»   » അടിയോടടി.. ഇടി വെടി പുക.. ആവോളം! (ചിലപ്പോഴൊക്കെ ബോറടിയും) ശൈലന്റെ റിവ്യൂ..!

അടിയോടടി.. ഇടി വെടി പുക.. ആവോളം! (ചിലപ്പോഴൊക്കെ ബോറടിയും) ശൈലന്റെ റിവ്യൂ..!

Written By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

2016 ല്‍ റിലീസിനെത്തിയ ബാഗി എന്ന സിനിമയുടെ രണ്ടാം ഭാഗമായി അഹമ്മദ് ഖാന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ബാഗി 2. താരപുത്രന്‍ ടൈഗര്‍ ഷെറഫ് നായകനായി അഭിനയിക്കുന്ന സിനിമയില്‍ ദിഷ പഠാനിയാണ് നായിക. മാര്‍ച്ച് 30 ന് തിയറ്ററുകളിലേക്കെത്തിയ ബാഗി 2, നഡിവാള ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സജിത് നഡിവാളയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം ആരംഭിച്ച ബാഗി 2 ആദ്യദിനം 25 കോടിയും അഞ്ച് ദിവസം കൊണ്ട് 100 കോടിയ്ക്ക് മുകളിലുമാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. സിനമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

ബാഗി-2

ജഗ്ഗുദാദ എന്നറിയപ്പെട്ടിരുന്ന പഴയകാല ബോളിവുഡ് പുലി ജാക്കി ഷെറോഫ് തനിക്കൊരു മകനുണ്ടായി അവന് ടൈഗർ എന്ന് പേരുവെച്ചപ്പോൾ ഉദ്ദേശിച്ചതെന്താണോ അതിനെ അന്വർത്ഥമാക്കും വിധമാണ് ചെക്കൻ ഓരോ സിനിമ കഴിയുന്തോറും സ്ക്രീനിൽ അടിച്ചുപൊളിച്ച് തരിപ്പണമാക്കുന്നത്.. ബാഗി-2വും വ്യത്യസ്തമല്ല.. കലിപ്പെന്നുവച്ചാൽ കട്ടകലിപ്പ്.. മാർഷ്യൽ ആർട്ട്സിൽ ഇതുക്കും മേലെയിനിയൊരുത്തൻ ഇന്ത്യൻ സ്ക്രീനിൽ ഇല്ല എന്ന് ടൈഗറിന് അടിവരയിട്ട് സ്ഥാപിക്കാൻ വേണ്ടിയൊരുക്കിയിരിക്കുന്ന ഒരു സിനിമയാണ് ബാഗി-2. പടമെങ്ങനെയുണ്ടെന്ന് ചോദിച്ചാലും അധികം ഡെക്കറേഷനൊന്നുമില്ല.., ഉത്തരം അതുതന്നെ..

ബാഗിയുടെ സീക്വൽ

2016 ൽ സാബിർ ഖാൻ സംവിധാനം ചെയ്ത ബാഗി ഒന്നാം ഭാഗം തിയേറ്ററിൽ പോയി കണ്ടവനാണ് ഞാൻ. 2018ൽ ബാഗി-2 വരുമ്പോൾ അതിന്റെ ഴോണർ ഏതാവുമെന്ന് കൃത്യമായി എറിഞ്ഞു കൊണ്ടു തന്നെയാണ് ടിക്കറ്റെടുത്ത് കേറുന്നത്... അതുകൊണ്ടു തന്നെ, കഥയും കണ്ടന്റുമില്ലേ അടിയും വെടിയും മാത്രേ ഒള്ളേ എന്നും പറഞ്ഞ് ബുദ്ധിജീവിക്കരച്ചിൽ കരയുന്നത് പരിഹാസ്യമാണ്.. പ്രതീക്ഷിച്ച സംഗതികൾ കിട്ടിയോ, ആദ്യഭാഗത്തിന്റെ മേലെ പോയോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് മാത്രമേ പ്രസക്തിയുള്ളൂ.. രണ്ടുചോദ്യത്തിനും ഉത്തരം 100% യെസ് എന്നു തന്നെയാണ്.

പേരിൽ മാത്രം തുടർച്ച..

ടൈഗർ ഷെറോഫ് അവതരിപ്പിക്കുന്ന ക്യാരക്റ്ററിന്റെ പേര് റോണി എന്നാണ് എന്നൊരു തുടർച്ചയേ ബാഗി ഒന്നും രണ്ടും തമ്മിൽ ഉള്ളൂ എന്നു തോന്നുന്നു. രൺവീർ പ്രതാപ് സിംഗ് എന്നാണ് പൂർണനാമം. ആർമിയിൽ കമാന്റോ ആണ് ടിയാൻ. വൺ മാൻ ആർമി എന്നും പറയാം.. അവസാനത്തെ ഇരുപത് മിനിറ്റിൽ നൂറുകണക്കിനാളുകളെ ടിയാൻ ഒറ്റയ്ക്കുള്ള ആക്രമണത്തിൽ നിലം പരിശാക്കുന്നത് കണ്ടാൽ ഇന്ത്യൻ ആർമിയെ മൊത്തത്തിൽ പിരിച്ചുവിട്ട് ഓനെ മാത്രം സേനയായി പ്രഖ്യാപിച്ചാലും കുഴപ്പമൊന്നുമില്ല എന്ന് തോന്നിപ്പോവും.. ആർമി എന്ന് മാത്രം പറഞ്ഞാൽ ശരിയാവൂല്ല.. കര-നാവിക-വ്യോമ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന സമ്പൂർണ സേന എന്നുപറയേണ്ടിവരും.. ലോജിക്ക് തെരയുന്ന അമ്മാവന്മാർ ആ വഴി പോവേണ്ടെന്ന് വ്യംഗ്യം..

എക്സ്-കാമുകിയും വോയിസ് ക്ലിപ്പും..

ഗോവയിലെ ഒരു കിഡ്സ് പ്ലേ സ്കൂളിനു മുന്നിലുള്ള റോഡിൽ വച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന നേഹയെ രണ്ട് യമണ്ടൻ നീഗ്രോകൾ വന്ന് അറഞ്ചം പുറഞ്ചം ആക്രമിച്ച് പുറത്തേക്ക് വലിച്ചിട്ട് കാറുമായി കടന്നു കളയുന്നതോടെ ആണ് സിനിമ തുടങ്ങുന്നത്.. രണ്ടുമാസം കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്ന അവൾ എക്സ്-കാമുകനായ റോണിയ്ക്ക് ഒരു ശബ്ദ സന്ദേശം അയക്കുകയാണ്.. തന്നെ രക്ഷിക്കാൻ നിനക്ക് മാത്രമേ കഴിയൂ എന്നും നഷ്ടപ്പെട്ട കാറിൽ തന്റെ മൂന്നുവയസുള്ള മകൾ ഉണ്ടായിരുന്നുവെന്നും അവളെ വീണ്ടെടുത്തു തരണമെന്നുമാണ് മെസേജ്.. കേട്ടതുപാതി കേക്കാത്തതുപാതി, ചെക്കൻ കാഷ്മീരിൽ നിന്നും ഗോവയ്ക്ക് വണ്ടികേറുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.. ആ പോരുന്ന പോരലിൽ നാലുകൊല്ലം മുൻപുള്ള അവരുടെ പ്രണയഗഥ ഫ്ലാഷ്ബാക്കിലിട്ട് നമ്മളെ ആനന്ദതുന്തുലിതരാക്കുകയും ചെയ്യും. (രണ്ട് പാട്ട് ഒരു സ്വിമ്മിംഗ് പൂൾ ഒരു ബിക്കിനി ഷോട്ട് എന്നിവ ബോണസ്)

കിളിപോയ അന്വേഷണം

ഗോവയിലെത്തിയ റോണിയ്ക്ക് ഒരു അന്തവും കഥയും കിട്ടുന്നില്ല. കാരണം നേഹയ്ക്ക് അങ്ങനെ ഒരു മകൾ ഉള്ളതായി താമസിക്കുന്ന ഫ്ലാറ്റിലോ കുട്ടി പഠിക്കുന്നെന്ന സ്കൂളിലോ അന്വേഷിക്കുന്ന മറ്റിടങ്ങളിലോ ഒന്നും ആർക്കും അറിയില്ല. അങ്ങനെ ഒരു കുട്ടി ഇല്ല എന്നു തന്നെയാണ് എല്ലാവരും പറയുന്നത്. മകളുടെ ഒരു ഫോട്ടോ പോലും തെളിവിനായ് നൽകാൻ നേഹയ്ക്കാവുന്നില്ല.. നേഹ കൊടുത്ത കിഡ്നാപ്പിംഗ് പരാതി എന്തായിയെന്ന് അന്വേഷിക്കാൻ ചെന്നപ്പോൾ ഇൻസ്പെക്ടർ റോണിയെ ഇൻസൾട്ട് ചെയ്യുകയാണ്. തുടർന്ന്, പോലീസ് സ്റ്റേഷൻ അടിച്ചു തകർക്കൽ എന്ന പുണ്യ പുരാതന നാടകം നായകൻ അവിടെ അരങ്ങേറ്റും.. ആദ്യം ലവൻ പോലീസുകാരെ മൊത്തത്തിലും തുടർന്ന് അവർ തിരിച്ചും കൈത്തരിപ്പ് തീരും വരെ പഞ്ഞിക്കിടുമെങ്കിലും പിറ്റേന്നു രാവിലെ രണ്ടുകൂട്ടരും ഷെയ്ക്ക് ഹാൻഡ് കൊടുത്ത് സമാധാനപരമായി പിരിഞ്ഞു പോവും..

ഭേദപ്പെട്ട ത്രെഡ്..

അപകടത്തെ തുടർന്നുണ്ടായ ആഘാതത്തിൽ മനോനില തെറ്റിയ നേഹയുടെ ഇല്യൂഷൻ ആണ് മകളും തിരോധാനവും എന്ന് ചുറ്റുപാടുമുള്ള ലോകം മുഴുവൻ (ഭർത്താവുൾപ്പടെ) തീർത്തു പറയുന്നതിനിടെ റോണിയും ചേർന്ന് തെറി പറയുമ്പോൾ അവൾ ഫ്ലാറ്റിൽ നിന്ന് താഴെക്ക് ചാടി സൂയിസൈഡ് ചെയ്യുകയും അതേ നിമിഷം തന്നെ അങ്ങനെ ഒരു കുട്ടിയുണ്ടായിരുന്നുവെന്ന് നായകനും നമുക്കും മനസിലാവുകയും ചെയ്യുന്നതോടെ പടത്തിനൊരു ത്രില്ലർ മൂഡ് കൈവരുന്നു.. ഇന്റർവെൽ പഞ്ച് ആണത്.. തുടർന്നങ്ങോട്ട് കുട്ടിയെത്തേടിയുള്ള ഭ്രാന്തനെപ്പോലുള്ള അലച്ചിലാണ്.. ഞമ്മക്കും ചിലപ്പോഴൊക്കെ അതുകണ്ട് ഭ്രാന്തുപിടിക്കുക സ്വാഭാവികം.. തുടക്കം മുതൽ അവസാനം വരെ ഏകോദ്ദേശ പരാക്രമങ്ങൾ ആയതുകൊണ്ട് 138 മിനിറ്റ് എന്ന ദൈർഘ്യത്തിൽ ലാഗിംഗ് അനുഭവപ്പെടുകയും ബോറടിപ്പിക്കുന്ന നേരങ്ങൾ ഉണ്ടായതും സ്വാഭാവികം.. എന്നാലും നായിക അന്യനൊരുത്തന്റെ ഭാര്യയാണെന്നതും ഫസ്റ്റ് ഹാഫ് കഴിയുമ്പോഴേക്കും അവൾ തട്ടിപ്പോവുമെന്നതും വില്ലന്മാർ എന്ന് ആദ്യം കരുതുന്നവരും പെട്ടെന്ന് സീൻ കാലിയാക്കുന്നുണ്ടെന്നതുമൊക്കെ ഇത്തരമൊരു പടത്തിൽ നിന്നും പ്രതീക്ഷിക്കാത്ത തരം ഐറ്റങ്ങളാണ്..

ടൈഗറും മറ്റുള്ളവരും..

ബാഗി ഒന്നിൽ നിന്നും രണ്ടിലേക്ക് എത്തിയപ്പോഴേക്കും ടൈഗർ ശരിക്കും മുറ്റ് ആയിട്ടുണ്ട്.. "അവന് പ്രാന്താടാാ.." സുരാജ് ജഗ്പഗിൽ പറയേണ്ട ഐറ്റം കലിപ്പ്.. ജാക്കി ഷെറോഫിനോടല്ല, മധ്യകാല സൽമാൻ ഖാനോടാണ് അത് ടാലിയാകുന്നത്.. കൂടുതൽ എക്സ്പ്രഷനൊന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല. ദിഷ പഠാനി ആണ് നായിക. ഐ കാൻഡി.. അത്രതന്നെ.. 90കളിലെ മാധുരി ദീക്ഷിതിന്റെ മെഗാഹിറ്റ് ഗാനം " ഏക് ദോ തീൻ.." റീമിക്സ് ചെയ്ത് ജാക്വിലിൻ ഫെർണാണ്ടസിന്റെ ഐറ്റം നമ്പറായി വരുന്നുണ്ട്. സിമ്പതി തോന്നും.. കാരണം ജാക്വിലിൻ അല്ല കളിക്കുന്നത് ക്യാമറയാണ് കെട്ടി മറിഞ്ഞ് പരാക്രമം നടത്തുന്നത്.. മനോജ് ബാജ്പെയ്, രൺദീപ് ഹൂഡ എന്നിവർക്ക് പ്വൊളിക്കാനുള്ള റോളൊന്നുമില്ലെങ്കിലും ഉള്ളത് വച്ച് അവർ അഡ്ജസ്റ്റ് ചെയ്തു. ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്ത ജൂലിയസ് പാക്കിയമാണ് ടൈഗറിനൊപ്പം മൂഡ് ക്രിയേറ്റ് ചെയ്യാനായി കഠിനാധ്വാനം ചെയ്ത മറ്റൊരു പുലി..

നബി

അരിയെത്രെയെന്ന് ചോദിച്ചാൽ കട്ടിംഗും ഷേവിംഗും ഓരോ പ്ലേറ്റെന്ന് പറയേണ്ടതില്ല.. പടം അഞ്ചു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിലെത്തിയിട്ടുണ്ട്.. ഇവിടെയും നല്ല ആളുണ്ട്.. കൂടുതൽ മെസേജ് ആവശ്യമുള്ളവർക്ക് ഇക്കായുടെ പരോൾ വരുന്നുണ്ട്..

എന്റർടൈനറൊക്കെ തന്നെ, ത്രില്ലുമുണ്ട്.. കണ്ടിരിക്കാനാ ഇച്ചിരി പാട്.. ശൈലന്റെ റിവ്യൂ!!

English summary
Baaghi 2 movie review by Schzylan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X