»   » എസ്ര കണ്ടത് നമ്മുടെ തെറ്റ്.. അല്ലെങ്കിൽ സിദ്ധാർത്ഥിന്റെ 'അവൾ' ഒന്നുകൂടി ഗുമ്മായേനെ.. ശൈലന്റെ റിവ്യൂ!

എസ്ര കണ്ടത് നമ്മുടെ തെറ്റ്.. അല്ലെങ്കിൽ സിദ്ധാർത്ഥിന്റെ 'അവൾ' ഒന്നുകൂടി ഗുമ്മായേനെ.. ശൈലന്റെ റിവ്യൂ!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

മിലിന്ദ് റാവു സംവിധാനം ചെയ്ത് സിദ്ധാര്‍ഥും ആന്‍ഡ്രിയയും പ്രധാന വേഷങ്ങളിൽ എത്തുന്ന തമിഴ് ചിത്രമാണ് അവൾ. തമിഴിന് പുറമേ തെലുങ്ക്, ഹിന്ദു ഭാഷകളിലും ചിത്രം ഒരുക്കിയിട്ടുണ്ട്. തെലുങ്കിൽ ഗൃഹം എന്നാണ് ചിത്രത്തിന് പേര്. ഹിന്ദിയിൽ ദി ഹൗസ് നെക്സ്റ്റ് ഡോർ. അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തിലെ മറ്റൊരു ആകര്‍ഷണം. ശൈലന്റെ അവൾ റിവ്യൂ വായിക്കാം.

ലേഡി സൂപ്പർസ്റ്റാർ നയൻസിന്റെ അറം അതുജ്ജ്വലം ഉദ്വേഗഭരിതം.. ഞെട്ടിപ്പിക്കുന്ന ചിത്രം..ശൈലന്റെ റിവ്യു!!

മൂന്ന് ഭാഷകളിൽ അവൾ

അവൾ എന്ന് തമിഴിലും ഗൃഹം എന്ന് തെലുങ്കിലും ദി ഹൗസ് നെക്സ്റ്റ് ഡോർ എന്ന് ഹിന്ദിയിലും നാമകരണം ചെയ്തിരിക്കുന്ന സിദ്ധാർത്ഥ് - ആൻഡ്രിയ ജെർമിയ എന്നിവർ ജോഡികളുടെ ഹൊറർ ചിത്രം ആരംഭിക്കുന്നത് 1934 കാലഘട്ടത്തെ ബ്ലാക്ക് ആന്റ് വൈറ്റിൽ കാണിച്ചുകൊണ്ടാണ്.. ഹിമാലയൻ താഴ്വരയിൽ സമുറായ് ക്ഷേത്രങ്ങളുടെ മാതൃകയിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങൾ ടൈറ്റിൽ കാർഡോടെ 2016ലേക്ക് കട്ട് ചെയ്യുന്നു..

2016ൽ ഹിമാലയൻ തടത്തിൽ തന്നെയുള്ള ഒരു വീട്ടിലേക്ക് കൃഷ്ണകാന്ത്-ലക്ഷ്മി ദമ്പതികൾ താമസത്തിനായി എത്തുകയാണ്..

അനിഷ്ടവും വിചിത്രവുമായ സംഭവങ്ങളിലേക്ക്

വീട്ടിലുള്ള സമയം മുഴുവൻ സെക്സിനും അനുബന്ധ ക്രിയകൾക്കുമായി നീക്കിവെക്കുന്ന അവരുടെ ജീവിതം കാണികൾക്ക് കൂടി റങ്ക് തരുന്ന രീതിയിൽ മുന്നോട്ട് പോവുന്നതിനിടെ അവരുടെ തൊട്ടടുത്ത വീട്ടിൽ ഒരു കുടുംബം പുതുതായി താമസത്തിനായെത്തുന്നു... പോൾ എന്ന അതുൽ കുൽക്കർണിയും അയാളുടെ ജെന്നി എന്ന അമ്മ മരിച്ചുപോയ കൗമാരക്കാരി മകളും രണ്ടാം ഭാര്യയും അവരുടെ സാറ എന്ന കൊച്ചുമകളും ആണ് പുതിയ അയൽക്കാർ.. അവർ താമസമാരംഭിച്ചതോട് കൂടി രണ്ടുവീട്ടിലും പരിസരങ്ങളിലുമായി നടക്കുന്ന സാധാരണ ഹൊറർ സിനിമകളിൽ കാണുന്ന മട്ടിലുള്ള അനിഷ്ടവും വിചിത്രവുമായ സംഭവങ്ങളാണ് ചിത്രത്തിന്നാധാരം.

സ്ഥിരം സ്ക്രിപ്റ്റ് പക്ഷേ മുഷിയില്ല

നായകനായ സിദ്ധാർത്ഥിനെ കൂടി പങ്കാളിയാക്കി മിലിന്ദ് രാജു എഴുതിയിരിക്കുന്ന സ്ക്രിപ്റ്റ് സ്ഥിരം ഹൊറർ സിനിമകളുടെ ചേരുവയൊപ്പിച്ച് തന്നെയാണെങ്കിലും അധികം മുഷിപ്പിക്കുന്നില്ല എന്നത് വലിയ ആശ്വാസമാണ്.. സംവിധായകൻ എന്ന നിലയിൽ മിലിന്ദ് രാജുവിന് ലൊക്കെഷനിലും ഫ്രെയിംസിലും വിഷ്വൽ ട്രീറ്റിലും തികഞ്ഞ ഫ്രെഷ്നെസ് നൽകാനുമാവുന്നു.. ശ്രേയസ്കൃഷ്ണ എന്ന ഛായാഗ്രാഹകനും ഗിരീഷ് എന്ന സംഗീതസംവിധായകനും അതിനായി സംവിധായകനെ നന്നായി സഹായിക്കുന്നു...

താങ്ക്സ് റ്റു ദി ഡെവിൾ എന്ന വിചിത്രമായ നന്ദിപ്രകടനവുമായി തുടങ്ങുന്ന സിനിമയ്ക്ക് അവൾ എന്ന പേര് കൂടിയാവുമ്പോൾ ആൻഡ്രിയ ജെർമിയ ആവും പ്രേതബാധിത എന്ന് കേറുന്ന എല്ലാവർക്കും ഒരു മുൻ_വിധി കാണും.. (അല്ലെങ്കിൽ തന്നെ ഓളൊരു ഡെവിളല്ലേ എന്ന ചോദ്യവും ഇപ്പൊ പലരുടെയും നാവിൽ വന്നിട്ടുണ്ടാവും.. ) പക്ഷെ സംവിധായകനും സിദ്ധാർത്ഥനും ചേർന്ന് നൈസായി അത്തരം പ്രിജൂഡീസിനെ പൊളിക്കുന്നു.. ഡോക്റ്ററായ കൃഷ്ണകാന്തിനെ പ്രണയപൂർവം ക്രിഷ് എന്നും ലക്ഷ്മിയെ ആന്റീ..ന്നും വിളിക്കുന്ന അയല്പക്കത്തെ ടീനേജുകാരി ജെന്നി ആണ് അവളിലെ പ്രധാന പ്രേതബാധിത.. എന്നാൽ അവസാനിക്കാറാവുമ്പോൾ വാര്യമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ലവളല്ലെന്നും സിനിമ നമ്മളെ കാണിച്ചു തരുന്നു...

എസ്ര കണ്ടതുകൊണ്ട് മാത്രം ഞെട്ടില്ല

ഏറക്കുറെ ഇതേ പടക്കോപ്പുമായി വന്ന എസ്ര എന്ന പൃഥ്വിരാജ് സിനിമ 2017ൽ ആദ്യം തന്നെ കണ്ടു എന്നതാണ് ഇത്തരുണത്തിൽ ഈ ട്വിസ്റ്റിൽ ഞെട്ടാതിരിക്കാൻ നമ്മൾ മലയാളികൾക്ക് വിഘാതമായി നിൽക്കുന്നത്.. കാര്യങ്ങളുടെ പോക്ക് ഇപ്പോൾ ഏകദേശം പിടികിട്ടിക്കാണുമല്ലോ.. തെറ്റ് നമ്മുടേത് തന്നെ.. തമിഴനോ തെലുങ്കനോ ഉത്തരേന്ത്യക്കാരനോ തമിഴ്/തെലുങ്ക്/ഹിന്ദി വേർഷനുകളും ട്വിസ്റ്റുകളും നമ്മളെക്കാൾ ഭേദപ്പെട്ട രീതിയിൽ ആസ്വദിക്കാനാവുമെന്ന് ഉറപ്പ്.. എസ്രയെക്കാൾ ഒതുക്കമുള്ള സ്ക്രിപ്റ്റ് ആണ് മിലിന്ദും സിദ്ധാർത്ഥും ചേർന്നൊരുക്കിയിരിക്കുന്നത് എന്നും സമ്മതിക്കേണ്ടി വരും.

സിദ്ധാർത്ഥും ആൻഡ്രിയയും

കൃഷ്ണകാന്ത് എന്ന സർജനായി വന്ന സിദ്ധാർത്ഥ് ലുക്കിലും പ്രസൻസിലും പ്വൊളിച്ചു.. ഇവിടെ പല കെളവന്മാരെയും നോക്കി "സാറ് എന്തൊരു ഗ്ലാമറാ..ന്ന്" സ്ഥിരം പറയണത് കേൾക്കുമ്പോലെ അല്ല അയലോക്കത്തെ കൊച്ചുപെണ്ണ് ക്രിഷ് എന്ന് വിളിച്ച് കൊണ്ട് പിറകെ നടന്ന് ക്രാഷിന് ശ്രമിക്കുമ്പോൾ അത് കാണുന്നവന് മനസിലാക്കാനാവും.. നായികയായി ആൻഡ്രിയയെ തെരഞ്ഞെടുത്തതും ഒരു സൈക്കളോടിക്കൽ മൂവ്.. രണ്ടാളും ചേർന്നുള്ള ഹോട്ട് സീനുകൾക്കും സിനിമയിൽ ഇഷ്ടം പോൽ ഇടം നൽകിയിട്ടുണ്ട്.. ബട്ട് എസ്രയിൽ പ്രിയാ ആനന്ദ് സമ്മാനിച്ച പോൽ പിന്നീട് ഓർമ്മയിൽ നിന്നെടുത്ത് സ്മരിക്കാവുന്ന നിമിഷങ്ങളൊന്നുമില്ല താനും...

'അവൾ'ക്കൊരു രണ്ടാം ഭാഗം

എക്സോർസിസത്തോട് കൂടി ശുഭപര്യവസായി ആയി തീർന്നു എന്ന് കരുതിയ സിനിമയുടെ ടെയിൽ എൻഡിൽ നാലുവർഷങ്ങൾക്കപ്പുറമുള്ള ഗോവയിലെ ക്രിഷിന്റെയും ലക്ഷ്മിയുടെയും വീട്ടിലെ ചില സംഭവങ്ങൾ കാണിച്ച് അടുത്ത വർഷമൊരു സെക്കന്റ് പാർട്ടിന് കൂടി മരുന്നിട്ടുകൊണ്ടാണ് എസ്രയെപ്പോൽ അവളും അവസാനിക്കുന്നത്.. തമിഴിലും ഹിന്ദിയിലും മാസത്തി ഒന്നെന്ന തോതിൽ ഹൊറർ ഴോണറിൽ പെട്ട പടങ്ങൾ ഇറങ്ങുന്നുണ്ട് എങ്കിലും പൊതുവെ അവ മുഷിപ്പിക്കാറില്ല എന്നതിനാൽ അവൾ-2 വിനെയും തുറന്ന മനസോടെ കാത്തിരിക്കാം.. അത്രന്നെ

English summary
Aval movie review by Schzylan Sailendrakumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam