»   » 'പാവമൊക്കെയാണ്.. ഒരുപാട് ആഗ്രഹങ്ങളുമുണ്ട്.. പക്ഷേ അതിനുള്ള ശേഷി വേണ്ടേ..!!' ശൈലന്റെ കാർബൺ റിവ്യൂ..

'പാവമൊക്കെയാണ്.. ഒരുപാട് ആഗ്രഹങ്ങളുമുണ്ട്.. പക്ഷേ അതിനുള്ള ശേഷി വേണ്ടേ..!!' ശൈലന്റെ കാർബൺ റിവ്യൂ..

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  3.5/5
  Star Cast: Fahadh Faasil, Mamta Mohandas
  Director: Venu

  2018 ല്‍ ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണ് കാര്‍ബണ്‍. വേണു തിരക്കഥയെഴുതി സംവിധാനം ചെയത് സിനിമ ഒരു സസ്‌പെന്‍സ് ത്രില്ലറായിട്ടായിരുന്നു നിര്‍മ്മിച്ചിരുന്നത്. കാടിനെ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമയില്‍ മംമ്ത മോഹന്‍ദാസ് നായികയായി അഭിനയിച്ചപ്പോള്‍ ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

  കാർബൺ..

  "പാവമൊക്കെയാണ്.. ഒരുപാട് ആഗ്രഹങ്ങളുമുണ്ട്.. പക്ഷേ അതിനുള്ള ശേഷി വേണ്ടേ..!!! " സിബി സെബാസ്റ്റ്യൻ എന്ന നായക കഥാപാത്രത്തെക്കുറിച്ച് കൊച്ചുപ്രേമൻ അവതരിപ്പിക്കുന്ന ബാലൻ പിള്ള എന്ന വാച്ച്മാൻ ചേട്ടൻ നായിക എന്നു പറയാവുന്ന സമീറയോട് കാർബൺ സിനിമയിൽ പറയുന്ന ഒരു സംഭാഷണ ശകലമാണ് ഇത്. 4കെ റെസല്യൂഷനിൽ കാണുമ്പോൾ അത്യാവശ്യം ദൃശ്യഭംഗിയും‌ മെയ്ക്കിംഗ് മികവും ഒക്കെയുള്ള കാർബൺ മൊത്തത്തിൽ കണ്ടിറങ്ങിയപ്പോൾ മനസിൽ ബാക്കിയാവുന്നതും കൺക്ലൂഷൻ ആയി തോന്നുന്നതും ആ ഒരു വാചകം തന്നെയാണ്..ർ മോശമെന്ന് ഒരിക്കലും പറയാൻ കഴിയാത്ത കാർബൺ ഒരു മികച്ച ചിത്രമായി അടയാളപ്പെടുത്താൻ സംവിധായകനും രചയിതാവുമായ വേണുവിന് കഴിയാതെ പോകുന്നു എന്നതു തന്നെ കാരണം.

  വേണുവിന്റെ മൂന്നാം വരവ്

  ഛായാഗ്രഹണ കലയിൽ അഗ്രഗണ്യനായ ശ്രീ വേണുവിന്റെ സംവിധായകൻ എന്ന നിലയിൽ ഉള്ള മൂന്നാം സംരംഭം ആണ് കാർബൺ. എംടി യുടെ രചനയിൽ ചെയ്ത 'ദയ എന്ന പെൺകുട്ടി'ക്കും ഉണ്ണി ആറിനെ രചനാപങ്കാളി ആയി ചെയ്ത മുന്നറിയിപ്പിനും ശേഷം ഇത്തവണ സ്വന്തമായി എഴുതിയ കഥയും തിരക്കഥയും സംഭാഷണവുമായിട്ടാണ് കാർബൺ ഒരുക്കുന്നത്. കഴിഞ്ഞ വർഷം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സീരിയലൈസ് ചെയ്ത് വന്നിരുന്ന ഒന്നാം തരമൊരു ട്രാവലോഗിലൂടെ താനൊരു ഗംഭീരൻ എഴുത്തുകാരൻ ആണെന്ന് തെളിയിച്ച വേണുവിന് തന്റെ ആ രചനാമികവ് കാർബണിന്റെ അവസാനഭാഗങ്ങളിൽ നിലനിർത്താൻ കഴിഞ്ഞില്ല എന്നതാണ് സിനിമയുടെ പ്രധാന പ്രശ്നം. എന്നാലും മലയാളം കണ്ട ഏറ്റവും വലിയ ഉഡായിപ്പുകളിൽ ഒന്നായ മുന്നറിയിപ്പ് പോലെ ഒരു കള്ളനാണയമല്ല കാർബൺ എന്നത് ചെറിയ ഒരാശ്വാസം തന്നെ.

  അത്യാഗ്രഹിയായ സിബി..

  യേശുവിന് നന്ദിയെഴുതി കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമയുടെ ഒന്നാം പകുതി രസകരമാണ്. എന്തെങ്കിലുമൊക്കെ തരികിടകളിലൂടെ അതിസമ്പന്നനാകാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സിബിയുടെ ആക്രാന്ത-പരാക്രമങ്ങളാണ് ആദ്യപാതിയിൽ കാണിക്കുന്നത്. പത്തുപൈസയുടെ മൂലധനമോ വീട്ടിലേക്ക് നാലണയുടെ ഉപകാരമോ ഇല്ലാത്ത ടിയാനെ മരതക മാണിക്യം, വെള്ളിമൂങ്ങ, ആനക്കച്ചവടത്തിലെ ബ്രോക്കറിംഗ് തുടങ്ങിയുള്ള കലാപരിപാടികളിലും ഫോൺ സ്വിച്ചോഫ് ചെയ്തു നടക്കുന്ന നിലയിലുമൊക്കെയാണ് എപ്പോഴും കാണുന്നത്. സ്ഫടികം ജോർജ് അവതരിപ്പിക്കുന്ന സെബാസ്റ്റ്യൻ എന്ന അച്ഛൻ കഥാപാത്രവും ഷറഫുദ്ദീൻ അവതരിപ്പിക്കുന്ന സന്തോഷ് എന്ന കൂട്ടുകാരൻ കഥാപാത്രവുമാണ് ഫസ്റ്റ് ഹാഫിന്റെ എടുത്ത് പറയാവുന്ന ഹൈലൈറ്റുകൾ. രണ്ടുപേരും അവർ ഇന്നുവരെ ചെയ്ത വേഷങ്ങളെ മായ്ച്ചുകളയുന്ന ലെവലിലുള്ള സ്വാഭാവികാഭിനയം കൊണ്ട് വിസ്മയപ്പെടുത്തിക്കളയും.

  യുക്തിയില്ലാത്ത വഴിത്തിരിവ്..

  സിബിയുടെ ഉഡായിപ്പുകളിൽ തൊട്ടുമേലെ സ്റ്റെപ്പിൽ നിൽക്കുന്ന രണ്ട് കണ്ണികളായ ബഷീർ ഭായിയും (നെടുമുടി) എം ഡി എന്നുവിളിക്കപ്പെടുന്ന അയാളുടെ ബോസും (വിജയരാഘവൻ) കൂടി സിബിയെ ചീങ്കണ്ണിപ്പാറയിലെ കാട്ടിനുള്ളിലുള്ള ഒരു ജീർണിച്ച കൊട്ടാരത്തിലേക്ക് മാനേജർ ആയി അയക്കുന്നതും അവിടത്തെ ചില കെട്ടുകഥകൾ കേട്ട് അയാൾക്ക് പുതിയ ആക്രാന്തങ്ങൾക്ക് ചിറകുമുളയ്ക്കുന്നതുമാണ് രണ്ടാം പാതി. അതുവരെ ഉള്ള സ്വഭാവം വച്ച് സിബിയെ പോലൊരാൾ ആ കാട്ടിലേക്ക് പോകാൻ ഒരു സാധ്യതയും ഇല്ലെന്നതും അയാളെ അങ്ങോട്ട് അയക്കാനും മാത്രമുള്ള ഒരു അടുപ്പവും ബഷീർ ഭായിക്കും എം ഡിയ്ക്കും ഇല്ല എന്നതുമൊക്കെ ആരോട് പറയാൻ.. ആരുകേക്കാൻ..

  ബാലരമ, ആൽക്കെമിസ്റ്റ് റെഫറൻസുകൾ

  ചീങ്കണ്ണിപ്പാറയിലും ചുറ്റുവട്ടത്തുമുള്ള ഒരു കെട്ടുകഥ പ്രകാരം കാട്ടിനുള്ളിൽ തലക്കാണി എന്ന ഭാഗത്തുള്ള വൻപിച്ച സ്വർണശേഖരം കൈക്കലാക്കാൻ സിബി കാണിക്കുന്ന അഭ്യാസങ്ങളാണ് തുടർന്നങ്ങോട്ടുള്ള ഭാഗം. ബാലരമ ഇപ്പോഴും തന്റെ വീട്ടിൽ വരുത്തുന്നുണ്ടെന്ന് പറഞ്ഞ് അതിൽ നിന്ന് കിട്ടിയ കടുവ ഇരപിടിക്കുന്നതിനെക്കുറിച്ചുള്ള ഒരു അറിവ് സിബി ആദ്യം മുതലേ പങ്ക് വെക്കുന്നുണ്ട്. രണ്ടാം പകുതിയുടെ പകുതി ആവുമ്പോൾ സമീറ എന്നൊരു വിചിത്ര കഥാപാത്രം കാട്ടിനുള്ളിൽ പ്രത്യക്ഷപ്പെട്ട് പൗലോ കൊയിലോയുടെ ആൽക്കെമിസ്റ്റിന്റെ കാര്യം അയാൾക്ക് പറഞ്ഞുകൊടുക്കുന്നുമുണ്ട്. നിധിവേട്ടയ്ക്ക് സിബിയ്ക്കും സംവിധായകന്റെയും കയ്യിലുള്ള കൈമുതൽ ബാലരമ ആണെന്നതാണ് പടത്തിന്റെ ദൈന്യത. കാട്ടിൽ കേറിയ സിബിയും സംവിധായകനും ഇത് എങ്ങനെയൊന്ന് അവസാനിപ്പിക്കണമെന്നറിയാതെ റിയലിസത്തിന്റെയും മാജിക്കൽ റിയലിസത്തിനും നടുവിൽ കൺഫ്യൂഷനടിച്ച് നിൽക്കുമ്പോൾ അന്ത്യം ദയനീയമായി കൂപ്പുകുത്തുകയും ചെയ്യുന്നു.

  ഫഹദ്, മമത, മണികണ്ഠൻ..

  ഫഹദ് ഫാസിലിന്റെ ആക്രാന്തം പിടിച്ച കണ്ണുകൾ സിബി എന്ന അത്യാഗ്രഹിയെ പകർത്തിക്കാണിക്കാൻ നൂറുശതമാനം പര്യാപ്തമായതാണ്. പക്ഷെ, സ്വാഭാവിക നടനത്തിനായി പുള്ളി നടത്തുന്ന അതിഭീകര ശ്രമങ്ങൾ കാണുമ്പോൾ പണ്ട് സരോജിനി നായിഡു മഹാത്മാഗാന്ധിയെക്കുറിച്ച് പറഞ്ഞത് ഓർത്തുപോവും. (ഇദ്ദേഹത്തെ ഇങ്ങനെ ദരിദ്രനായി കൊണ്ടു നടക്കാൻ രാഷ്ട്രത്തിന് ഉള്ള സാമ്പത്തികബാധ്യത ചില്ലറയല്ല). മമതാ മോഹൻദാസ് ചെയ്ത വനകന്യകയെപ്പോലുള്ള സമീറയുടെ റോൾ മറ്റാരുചെയ്താലും ഒരുപക്ഷെ കല്ലുകടി ആയേനെ. തെല്ലുനേരം മാത്രം വന്നുപോവുന്ന സൗബിൻ, പ്രവീണ, ദിലീഷ് പോത്തൻ എന്നിവരും കസറുന്നുണ്ട്. സ്റ്റാലിൻ എന്നുപേരായ മണികണ്ഠനാചാരി, കണ്ണൻ എന്ന ചേതൻ ലാൽ (ഗപ്പി ഫെയിം) എന്നിവരാണ് നിധിവേട്ടയ്ക്ക് അകമ്പടിയേകുന്ന രണ്ടുകാനനവാസികൾ. ഗംഭീരമായെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.

  ദൃശ്യ-ശ്രാവ്യമികവുകൾ..

  രചനാപരമായ ദൗർബല്യങ്ങൾ ഉണ്ടെങ്കിലും, വേണുവിനെപ്പോലൊരു അതികായന്റെ നിർമ്മിതി സിനിമയെന്ന നിലയിൽ മോശമാവില്ലല്ലോ.. കെ യു മോഹനൻ ആണ് ഛായാഗ്രാഹകൻ. വിശാൽ ഭരദ്വാജിന്റെ പാട്ടുകളിൽ ഒന്ന് പാടിയിരിക്കുന്നത് രേഖാ ഭരദ്വാജ് ആണ്.. സമീറ എന്ന ക്യാരക്റ്ററിനെ മിസ്റ്റിഫൈ ചെയ്യുന്നതിൽ ആ പാട്ടിന് വലിയ പങ്കുണ്ട്.. ബിജിബാലിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറിംഗ് നാച്ചുറൽ.. സിനിമയെ വാച്ചബിൾ ആക്കി നിലനിർത്തുന്നതിലും ഇവയുടെ ഒക്കെ പങ്ക് നിർണായകം തന്നെ..

  കാടിനുള്ളിലെ കഥ പറഞ്ഞ് കാര്‍ബണ്‍ ശരിക്കും പ്രേക്ഷകനെ ത്രില്ലടിപ്പിക്കും. മികച്ചൊരു ചിത്രമായി അടയാളപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞിരിക്കുകയാണ്.

  English summary
  Carbon movie review by Schzylan

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more