»   »  ആക്ഷേപഹാസ്യത്തിന്റെ നിറചിരിയിൽ "അയാൾ ശശി" എന്ന സമകാലമലയാളി... ശൈലന്റെ റിവ്യൂ!!

ആക്ഷേപഹാസ്യത്തിന്റെ നിറചിരിയിൽ "അയാൾ ശശി" എന്ന സമകാലമലയാളി... ശൈലന്റെ റിവ്യൂ!!

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

അസ്മയം വരെ ഫെയിം സജിൻ ബാബു രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയാൾ ശശി. ശ്രീനിവാസനാണ് നായകൻ. ശശി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ അസ്തമയം വരെയിൽ നിന്നും വ്യത്യസ്തമായിട്ടാണ് സജിൻ ബാബു അയാൾ ശശി അവതിരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ശൈലൻ എഴുതുന്ന റിവ്യൂ..

ആരിലും ഒരു ‌ശശി ഉണ്ട്..

ശശി എന്ന പാവം മനുഷ്യനാമം മലയാളഭാഷയിൽ ഒരു പ്രയോഗമെന്ന തലത്തിലേക്ക് വളർന്നത് ഇക്കഴിഞ്ഞ ഏതാനും ചില വർഷങ്ങൾക്കുള്ളിലാണ്.. കേരളത്തിലുടനീളം കണ്ണടച്ച് തുറക്കുന്നവേഗത്തിൽ അതിന്റെ പ്രചുരപ്രചാരവും സംഭവിച്ചു.. ഒരു വ്യക്തി/നാമം എന്നതിലുപരിയായി ഒരു അവസ്ഥാവിശേഷത്തെ സൂചിപ്പിക്കാൻ അത്രമേൽ ആപ്റ്റ് ആയ ആ പദത്തെ മലയാളികൾ സസന്തോഷം ഏറ്റെടുത്ത് ആഘോഷമാക്കുകതന്നെ ചെയ്തു.. ; നിർവചനമൊന്നും കൂടാതെ ! "

രസകരമായ ഒരു ടാഗ് ലൈൻ

ഓരോ മനുഷ്യനിലും ഒരു ശശിയുണ്ട്" എന്ന ടാഗ് ലൈനുമായി വന്ന "അയാൾ ശശി" എന്ന സിനിമ വർത്തമാനകാലത്തെ മലയാളിസമൂഹവുമായി എത്രത്തോളം റിലേറ്റ് ചെയ്തുപോവുന്നുവെന്നതിന്റെ സൂചനകൾ ഈ നാമകരണം മുതൽ ലഭ്യമായിത്തുടങ്ങുന്നു. കേവലം ടൈറ്റിലിൽ ഒതുങ്ങിനിൽക്കാതെ പടത്തിലുടനീളം ആ താദാത്മ്യവൽകരണം വിജയകരമായി മുന്നോട്ടുകൊണ്ടുപോവുന്നതിൽ സംവിധായകൻ പൂർണ്ണമായും വിജയിക്കുകയും ചെയ്യുന്നു.

സജിൻ ബാബു എന്ന ഡയറക്ടർ

ദേശീയവും അന്തർദേശീയവുമായ നിരവധി ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും നിരൂപകപ്രശംസയും ഒപ്പം പല പുരസ്കാരങ്ങളും നേടിയെടുത്ത " "അസ്തമയം വരെ" എന്ന സിനിമയിലൂടെ മലയാളത്തിന്റെ ചലച്ചിത്രഭൂപടത്തിൽ അടയാളപ്പെട്ട പേരാണ് സജിൻബാബുവിന്റേത്.. ഒരു കൊമേഴ്സ്യൽ സിനിമക്കൊത്ത സാങ്കേതികത്തികവും മേക്കിംഗിലെ മികവും തീർത്തും വേറിട്ടതെന്ന് പറയാവുന്ന വിഷയ സമീപനവും മറ്റുമായിരുന്നു അവാർഡ് മേളകൾക്കപ്പുറം അസ്തമയം വരെയെ ശ്രദ്ധേയമാക്കിയത്.. അതിൽ സംവിധായകന്റെതായ ഒരു സിഗ്നേച്ചർ പത്തിഞ്ഞുകിടപ്പുണ്ടായിരുന്നു.

അയാൾ ശശി എന്ന വേറിട്ട ഒരു സമീപനം

തന്റെ ആദ്യചിത്രത്തിൽ നിന്നും തീർത്തും നമാണ് സജിൻ ബാബു രണ്ടാം വരവ് ആയ "അയാൾ ശശി" യിൽ ട്രീറ്റ്മെന്റിലുടനീളം സ്വീകരിച്ചിരിക്കുന്നത്.. ശശി എന്ന പേരിൽ തന്നെ ഉള്ള ലാളിത്യവും ആക്ഷേപഹാസ്യവും കഥാപാത്രങ്ങളിലും സാഹചര്യങ്ങളിലും കഥാഗതിയിലും ത്രൂഔട്ട് നിലനിർത്താൻ സ്ക്രിപ്റ്റ് റൈറ്റർ കൂടിയായ സംവിധായകന് കഴിയുന്നു എന്നിടത്താണ് സിനിമയുടെ വിജയം..

ആക്ഷേപഹാസ്യവും ഋജുവായ ആഖ്യാനശൈലിയും..

ഏത് മലയാളിക്കും റിലേറ്റ് ചെയ്യാവുന്ന അവസ്ഥകളിലൂടെ ആണ് ശശി കടന്നുപോവുന്നത്.. എവിടെയും തടഞ്ഞുനിൽക്കാത്ത ഒഴുക്കുള്ളതും ലളിതവുമായ ആഖ്യാനശൈലി, എന്റർടൈനർ എന്ന നിലയിൽ കൂടി സിനിമയെ സമീപിക്കുന്നവരെ കൂടി രസിപ്പിക്കുന്നതാണ്.. അതേസമയം തന്നെ വാണിജ്യപരമായ കോമ്പ്രമൈസുകൾ ഒന്നും ചെയ്യാതിരിക്കാനും സജിൻബാബു ശ്രദ്ധ പുലർത്തുന്നുണ്ട്..

ശ്രമകരമായ ഉദ്യമം

ലൗഡ് ആയതോ ആരെയെങ്കിലും പ്രതിസ്ഥാനത്ത് നിർത്തി കരിവാരിത്തേക്കുന്നതോ ആയ ജനപ്രിയഹാസ്യത്തിനായി ശ്രമിക്കാതെ സട്ടിലായി ഉള്ള സറ്റയറിലൂടെ പ്രേക്ഷകനിൽ ചിരി വിരിയിക്കുന്നതാണ് ശശിയുടെ വഴികൾ.. ജനത്തിനുവേണ്ട കോമഡിയ്ക്ക് പിറകെ പോകാതെ തന്റെ വഴിയെ പ്രേക്ഷകനെക്കൊണ്ടുവന്ന് രസിപ്പിക്കുന്ന ഒരു രീതിയാണ് സംവിധായകൻ അവലംബിച്ചിരിക്കുന്നത് എന്ന് സാരം.. കാണികളുടെ ഉള്ളിലുള്ള ശശിയെത്തന്നെയാണ് പലപ്പോഴും സ്ക്രീനിലുള്ള ശശിയെ മറയാക്കി ചിറിയ്ക്ക് തോണ്ടുന്നത്.. ചെയ്തു ഫലിപ്പിക്കാൻ ഉദ്യമമാണ് അത്.. ആ പരീക്ഷണത്തിൽ വിജയിക്കാനാവുന്നു എന്നതിൽ സജിന് അഭിമാനിക്കാം..

ശ്രീനിവാസൻ എന്ന ശശി

കുറച്ചുകാലമായി, നിരുത്തവാദപരമായെന്നോ കുറ്റകരമായെന്നോ ഒക്കെ പറയാവുന്ന തരത്തിൽ അരാഷ്ട്രീയപ്രസ്താവനകൾ തുരുതുരാ നടത്തിക്കൊണ്ട് മലയാളികളെ വെറുപ്പിച്ചുകൊണ്ടിരിക്കുന്ന ആളാണ് ശ്രീനിവാസൻ എന്ന പഴയകാലപ്രതിഭ.. ഈ പ്രസ്താവനകൾക്കപ്പുറം താൻ വിരാജിച്ചിരുന്ന സിനിമാമേഖലകളിൽ കുറെയേറെകാലമായി ശ്രീനിവാസന്റെതായി ഇല്ല. സജിൻ ബാബു ടൈറ്റിൽ റോളിലേക്ക് ശ്രീനിവാസനെ കാസ്റ്റ് ചെയ്തെന്ന് അറിഞ്ഞപ്പോൾ ഇയാൾക്കിതെന്തുപറ്റി എന്നുതോന്നിയിരുന്നു..

ശ്രീനിവാസനും നന്നായി സഹകരിച്ചു

തിയേറ്ററിൽ കേറുന്നവരെയും അത് തുടർന്നു.. എന്നാൽ ആശങ്കകൾ അസ്ഥാനത്തായിരുന്നുവെന്ന് അടിവരയിടുന്നതായിരുന്നു ശ്രീനിവാസന്റെ പെർഫോമൻസ്.. ശശിയായി ശ്രീനിവാസനെ കാസ്റ്റ് ചെയ്യുന്നതിനുപകരം ശ്രീനിയുടെ ഇപ്പോഴുള്ള ഓഫ്സ്ക്രീൻ ഇമേജിലേക്ക് സംവിധായകൻ വിദഗ്ദ്ധമായി ശശിയെ കടത്തിവിടുകയായിരുന്നു എന്നാണ് പലപ്പോഴും തോന്നിയത്.. തികവുറ്റ ഒരു ക്യാരക്റ്ററൈസേഷനായി തടിയൊക്കെ പാടെകുറച്ച് ശ്രീനിവാസനും നന്നായി സഹകരിച്ചിട്ടുണ്ട്..

സംവിധായകന്റെ കയ്യിലെ റോ മെറ്റീരിയൽ

വളരെയേറെ കാലത്തിന് ശേഷമാണ് അദ്ദേഹം ഒരു സംവിധായകന്റെ കയ്യിൽ റോ മെറ്റീരിയലായി നിന്നുകൊടുക്കാൻ ശ്രമിക്കുന്നത്.. ശശിയിൽ ചിലപ്പോഴൊക്കെ ഓഫ്സ്ക്രീൻ-ശ്രീനിവാസനെ കാണാം എന്നല്ലാതെ ശ്രീനിവാസൻ എന്ന ക്ലീഷെനടനെ ഒരിക്കലും മുഴപ്പിച്ച് നിർത്താത്ത വിധത്തിലാണ് സജിൻബാബു ക്യാരക്റ്ററിനെ കൈകാര്യം ചെയ്തിരിക്കുന്നത്..

ചേർന്നുനില്ലുന്ന സാങ്കേതികതയും അഭിനേതാക്കളും..

സിനിമയുടെ സ്മൂത്തായ ഒഴുക്കിനൊപ്പം പൂർണമായും സിങ്കായിപ്പോവുന്ന മുന്നണിയും പിന്നണിയുമാണ് ശശിയ്ക്കൊപ്പം കാണാനാവുന്നത്.. രാജേഷ് ശർമ, അനിൽ നെടുമങ്ങാട്, എസ് പി ശ്രീകുമാർ, ദിവ്യ, കൊച്ചുപ്രേമൻ എന്നിവരൊക്കെയാണ് പേരറിയാവുന്ന അഭിനേതാക്കൾ.. മുഴച്ചുനിൽക്കുന്നതോ സിനിമയ്ക്ക് വിഘാതം നിൽക്കുന്നതോ ആയ ഒറ്റ ക്യാരക്റ്ററൈസേഷനും ഇല്ല.. പപ്പുവിന്റെ ക്യാമറാവർക്കും ബേസിലിന്റെ സംഗീതവും ഒക്കെ അങ്ങനെ തന്നെ..

അടിവര

വ്യത്യസ്തത, സമകാലീനത, തനിമ,സമഗ്രത എന്നീ ഘടകങ്ങൾക്കൊപ്പം ആസ്വാദ്യത കൂടി ഉറപ്പുനൽകുന്ന അയാൾ ശശി നല്ല സിനിമയുടെ ആസ്വാദകർക്ക് അവഗണിക്കാനാവാത്ത ഒരു സൃഷ്ടിയാണ്.. സിനിമ എങ്ങനെ ആണ് സംവിധായകന്റെ കയ്യൊപ്പുള്ള കല ആകുന്നതെന്ന് അത് നിങ്ങൾക്ക് കാണിച്ചുതരും

English summary
Ayal Sasi movie review by Shailan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam