»   » ബഷീറിന്റെ പ്രേമലേഖനം: ശൈലന്റെ റിവ്യൂ

ബഷീറിന്റെ പ്രേമലേഖനം: ശൈലന്റെ റിവ്യൂ

Posted By: Desk
Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയുമായ ഷീലയും മധുവും ഒരുമിക്കുന്ന ചിത്രം, കുമ്പസാരത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിങ്ങനെയുള്ള പ്രത്യേകതകളുമായിട്ടാണ് ബഷീറിന്റെ പ്രേമലേഖനം തീയറ്ററുകളിൽ എത്തുന്നത്. ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ. എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ബഷീറിന്റെ പ്രേമലേഖനം പറയുന്നത്. ശൈലന്റെ റിവ്യൂ വായിക്കാം...

എൺപതുകളിൽ നടക്കുന്നു..

റേഡിയോനാടകം പോലും നാട്ടുകാരുടെ രോമാഞ്ചമായിരുന്ന ഒരു ഉൾനാടൻ ഗ്രാമത്തിൽ എൺപതുകളുടെ ആദ്യപാദത്തിൽ ആദ്യമായി ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ടിവി എത്തുന്നതും അത് നാട്ടുകാരിൽ ചെലുത്തുന്ന സ്വാധീനവും അതിനെതുടർന്നുണ്ടാവുന്ന പ്രണയവും ഒളിച്ചോട്ടവും തുടർചലനങ്ങളും ഒക്കെയാണ് ബഷീറിന്റെ പ്രേമലേഖനം എന്ന സിനിമയിൽ അനീഷ് അൻ വർ എന്ന സംവിധായകൻ പറഞ്ഞുപോകുന്നത്. ലേശമൊരു വക്രിച്ച ആംഗിളിൽ പരിഹാസവും ഹാസ്യവും വാരിവിതറിയുള്ള ഒരു ആഖ്യാനരീതി അവലംബിച്ചിരിക്കുന്നതിനാൽ കാഴ്ച അത്രയ്ക്ക് മുഷിയില്ല എന്നുതന്നെ പറയാം.

ബഷീറും സിനിമയും

ബഷീറിന്റെ പ്രേമലേഖനം എന്ന ടൈറ്റിലിൽ ധ്വനിപ്പിക്കുന്ന പോലെ വൈക്കം മുഹമ്മദ് ബഷീറിനെയോ അദ്ദേഹത്തിന്റെ പ്രേമലേഖന"ത്തിനെയോ കുറിച്ചുള്ള ഒരു കഥാതന്തു ഒന്നുമല്ല സിനിമയിൽ കാണുക. ബാല്യകാലസഖിയിലെപ്പോലെ നായകന്റെയും നായികയുടെയും പേര് ബഷീർ എന്നും സുഹറ എന്നുമാണ് എന്നതും സിനിമയിലെ ബഷീർ സുഹറയ്ക്ക് കൊടുക്കുന്ന കത്ത് ബഷീറിന്റെ പ്രേമലേഖന"ത്തിലെ കേശവൻ നായർ സാറാമ്മയ്ക്ക് കൊടുത്ത എഴുത്ത് അടിച്ചു മാറ്റിയതാണ് എന്നതുമാണ് സിനിമയ്ക്ക് സാക്ഷാൽ ബഷീറുമായിട്ടുള്ള ബന്ധങ്ങൾ. സുഹറയുടെ വീട്ടിലെ അടുക്കളയിൽ സാറാമ്മ എന്നുപേരായ ഒരു ജോലിക്കാരി ഉണ്ട് എന്നതും വേണമെങ്കിൽ എടുത്തു പറയാം.

അന്തംവിട്ട സ്ക്രിപ്റ്റ്

നായകനിലും നായികയിലോ അവരുടെ പ്രണയത്തിലോ അതിന്റെ ഏടാകൂടങ്ങളിലോ ഒന്നും വാട്ടം പിടിച്ചുനിൽക്കുന്ന ഒരു സ്ക്രിപ്റ്റല്ല സിനിമയുടെത്. അത് നാട്ടുകാരുടെയും ആ ബ്ലാക്ക് ആന്റ് വൈറ്റ് ടി വി യുടെയും ഓരം പറ്റിയും ഒപ്പം ചേർന്നുമാണ് ഉടനീളം മുന്നോട്ട് പോവുന്നത്. ബഷീറല്ല, ടിവി ആണ് നായകൻ എന്നും പറയാം. വെറും ക്ലീഷെയായി മാറുമായിരുന്ന ഒരു പ്രണയകഥയെ ദൃശ്യയോഗ്യമായി രക്ഷിച്ചെടുക്കുന്നതും ഈ ഒരു അപ്പ്രോച്ച് തന്നെ. ഷിനോദ്, ഷംസീർ, ബിബിൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

കട്ടനൊസ്റ്റാൾജിയ

എൺപതുകളിലെ നാട്ടിൻപുറങ്ങളിൽ ബാല്യകാലം ചിലവഴിച്ചവർക്ക് കട്ടനൊസ്റ്റാൾജിയ സമ്മാനിക്കാനായി സംവിധായകൻ നന്നായി ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ ഓരോ മിനിറ്റും മേൽപ്പടിയാന്മാരുടെ ബാല്യകാലത്തിലെ കണ്ടുമറന്ന കാഴ്ചകളിലേക്കുള്ള മടക്കങ്ങളാണ്.. 90കളിലും അതിനുശേഷവും ജനിച്ചവർക്ക് അതെങ്ങനെ ഉൾക്കൊള്ളാനാവും എന്നറിയില്ല. കാരണം അവരാണല്ലോ തിയേറ്ററുകളെ സജീവമാക്കി നിൽക്കുന്ന വിഭാഗം.. സക്കറിയയുടെ ഗർഭിണികളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനീഷ് അൻവർ.. ഈ സിനിമയിലും സംവിധായകന്റെ മൗലികതയുടെ സിഗ്നേച്ചറുകൾ ഉണ്ട്.. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാലോകം പാത്രസൃഷ്ടിയിലും അവതരണത്തിലും അനീഷിനെ നന്നായി സ്വാധ്വീനിക്കുന്നതായി കാണാം..

സുഹറ

ടിവിയെ മാറ്റിവച്ചാൽ സിനിമയിലെ അടുത്ത പ്രധാനകഥാപാത്രം സുഹറ ആണ്. പഞ്ചായത്ത് പ്രസിഡന്റ് ആയ പാലംവിഴുങ്ങി ഹാജ്യാരുടെ മകളായ അവൾക്ക് ദുബായിലുള്ള മുറച്ചെറുക്കൻ കൊടുത്ത് വിടുന്നതാണ് ഒനിഡ ബ്ലാക്ക്&വൈറ്റ് ടിവി. അത് ഫിറ്റ് ചെയ്യാൻ വരുന്ന നാട്ടിലെ ഏക പോളിടെക്നിക്ക് കാരനാണ് ബഷീർ.. ബഷീറും സുഹറയും തമ്മിലുള്ള ബന്ധത്തിൽ അവർക്കോ കാണികൾക്കോ പ്രണയമൊന്നും ഫീൽ ചെയ്യിപ്പിക്കാൻ സംവിധായകൻ മല്ലുക്കെട്ടുന്നില്ല.. രണ്ടാം പകുതിയിൽ ഉസ്മാൻ ഗൾഫിൽ നിന്ന് വരുന്നതോടെ പ്രണയം സംഭവിക്കുന്നത് അപ്രതീക്ഷിതമായ ഏരിയകളിൽ ആണ് എന്നതാണ് സിനിമയുടെ കൗതുകം..

ക്രീൻ നിറയെ കഥാപാത്രങ്ങൾ

സ്ക്രീൻ നിറയെ കഥാപാത്രങ്ങളുള്ള സിനിമയിൽ സുഹറയായി വരുന്നത് സന അൽത്താഫ് ആണ്. മോശമാക്കിയിട്ടില്ല എന്നേ പറയാനുള്ളൂ.. ബഷീർ ആയി ഫർഹാൻ ഫാസിൽ. കള്ളനാവുമ്പോഴും കൊള്ളക്കാരനാവുമ്പോഴും ഊമയാവുമ്പോഴും എരുമയാവുമ്പോഴും കണ്ണിൽ പ്രണയഭാവങ്ങൾ വാരിവിതറുന്ന ഏട്ടൻ ഫഹദ് ഫാസിലിന് ഫർഹാൻ വെല്ലുവിളിയാവുന്നത് ബഷീറെന്ന സമ്പൂർണപ്രണയനായകനാവുമ്പോഴും കണ്ണുകളിലും മുഖത്തും റെസിസ്റ്റൻസ് നിലനിർത്തിക്കൊണ്ടാണ്..

മണികണ്ഠൻ ആചാരിയും ഹരീഷ് കണാരനും

ഉസ്മാനായി വന്ന മണികണ്ഠൻ ആചാരി അവസാനത്തെ അരമണിക്കൂർ കൊണ്ട് പടത്തെ നൈസായി പോക്കറ്റിലാക്കുകയും ചെയ്തു.. മൊത്തം ക്യാരക്റ്ററുകൾ എടുത്ത് വച്ചുനോക്കിയാലും ആ കോഴിക്കോടൻ ഗ്രാമത്തിന്റെ ഒറിജിനാലിറ്റി നിലനിർത്തിക്കൊണ്ട് ബിഹേവ് ചെയ്യുകയും സംസാരിക്കുകയും ചെയ്തത് ഹരീഷ് കണാരൻ എന്ന ഒറ്റ നടനും അയാളുടെ വേഷവും മാത്രമാണ് എന്നത് വേറെ കാര്യം..

അസഹനീയതകൾ

സുഹറയുടെ ഉമ്മുമ്മയായി വരുന്ന ഷീലയെയും അവരുടെ മരിച്ചുപോയ ഭർത്താവായി വരുന്ന മധുവിനെയും ഒക്കെ ഇത്തരമൊരു കോഴിക്കോടൻ പടത്തിൽ എന്തിനാണാവോ സംവിധായകൻ കാസ്റ്റ് ചെയ്തിരിക്കുന്നത്.. അവരോട് ആളുകൾക്ക് ഉള്ള സ്നേഹം കളയാൻ എന്നല്ലാതെ വേറെ ഉത്തരമൊന്നുമില്ല. ബഷീറിന്റെ ഉപ്പയായിവരുന്ന പഴയകാല നടൻ ഷാനവാസിന്റെ മ്യാരകപ്രകടനം.. ഹിന്റമ്മോ!!!

Song In Basheerinte Premlekhanam Gets Good Response

നമോവാകം

ട്രെയിലർ കണ്ട് ആ ഒരു മൂഡിൽ തിയേറ്ററിൽ പോയവർക്ക് വലിയ നിരാശക്കൊന്നും വകയില്ല.. ബഷീർ എന്നും പ്രേമലേഖനം എന്നുമൊക്കെ മാത്രം കണ്ട് വല്ല സാധുക്കളും കേറിയിട്ടുണ്ടെങ്കിൽ അവർക്ക് നമോവാകം‌‌

English summary
Basheerinte Premalekhanam movie review by Schzylan Sailendrakumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam