twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനസു നിറയ്ക്കുന്ന അരവിന്ദനും അതിഥികളും.. വെക്കേഷൻ ഹിറ്റ് ഇതുതന്നെ.. ശൈലന്റെ റിവ്യൂ

    By Desk
    |

    ശൈലൻ

    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    ശ്രീനിവാസനും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച സിനിമയാണ് അരവിന്ദന്റെ അതിഥികള്‍. കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, എന്നീ സിനിമകള്‍ക്ക് ശേഷം എം മോഹനന്‍ സംവിധാനം ചെയ്ത സിനിമ ഏപ്രില്‍ 27 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. കുടുംബ പശ്ചാതലത്തിലൊരുക്കിയ സിനിമയില്‍ ഉര്‍വ്വശി, അജു വർഗിസ്, ബിജുക്കുട്ടൻ, ശ്രീജയ, പ്രേംകുമാർ, വിജയരാഘവൻ, കെപിഎസി ലളിത, ബൈജു, സ്നേഹ ശ്രീകുമാർ, ശാന്തികൃഷ്ണ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

      അരവിന്ദന്റെ അതിഥികൾ

    അരവിന്ദന്റെ അതിഥികൾ

    പോസ്റ്ററിൽ ശ്രീനിവാസന്റെ മുഖവും സംവിധാനം എം മോഹനൻ എന്ന പേരുമൊക്കെ കണ്ട് ക്ലീഷെ താങ്ങാൻ വയ്യെന്ന് കരുതി മനസു കൊണ്ട് എഴുതിത്തള്ളിയ സിനിമയായിരുന്നു അരവിന്ദന്റെ അതിഥികൾ. അതുകൊണ്ടു തന്നെ തിയേറ്ററിൽ പോവാനും കാണാനും ഒക്കെ നല്ല മടി തോന്നിയതിനാലാണ് ഇത്ര ദിവസം വൈകിയതും.. ഇന്ന് തിയേറ്ററിലെത്തിയപ്പോൾ അദ്ഭുതം തോന്നി, പടം ആളുകൾ ഏറ്റെടുത്തിരിക്കുന്നു.. ടിക്കറ്റെടുത്ത് കേറി , കണ്ടുകൊണ്ടിരുന്നപ്പോഴാകട്ടെ അത്ഭുതം ആഹ്ലാദത്തിന് വഴിമാറി. കാരണം എം മോഹനിൽ നിന്നും വിനീത് ശ്രീനിവാസനിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നതിന്റെയൊക്കെ ബഹുദൂരം മുന്നിൽ നിൽക്കുന്ന ഒരു ഒന്നാംതരം ഫീൽഗുഡ് എന്റർടൈനർ ആണ് അരവിന്ദന്റെ അതിഥികൾ. വെക്കേഷന് ഇതുവരെ കടിച്ചതെല്ലാം ചവർത്തു തുപ്പിയ മലയാളി പ്രേക്ഷകർ അത് ഏറ്റെടുക്കുന്നതിൽ വിസ്മയമില്ല

    ക്ലീഷെ സ്റ്റോറിലൈൻ

    ക്ലീഷെ സ്റ്റോറിലൈൻ

    പ്രവചിക്കാവുന്നതും ക്ലീഷെ എന്നു പറയാവുന്നതുമൊക്കെയായ ഒരു ഓൾഡ് ജെൻ സിനിമാക്കഥയാണ് സത്യം പറഞ്ഞാൽ അരവിന്ദന്റെ അതിഥികളുടെത്.. ഒരു നിമിഷമൊന്നു ആലോചിച്ച് നോക്കിയാൽ ഒരു പുതുമയും തോന്നില്ല. പക്ഷെ, രാജേഷ് രാഘവൻ എന്ന ഇതിനു മുൻപെ കേട്ടിട്ടില്ലാത്ത സ്ക്രിപ്റ്റ്റൈറ്റർ മുഷിയിപ്പിക്കാത്ത കഥാഗതികളിലൂടെ ഫ്രെഷായ നർമ്മ മുഹൂർത്തങ്ങളിലൂടെ സ്മാർട്ടായ സംഭാഷണങ്ങളിലൂടെ ജീവനുള്ള കഥാപാത്രങ്ങളിലൂടെ ഒന്നാംതരമൊരു അനുഭവമാക്കിയിരിക്കുന്നു.. കഥ പറയുമ്പോൾ, മാണിക്യക്കല്ല് പോലുള്ള ആവറേജ് ഫ്ലിക്കുകൾ തീർത്ത എം മോഹനൻ എന്ന സാദാ സംവിധായകൻ അതിനെ തന്റെ ഏറ്റവും മികച്ച സൃഷ്ടിയാക്കിയിരിക്കുന്നു. സ്വരൂപ് ഫിലിപ്പ് എന്ന ഛായാഗ്രാഹകൻ അതിനെ മിഴിവുറ്റ ഫ്രെയ്മുകളിലാക്കിയിരിക്കുന്നു.. രഞ്ജൻ എബ്രഹാം എന്ന ചിത്രസം‌യോജകൻ അതിനെ 122 മിനിറ്റിൽ ഷാർപ്പ്&ക്രിസ്പ് ആയി കട്ട് ചെയ്തെടുത്തിരിക്കുന്നു. ഷാൻ റഹ്മാൻ ഗാനമേത് ബാക്ക്ഗ്രൗണ്ട് സ്കോർ ഏത് എന്ന് തിരിച്ചറിയാനാവാത്തത്രയും സൂക്ഷ്മമായി അതിൽ തന്റെ സംഗീതകലയെ ഇഴ പടർത്തിയിട്ടിരിക്കുന്നു

    കൊല്ലൂരിൽ ഒരു അരവിന്ദൻ

    കൊല്ലൂരിൽ ഒരു അരവിന്ദൻ

    അഞ്ചാം വയസ്ലിൽ കൊല്ലൂരിലെ മൂകാംബിക ക്ഷേത്ര പരിസരത്ത് നവരാത്രി തിരക്കുകൾക്കിടയിൽ അമ്മ ഉപേക്ഷിച്ചുപോയ അരവിന്ദന്റെ (വിനീത് ശ്രീനിവസൻ) കഥയാണ് സിനിമ. കരഞ്ഞു വിളിച്ച് ആൾക്കൂട്ടത്തിനിടയിൽ നിസ്സഹായനായി നടന്ന അരവിന്ദനെ ക്ഷേത്രപരിസരത്തുള്ള ലോഡ്ജുകാരനായ മാധവേട്ടൻ (ശ്രീനിവാസൻ) എടുത്തു വളർത്തുന്നു.. ലോഡ്ജുമായും ക്ഷേത്രവുമായും അതിനോടനുബന്ധിച്ച കച്ചവടക്കാരും ഉപജീവികളുമായി അയാളുടെ ജീവിതം ബന്ധപ്പെട്ടുകിടക്കുന്നു..

    ഗംഭീരമായ ഒന്നാം പകുതി..

    ഗംഭീരമായ ഒന്നാം പകുതി..

    രണ്ടു മണിക്കൂർ മാത്രം ദൈർഘ്യമുള്ള സിനിമയുടെ ഹൈലൈറ്റ് എനുപറയാവുന്നത് ഒന്നേകാൽ മണിക്കൂറോളം വരുന്ന ഫസ്റ്റ് ഹാഫാണ്.. അരവിന്ദനുമായി ബന്ധപ്പെട്ട ആളുകളിലൂടെയും ലോഡ്ജിൽ വരുന്ന അതിഥികളിലൂടെയും മറ്റുമായി അതങ്ങോട്ട് പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു.. നൂറല്ല ഇരുനൂറു ശതമാനം എൻഗ്ഗേജ്ഡ് ആയി നിലനിർത്തുന്നു.. നർമ്മ മധുരമായ മുഹൂർത്തങ്ങൾ മാത്രമല്ല, അഭിനയിക്കുന്ന ആളുകളുടെ നിറഞ്ഞാട്ടം കൊണ്ടുകൂടിയാണ് ഇത് സാധ്യമാവുന്നത്

    മുഷിയിപ്പിക്കാത്ത സെക്കന്റ് ഹാഫ്..

    മുഷിയിപ്പിക്കാത്ത സെക്കന്റ് ഹാഫ്..

    അത്രയും നേരം ഒണ്ടുപോയ ടെമ്പോ നിലനിർത്താനാവാത്ത വിധം വൈകാരികത മുറ്റി നിൽക്കുന്നതും പ്രവചനീയമായതുമായ ഭാഗങ്ങളാണ് ഇന്റർവെൽ കഴിഞ്ഞു വരുമ്പോൾ കാണുന്നതെങ്കിലും അതു മുഷിയിക്കാതെയും വലിച്ചിഴക്കാതെയും ക്രോപ്പ് ചെയ്തെടുക്കാൻ കഴിഞ്ഞത് സ്ക്രിപ്റ്റിന്റെയും സിനിമയുടെയും വിജയമാണ്.. ബോറടിക്കേണ്ടി വരുമല്ലോ പടച്ചോനേ എന്ന് കരുതിത്തുടങ്ങുമ്പോഴേക്കും സംവിധായകൻ തന്റെ പേര് എഴുതിക്കാണിച്ച് മാതൃകയാവുന്നു. ഒരുപക്ഷെ, പ്രതീക്ഷിക്കുന്നതിന് മുൻപെ തന്നെ.. അതും ടെയിൽ എൻഡും മംഗളഗാനവും ഒന്നും ഇല്ലാതെ തന്നെ..

     വിനീതിന്റെ കരിയർ ബെസ്റ്റ്

    വിനീതിന്റെ കരിയർ ബെസ്റ്റ്

    ഒരു പക്ഷെ മലയാളത്തിലെ താരപുത്രന്മാരിൽ മുൻ വിധി ഏറ്റവും കൂടുതൽ പരിഗണനയും വാൽസല്യവും കിട്ടിയ ആളാണ് വിനീത് ശ്രീനിവാസൻ. വിവിധ മേഖലകളിലുള്ള അയാളുടെ ക്രിയേറ്റിവിറ്റി കാരണം ഒരു ബഹുമുഖ പ്രതിഭയായി അയാൾ അംഗീകരിക്കപ്പെട്ടത് വളരെപ്പെട്ടെന്നായിരുന്നു. ഒരു നായകന് വേണ്ട രൂപഭാവഹാദികൾ ഇല്ലാത്തതിനാലാവാം അയാളുടെ അഭിനയത്തെ ചൂണ്ടി മാത്രം അപ്പോഴും ചിലരെല്ലാം മുറുമുറുത്തിരുന്നു.. എന്നാൽ അരവിന്ദനായുള്ള വിനീതിന്റെ പ്രകടനം കരിയറിലെ ഒരു കുതിച്ചുചാട്ടം തന്നെ രേഖപ്പെടുത്തുന്നു. കുറ്റങ്ങൾ കണ്ടുപിടിക്കാനായി ഭൂതക്കണ്ണാടി വെക്കുന്ന സാധുക്കൾക്കൊഴികെ ആർക്കും അരവിന്ദനെ തള്ളിപ്പറയാനാവുമെന്ന് തോന്നുന്നില്ല. ശ്രീനിവാസനും മറ്റുള്ളവരെല്ലാവർക്കുമൊപ്പമുള്ള കോമ്പിനേഷനും കെമിസ്ട്രിയും ഗംഭീരം. ഒരു തോമസ് ചാണ്ടി വിറ്റ് ചീറ്റിപ്പോയതൊഴിച്ചാൽ ശ്രീനിവാസൻ തെല്ലും വെറുപ്പിച്ചില്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ്..

     ഉർവശിയുടെ മിന്നുന്ന തിരിച്ചുവരവ്

    ഉർവശിയുടെ മിന്നുന്ന തിരിച്ചുവരവ്

    എൺപതുകളിലെയൂം തൊണ്ണൂറുകളിലെയും മായിക പ്രകടനങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടുള്ള ഉർവശിയുടെ തിളക്കമേറിയ തിരിച്ചുവരവ് ആണ് അരവിന്ദന്റെ അതിഥികളിലെ ഏറ്റവും ഗംഭീര ഹൈലൈറ്റ്.. നായികയുടെ അമ്മയായ ഗിരിജയായി കൗണ്ടറടിയുടെ രാജകുമാരിയായി ഉർവശി ചുമ്മാ അങ്ങ് പൊളിച്ച് തള്ളുകയാണ്.. അവർ വാ തുറന്ന് പുറത്തുവിട്ട ഒറ്റ ഡയലോഗും തീയേറ്ററിൽ കയ്യടിയും പൊട്ടിച്ചിരിയും ഉണ്ടാക്കാതിരുന്നിട്ടില്ല എന്നുപറഞ്ഞാൽ ആ ക്യാരക്റ്ററിന് വേണ്ടി അവർ ചെലവിട്ട എനർജി ഊഹിക്കാം.. ദിലീപിന്റെ നായികയായി കേശു ഈ വീടിന്റെ ഐശ്വര്യം എന്ന സിനിമയിൽ ഉർവശി എത്തുന്നു എന്ന് കേട്ടപ്പോഴുള്ള അമ്പരപ്പ് ഇതോടെ തീരുന്നു.. അവർക്ക് കൂടുതൽ നല്ല ക്യാരക്റ്ററുകൾ കിട്ടിയാൽ മലയാളത്തിന്റെ ഭാഗ്യം

    പൈസ നഷ്ടമെന്നാരും പറയില്ല

    പൈസ നഷ്ടമെന്നാരും പറയില്ല

    നിഖിലാ വിമൽ ആണ് വരദ എന്ന ഡാൻസർ നായികയായി വരുന്നത് ശ്രദ്ധേയമാണ് നിഖിലയുടെ സാന്നിധ്യവും ചലനങ്ങളും.. അജു വർഗിസ്, ബിജുക്കുട്ടൻ, ശ്രീജയ, പ്രേംകുമാർ, വിജയരാഘവൻ, കെപിഎസി ലളിത, ബൈജു, സ്നേഹ ശ്രീകുമാർ, ശാന്തികൃഷ്ണ തുടങ്ങി പടത്തിൽ വന്നുപോവുന്നവരെല്ലാം ജീവസുറ്റവരും അരവിന്ദന് തിളക്കമേറ്റുന്നവരുമാണ്. ഒരു കൊച്ചുചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിന്റെ മാക്സിമത്തിനുമപ്പുറം പോസിറ്റീവ് എനർജി അരവിന്ദന്റെ അതിഥികൾ പ്രസരിപ്പുക്കുന്നുണ്ട്. ഹിന്ദുത്വബിംബങ്ങൾ സമൃദ്ധമായി നിറച്ചുവെച്ചിരിക്കുന്നു എന്നും മൂകാംബിക-കുടജാദ്രി-കുംഭകോണം ടെമ്പിൾ ടൂറിസം പാക്കേജായി തയ്യാർ ചെയ്തിരിക്കുന്നു എന്നുമൊക്കെയുള്ള നെഗറ്റീവുകൾ വേണമെങ്കിൽ ഉറക്കെ പറയാം.. പക്ഷെ, ഈ വെക്കേഷന് മലയാളികൾക്ക് വേറൊരു ഓപ്ഷൻ വേണ്ടേ...

    2018 ലെ ഹീറോ അത് ചാക്കോച്ചനാണ്! 4 മാസം കൊണ്ട് 5 സിനിമകള്‍, പുതിയൊരു റെക്കോര്‍ഡിനുള്ള ശ്രമമാണോ?2018 ലെ ഹീറോ അത് ചാക്കോച്ചനാണ്! 4 മാസം കൊണ്ട് 5 സിനിമകള്‍, പുതിയൊരു റെക്കോര്‍ഡിനുള്ള ശ്രമമാണോ?

    English summary
    Aravindante Athidhikal movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X