»   » നിരൂപണം; കലിപ്പിലാണെങ്കിലും ആന്‍മരിയയാണ് താരം

നിരൂപണം; കലിപ്പിലാണെങ്കിലും ആന്‍മരിയയാണ് താരം

Posted By: Naveen Kumar
Subscribe to Filmibeat Malayalam

അണു കുടുംബത്തിലെ കുട്ടികള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രം. മാതാപിതാക്കളുടെ പ്രവൃത്തികളും സംഭാഷണങ്ങളും പോലും ഏതെല്ലാം രീതിയില്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്ന് കാണിച്ചിരിക്കുകയാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിനു ശേഷം യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. തിയേറ്ററുകളില്‍ അധികം കോളിളക്കം സൃഷ്ടിച്ചില്ലെങ്കിലും പിന്നീട് പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച പടമാണ് 'ആട്. നര്‍മ്മത്തിലൂടെ വലിയ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന മിഥുന്‍ മാനുവല്‍ തോമസ് ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലും സ്വീകരിച്ചിരിക്കുന്നത് ഇതേ രീതിയാണ്. തൃപ്തികരമായ ഒരു കൊച്ച് ചിത്രമാണ് 'ആന്‍മരിയ കലിപ്പിലാണ്' . അല്‍പ്പം അസ്വഭാവികത തോന്നിയേക്കാമെങ്കിലും ക്ലീഷേകളില്ലാത്ത തിരക്കഥയിലൂടെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ സംവിധായകന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

127 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ആന്‍മരിയയുടെ കഥയാണ്. സിറിയയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന റോയ് മാത്യു, നാട്ടിലെ ഡോക്ടറായ ട്രീസ ദമ്പതികളുടെ മകളായ നാലാം ക്ലാസുകാരി ആന്‍മരിയയിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഒരിക്കല്‍ സ്‌കൂളില്‍ വച്ച് ആന്‍മരിയ ഫിസിക്കല്‍ ട്രെയിനിംഗ് ആധ്യാപകന്‍ ഉള്‍പ്പെട്ട വിഷയത്തില്‍ അസ്വാഭികമായ ചിലത് അവളുടെ ശ്രദ്ധയില്‍പെടുവാനിടയായി. അക്കാര്യം ആന്‍മരിയയെ ഏതെല്ലാം വിധത്തില്‍ ബാധിച്ചു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മുതിര്‍ന്ന നായികമാരുടെ പ്രകടനങ്ങളില്‍ പോലും മിക്കപ്പോഴും കൃത്രിമത്വം നിഴലിക്കുമ്പോള്‍ ദൈവത്തിരുമകന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സാറ അര്‍ജ്ജുന്‍, ആൻമരിയ എന്ന തന്റെ കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തി. ആന്‍മരിയയുടെ പിതാവിന്റെ വേഷം സൈജു കുറുപ്പും, മാതാവിന്റെ വേഷം ലിയോണ ലിഷോയും ഗംഭീരമാക്കി. സ്‌കൂളിലും വീട്ടിലും ആന്‍മരിയ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പ്രധാന്യം നല്‍കികൊണ്ട് മുന്നോട്ട് പോയ ആദ്യപകുതിയും കുടുംബ ബന്ധങ്ങള്‍ക്കും നായകനും പ്രാധാന്യം നല്‍കി മുന്നോട്ട് പോയ രണ്ടാം പകുതിയും പ്രതീക്ഷകള്‍ക്ക ഒത്ത് നില്‍ക്കുന്നതാണ്. എന്നാല്‍ തൃപ്തികരം എന്ന് പറയാവുന്ന ക്ലൈമാക്‌സ് മാത്രമാണ് ചിത്രത്തിന്റേത്.

annmariya-2

വീട്ടില്‍ നിന്നും കേള്‍ക്കുന്ന വാടക ഗുണ്ട എന്ന വാക്കിലൂടെയാണ് ആന്‍മരിയ പൂമ്പാറ്റ ഗിരീഷിനെ പരിചയപ്പെടുന്നത്. പൂമ്പാറ്റ ഗിരീഷും ആന്‍മരിയയുമാണ് പിന്നീട് ചിത്രം മുന്നോട്ട് കൊണ്ട് പോകുന്നത്. പൂമ്പാറ്റ ഗിരീഷിനെ സണ്ണി വെയ്‌നും അയാളുടെ സുഹൃത്തായ ആംബ്രോസിനെ അജുവര്‍ഗീസും മികച്ച രീതിയില്‍ അവതരിപ്പിച്ചു. നമ്മുടെ വീടുകളില്‍ ഉണ്ടാകുന്ന ഒരോ സംഭവങ്ങളും സംസാരവും നമ്മുടെ കൂട്ടികളെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നത് സംവിധാകന്‍ കൃത്യമായി സിനിമയിലൂടെ കാണിച്ചിട്ടുണ്ട്.

തട്ടത്തിന്‍ മറയത്തിലെ ഇംത്യാസിലൂടെ മലയാള സിനിമയിലേക്ക് വന്ന ജോണ്‍ കൈപ്പള്ളിയാണ് പ്രതിനായക വേഷമായ ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപകനെ അവതരിപ്പിക്കുന്നത്. മാല്‍ഗുഡി ഡേയ്‌സിലൂടെ മോശം പ്രകടനം കാഴ്ചവെച്ച മാസ്റ്റര്‍ വിശാല്‍ ആൻമരിയയുടെ സഹപാഠിയായ അവിനാശ് എന്ന കഥാപാത്രത്തെ, സംഭാഷണ രംഗങ്ങള്‍ ഇത്തിരി മോശമായെങ്കിലും ഗംഭീരമാക്കി. ബേബിച്ചായാന്‍ എന്ന കോടീശ്വരനെ അവതരിപ്പിച്ച സിദ്ദിക്കും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.

കാക്കാടന്‍ മല എന്ന പേരിലുള്ള സ്ഥലത്തിന്റെ ദൃശ്യമുള്‍പ്പെടെ ആദ്യരംഗം മുതല്‍ ഛായാഗ്രഹണം വിഷ്ണു ശര്‍മ്മയുടെ കൈകളില്‍ ഭദ്രമായിരുന്നു എന്നു തന്നെ പറയാം. കോളനികളില്‍ താമസിക്കുന്നരോടുള്ള സമ്പന്നവിഭാഗത്തിന്റെ അവജ്ഞയും സര്‍ക്കാരിന്റെ മദ്യ നയത്തോടുള്ള പ്രതിഷേധവുമെല്ലാം ചിത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

എല്ലാ ആളുകളിലും അവരുടെ ജീവിതം മാറ്റാൻ ഒരു മാലാഖയുണ്ടാകും. അത് വ്യത്യസ്ത രൂപത്തിലോ സാഹചര്യത്തിലോ ആയിരിക്കാം അത്തരം ഒരു മാലാഖയായി മലയാളത്തിലെ ഒരു യുവനടനും ഗസ്റ്റ് അപ്പിയറന്‍സിലൂടെ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

കൊച്ച് കുട്ടികള്‍ക്കുള്ള പ്രതികരണ ശേഷി പോലും ഇന്നത്തെ യുവജനങ്ങള്‍ക്കുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് ആന്‍മരിയയിലൂടെ സംവിധായകന്‍ മനസാക്ഷി മരവിച്ച ഇന്നത്തെ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് എപ്പോഴും ഹീറോ അവരുടെ അച്ഛന്‍ തന്നെയായിരിക്കും. പിതാവില്‍ നിന്ന് മക്കള്‍ക്ക് ലഭിക്കേണ്ട സ്‌നേഹത്തെയും പരിഗണനയെയും ഉദാഹരണ സഹിതം ചിത്രം എടുത്തു കാണിക്കുന്നുണ്ട്. വ്യത്യസ്ത ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ആര്‍ക്കും ആന്‍മരിയയ്ക്ക് ടിക്കറ്റെടുക്കാം. കാത്തിരുന്ന പ്രേക്ഷകര്‍ക്കെല്ലാം ആന്‍മരിയ ഒരു സര്‍പ്രൈസ് നല്‍കുന്നുണ്ട്.

-
-
-
-
English summary
Ann Mariya Kalippilanu film review.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam