»   » ഗൗരവമേറിയ വിഷയം ഹാസ്യരൂപേണ; ബ്ലാക്ക്മെയിൽ - ന്യൂ മൂവി റിവ്യൂ

ഗൗരവമേറിയ വിഷയം ഹാസ്യരൂപേണ; ബ്ലാക്ക്മെയിൽ - ന്യൂ മൂവി റിവ്യൂ

By Sandeep Santosh
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  'ഡെൽഹി ബെല്ലി’, 'ഫോഴ്സ് 2’ തുടങ്ങിയ സിനിമകളുടെ സംവിധായകൻ അഭിനയ് ദ്യോ യുടെ പുതിയ ചിത്രമായ “ബ്ലാക്ക്മെയിൽ” എപ്രിൽ 6 വെള്ളിയാഴ്ച്ചയാണ് തീയറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഇർഫാൻ ഖാനാണ്.

  വ്യത്യസ്തമായ വിഷയത്തിലൂടെയും, സ്വാഭാവിക അഭിനയത്തിലൂടെയും പ്രേക്ഷകർക്ക് തന്നിലുള്ള വിശ്വാസം കാത്തു സൂക്ഷിക്കുവാൻ ഓരോ ചിത്രങ്ങളിലും ഇർഫാൻ ഖാൻ എന്ന നടന് കഴിയുന്നുണ്ട്, ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.

  sonia: ഇതിൽ ഏതാണ് ഒറിജിനൽ!! അനുപം ഖേർ ചിത്രത്തിൽ സോണിയ ഗാന്ധിയായി എത്തുന്ന നടി ആരാണെന്ന് അറിയാമോ?

  ഡാർക്ക് കോമഡി

  ബ്ലാക്ക്മെയിൽ എന്ന ചിത്രം ഡാർക്ക് കോമഡി വിഭാഗത്തിൽ പെടുന്നതാണ്. അതായത് വളരെ സീരിയസായ വിഷയം ചർച്ച ചെയ്യുമ്പോഴും അത് നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ പല രംഗങ്ങളിലും ഒരേ സമയം പ്രേക്ഷകർ ചിന്തിക്കുകയും, വിഷമിക്കുകയും, ചിരിക്കുകയും ചെയ്യും. എ.എ. ഫിലിംസ് പ്രദർശനത്തിനെത്തിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ടി - സീരീസ് ഫിലിംസ്, ആർ.ഡി.പി. മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിലാണ്.

  പല തരം ബ്ലാക്ക്മെയിലുകളുടെ കഥ!

  ഇർഫാൻ ഖാൻ അവതരിപ്പിക്കുന്ന ദേവ് കൗശൽ എന്ന കഥാപാത്രം ഒരു ടോയ്ലറ്റ് പേപ്പർ സെയിൽസ്മാനാണ്. തന്റെ ജോലിയിൽ മാത്രം ശ്രദ്ധ നൽകി ജീവിക്കുന്ന ഇയാളുടെ ജീവിതം യാന്ത്രികമാണ്. ഒരു ഇടത്തരം കുടുംബസ്ഥനായ ഇയാൾക്ക് മറ്റുള്ളവരെപ്പോലെ ഇ.എമ്.ഐ, ഹൗസ് ലോൺ, തുടങ്ങി നിരവധി കാര്യങ്ങളാൽ സ്വസ്ഥത നഷ്ടപ്പെടുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ തനിക്ക് ആസ്വദിക്കാനാകുന്നില്ല എന്ന് തോന്നലുണ്ടാകുന്ന ഘട്ടത്തിൽ ഒരു ദിവസം ദേവ് ജോലി നേരത്തെ അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്നു.

  ഭാര്യക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതി റോസാപ്പൂക്കളുമൊക്കെയായി വീട്ടിലെത്തുമ്പോൾ ദേവ് കാണുന്ന കാഴ്ച്ച നടുക്കുന്നതാണ്. തന്റെ ഭാര്യ റീനയെ (കീർത്തി കുൽഹാരി) തന്റെ വീട്ടിലെ തന്റെ കട്ടിലിൽ മറ്റൊരു പുരുഷനൊപ്പം കാണുന്ന ദേവിന്റെ മനസിൽ പല ചിന്തകൾ കടന്നുവരുന്നു. ഭാര്യയെ കൊല്ലണോ, അതോ കാമുകനെയോ, അല്ലെങ്കിൽ രണ്ടു പേരെയും കൊന്നാലോ എന്നൊക്കെ ആലോചിക്കുന്നെങ്കിലും ദേവ് അതിനൊന്നും തയ്യാറാകുന്നില്ല പകരം, ഒരു പ്ലാൻ തയ്യാറാക്കി അയാൾ ഭാര്യാ കാമുകനായ രഞ്ജിത്ത് അറോറയെ (അരുണോദയ് സിംഗ്) ബ്ലാക്ക് മെയിൽ ചെയ്യാൻ ആരംഭിക്കുന്നു.

  അങ്ങനെ സിനിമ യഥാർത്ഥ ട്രാക്കിലേക്ക് എത്തുകയാണ്. തുടർന്ന് ചിത്രത്തിൽ സംഭവിക്കുന്നത് ആ സംഭവവുമായി ബസപ്പെട്ട് പല കഥാപാത്രങ്ങളും പലരേയും ബ്ലാക്ക് മെയിൽ ചെയ്യുന്നതാണ്‌, ഓരോരുത്തരുടേയും ലക്ഷ്യം പലതാണെന്ന് മാത്രം.

  ഭാര്യയുടെ അവിഹിത ബന്ധമറിഞ്ഞിട്ടും കാമുകനെ ദേവ് പണത്തിനായി ബ്ലാക്ക്മെയിൽ ചെയ്യുന്നു എന്നറിയുന്ന മറ്റ് ചിലർ ദേവിനേയും ബ്ലാക്ക്മെയിൽ ചെയ്യുന്നു എന്നതാണ് ഏറെ രസകരം.!

  വിസ്മയം തീർക്കുന്ന അഭിനയം!

  ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്ന ഇർഫാൻ ഖാൻ പ്രേക്ഷകരെ ചിത്രവുമായി ബന്ധിപ്പിക്കുന്നതിൽ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തന്റെ സ്ഥിരം ശൈലിയിലൂടെ തന്നെ കഥാപാത്രത്തെ അതിന്റെ എല്ലാ ഗുണവിശേഷങ്ങളോടും കൂടി പകർന്നാടുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

  കീർത്തി കുൽഹാരി, ദിവ്യാ ദത്ത, അരുണോദയ് സിംഗ് തുടങ്ങിയ താരങ്ങളെല്ലാം കഥാപാത്രങ്ങളോട് നീതി പുലർത്തും വിധം അഭിനയിച്ചു എന്ന് ഉറപ്പിച്ചു പറയാം.

  തിരക്കഥയുടെ പങ്ക്

  വളരെ ലളിതമായ രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കഥയ്ക്ക് യോജിക്കും വിധം സാധാരണക്കാരുടെ സംസാരങ്ങൾക്കിടയിൽ ഉപയോഗിക്കുന്ന ലളിതപദപ്രയോഗങ്ങൾ മാത്രമടങ്ങിയ സംഭാഷണങ്ങളാണ് ചിത്രത്തിലേത്. അതിനാൽ ചിത്രത്തിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വളരെ സ്പഷ്ടമായിത്തന്നെ ആർക്കും മനസിലാകുന്നതാണ്.

  ചിത്രം ശരിയായ ദിശയിലേക്ക് ചലിച്ചു തുടങ്ങുന്നതിൽ ചെറിയൊരു താമസമുണ്ട്, അതുകൊണ്ട് തന്നെ ആദ്യ പകുതിയിൽ ഒരു ലാഗ് ഫീൽ ചെയ്യും.

  അവസാന ഭാഗത്തേക്ക് സിനിമ എത്തുമ്പോഴേക്കും ബ്ലാക്ക്മെയിൽ ചെയ്യുന്ന പലതരം കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നു. ചെറിയൊരു ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഭാഗമാണത് പക്ഷെ, ഒരു നല്ല ട്വിസ്റ്റുള്ള ക്ലൈമാക്സോടുകൂടിയാണ് സിനിമ അവസാനിക്കുന്നത്.

  സംവിധായകന്റെ സംഭാവന

  സംവിധായകന്റെ കലയാണ് സിനിമ എന്ന് അടിവരയിടുന്ന ചിത്രമാണ് ബ്ലാക്ക്മെയിൽ. അഭിനയത്തിലൂടെ ഇർഫാൻ ഖാൻ സിനിമയുടെ ഒരു വശം താങ്ങിയപ്പോൾ അതിനെ കൂടുതൽ ഭദ്രമായ നിലയിൽ എത്തിക്കാൻ കഴിഞ്ഞത് അതിന്റെ സംവിധായകന്റെ കഴിവു കൊണ്ട് തന്നെ എന്ന് തീർച്ചയായും പറയേണ്ടിയിരിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയം അതിന്റെ അവതരണത്തിൽ പാരമ്യത്തിലെത്തിക്കുകയും അതേസമയം,പ്രേക്ഷകന്റെ ആസ്വാദനത്തിന് കോട്ടം തട്ടാത്ത രീതിയിൽ ഹാസ്യത്തിലൂടെ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാക്കി ബ്ലാക്ക്മെയിലിനെ മാറ്റുന്നതിൽ സംവിധായകൻ പൂർണ്ണമായും വിജയിക്കുകയും ചെയ്തിരിക്കുന്നു.

  മറ്റ് ഘടകങ്ങൾ

  എടുത്തു പറയത്തക്ക വിധം ഗാനങ്ങൾക്ക് ചിത്രത്തിൽ പ്രാധാന്യമില്ല എന്നിരുന്നാലും ഊർമ്മിള മതോണ്ട്കർ അവതരിപ്പിച്ച ‘ബേവഫാ ബ്യൂട്ടി'എന്ന ഐറ്റം സോംഗ് തീയറ്ററിൽ ചലനം സൃഷ്ടിക്കുന്നതായിരുന്നു. പശ്ചാത്തലത്തിന് ഒട്ടും പ്രാധാന്യം നല്കാത്ത രീതിയിലാണ് ചിത്രത്തിന്റെ അവതരണം. കഥയ്ക്കും, അഭിനയത്തിനുമാണ് സംവിധായകൻ പ്രാധാന്യം നൽകിയിരിക്കുന്നത്.ആയതിനാൽ ഛായാഗ്രഹണ ഭംഗി തുടങ്ങിയ ചില ഘടകങ്ങളെപ്പറ്റി പറയേണ്ടതായി ഒന്നുമില്ല.

  രണ്ട് മണിക്കൂർ പത്തൊൻപത് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. രണ്ട് മണിക്കൂറിനുള്ളിൽ തന്നെയൊതുക്കാമായിരുന്ന വിഷയമായിരുന്നു ചിത്രത്തിന്റേത് എന്നതാണ് യാതാർഥ്യം.

  റേറ്റിംഗ്: 7.8/10

  താരങ്ങളുടെ അഭിനയത്തിന് ഗ്യാരന്റി നൽകുന്നതിനൊപ്പം ഹാസ്യവും, സന്ദേശവും, ത്രസിപ്പിക്കുന്ന ട്വിസ്റ്റുകളും ചേരുംപടി ചേർത്ത ചിത്രമാണ് ബ്ലാക്ക്മെയിൽ എന്നും ഉറപ്പു നൽകുന്നു.

  മസാല ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു എന്റർടെയ്നർ, ചുരുക്കത്തിൽ പറഞ്ഞാൽ ഒരു ഇർഫാൻ ഖാൻ ചിത്രം!

  English summary
  bollywood movie 'blackmail' movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more