»   » നിരൂപണം: മോട്ടിവേഷണൽ ഐറ്റംസ് മൊത്തമായും ചില്ലറയായും... (പകലുകൾ മാത്രം..; രാവുകൾ എന്തരോ എന്തോ)

നിരൂപണം: മോട്ടിവേഷണൽ ഐറ്റംസ് മൊത്തമായും ചില്ലറയായും... (പകലുകൾ മാത്രം..; രാവുകൾ എന്തരോ എന്തോ)

Posted By: ശൈലൻ
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

സീമ ഒരു ഷർട്ട് മാത്രമിട്ട് താഴെ തുടകൾ അനാവൃതമാക്കിയിട്ടുകൊണ്ടുള്ള "അവളുടെ രാവുകളുടെ" ഒരു പോസ്റ്റർ തലമുറകളിൽ നിന്നും തലമുറകളിലേക്ക് മലയാളി സിനിമാസ്നേഹികൾ ജീനുകളിലൂടെ കൈമാറിപ്പോന്നിട്ടുള്ളത് കൊണ്ടാണ്‌ സമാനമായ പേരുള്ള ''അവരുടെ രാവുകൾ" എന്ന പുതിയ സിനിമ ആ പേരിന്റെ ഒറ്റക്കേൾവിയിൽ തന്നെ കൗതുകമുണർത്തുന്നതും മനസിൽ രജിസ്റ്റർ ചെയ്യുന്നതും.. പക്ഷെ ഇത് ഐറ്റം വേറെയാണ്..

പേരിലൂടെ പൊതുവെ ഇക്കിളിപ്രിയരായ മലയാളികളെ ചൂണ്ടയിട്ടുപിടിക്കുക എന്ന ഒറ്റ ലക്ഷ്യമേ പിന്നണിക്കാർക്ക് ഉണ്ടായിരുന്നുള്ളൂ എന്ന് സിനിമയ്ക്ക് കേറുന്നവർക്ക് പെട്ടെന്ന് തന്നെ പിടികിട്ടും.. മാർക്കറ്റിംഗും ഒരു കല ആയതുകൊണ്ട് തെറ്റ് പറയാനാവില്ല അങ്ങനെയെങ്കിലും നാലുപേർ സിനിമയ്ക്ക് കേറുന്നെങ്കിൽ അത്രയും നല്ലത്...


നാടകീയതയും 'ഷഷ്പെൻഷും' അൽപ്പം സന്തോഷ് പണ്ഡിറ്റും.. ശൈലന്റെ 'ഒരു സിനിമാക്കാരൻ' സിനിമാ റിവ്യൂ!!!


പ്രമേയം

വിജയ്, സിദ്ധാർത്ഥ്, ആഷിക്ക് എന്നീ മൂന്നാളുകളുടെ യുവത്വം നേരിടുന്ന മൂന്നുതരത്തിലുള്ള പ്രതിസന്ധികളും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സ്കോബോ എന്നൊരു വൃദ്ധൻ നൽകുന്ന ഇൻസ്പിരേഷനിലൂടെ അവരതിനെ മറികടക്കുന്ന് ജീവിതവിജയം നേടുന്നതുമാണ് അവരുടെ രാവുകളുടെ ത്രെഡ്. അസ്സല് ഇൻസ്പിരേഷനൽ മൂവി തന്നെ.. കൂട്ടിന് അല്പം പൗലോ കൊയിലോയുമുണ്ട്.. (സംശയിക്കണ്ട, ആൽക്കെമിസ്റ്റ് തന്നെ)


മൂന്ന് പേരുടെ ജീവിതം

വിനയ് ഫോർട്ട്, ഉണ്ണിമുകുന്ദൻ, ആസിഫ് അലി എന്നിവരാണ് യഥാക്രമം വിജയ്, സിദ്ധാർഥ്, ആഷിക്ക് എന്നീ റോളുകളിൽ വന്നിരിക്കുന്നത്.. മൂന്നുപേരുടെയും ജീവിതത്തിന്റെ പാസ്റ്റും പ്രെസന്റും ഫ്യൂച്ചറും എല്ലാം കൂടി മുന്നോട്ടും പിന്നോട്ടും തലങ്ങനെയും വെലങ്ങനെയും എല്ലാമായി വെട്ടിക്കൂട്ടിയ പുതുമ ആരോപിക്കാവുന്ന ഒരു ആഖ്യാനസമ്പ്രദായമാണ് സിനിമയുടേത്.. പ്രജീഷ് എന്ന ചിത്രസംയോജകന് പിടിപ്പത് പണിയുണ്ട്.. അലസമാനസരായി വാട്ട്സാപ്പും നോക്കി സീറ്റിലിരിക്കുന്നവനും പണിയാണ്..


മേക്കിങിലെ പോരായ്മ

മെയ്ക്കിംഗിൽ പുതുമ കൊണ്ടുവരാൻ നന്നായി ശ്രമിച്ചതിന്റെ ഒരു സ്മാർട്ട്നെസ്സ് സിനിമയ്ക്കുണ്ടെങ്കിലും മൂന്നുനായകരുടെയും സംവിധായകൻ ഫോക്കസ് ചെയ്യുന്ന പ്രശ്നങ്ങൾ പ്രേക്ഷകർക്കോ ചെറുപ്പക്കാർക്കോ അത്രമേൽ റിലേറ്റ് ചെയ്യുന്ന ഒന്നാക്കിമാറ്റാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നതാണ് പടത്തിന്റെ ഒരു പോരായ്മ.. മാത്രവുമല്ല, മൂന്നാളുകളുടെയും ജീവിതത്തിന്റെ പരിണാമം എങ്ങനെയൊക്കെയാവുമെന്ന് ഏറെക്കുറെ എല്ലാവർക്കും മുൻപെകൂട്ടി ഊഹിച്ചെടുക്കാവുന്ന വിധത്തിലുമാണ്..


ഇൻസ്പിരേഷണൽ മൂവി

ഫിലിപ്സ് ആന്റ് മങ്കിപ്പെൻ എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച കുട്ടികളുടെ ചിത്രത്തിന്റെ ഡയറക്ടർമാരിൽ ഒരാളായ ഷാനിൽ മുഹമ്മദ് ആണ് അവരുടെ രാവുകളുടെ സ്രഷ്ടാവ്. മങ്കിപ്പെൻ മലയാളം കണ്ട എക്കാലത്തെയും മികച്ച ഇൻസ്പിരേഷണൽ മൂവി കൂടി ആയിരുന്നു.. തന്റെ രണ്ടാമത്തെ പടത്തിലും മോട്ടിവേഷന്റെ ഹോൾസെയിൽ ഡീലറായ് ഇറങ്ങി അതിനായി കുട്ടികളെ വിട്ട് യുവാക്കളെയാണ് ഷാനിൽ പിടികൂടിയിരിക്കുന്നത്.. ഗൗരവമായി സിനിമയെ സമീപിക്കുന്ന ആളെന്ന് തെളിയിക്കാനായിട്ടുണ്ട് സംവിധായകന് എങ്കിലും അടുത്ത പടത്തിലെങ്കിലും മോട്ടിവേഷനെ വിട്ടുപിടിക്കുന്നതാവും അദ്ദേഹത്തിന് നല്ലത്


അഭിനയത്തെ കുറിച്ച്

ആസിഫും ഉണ്ണിയും വിനയ് യും കേന്ദ്രകഥാപാത്രങ്ങളായി തിളങ്ങിയിട്ടുണ്ട്.. മൂന്നുപേർക്കും കിട്ടിയ മികച്ച റോളുകൾ എന്നുതന്നെ പറയാം.. എൺപതുകളിലെ മീശയുമായി വരുന്ന ആസിഫിന്റെ ഗെറ്റപ്പും കട്ടത്താടിയും മുടിയും വച്ചുള്ള ഉണ്ണിമുകുന്ദന്റെ മെയ്ക്കോവറും ഒക്കെ പ്വോളിച്ച ഐറ്റങ്ങളാണ്.. വിനയ് ഫോർട്ടിന്റെ ഫസ്റ്റ്പേഴ്സൺ നരേഷനിലൂടെ ആണ് പടം പുരോഗമിയ്ക്കുന്നത്.. നെടുമുടി വേണു ആണ് മങ്കിപ്പെന്നിലെ ഇന്നസെന്റിന് സമാനനായ സ്കോബോ വേഷത്തിൽ.. മുകേഷും അജു വർഗീസിനെയുമൊക്കെ എന്തിനോ വേണ്ടി തിളപ്പിക്കുന്നുണ്ട്..


ഒരു മോശം സിനിമയല്ല

ഷൂട്ടിംഗ് പൂർത്തിയായ ശേഷം നിർമ്മാതാവിന്റെ ആത്മഹത്യ കാരണം വാർത്തകളിൽ ഇടം നേടിയ സിനിമ ആയിരുന്നു അവരുടെ രാവുകൾ.. സിനിമയുടെ വിജയപരാജയങ്ങളെ കുറിച്ചുള്ള കടുത്ത ആകാംക്ഷ കാരണമുള്ള സമ്മർദ്ദത്താലായിരുന്നു അജയ് എന്ന ആ യുവാവിന്റെ ആത്മഹത്യ എന്നും അങ്ങനെയല്ല എന്നും വാർത്ത കണ്ടിരുന്നു.. അജയ്ന്റെ പേരിൽ തന്നെ മാതാപിതാക്കൾ പൂർത്തിയാക്കി തിയേറ്റർ എത്തിച്ചിരിക്കുന്ന അവരുടെ രാവുകൾ ഒരു മോശം ചിത്രമല്ലെന്നതിൽ അവർക്ക് ആശ്വസിക്കാാം.. സിനിമ ഒരു നല്ല വിജയമാകട്ടെ എന്ന് ആശംസിക്കാം..English summary
Avarude Ravukal Review

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam