For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ശരീരഭാഗം കാണിക്കാമോ? നടി അന്‍സിബ അതങ്ങ് ഹ്രസ്വചിത്രമാക്കി! 'എ ലൈവ് സ്റ്റോറി' യൂട്യൂബില്‍ ഹിറ്റ്!!

  By Desk
  |

  സതീഷ് പി ബാബു

  സിനിമകളെ ഗൗരവത്തോടെ കാണുന്ന ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി. നിരവധി ഷോര്‍ട് ഫിലിമുകള്‍ ഒരുക്കുന്നതിന് പുറമേ ആനുകാലികങ്ങളില്‍ ധാരാളം സിനിമാസ്വാദനങ്ങളും എഴുതിയിട്ടുണ്ട്.

  സെലിബ്രിറ്റികള്‍ കൊച്ചു ആശയങ്ങളുള്ള ഹ്രസ്വചിത്രങ്ങളുമായി രംഗത്തിറങ്ങുന്നത് ഇന്നൊരു പുതുമയുള്ള കാര്യമേയല്ല. ചുരുങ്ങിയ ചെലവില്‍ നല്ല ടെക്‌നീഷ്യന്‍മാരെ ഉള്‍പ്പെടുത്തി അവര്‍ നിര്‍മിച്ച ഒട്ടുമിക്ക ചിത്രങ്ങളും യൂട്യൂബില്‍ സൂപ്പര്‍ഹിറ്റുകളുമാണ്. ജയസൂര്യ നിര്‍മിച്ച് ആര്‍ ജെ സൂര്യയുടെ തിരക്കഥയില്‍ ആന്റണി സോണി സംവിധാനം ചെയ്ത 'മൂന്നാമിട'മായിരുന്നു ആ ഗണത്തില്‍ ഈയടുത്ത കാലത്തെ ബമ്പര്‍ ഹിറ്റ്. ഒരു സെലിബ്രിറ്റിയെന്ന നിലക്കുള്ള അവരുടെ വിപണന മൂല്യം ഇത്തരം ഷോര്‍ട് ഫിലിമുകളുടെ പ്രചരണത്തില്‍ പ്രധാന വഹിക്കുന്നുണ്ടെങ്കിലും അമേച്ചര്‍ ഷോര്‍ട്ട് ഫിലിം സംവിധായകരുടെ പ്രധാന തടസ്സമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ക്ക് ഒരു വിഷയമല്ലാത്തത് കൊണ്ടു തന്നെ, അവരുടെ ചിത്രത്തിന്റെ നിലവാരം ഉയര്‍ന്ന് നില്‍ക്കാറുമുണ്ട്.

  ഈ മേഖലയിലേക്ക് ഇപ്പോള്‍ കാലെടുത്ത് വച്ചിരിക്കുന്നത് പ്രശസ്ത നടിയും അവതാരകയുമായ അന്‍സിബ ഹസ്സനാണ്. മാസങ്ങള്‍ക്ക് മുമ്പ് നടിക്കുണ്ടായ ഒരു ദുരനുഭവത്തില്‍ നിന്നാണ് ഈ ഷോര്‍ട് ഫിലിം ഉടലെടുത്തിരിക്കുന്നത്. ചിത്രം ചെയ്യണമെന്ന് ആഗ്രഹം തോന്നിയപ്പോള്‍ തന്നെ അവരത് ചാനല്‍ പരിപാടിക്കിടയില്‍ വെളിപ്പെടുത്തിയിരുന്നു. അങ്ങനെയാണ് ചെറിയ തോതില്‍ ചെയ്യാന്‍ ആഗ്രഹിച്ച ചിത്രം കുറച്ച് കൂടി വിപുലമാവുന്നത്.

  കുറച്ച് മുമ്പ് ഒരു ഫേസ്ബുക്ക് ലൈവിനിടയില്‍ നടിയുടെ ശരീരഭാഗം കാണണമെന്ന ഒരു ഞരമ്പുരോഗിയുടെ ആവശ്യം അന്‍സിബക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ആ അനുഭവം തന്നെയാണ് ഇവിടെയവര്‍ തന്റെ ആദ്യ ഷോര്‍ട്ട് ഫിലിമിന് കഥയാക്കി മാറ്റിയിരിക്കുന്നത്. ചലച്ചിത്ര നടിയായ ലയ (മരീന മിഖായേല്‍ ) തന്റെ ബര്‍ത്ത് ഡേ ലൈവ് ചെയ്യുന്നതിനിടയില്‍ ഒരു ചീത്ത കമന്റ് വരികയും അതിലവള്‍ അസ്വസ്ഥയാവുകയും ചെയ്യുന്നു. തുടര്‍ന്ന് സുഹൃത്തുക്കളുമൊന്നിച്ച് ഒരു പ്രോഗ്രാമിനെന്ന വ്യാജേന കമന്റ് പറഞ്ഞയാളുടെ (കലാഭവന്‍ പ്രജോദ്) വീട്ടിലെത്തുന്നതും അയാളുടെ ഭാര്യക്കും (അഞ്ജന അപ്പുകുട്ടന്‍) അമ്മക്കും (പോളി വില്‍സന്‍) ഇടയില്‍ വച്ച് അയാള്‍ക്ക് മറുപടി കൊടുക്കുന്നതുമാണ് ഇതിവൃത്തം. ഒരു ക്യാപ്‌സൂള്‍ രൂപത്തിലുള്ള കഥാവികസനവും താക്കീതുമായാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. ആ ഒരൊറ്റ കാരണം കൊണ്ടു തന്നെ ഇതൊരു കലാത്മക പ്രതിഷേധമാണെന്ന് പറയാനും വയ്യ. മറുപടി കൊടുക്കലും പാതകള്‍ തെളിക്കലുമല്ലല്ലോ കലയെന്നു പറയുന്നത്. ഒരു ചാനല്‍ പരിപാടിയിലെ കോമഡി സ്‌കിറ്റിനപ്പുറം ഈ ചിത്രത്തിന് ജീവനില്ലാതെ പോയതും മേല്‍ കാരണങ്ങളാലാണ്.

  എങ്കിലും സെലിബ്രിറ്റികളായ സ്ത്രീകള്‍ പൊതുവേ പിഴച്ചവരാണെന്ന നവകാല യുവതയുടെ വിശകലനസിദ്ധാന്തങ്ങള്‍ക്ക് മേല്‍ ഒരു പ്രഹരം നല്‍കാന്‍ ഇത്തരം ഉദ്യമങ്ങള്‍ അനിവാര്യവുമാണെന്ന് പറയാതെ വയ്യ. പറയുന്നത് വികല ആണ്‍നിരീക്ഷണബോധത്തിന് ഇരയായ ഒരു സ്ത്രീ തന്നെയാവുമ്പോള്‍ അത് ഞരമ്പുരോഗവാഹകരുടെ നെറ്റി ചുളിക്കാനുതകുന്ന ഒരായുധമായ് മാറുന്നുമുണ്ട്. പ്രമോദ് രാജിന്റെ ഛായാഗ്രഹണവും അഭിലാഷ് വിശ്വനാഥിന്റെ എഡിറ്റിംഗും രഞ്ജിന്‍രാജ് വര്‍മയുടെ സംഗീതവുമൊക്കെ ഒരു സിനിമാറ്റിക് ആംബിയന്‍സ് സൃഷ്ടിക്കാന്‍ അന്‍സിബയെ സഹായിക്കുന്നുണ്ട്.

  ഏഷ്യാനെറ്റ് പ്ലസ്സിലെ സൂപ്പര്‍ ടാലന്റിലൂടെയാണ് അന്‍സിബയെ കുറിച്ച് മലയാളികള്‍ അറിഞ്ഞു തുടങ്ങുന്നത്. ആ പ്രോഗ്രാമിലെ ഏറ്റവും പോപ്പുലറായ ആക്ട്രസ്സും അവരായിരുന്നു. ഇതേ തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താവിഷയം പോലുള്ള സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ അത്രകണ്ട് ക്ലച്ച് പിടിക്കാത്തതിനാല്‍ ഇടയില്‍ 'കച്ചേരി ആരംഭം ' എന്ന തമിഴ് സിനിമയില്‍ ഉപനായികയായി അഭിനയിച്ചു. പക്ഷേ സൂപ്പര്‍ ഹിറ്റുകളില്ലാതെ സാവധാനം മാത്രം നീങ്ങിയ കരിയര്‍ ഗ്രാഫ് ജീത്തു ജോസഫിന്റെ 'ദൃശ്യ'ത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചതോടെ കുത്തനെ ഉയരുകയായിരുന്നു. പിന്നീട് ഗുണ്ട, വിശ്വാസം അതല്ലേ എല്ലാം, ഷീ ടാക്‌സി, പരീത് പണ്ടാരി, സീബ്രാ വരകള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കാഴ്ചവെച്ചുവെങ്കിലും 'ദൃശ്യ 'ത്തിനപ്പുറം അന്‍സിബ എന്ന അഭിനേത്രിയെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളൊന്നും അവര്‍ക്ക് കിട്ടിയില്ല. ഇടയ്ക്ക് തട്ടമിടാത്തതിനെ സംബന്ധിച്ച വിവാദങ്ങളിലും സിനിമകളില്‍ അഭിനയിക്കുന്നതിനെതിരെയുള്ള മതപരമായ മുറുമുറുപ്പുകളിലും അന്‍സിബ ഒരു വിഷയമായി. ഏകദേശം ഇക്കാലയളവിലാണ് മുന്‍പ് പറഞ്ഞ ലൈവിനിടയിലെ ദൗര്‍ഭാഗ്യകരമായ പരാമര്‍ശമുണ്ടായതും അവതാരകയായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ ആ വിഷയത്തെ അധികരിച്ച് ഒരു ഷോര്‍ട് ഫിലിം ചെയ്യണമെന്നും താരം തീരുമാനിക്കുന്നത്.

  സിനിമയില്‍ നായികയായി (ഇതുവരെ) തിളങ്ങാനായില്ലെങ്കിലും സംവിധാനമേഖലയില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ് അന്‍സിബയുടെ തീരുമാനം. ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചും പിന്നാമ്പുറ സാങ്കേതിക കാര്യങ്ങള്‍ ഗ്രഹിച്ചും സ്വായത്തമാക്കിയ അറിവുകള്‍ വെച്ച് അന്‍സിബക്ക് അത് മികച്ച രീതിയില്‍ ചെയ്യാവുന്നതുമാണ്. പക്ഷേ ആ വരും കാലപ്രതീക്ഷയുടെ ഒരു വരവറിയിക്കല്‍ ഈ ഹ്രസ്വചിത്രത്തിലൂടെ സാദ്ധ്യമായില്ലെന്ന് മാത്രം. എന്നിരുന്നാലും വനിതാ പ്രാതിനിത്യം വളരെ കുറവുള്ള ഒരു മേഖലയില്‍ തന്റെ ഇടം കണ്ടെത്താന്‍ അവര്‍ക്കായാല്‍ തീര്‍ച്ചയായും അതും മലയാള സിനിമക്ക് അഭിമാനിക്കാനുള്ള ഒരു വകയാകും. ഭാവിയിലെ ഒരു രേവതിയോ ശ്രീബാലയോ അഞ്ജലി മേനോനോ ഇങ്ങനെ ആരുമായും മാറാന്‍ അന്‍സിബക്കാകട്ടെ. മെയ് 19ന് യൂട്യൂബ് കൊട്ടകയില്‍ റിലീസ് ചെയ്ത എ ലൈവ് സ്റ്റോറി എന്ന ഈ ചിത്രം ഇതുവരെയായി ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. ചിത്രം ചെയ്തതിന് മികച്ച പ്രതികരണങ്ങളാണ് അവര്‍ക്ക് ലഭിക്കുന്നതെന്ന് കമന്റുകള്‍ തെളിവായെടുക്കാം.

  English summary
  Ansiba Hassan 's short film 'A Live Story' review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more