»   » PARI നിങ്ങളുദ്ദേശിച്ച ഐറ്റമല്ല.. പൊളിച്ചടുക്കുകയാണ് അനുഷ്ക.. -ശൈലന്റെ റിവ്യൂ!!

PARI നിങ്ങളുദ്ദേശിച്ച ഐറ്റമല്ല.. പൊളിച്ചടുക്കുകയാണ് അനുഷ്ക.. -ശൈലന്റെ റിവ്യൂ!!

Written By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

വീരാട് കോലിയുമായുള്ള വിവാഹത്തിന് ശേഷം അനുഷ്‌ക ശര്‍മ്മ നായികയായി അഭിനയിച്ച സിനിമയാണ് പരി. പ്രോസിത് റോയി തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് 2 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഹൊറര്‍ മൂവി ഗണത്തില്‍ നിര്‍മ്മിച്ച സിനിമ ക്ലീന്‍ സ്ലേറ്റ് ഫിലിംസിന്റെ ബാനറില്‍ അനുഷ്‌ക തന്നെയായിരുന്നു നിര്‍മ്മിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

കൗതുകമുള്ള പേര്

അനുഷ്ക ശർമ്മയുടെ pari എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്ന അന്നുമുതൽ തുടങ്ങിയതാണ് മലയാളിയുടെ കൗതുകം.. അന്നു മുതൽ സോഷ്യൽ മീഡിയയിൽ ഒളിഞ്ഞും തെളിഞ്ഞും അതെക്കുറിച്ചുള്ള ട്രോളുകളും വന്നുതുടങ്ങി. തങ്ങൾ ഉദ്ദേശിക്കുന്ന വിധത്തിലാണ് ആ ഹിന്ദി വാക്കിന്റെ ഉച്ചാരണം എങ്കിൽ അത് കേരളത്തിൽ ചില ഭാഗങ്ങളിൽ കൊളോക്കിയലായി പുരുഷ ലൈംഗികാവയവത്തിന് പറയുന്ന നാമപദമാണെന്നതായിരുന്നു മലയാളിയുടെ കൗതുകത്തിന്റെ കാരണം.. എന്നാൽ യഥാർത്ഥത്തിൽ pari എന്ന ഹിന്ദിവാക്കിന്റെ ഉച്ചാരണം പരി എന്നാണ്.. മാലാഖ എന്നൊക്കെ അർത്ഥം. "നോട്ട് എ ഫെയറിടെയിൽ" എന്ന് ടാഗ്_ലൈൻ കൊടുത്തിരിക്കുന്ന ടൈറ്റിൽ ഹൊറർ ഴോണറിലുള്ള ഈ സിനിമയ്ക്ക് തീർത്തും അനുയോജ്യമായ ഒന്നാണ് എന്നതാണ് വാസ്തവം..


നിരോധനവും മറ്റും..

ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷ്ക ശർമ്മ തന്നെ നിർമ്മിച്ചിരിക്കുന്ന പരി'യുടെ പ്രദർശനത്തിന് പാകിസ്ഥാൻ നിരോധനം ഏർപ്പെടുത്തിയതോടെ ആണ് സിനിമ വീണ്ടും വാർത്തകളിൽ ഇടം നേടുന്നതും പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നതും. ഇസ്ലാമിക ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കാത്തതും ബ്ലാക്ക് മാജിക്കിനെ ഉയർത്തിപ്പിടിക്കുന്നതും മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതുമാണ് സിനിമ എന്ന് കണ്ടെത്തിയായിരുന്നു ആ നിരോധനം. പ്രോസീത് റോയ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമയിൽ നായികയെ ആവേശിച്ചിരിക്കുന്ന ബാധ ജിന്നും ഇഫ്രിത്തും ഒക്കെ ആയിരിക്കുന്നതിനാൽ പാക്കിസ്ഥാന്റെ നടപടി സ്വാഭാവികം മാത്രമായിരുന്നു..


പതിഞ്ഞ തുടക്കം..

മഴപെയ്യുന്ന ഒരു ഇരുണ്ട മൂവന്തിയിൽ വനപ്രദേശത്തിനുള്ളിലുള്ള റോഡിൽ കടന്നുപോകുന്ന ഒരു കാർ ഇടിയ്ക്കും മിന്നലിനുമിടെ വിചിത്രരൂപിയായ ഒരു നാടോടി സ്ത്രീയെ ഇടിച്ചിടുന്നതോടെ ആണ് സിനിമ തുടങ്ങുന്നത്. അപകടത്തിൽ അവർ മരണപ്പെട്ടുപോയെങ്കിലും കാട്ടിനുള്ളിൽ നിന്നുള്ള ചില വിചിത്രശബ്ദങ്ങളും സൂചനകളും പിന്തുടരുമ്പോൾ അവിടെയൊരു പൊളിഞ്ഞ കൂടാരത്തിന്റെ ഇരുണ്ട മൂലയിൽ വിചിത്രമായി താമസിക്കുന്ന രുക്സാന എന്ന യുവതിയെ കണ്ടെത്തുന്നു. പേടിച്ചരണ്ട ഭാവഹാദികളുള്ള, ഭൂതകാലത്തെക്കുറിച്ചോ വർത്തമാനകാലത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ഒന്നും തന്നെ ഒരു ധാരണയുമില്ലാത്ത അവൾക്ക് കാർ യാത്രികനായ അർണബ് അഭയം നൽകുന്നു. ഇണങ്ങാത്ത ഒരു കാട്ടുമൃഗത്തെപ്പോലെ അർണബിന്റെ വാസസ്ഥലത്ത് കഴിഞ്ഞുകൂടുന്ന അവളുടെ സ്വഭാവ സവിശേഷതകളും അവളിൽ വരുന്ന സ്വഭാവ വ്യതിയാനങ്ങൾ അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളും മറ്റും മറ്റുമായി പതിഞ്ഞ മട്ടിലാണ് സിനിമ മുന്നോട്ട് പോവുന്നത്.


തീർത്തും വ്യത്യസ്തമായ ട്രീറ്റ്മെന്റ്..

ഇന്ത്യൻ കൊമേഴ്സ്യൽ സിനിമയിൽ ചവറുപോൽ നൂറുകണക്കിന് ഹൊറർ സിനിമകൾ വന്നുപോയിട്ടുണ്ടെങ്കിലും അവയിൽ നിന്നുമൊക്കെ തീർത്തും വ്യത്യസ്തമായ ഒരു പരിചരണ സമ്പ്രദായമാണ് പ്രോസീത് റോയ് പരി"യിൽ പിന്തുടർന്നിരിക്കുന്നത്. ഹൊറർ സിനിമകളുടെ ഒഴിയാബാധയായ അനാവശ്യ ഞെട്ടിക്കലുകളും (scare jump) ദുരൂഹതകളും മറ്റൊരുവിധ ക്ലീഷെകളും സിനിമയിൽ കാണാനാവില്ല. തീർത്തും ക്ലാസ് എന്നും ഫ്രെഷ് എന്നും വിശേഷിപ്പിക്കാവുന്ന സ്ക്രിപ്റ്റിംഗും മെയ്ക്കിംഗും ആണ് സിനിമയുടെ സവിശേഷത.


അഭിനന്ദനമർഹിക്കുന്ന അനുഷ്ക..

ബോളിവുഡ് കമേഴ്സ്യൽ സിനിമകളുടെ ഭാഗഭാക്കായി നിലകൊള്ളുന്ന അനുഷ്ക ശർമ്മയെ പോലൊരു താരം യാതൊരു മസാലച്ചേരുവകളുമില്ലാത്ത ഇതുപോലൊരു സിനിമയിൽ അഭിനയിക്കുന്നത് തന്നെ അത്ഭുതമാണ് എന്നിരിക്കെ, അത് പണം മുടക്കി നിർമ്മിക്കുക കൂടി ചെയ്യാൻ തയ്യാറാവുമ്പോൾ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. നായികയെന്ന നിലയിൽ അനുഷ്കയെ പൊലിപ്പിക്കാൻ ഒരു വരിപോലും തിരക്കഥയിൽ എഴുതിച്ചേർത്തിട്ടില്ല. ഇഫ്രിത്ത് ബാധയുള്ള റുക്സാന മനുഷ്യജീവിയെന്നുപോലും തോന്നിപ്പിക്കാത്ത ഒരു കഥാപാത്രം മാത്രമാണ്. ഞെട്ടിപ്പിക്കും വിധത്തിൽ അനുഷ്ക രുക്സാനയായി ജീവിക്കുക തന്നെ ചെയ്തു. അവസാനഭാഗങ്ങളിലെയൊക്കെ പകർന്നാട്ടം വിസ്മയാവഹമാണ്.


പുതുമകൾ

ബംഗാളിലും ബംഗ്ലാദേശിലുമായി നടക്കുന്ന കഥയിൽ നമ്മൾ ഇതുവരെ സിനിമകളിൽ കണ്ടുപോന്ന കൽക്കട്ടാ ക്ലീഷെകളും കണ്ടെടുക്കാനാവില്ല. പുതുമയുള്ള ഫ്രെയിമുകളും സാങ്കേതികത്തികവാർന്ന ക്യാമറാവർക്കുമാണ് പടത്തിലുടനീളം. പുതുമയുള്ള ബാക്ക്ഗ്രൗണ്ട് സ്കോറാണ് മറ്റൊരു ഹൈലൈറ്റ്. കഹാനിയിൽ വിദ്യാ ബാലനൊപ്പം കണ്ട പരംബ്രതാ ചാറ്റർജി ആണ് അർണാബ് ആയി വരുന്നത്. ജിന്നിനെ ഒഴിപ്പിക്കാൻ വരുന്ന പ്രൊഫസർ ആയ രജത് കപൂറിന്റെ പെർഫോമൻസും കിടുകിടിലം. ഉച്ചാടനക്കാരനെ അപ്പീലിലില്ലാത്ത വിധം ബാധക്കാരി പരിപ്പെളക്കിവിടുന്നു എന്നതും ഉച്ചാടനത്തിലൂടെയോ ആവാഹനത്തിലൂടെയോ ഒന്നുമല്ലാതെ കൂളായിട്ടാണ് സിനിമ അവസാനിക്കുന്നത് എന്നതുമൊക്കെ അടിവരയിട്ട് പറയേണ്ട പുതുമകൾ ആണ്. എങ്ങനെ എടുത്തുനോക്കിയാലും ഇന്ത്യൻ സിനിമയിൽ വന്ന ഹൊറർ ഴോണർ മൂവികളിൽ പരി'യുടെ സ്ഥാനം ഉന്നതശീർഷത്തിലാവും.


നബി:-

ഹൊറർ സിനിമ എന്ന് കേട്ടാൽ അപ്പോളുടൻ, പേടിപ്പിക്കാനുള്ളതെന്തെങ്കിലും ഉണ്ടോന്ന് ചോദിക്കുകയും ഞാൻ ഹൊറർ സിനിമകൾ കണ്ടാൽ പേടിക്കാറില്ല എന്ന് വീമ്പുപറയുകയും ചെയ്യുന്ന ഒരുപാട് സാധുക്കൾ ഉണ്ട്. ഈ സിനിമ അവർക്കുള്ളതല്ല.. അത്തരക്കാർ തിയേറ്റർ പരിസരത്ത് പോലും പോവാതിരിക്കാൻ ശ്രദ്ധിക്കുക..

ലക്ഷണമൊത്തൊരു ഹൊറര്‍ സിനിമ! മാലാഖയല്ല യക്ഷിയായി അനുഷ്‌ക, അഭിമാനം തോന്നുന്നുവെന്ന് വിരാട് കോലി!


ഓസ്‌കാര്‍ വാങ്ങാനുള്ള ഓട്ടമാണോ? ഇതെന്തിനാണ് നടി തുണിയും പൊക്കി കസേരയ്ക്ക് മുകളിലൂടെ ചാടുന്നത്!

English summary
Anushka Sharma's Pari movie review by Schzylan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam