twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബി-ടെക് വെറും ബി-ടെക് പടമല്ല.. ഇത്തിരി ഡാർക്ക് പൊളിറ്റിക്സുമുണ്ട്.. ശൈലന്റെ റിവ്യൂ

    |

    വീണ്ടും കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമയാണ് ബിടെക്. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുവന്ന സിനിമ നവാഗതനായ മൃദുല്‍ നായരാണ് സംവിധാനം ചെയ്തിരിക്കുന്നത്.. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയില്‍ അനൂപ് മേനോന്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പേല്‍, നിരഞ്ജന അനൂപ്, അര്‍ജുന്‍ അശോകന്‍, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

    എഞ്ചിനീയറിംഗ്

    എഞ്ചിനീയറിംഗ്

    B-Tech എന്ന ആസിഫലിസിനിമയുടെ പോസ്റ്റർ ചുമരുകളിലും ഓൺലൈനിലും നിരന്നപ്പോൾ ആ ശീർഷകത്തിനിടയിൽ ഒരു കുത്തോ ഹൈഫണോ ഒന്നും ഇല്ലാതെ സിംപിളി 'ബിടെക്ക്' എന്നാണ് കാണപ്പെട്ടത്. ഇച്ചിരി ഒന്ന് മാറ്റപ്പെടുത്തി 'ബെടക്ക്' എന്നും വായിച്ചോട്ടെ എന്നുകരുതിയാണോ എന്തോ.. ഏതായാലും, മലയാളത്തിൽ ഇപ്പോൾ മിനിമം ആഴ്ചയിൽ ഒന്നെന്ന മട്ടിൽ ഇറങ്ങുന്നതിൽ പെട്ട മറ്റൊരു എഞ്ചിനീയറിംഗ് കോളേജ്/സ്റ്റുഡന്റ് പടം എന്ന ഒറ്റ കണക്കുകൂട്ടലുമായിട്ട് തന്നെയാണ് ബി-ടെക്കിന് കേറിയത്. പക്ഷെ, ഒരു ചൊവ്വാഴ്ച ആയിട്ടും മഴ ആയിട്ടും അഞ്ഞൂറ്റി ചില്ലാനം സീറ്റുള്ള തിയേറ്ററിൽ പാതിയിലധികം ഫില്ലായിരുന്നു എന്നത് കണ്ടിരിക്കാൻ ഒരു എനർജിയായി. ബോറായാലും എന്തെങ്കിലുമൊക്കെ ഒരു ഓളം കാണുമല്ലോ..

    മൂപ്പ് കൂടിയ സ്റ്റുഡന്റ്സ്

    മൂപ്പ് കൂടിയ സ്റ്റുഡന്റ്സ്

    മറ്റു എഞ്ചിനയറിംഗ് കോളേജ് സിനിമകളിൽ നിന്നും വ്യത്യസ്തമായി ബി-ടെക്കിൽ ആദ്യമേ എടുത്ത് പറയാനുള്ള പ്രത്യേകത ഇച്ചിരെ മൂപ്പുകൂടിയ സ്റ്റുഡന്റ്സിനെ ആണ് കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നതാണ്‌. ആനന്ദ്, നിസാർ, ജോജോ എന്നിങ്ങനെ പേരുകളുള്ള ഇവരെ ആസിഫ് അലി , ദീപക് പറമ്പോൽ, ശ്രീനാഥ് ഭാസി എന്നീ ഒത്ത യുവാക്കളായിട്ടാണ് നമുക്ക് കാണാൻ കഴിയുന്നത്. പേപ്പറുകളും പ്രൊജക്റ്റുമൊക്കെ ബാക്കിയുള്ളതുകൊണ്ട് ഇയർ ഔട്ടായി എട്ടുകൊല്ലമായി അവർ ബാംഗ്ലൂരിലെ ആ കലാലയത്തിൽ പഠിക്കുന്നു എന്നാണ് ഐതിഹ്യം. അവരുടെ ക്ലാസ്മേറ്റ് ആയിരുന്ന മനോജ് എന്ന മുട്ടമനോജ്, അജു വർഗീസിന്റെ രൂപത്തിൽ അതേ കോളേജിൽ അധ്യാപകനായി ഉണ്ടെന്നതും മൂവരും മനോജിനെ എടാന്നും പോടാന്നും വിളിച്ചും വിരട്ടിയും ഒക്കെയാണ് പഠനം തുടരുന്നത് എന്നത് അടുത്ത വറൈറ്റിയാണ്..

    നാലാമൻ..

    നാലാമൻ..

    കോളേജിന്റെ ക്യാന്റീൻ സ്ഥാനമലങ്കരിക്കുന്ന ഫാത്തിമാ മെസ്സിന്റെ ഉടമ സെയ്താലിക്കയുടെ (അലൻസിയർ) റൂമിലും ചെലവിലുമൊക്കെയാണ് നായകന്മാരുടെ കുടികിടപ്പ്. മറ്റു സിനിമകളിൽ കാണാറുള്ള ക്യാന്റീൻ മൊയലാളിമാരെ പോലെയല്ല സെയ്താലിക്ക. ലോലഹൃദയനാണ്. കണ്ണൂരിൽ നിന്ന് വന്ന പാവപ്പെട്ടവനായ ഒന്നാം വർഷ വിദ്യാർത്ഥി ആസാദിനും (അർജുൻ അശോക്) അദ്ദേഹം സൗജന്യ താമസസൗകര്യമൊരുക്കുകയും ആദ്യം പറഞ്ഞ മുഖ്യവദൂരികൾ അവനെ തങ്ങളിലൊരാളായി ഏറ്റെടുക്കുകയും ചെയ്യുന്നു..

    ക്ലീഷേക്കൊടുവിൽ ഒരു പഞ്ച്.

    ക്ലീഷേക്കൊടുവിൽ ഒരു പഞ്ച്.

    പതിവുമട്ടിൽ അടി ഇടി കുടി കോമഡി ഡപ്പാംകുത്ത് ഡാൻസ് കൂത്ത് ഡി.ജെ പ്രണയം എന്ന മട്ടിൽ തന്നെയാണ് ബി ടെക്കും പോവുന്നത്. ഫാസ്റ്റായിട്ടും കളറായിട്ടും കൈകാര്യം ചെയ്തിട്ടുള്ളത് കൊണ്ട് ഒറ്റനോട്ടത്തിൽ ബോറടിക്കാതിരിക്കാമെന്ന് മാത്രം. അതിനിടയിൽ അടിയുണ്ടാക്കി മാറി നിൽക്കുകയെന്ന പതിവ് ഫോർമുല പ്രകാരം എല്ലാവരെയുമായി ആസാദ് നാട്ടിലേക്ക് പോവുന്നുണ്ട്. പ്രകൃതിരമണീയത, മതസൗഹാർദ്ദം, യത്തീംഖാന, അമ്പലക്കുളം, ഉൽസവം, തുടങ്ങി സകലമാന ക്ലീഷേകളിലും ആറാടി ബാംഗ്ലൂരിൽ തിരിച്ചെത്തുമ്പോഴാണ് ഇന്റർവെൽ പഞ്ച് വരുന്നത്. മുൻപ് മലയാള സിനിമ ചർച്ച ചെയ്യാത്ത ഒരു സംഗതിയും ഇതുപോലൊരു പടത്തിൽ നിന്ന് പ്രതീക്ഷിക്കാത്തതുമായ ഒന്ന് ആയതോണ്ട് അണ്ണാക്കിൽ തീക്കട്ടയിട്ട് തന്ന ഒരു ഒന്നൊന്നര പഞ്ച് തന്നെയായിരുന്നു അത്

    ഒന്നാം തരം പൊളിറ്റിക്കൽ, പക്ഷെ..

    ഒന്നാം തരം പൊളിറ്റിക്കൽ, പക്ഷെ..

    ഇന്റർവെലിന് നിർത്തിയടത്ത് നിന്ന് വലിഞ്ഞു മുറുകുമെന്ന് കരുതിയ വരെ വിഡ്ഢികളാക്കിക്കൊണ്ട്, പക്ഷെ, പടം പിന്നെയും ആദ്യത്തെ ചളി ട്രാക്കിലേക്ക് പോണ കാഴ്ചയാണ് പിന്നെ കാണുന്നത്. കുറെനേരം കൂടി ആളുകളെ ഉല്ലസിപ്പിക്കാനുള്ള പരാക്രമം തുടർന്ന് അവസാനിക്കാൻ അര മണിക്കൂറുള്ളപ്പോൾ പടം വീണ്ടും ഇന്റർവെല്ലിൽ കണ്ട ഫോബിയാ പൊളിറ്റിക്സിലേക്ക് അതിന്റെ ഫുൾ സ്വിംഗിലേക്കെത്തും.. മുൻപ് ആർക്കും എടുക്കാൻ ധൈര്യം വന്നിട്ടില്ലാത്ത ഇഷ്യൂ എന്ന നിലയിൽ പ്രതിസന്ധി ഗംഭീരമായാണ് മുന്നിലേക്കിട്ടു തരുന്നത്. പ്രശംസ അർഹിക്കുന്ന ഒന്നു തന്നെ അത്. പക്ഷെ തുടർന്ന് പരിഹാരമെന്ന നിലയിൽ സംവിധായകൻ മുന്നോട്ട് വെക്കുന്ന പോംവഴികളൊക്കെ ബാലിശം തന്നെ. കണ്ടില്ലെന്ന് വെക്കാം. അത്ര തന്നെ

    ആസിഫ്

    ആസിഫ്

    ട്രെയിലറിലും പോസ്റ്ററിലും കണ്ട പോലെ ഹെവി ലുക്കിലും ഒന്നാംതരം അടിക്കാരനുമായിട്ടാണ് ആസിഫിനെ ആനന്ദാക്കിയിരിക്കുന്നത്. കലിപ്പിൽ മച്ചാൻ ഒട്ടും അമാന്തം കാട്ടിയിട്ടില്ല. ആസാദ് ആയി വരുന്ന ഹരിശ്രീ അശോകന്റെ മകൻ അർജുന്റെ പെർഫോമൻസും പടത്തിൽ ലീഡ് ചെയ്യുന്നു. പയ്യൻസ് കൂളാണ്. ശ്രീനാഥ് ഭാസിയെ കുറച്ച് കാലത്തിന് ശേഷം ഫുൾ ലെംഗ്തിലും ഫോമിലും കണ്ടു. ആസിഫിന്റെ പെയറായി വരുന്ന അപർണ ബാലമുരളി എല്ലാ അർത്ഥത്തിലും പാഴായി കാണപ്പെട്ടു. പ്രണയത്തിനും അതുമായി മറ്റു നാടകങ്ങൾക്കുമായി ചെലവഴിച്ച നേരം ഒരുകാര്യവുമില്ലാതെ പടത്തിന്റെ ദൈർഘ്യം കൂട്ടാൻ മാത്രം ഉപകരിച്ചു. ഇതേ ജോഡി സൺഡേ ഹോളിഡേയിൽ എത്ര കളറായിരുന്നു എന്ന് വെർതേ ഓർത്തു.

    ഇസ്ലാമോഫോബിയ

    ഇസ്ലാമോഫോബിയ

    "ഇൻഡ്യാമഹാരാജ്യത്ത് ഇപ്പോൾ കൊതുകുകളേക്കാൾ കൂടുതൽ എഞ്ചിനിയറിംഗ് ബിരുദധാരികളാണ് " എന്ന് പഠിത്തം കഴിഞ്ഞ് പെണ്ണുകെട്ടി രണ്ടുമക്കളായിട്ടും ജോലിയൊന്നും കിട്ടാതെ സ്റ്റുഡന്റ്സ് ഗ്യാംഗിൽ അലന്ന് നടക്കുന്ന പ്രശാന്ത് എന്ന സൈജുക്കുറുപ്പ് പറയുന്നുണ്ട്. രാജ്യത്തെ 3000 എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്ന് വർഷംപ്രതി പുറത്തിറങ്ങുന്ന 15ലക്ഷം ആളുകളെക്കുറിച്ച് അനൂപ് മേനോന്റെ വിശ്വനാഥൻ വക്കീലും പരാമർശിക്കുന്നു. സിനിമക്കാർ ലക്ഷ്യം വെക്കുന്ന ടാർജറ്റ് ഓഡിയൻസിൽ നല്ലൊരു ശതമാനവും ഇവരിൽ പെട്ടവർ തന്നെയായതുകൊണ്ട് ഇനിയും എല്ലാ ആഴ്ചകളിലും ബി-ടെക്ക് പടങ്ങൾ ഇറങ്ങിക്കൊണ്ടേയിരിക്കും.. (തിയേറ്ററിൽ കാണിച്ച ട്രെയിലറുകളിൽ മൂന്നെണ്ണം ക്യാമ്പസ് പശ്ചാത്തലം തന്നെ ആയിരുന്നു. അതിനിടയിൽ ഇസ്ലാമോഫോബിയ എന്ന കാലികപ്രസക്തവും എല്ലാവരാലും കണ്ണടയ്ക്കപ്പെടുന്നതുമായ ഒരു ഇഷ്യൂ ഇത്തിരി നേരമെങ്കിലും മുന്നിലേക്കിട്ട് തന്നു എന്ന പേരിൽ മൃദുൽ നായർ സംവിധാനം ചെയ്ത ഈ ബി-ടെക്കിനെ ഓർത്തുവെക്കാാതെ തരമില്ല..

    English summary
    B Tech Movie Review by schzylan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X