»   » ഭൈരവ നിരൂപണം; ആദ്യത്തെ 10 മിനിട്ട് പരമ ബോറടിയായിരിക്കും, പിന്നെ അത് തുടര്‍ന്നോളും

ഭൈരവ നിരൂപണം; ആദ്യത്തെ 10 മിനിട്ട് പരമ ബോറടിയായിരിക്കും, പിന്നെ അത് തുടര്‍ന്നോളും

Posted By: Rohini
Subscribe to Filmibeat Malayalam
Rating:
1.5/5

അഴകിയ തമിഴ് മകന്‍ പോലൊരു മികച്ച ചിത്രമൊരുക്കിയ ഭദ്രനും വിജയ് യും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ഭൈരവ എന്ന ചിത്രത്തിലേക്ക് ആദ്യം ആകര്‍ഷിച്ച കാര്യം. പൊങ്കലിന് റിലീസ് ചെയ്യുന്ന ചിത്രം ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിയ്ക്കുമെന്നും കരുതി. പക്ഷെ വെറും എന്റര്‍ടൈന്‍മെന്റ് മാത്രം ലക്ഷ്യമിടുമ്പോള്‍ അതൊരു കോമാളിത്തരമായിപ്പോവും എന്നതിന് ഉത്തമ ഉദാഹരണമാണ് ഭൈരവ എന്ന തമിഴ് ചിത്രം.

ഷോക്കിങ്; ആദ്യ പ്രദര്‍ശനം കഴിഞ്ഞു, വിജയ് യുടെ ഭൈരവ ഇന്റര്‍നെറ്റില്‍!

വ്യത്യസ്തമായത് എന്തോ ആണ് പറയാന്‍ വരുന്നത് എന്ന തോന്നലുണ്ടാക്കാനുള്ള ശ്രമം പോലും നടത്തിയില്ല. നന്മയ്ക്ക് വേണ്ടി പൊരുതി വിജയം നേടുന്ന നായകനും പ്രണയവും കുറേ സംഘട്ടനവും പാട്ടും റൊമാന്‍സും. ആഘോഷത്തിന്റെ അന്തരീക്ഷം എന്നാല്‍ മസാല പടം എന്നാണോ അര്‍ത്ഥം എന്ന് ചോദിച്ചു പോകും.

കഥാപശ്ചാത്തലം

ഒരു പ്രൈവറ്റ് ബാങ്കില്‍ കലക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന യുവാവാണ് നമ്മുടെ നായകന്‍ ഭൈരവ. നീതി ബോധത്തോടെ മാത്രം കാര്യങ്ങളെ സമീപിയ്ക്കുന്ന ചെറുപ്പക്കാരന്‍. മലര്‍വിഴി എന്ന പെണ്‍കുട്ടിയുമായി ഭൈരവ പ്രണയത്തിലാകുന്നു. രാജ്യത്ത് ഒരുപാട് അഴിമതികള്‍ നടക്കുന്നുണ്ട് എന്നും, അത്തരത്തിലുള്ള വിദ്യാഭ്യാസ കച്ചവട അഴിമതിയുടെ ഭാഗമായിട്ടാണ് ഡോക്ടറാകാനുള്ള തന്റെ സ്വപ്‌നം ഇല്ലാതായത് എന്നും മലര്‍വഴി പറയുന്നു. തുടര്‍ന്ന് അഴിമതി തുടച്ചു നീക്കാനുള്ള നായകന്റെ പടയൊരുക്കമാണ് സിനിമ.

വിജയ് സ്ഥിരം സ്റ്റൈല്‍

ഫൈറ്റ്, പാട്ട്, ഡാന്‍സ്.. എന്നത് മാത്രമാണ് തന്നെ സംബന്ധിച്ച് സിനിമ എന്ന എന്റര്‍ടൈന്‍മെന്റ് എന്ന് വിജയ് വീണ്ടും തെളിയിച്ചിരിയ്ക്കുന്നു. കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇപ്പോഴും പുതുമ കണ്ടെത്താന്‍ നടന് സാധിയ്ക്കുന്നില്ല. എല്ലാ സിനിമയും ഒരുപോലെ തുടങ്ങുന്നു ഒരുപോലെ അവസാനിയ്ക്കുന്നു എന്നതാണ് വിജയ് ചിത്രത്തിന്റെ പ്രത്യേകത എന്ന് പറയേണ്ടിയിരിയ്ക്കുന്നു. വിജയ് യുടെ ഈ ചിത്രത്തിലെ ഗെറ്റപ്പില്‍ പോലും വെച്ചുകെട്ടല്‍ അനുഭവപ്പെടുന്നു എന്നതാണ് വാസ്തവം.

കീര്‍ത്തി സുരേഷ്

സുന്ദരിയായ നായിക. ക്യൂട്ടായിട്ടുള്ള എക്‌സ്പ്രഷന്‍ കൊണ്ടും അഭിനയ മികവുകൊണ്ടും കീര്‍ത്തി സുരേഷിന് തമിഴകത്തിന്റെ മനം കവര്‍ന്നെടുക്കാന്‍ കഴിയുന്നു. മലര്‍വിഴി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ കീര്‍ത്തി കൈകാര്യം ചെയ്തു.

ജഗുപതി ബാബു

തമിഴ് സിനിമയിലെ സ്ഥിരം വില്ലന്‍ ഗെറ്റപ്പ്. ബിസിനസ് മാനും രാഷ്ട്രീയക്കാരനുമായ ജെകെ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ജഗുപതി ബാബുവാണ്. ലുക്കുകൊണ്ട് പക്ക വുല്ലന്‍ തന്നെ. അഭിനയവും മികച്ച് നില്‍ക്കുന്നു

സതീഷ്

കോമഡി ചെയ്യാന്‍ മാത്രമൊരു നടന്‍ തമിഴ് സിനിമയില്‍ നിര്‍ബന്ധമാണല്ലോ. ഭൈരവയില്‍ ആ ചുമതല സതീഷിനായിരുന്നു. പക്ഷെ സ്ഥിരം പൊടിക്കൈകള്‍ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിയ്ക്കാനുള്ള ശ്രമം പാഴായിപ്പോയി.

സാങ്കേതിക വശം

എം സുകുമാറിന്റെ ഛായാഗ്രാഹണ ഭംഗി പ്രശംസ അര്‍ഹിയ്ക്കുന്നു. പ്രവീണ്‍ കെ എല്ലിന്റെ ചിത്ര സംയോജനും വിജയ് ആരാധകരെ സംതൃപ്തി പെടുത്തുന്ന തരത്തില്‍ മികച്ചു നില്‍ക്കുന്നു. സന്തോഷ് നാരായണന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ പ്ലസ് പോയിന്റാണ്.

ഒന്ന് വിലയിരുത്തിയാല്‍

സാമൂഹ്യ പ്രശ്‌നങ്ങളാണ് സിനിമ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിച്ചത്. ഉദ്ദേശം നല്ലതായിരുന്നുവെങ്കിലും ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമ ആക്കാന്‍ ശ്രമിച്ചിടത്താണ് പണി പാളിയത്. ആദ്യ പകുതിയില്‍ കോമഡിയും റൊമാന്റിക്കും മാത്രം, പിന്നെ ഒരു 20 മിനിട്ട് നീണ്ടു നില്‍ക്കുന്ന ഫ്ലാഷ്ബാക്കും. രണ്ടാം പകുതിയിലാണ് കഥയിലേക്ക് കടക്കുന്നത്. അത് വിജയ്ക്ക് വേണ്ടി മാത്രമുള്ളതായിരുന്നു.

കാഴ്ച്ചക്കാരോട്

പാട്ടും അടിയും ഇടിയും മാത്രമുള്ള മസാല പടമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും ഭൈരവ കാണണം. വിജയ് ഫാന്‍സ് ഒട്ടും നിരാശപ്പെടേണ്ടതില്ല.. മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ ഇതും വിജയ് ഫാന്‍സിന് വേണ്ടി മാത്രം ചെയ്തതാണ്... ഫാന്‍സിനെ സംതൃപ്തിപ്പെടുത്തുന്ന മികച്ചൊരു എന്റര്‍ടൈന്‍മെന്റാണ് ഭൈരവ.

English summary
Bairavaa Movie Review Kollywood’s most awaited flick of Ilayathalapathy Vijay and south latest sensation Keerthy Suresh starring Bairavaa has been released as Pongal festival special to Tamil audience. Bairavaa is an action film written and directed by Bharathan and produced by Vijaya Productions. Distributed by Sri Green Productions.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam