ രണ്ടാമത്തെ ചിത്രമായ സിറ്റി ഓഫ്‌ ഗോഡിലെ ഒരു സംഘട്ടന രംഗം ഒറ്റ ഷോട്ടിലാണ്‌ ലിജോ ചിത്രീകരിച്ചത്‌്‌. സുജിത്‌ വാസുദേവായിരുന്ന ക്യാമറ കൈകാര്യം ചെയ്‌തിരുന്നത്‌. അഭിനന്ദ്‌ രാമാനുജനൊപ്പം ആമേനില്‍ ഒറ്റ ഷോട്ടില്‍ ഒരുക്കിയത്‌ ഒരു ഗാനമായിരുന്നു. ഇക്കുറി ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്‌ ഗിരീഷ്‌ ഗംഗാധരനാണ്‌.

പിന്നണിയില്‍

ഗാനങ്ങള്‍ പ്രത്യേകം എടുത്ത പറയേണ്ടവയാണ്‌. ചിത്രത്തില്‍ മാറ്റി നിറുത്തി ആഘോഷിക്കാനുള്ള ഗാനങ്ങളൊന്നുമില്ലെങ്കിലും സിനിമയുടെ ഭാഗമായി കഥയോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നവയാണ്‌ ഗാനങ്ങള്‍. അങ്കമാലിയുടെ ജീവിതം ഗാനങ്ങളിലും ഗാനരംഗങ്ങളിലും നിറയുന്നുണ്ട്‌. 86 പുതുമുളഖങ്ങളെ അണനിരത്തി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത്‌ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്‌ ബാബുവാണ്‌. തന്റെ മുന്‍ സിനിമകളില്‍ പുതിയ അണിയറ പ്രവര്‍ത്തകര്‍ക്ക്‌ അവസരം നല്‍കിയ വിജയ്‌ ബാബു ഇക്കുറി ക്യാമറയ്‌ക്ക്‌ മുന്നിലാണ്‌ പുതുമുഖങ്ങളെ അണിനിരത്തിയിരിക്കുന്നത്‌.

ധൈര്യമായി ടിക്കറ്റെടുക്കാം

അങ്കമാലിയുടെ ഭാഷ ശൈലി ആ നാടിന്‌ പുറത്തുള്ള പ്രേക്ഷകര്‍ക്ക്‌ അത്രത്തോളം എളുപ്പത്തില്‍ മനസിലാകണമെന്നില്ല. രണ്ട്‌ മണിക്കൂര്‍ കുറച്ച്‌ അങ്കമാലിക്കാര്‍ക്കൊപ്പം, അവരുടെ ജീവിതത്തിനൊപ്പം ചെലവഴിച്ച അനുഭവത്തില്‍ പ്രേക്ഷകര്‍ക്ക്‌ തിയറ്റര്‍ വിടാം. ഒരു നല്ല സിനിമാ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക്‌ ധൈര്യമായി ടിക്കറ്റെടുക്കാവുന്ന സിനിമ തന്നെയാണ്‌ അങ്കമാലി ഡയറീസ്‌. സിനിമാറ്റിക്‌ ചേരുവകളുടെ അതിപ്രസരമില്ലാതെ ഒരു റിയലിസ്‌റ്റിക്‌ സിനിമ.

English summary
Anakmali Diaries is a realisrtic movie which show the real life of Ankamali natives. Its a must watch movie if you like good cinema experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam