»   » ലേഡി സൂപ്പർസ്റ്റാർ നയൻസിന്റെ അറം അതുജ്ജ്വലം ഉദ്വേഗഭരിതം.. ഞെട്ടിപ്പിക്കുന്ന ചിത്രം..ശൈലന്റെ റിവ്യു!!

ലേഡി സൂപ്പർസ്റ്റാർ നയൻസിന്റെ അറം അതുജ്ജ്വലം ഉദ്വേഗഭരിതം.. ഞെട്ടിപ്പിക്കുന്ന ചിത്രം..ശൈലന്റെ റിവ്യു!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

വെറും അഞ്ചേ അഞ്ച് മിനുട്ടുകൊണ്ടാണ് തെന്നിന്ത്യൻ താരറാണി നയന്‍താര ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതത്രെ. ഇതിന് മാത്രം എന്ത് പ്രത്യേകതയാണ് ഗോപി നൈനാറിന്റെ അറം എന്ന ചിത്രത്തിനുള്ളത് എന്നാണ് ചോദ്യം തന്നെയാണ് അറം ഒരുക്കുന്ന പ്രതീക്ഷയും.

അസ്സൽ റോഡ് മൂവി തന്നെ... ഓവർടേക്ക് കൊള്ളാം, വെൽഡൺ.. ശൈലന്റെ ഓവർടേക്ക് റിവ്യു!!

സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയമാണ് അറം സംസാരിക്കുന്നത്. ചിത്രത്തിൽ ജില്ലാ കളക്ടർ മതിവദനിയായിട്ടാണ് നയൻതാര എത്തുന്നത്. ലേഡി സൂപ്പർസ്റ്റാർ എന്ന പേര് നയൻതാരയ്ക്ക് വെറുതെ കിട്ടിയതല്ല എന്ന് അടിവരയിടുന്നതാണ് ശൈലന്റെ അറം റിവ്യൂ.. റിവ്യൂവിലേക്ക്...

ഗോപി നൈനാറും അറവും

ഏആർ മുരുഗദാസിന്റെ ബ്ലോക്ക്ബസ്റ്റർ വിജയ്ചിത്രം കത്തി തന്റെ തിരക്കഥ അടിച്ചുമാറ്റിയതാണെന്ന വാദവുമായെത്തി മുഖ്യധാരയിലേക്ക് വന്ന ആളാണ് ഗോപി നൈനാർ.. ഗോപിയുടെ വാദത്തിൽ കാമ്പുണ്ടാവാൻ സകല സാധ്യതയുമുണ്ടെന്ന് തെളിയിക്കുന്നു, ഈയാഴ്ച തിയേറ്ററിലെത്തിയ അദ്ദേഹത്തിന്റെ ആദ്യചിത്രം അറം.. കർഷകരുടെ അതിജീവനപ്രശ്നങ്ങളും വരൾച്ചയും ജലമാഫിയയുടെ ചൂഷണവും ഒക്കെയായിരുന്നു കത്തി'യെ ശ്രദ്ധേയമാക്കിയിരുന്നത് എങ്കിൽ ഏറക്കുറെ അതേ വിഷയങ്ങൾ വച്ചുതന്നെ അടിമുടി പൊളിറ്റിക്കലായ ഒരു സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ കാര്യമാത്ര പ്രസക്തമായും ടൈറ്റ് പാക്ക്ഡ് ആയും ഗോപിനൈനാർ അറത്തിലൂടെ ഒരുക്കിയിരിക്കുന്നു..

അറം പറയുന്ന കഥ

വാണിജ്യപരമായ ഒത്തുതീർപ്പുകൾക്കായും സൗന്ദര്യാത്മകതലങ്ങൾക്കായും അധികം വിട്ടുവീഴ്ച ചെയ്യാതെയാണ് ഗോപിയുടെ കന്നി അങ്കം എന്നത് അറത്തിന്റെ പ്രസക്തിയേറ്റുന്നു... എവിടെ കുഴിച്ചാലും ഉപ്പുവെള്ളം മാത്രം കിട്ടുന്നതും കുടിവെള്ളക്ഷാമം കൊടുമ്പിരിക്കൊണ്ട് നിൽക്കുന്നതുമായ കാട്ടൂർ എന്ന കടലോരഗ്രാമത്തിലാണ് കഥ നടക്കുന്നത്.. സസ്പെൻഷനിലുള്ള ജില്ലാകലക്ടർ മതിവദനിയെ ഡിസ്മിസ്സ് ചെയ്യുന്നതിന് മുന്നോടിയായി സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ തെളിവെടുപ്പ് നടത്തുന്നതോടെ ആണ് അറം തുടങ്ങുന്നത്..

ജലദൗർലഭ്യം തന്നെ വിഷയം

സിസ്റ്റത്തിനോട് വെല്ലുവിളിച്ച് തന്നിഷ്ടപ്രകാരം കൃത്യനിർവഹണം നടത്തി എന്നതാണ് കലക്റ്റർക്കെതിരായ ചാർജ്ഷീറ്റ്. അതിനാധാരമായ സംഭവങ്ങൾ നടക്കുന്നത് കാട്ടൂർ ഗ്രാമത്തിലാണ്.. മതിവദനിയുടെ വാക്കുകളിലൂടെ കാട്ടൂരും അവിടുത്തെ പ്രശ്നങ്ങളും വിടർന്ന് വരികയാണ്.. കാട്ടൂരിലുള്ള യുഗേന്ദ്രൻ, സുമതി എന്നീ ദമ്പതികളെയും അവരുടെ മക്കളായ ധൻഷിക, മുത്ത് എന്നിവരെയും ഫോക്കസ് ചെയ്ത് സിനിമ മുന്നോട്ട് പോകുന്നു.. കേട്ടുപഴകിയ ജലദൗർലഭ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഗോപിനൈനാർ സമീപിച്ചിരിക്കുന്നത് തികച്ചും പൊളിറ്റിക്കലായാണ്..

രാഷ്ട്രീയമുണ്ട്, പാര്‍ട്ടിരാഷ്ട്രീയമല്ല

കമേഴ്സ്യൽ സിനിമകളിൽ ലൗഡായി ഉപയോഗിച്ചുവരുന്ന പാർട്ടി പൊളിറ്റിക്സുമായി അതിനുയാതൊരു ബന്ധവുമില്ലെന്നത് ശ്രദ്ധേയമാണ്.. കാഴ്ചകൾ ആർജവമേറിയതാണ്.. സംഭാഷണങ്ങളിലെ രാഷ്ട്രീയവും സറ്റയറും തീർത്തും സട്ടിൽ ആയതുമാണ്.. ജലരാഷ്ട്രീയവുമായി കണക്റ്റ് ചെയ്ത് കുടുംബകാര്യങ്ങൾ കാണിച്ച് മുന്നോട്ട് പോവുന്നതിനിടെ ആണ് സംവിധായകൻ തന്റെ അടുത്ത ചീട്ടെടുത്ത് വീശുന്നത്.. സുമതിയുടെ ജോലിയിടത്ത് നിന്ന് കാണാതാവുന്ന നാലുവയസുകാരി ധൻഷികയെ വിശാലമായി വരണ്ടുകിടക്കുന്ന പാടത്ത് കുത്തിയുപേക്ഷിച്ച ബോർവെല്ലിന്റെ ആഴങ്ങളിൽ അകപ്പെട്ട നിലയിൽ കണ്ടെത്തപ്പെടുകയാണ്..

കേൾക്കുന്ന പോലെ ക്ലീഷേ അല്ല സംഭവം

കേൾക്കുമ്പോൾ അയ്യേ എന്ന് തോന്നും.. കാരണം 1988ൽ ഭരതൻ മാളൂട്ടിയിൽ മലയാളത്തിൽ പോലും ചെയ്തതും അതിനുമുൻപും പിന്നുമായി പലഭാഷകളിൽ വന്നുകഴിഞ്ഞതുമായ ഒരു ബോറൻ/ക്ലീഷെ വഴിത്തിരിവാണത്.. പക്ഷെ മുച്ചൂടും പൊളിറ്റിക്കലായ സംവിധായകൻ അതിനെ വേറെ ലെവലാക്കി മാറ്റിയിരിക്കുന്നു. ബഹിരാകാശത്തേയ്ക്ക് ഇൻഡ്യ വിജയകരമായി റോക്കറ്റ് വിക്ഷേപിച്ചതിന്റെ ആഹ്ലാദാരവങ്ങൾ ഗ്രാമത്തിൽ നടക്കുന്നത് കാണിക്കുന്നുണ്ട് തുടക്കത്തിൽ.. എന്തിനാണ് റോക്കറ്റ് എന്നതിനെക്കുറിച്ച് ആർക്കും അറിയുകയുമില്ല.. യുഗേന്ദ്രന്റെയും സുമതിയുടെയുമുൾപ്പടെ എല്ലാരുടെയും കയ്യിൽ നല്ല മൊബൈൽ ഫോണൊക്കെ ഉണ്ട്..

നിസ്സഹായരാകുന്ന സർക്കാർ മെഷിണറി

കുട്ടി കുഴൽക്കിണറിൽ വീണ് മിനിറ്റുകൾക്കകം ചാനൽ റിപ്പോർട്ടർമാരും ഓബി വാനുകളും ഒക്കെ സംഭവസ്ഥലത്ത് പാഞ്ഞെത്തുന്നുണ്ട്.. എന്നാൽ മെഡിക്കൽ സംഘത്തിനോ ഫയർസർവീസിനോ റവന്യൂഅധികാരികൾക്കോ ഒന്നും മണിക്കൂറുകളായിട്ടും എത്തിപ്പെടാൻ വഴിതെളിയുന്നുമില്ല.. എത്തിച്ചേർന്നിട്ടും ഒരു സർക്കാർ മെഷിണറി മൊത്തം മെനക്കെട്ടിട്ടും കേവലം 96 അടി താഴ്ചയിലുള്ള കുട്ടിയെ പുറത്തെടുക്കാനാവാതെ ചക്രശ്വാസം വലിക്കുകയാണ്.. റോക്കറ്റ് ലോഞ്ചിംഗും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അപ്പോഴും ചാനലുകളിൽ നടന്നുകൊണ്ടേയിരിക്കുന്നു..

അറം ഉയർത്തിവിടുന്ന ചോദ്യങ്ങൾ

ഒരേസമയം സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലറായും ഇമോഷണൽ ഡ്രാമയായും മുന്നോട്ട് പോവുന്ന അറം മനസാക്ഷിക്കുമുന്നിൽ ഉയർത്തിവിടുന്ന ചോദ്യങ്ങൾ നിരവധിയാണ്.. ജനപക്ഷത്ത് നിൽക്കണമെന്നാഗ്രഹിക്കുന്ന ഒരു കളക്റ്ററുടെ ഡിലമകളും സമാന്തരമായി പറഞ്ഞുപോവുന്നുണ്ട്. പടം തീരുമ്പോൾ ഇൻഡ്യയിൽ സമാനരീതിയിൽ യഥാർത്ഥത്തിൽ സംഭവിച്ചദുരന്തങ്ങളുടെ ചാനൽക്ലിപ്പിങ്ങുകളും പത്രകട്ടിംഗുകളും കൂടി മുന്നിൽ നിരത്തുമ്പോൾ നെഞ്ചിൽ പെരുത്ത കനവും കുനിഞ്ഞ ശിരസുമായേ തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോരാനാവൂ..

ഇന്ത്യൻ സിനിമയ്ക്ക് മുതൽക്കൂട്ടാണീ നൈനാർ

ആവശ്യമില്ലാത്തതും സിനിമാറ്റിക് എലമെന്റുകളുമെല്ലാമൊഴിവാക്കി 120മിനിറ്റ് നേരത്തിൽ ചെത്തിയൊതുക്കി സ്ക്രിപ്റ്റെഴുതി സിനിമയൊരുക്കിയ ഗോപിനൈനാർ ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഒരുമുതൽക്കൂട്ടാണ്.. സംഭാഷണങ്ങളും എടുത്ത് പറയാതെ വയ്യ.. ഓം പ്രകാശിന്റെ ക്യാമറ, റൂബന്റെ എഡിറ്റിംഗ്, ജിബ്രാന്റെ പശ്ചാത്തലസംഗീതം, പീറ്റർഹെയിൻ ഒരുക്കിയ ഉദ്വേഗഭരിതരംഗങ്ങൾ എല്ലാം അറത്തിന് മുതൽക്കൂട്ടാണ്.., പ്രേക്ഷകർക്കും..

നയൻ താര എന്ന ലേഡി സൂപ്പർ സ്റ്റാർ

നയൻ താരയെ എന്തുകൊണ്ടാണ് സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് എന്നതിനും അറം ഉത്തരമാവുന്നുണ്ട്.. ഇത്തരമൊരു സിനിമ തെരഞ്ഞെടുക്കാനുള്ള അവരുടെ ആർജവം അഭിനന്ദനാർഹം.. രാമചന്ദ്രൻ ദുരൈരാജ്, സുനുലക്ഷ്മി എന്നിവരുടെയും സകലഗ്രാമീണരുടെയും പ്രകടനമികവ് അപാരം.. കാക്കൈമുട്ടകളായി വന്ന വിഗ്നേഷും രമേഷും ഒരിക്കൽ കൂടി ഒന്നിച്ച് സ്ക്രീനിലെത്തുന്നതും കാണാനാവുന്നുണ്ട്.. തിയേറ്ററിൽ കാണാതെ പോയിരുന്നെങ്കിൽ കനത്ത നഷ്ടമാകുമായിരുന്ന ഒരു അസുലഭാനുഭവം എന്ന കാറ്റഗറിയിലേക്ക് അറത്തെ എഴുതിച്ചേർക്കുന്നു...

English summary
Aramm movie review by Shailan Sailendrakumar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam