For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുഷ്ക ഷെട്ടിക്ക് മാത്രം സാധ്യമായ ചിലത്.. (പ്രതീക്ഷിച്ച സംഗതികളല്ല ബാഗമതി"യിൽ) ശൈലന്റെ റിവ്യൂ!!

  |

  ശൈലൻ

  കവി
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി നായികയാവുന്ന സിനിമ എന്ന ലേബലില്‍ എത്തിയ സിനിമയായിരുന്നു ബാഗമതി. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ നിര്‍മ്മിച്ച സിനിമ ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരുന്നു തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തിയത്. ജി അശോക് സംവിധാനം ചെയ്ത സിനിമയില്‍ മലയാളത്തില്‍ നിന്നും ജയറാം, ഉണ്ണി മുകുന്ദന്‍, ആശ ശരത്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ദേവസേനയില്‍ നിന്നും ബാഗമതിയിലേക്കുള്ള അനുഷ്‌കയുടെ യാത്ര എങ്ങനെയുണ്ടെന്ന് അറിയാന്‍ ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം.

  ആക്ഷനിൽ പുലി.. ബാക്കിയെല്ലാം എലി.. ആവറേജിലൊതുങ്ങുന്ന ആദിയുടെ വിധി കണ്ടുതന്നെ അറിയാം.. പ്രണവിന്റെയും!

   ബാഗമതി

  ബാഗമതി

  ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ ദിനം മുതൽ സൗത്ത് ഇന്ത്യൻ പ്രേക്ഷകർ ആകാക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന സിനിമ ആണ് ബാഗമതി. ബാഹുബലി ദി കൺക്ലൂഷനിലെ ദേവസേനയുടെ ഗംഭീര പ്രകടനത്തിന് ശേഷം വരുന്ന അനുഷ്ക ഷെട്ടിയുടെ വേഷം എന്നതും 2009ൽ ഇറങ്ങി തെന്നിന്ത്യ മുഴുവൻ തൂത്തുവാരിയ അനുഷ്കയുടെ അരുന്ധതി എന്ന ഹൊറർ സിനിമയുടെ ഓർമ്മകളും ആണ് പ്രേക്ഷകരിൽ പ്രതീക്ഷയേറ്റിച്ചത്. തെലുങ്കിലും തമിഴിലുമായി ബൈലിംഗ്വൽ ആയി ചിത്രീകരിച്ച ബാഗമതി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി അവിടത്തെ റിലീസ് ദിനത്തിൽ തന്നെ കേരളത്തിലും പ്രദർശനത്തിനെത്തി. ഉണ്ണി മുകുന്ദൻ അനുഷ്കയുടെ നായികയായി അഭിനയിക്കുന്നു എന്നതാണ് ബാഗമതിയെ സംബന്ധിച്ച് മലയാളിയുടെ ഒരു കൗതുകം.

  ഹൊറർ + പൊളിറ്റിക്കൽ

  ഹൊറർ + പൊളിറ്റിക്കൽ

  ക്ലീഷെ രംഗങ്ങളും നിർബന്ധതിത പേടിപ്പെടുത്തലുകളും ധാരാളമുണ്ടെങ്കിലും അരുന്ധതിയെ പോലെയോ മറ്റേതെങ്കിലും തെലുങ്ക് ഹൊറർ സിനിമയെപ്പോലെയോ നമ്മൾ കണ്ടുപരിചയിച്ച ഒരു പ്രേതകഥയല്ല ബെയ്സിക്കലി ബാഗമതി. ഹൊറർ സിനിമയായി പതിവുമട്ടിൽ തുടങ്ങുന്ന ബാഗമതി ഒടുവിലെത്തുമ്പോൾ മണിച്ചിത്രത്താഴ് മട്ടിൽ പ്രേതമേ ഇല്ലയെന്നും ഇതൊരു ഹൊറർ സിനിമയുമല്ല എന്ന് 99 ശതമാനവും വരുത്തിവെക്കാൻ ശ്രമിച്ചു വിജയിക്കുന്നിടത്താണ് സിനിമ പ്രേക്ഷകന്റെ പ്രതീക്ഷകളെ മറികടന്നുപോവുന്നത്. നൂറിൽ ബാക്കിയുള്ള ഒരു ശതമാനം സംവിധായകൻ ഹൊറർ ആരാധകരുടെ സംതൃപ്തിയ്ക്കായി എൻഡ്പഞ്ചിലെ ഒരു സാധ്യതയായി വിട്ടുകൊടുക്കുമ്പോഴും ബാഗമതി ഒരു പൊളിറ്റിക്കൽ കം റിവഞ്ച്ഫുൾ ഡ്രാമ ആയിട്ടു തന്നെയാവും തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോരുമ്പോൾ അടയാളപ്പെടുക.

   രാഷ്ട്രീയ ഗൂഢാലോചനയും സിബിഐയും

  രാഷ്ട്രീയ ഗൂഢാലോചനയും സിബിഐയും

  ഈശ്വർ പ്രസാദ് എന്ന അസാമാന്യ ക്ലീൻ ഇമേജും ജനപിന്തുണയുമുള്ള ജലസേചനമന്ത്രി ഇങ്ങനെ പോയാൽ മുഖ്യമന്ത്രി ആവുമെന്ന് ഭയന്ന് ടിയാനെതിരെ ഡൽഹിയിൽ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നു. എങ്ങനെ എങ്കിലും പുള്ളിയെ കരിവാരിത്തേച്ച് രാഷ്ട്രീയ ഭാവി തകർക്കുക എന്നതാണ് ലക്ഷ്യം. അതിനായി സി ബി ഐ ജോയിന്റ് ഡയറക്ടർ വൈഷ്ണവി നടരാജന്റെ നേതൃത്വത്തിൽ ഒരു സംഘം കച്ചകെട്ടി ഇറങ്ങുന്നു. നേരിട്ട് തെളിവൊന്നും ഇല്ലാത്തതിനാൽ രണ്ട് ടേമിൽ മന്ത്രിയുടെ വിശ്വസ്തയായ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ചഞ്ചല ഐഎഎസിനെ ആണ് സംഘം ഇന്ററോഗേഷനായി തെരഞ്ഞെടുക്കുന്നത്. ഭർത്താവിനെ കൊന്ന കേസിൽ ജയിലിലുളള ചഞ്ചലയെ സിബിഐ തീർത്തും അൺ ഒഫീഷ്യൽ ആയി കാട്ടിനുള്ളിൽ പോലീസ് അധീനതയിൽ ഉള്ള ബാഗമതി കോട്ടയിൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി താമസിപ്പിക്കുന്നു.

   ബാഗമതിയും ചഞ്ചലയും

  ബാഗമതിയും ചഞ്ചലയും

  പേരു കേട്ടാൽ തന്നെ ആളുകൾ ഞെട്ടിവിറയ്ക്കുന്ന ബാഗമതി കോട്ടയിൽ നിന്ന് ചഞ്ചല നേരിടേണ്ടി വരുന്ന പീഡാനുഭവങ്ങളും പ്രേതാനുഭവങ്ങളുമാണ് തുടർന്നങ്ങോട്ട്. ഹൊറർ സിനിമ എന്നൊരു സങ്കൽപം പ്രേക്ഷകനിൽ ഉണ്ടാാക്കിവച്ച സകലമാന പ്രതീക്ഷിത അപ്രതീക്ഷിതത്വങ്ങളിലൂടെയും ലൗഡ്ഫുൾനെസ്സിലൂടെയും സിനിമ കടന്നുപോവുന്നുണ്ട്. ഒരു പ്രത്യേകഘട്ടമെത്തുമ്പോൾ ചഞ്ചല തന്നെ പന്ത്രണ്ടാം നൂറ്റാണ്ടിലെ ബാഗമതി രാജകുമാരിയായി മാറുകയും അഴിഞ്ഞാടാൻ തുടങ്ങുകയും.. അനുഷ്കയ്ക്ക് മാത്രം സാധ്യമായ നേരങ്ങൾ എന്ന് ടൈറ്റിലിൽ പറഞ്ഞ ഭാഗങ്ങൾ ഇവിടെയാണ്. ഒന്നു പാളിയാൽ നാടകമോ ബാലെയോ ആയി മാറാൻ സകലമാന സാധ്യതയുമുള്ള ഈ ഒരു ട്രാൻസ്ഫൊർമേഷൻ അനുഷ്ക ഷെട്ടി രാജകീയമാക്കിയിരുക്കുന്നു.

   പകച്ചുപോയ സി ബി ഐയും വഴിമാറുന്ന കഥയും

  പകച്ചുപോയ സി ബി ഐയും വഴിമാറുന്ന കഥയും

  ചോദ്യം ചെയ്യലിൽ ഒരു നേരിയ തുമ്പു പോലും കിട്ടാതെ നിരാശപ്പെട്ടിരിക്കുന്ന സിബിഐയും വൈഷ്ണവിയും ബാഗമതിയുടെ അഴിഞ്ഞാട്ടം കൂടി ആവുമ്പോൾ പകച്ചുപോകുന്നു. തങ്ങളുടെ കയ്യിലുള്ള സൈക്യാട്രിസ്റ്റിനെയും ഡോക്ടർമാരെയുമൊക്കെ കൊണ്ടുവന്ന് മണിച്ചിത്രത്താഴ് മോഡൽ തീർപ്പ് കൽപിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബാഗമതി അവരുടെ പിടിയിൽ ഒതുങ്ങുന്നില്ല. ഒടുവിൽ ഹാലൂസിനേഷന്റെ അൾട്ടിമേറ്റ് എന്ന് വിധിയെഴുതി സമനില പൂർണ്ണമായും തെറ്റിയ ചഞ്ചലയെ ഭ്രാന്താസ്പത്രിയിൽ കൊണ്ടുപോയിടുന്നു. അവിടുന്നങ്ങോട്ടാണ് സിനിമ‌ ഹൊററിനെ വെട്ടിക്കളഞ്ഞ് വേറെ ലെവലാകുന്നത്..

   ഉണ്ണിമുകുന്ദനും ജയറാമും

  ഉണ്ണിമുകുന്ദനും ജയറാമും

  ബാഗമതി ആയും ചഞ്ചല ആയും വെടിക്കെട്ട് പ്രകടനം നടത്തുന്ന പടത്തിൽ പിന്നീട് പരാമർശിക്കാവുന്ന മൂന്നുപേരുകൾ മലയാളത്തിൽ നിന്നാണ് എന്നത് എടുത്ത് പറയാവുന്നതാണ്.. അനുഷ്കയുടെ ഹീറോ ആയി വരുന്ന ശക്തി എന്ന ക്ഷോഭിക്കുന്ന യുവത്വം റോളിൽ വരുന്ന ഉണ്ണി മുകുന്ദൻ ശരിക്കും തിളങ്ങി.. അനുഷ്കയും ഉണ്ണിയും തമ്മിലുള്ള കെമിസ്ട്രി ഗംഭീരം. ഈശ്വർ പ്രസാദ് എന്ന ജലസേചനമന്ത്രിവേഷം ജയറാമിന്റെ ഇപ്പോഴത്തെ ഒരു കരിയർ അനുസരിച്ച് കിട്ടാവുന്നതിൽ ഏറ്റവും നല്ല റോൾ തന്നെ.. ബട്ട്, അവസാനഘട്ടമെത്തുമ്പോൾ ജയറാമിന്റെ പരിമിതികളെ മുഴുവൻ അത് വലിച്ച് പുറത്തിടുകയും ചെയ്തു. സിബിഐ ജോയിന്റ് ഡയറക്ടർ വൈഷ്ണവി നടരാജൻ ആയി വരുന്ന ആശാ ശരത് തന്റെ ഏഷ്യാനെറ്റ് സീരിയൽ പ്രകടനം കൊണ്ട് തെലുങ്കരെപ്പോലും നാണിപ്പിച്ചുകളഞ്ഞു.. (അനുഷ്കയുടെ ഒക്കെ വാല്യൂ അറിയുന്നത് ആശാ ശരത് സ്ക്രീനിൽ ഓപ്പോസിറ്റ് നിക്കുമ്പോഴാണ്. ) എ സി പിയും ശക്തിയുടെ ജ്യേഷ്ഠനുമായി വരുന്ന മോഹൻ ശർമ്മയാണ് അഭിനേതാക്കളിൽ എടുത്ത് പറയേണ്ട മറ്റൊരാൾ.

   ഹൈലൈറ്റും നെഗറ്റീവും

  ഹൈലൈറ്റും നെഗറ്റീവും

  മുൻപെ പറഞ്ഞപോലെ തെലുങ്ക് പോലൊരു ഭാഷയിൽ നിന്ന് വരുന്ന ഹൊറർ മൂവികളെ പൊളിച്ചടുക്കുന്ന ഒരു കൺസെപ്റ്റ് ആണ് ബാഗമതിയുടെത്. ജി അശോക് എന്ന സ്ക്രിപ്റ്റ് റൈറ്റർ -കം-ഡയറക്റ്റർ അതിന്റെ പേരിൽ അഭിനന്ദനമർഹിക്കുന്നു. അതിഗംഭീരവും എന്നെന്നും ഓർക്കപ്പെടുന്നതുമായ ഒരു പ്രതികാരത്തിന് സ്കോപ്പുള്ളതായിട്ടും ക്ലൈമാക്സ് പടത്തിന്റെ ടോട്ടാലിറ്റിക്കൊത്തുയർന്നില്ല എന്നതാണ് എടുത്ത് പറയാവുന്ന നെഗറ്റീവ്. എണ്ണിയെണ്ണിപറഞ്ഞാൽ ഒരുപാട് നെഗറ്റീവ്സും പോസിറ്റീവ്സും എടുത്തു കാണിക്കാൻ ഉണ്ട് എങ്കിലും "പൈസാവസൂൽ" എന്ന കാറ്റഗറിയിൽ പെടുത്തി തൽക്കാലം കൺക്ലൂഡ് ചെയ്യാം..

  English summary
  Bhagmati movie review by Schzylan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X