twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണിയുടെ പുനര്‍ജന്മം, വിനയന്റേയും! ഹൃദയ സ്പര്‍ശിയായ ചാലക്കുടിക്കാരന്‍ ചങ്ങാതി!

    |

    ജിന്‍സ് കെ ബെന്നി

    ജേര്‍ണലിസ്റ്റ്
    മാധ്യമപ്രവര്‍ത്തകനായ ജിന്‍സ് കെ ബെന്നി സിനിമാ മേഖലയെ വളരെ ഗൗരവത്തോടെ സമീപിക്കുകയും തന്റെതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ്.

    Rating:
    3.5/5

    കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കുന്നു എന്ന് വിനയന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്റെ തിരിച്ചു വരവിന് വിനയന്‍ തിരഞ്ഞെടുത്ത് ഏറ്റവും മികച്ച വിഷയമാണിതെന്ന് തോന്നിയിരുന്നു. കാരണം മണിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച സംവിധായകന് തന്നെയായിരിക്കും ആ ജീവിതം ഏറ്റവും സത്യസന്ധമായി ക്യാമറയില്‍ പകര്‍ത്താന്‍ സാധിക്കുക എന്ന യാഥാര്‍ത്ഥ്യം തന്നെയായിരുന്നു. കലാഭവന്‍ മണിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് മണിയുടെ സിനിമാ ജീവിതത്തെ തുറന്ന് വയ്ക്കുകയാണ് വിനയന്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ.

    ഹാസ്യതാരമായി തുടങ്ങിയ മണിയെ നായകനായും ഞെട്ടിക്കുന്ന വില്ലനായും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതും വിനയനായിരുന്നു. ചാലക്കുടിയേയും അവിടുത്തെ നാട്ടകാരേയും തന്റെ നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന കലാഭവന്‍ മണിയുടെ ജീവിതം പകര്‍ത്തുന്ന ചിത്രത്തിന് ഏറ്റവും അനുയോജ്യമായ പേരുതന്നെയാണ് വിനയന്‍ തിരഞ്ഞെടുത്തിരിക്കുന്നതും. ഇതൊരു ബയോപിക് അല്ല, മണിയുടെ ജീവിത കഥയെ സിനിമാറ്റിക്കായി അവതരിപ്പിക്കുകയാണെന്നും വിനയന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനാവശ്യ വിവാദങ്ങളിലേക്ക് പോകാതെ ഏറ്റവും മനോഹരവും വികാര നിര്‍ഭരവുമായാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയെ വിനയന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്.

    മിനിറ്റ്

    രണ്ട് മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പ്രേക്ഷകരെ ഒരിക്കല്‍ പോലും സമയത്തേക്കുറിച്ച് ചിന്തിപ്പിക്കാതെ വിനയന്‍ ഒരുക്കിയിരിക്കുന്നു. സിനിമ ഒരു മോഹമായി മനസില്‍ കൊണ്ടുനടക്കുന്ന രാജാമണി എന്ന തെങ്ങ് കയറ്റക്കാരനില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ജീവിതത്തിലും സിനിമയിലും ജാതി മണിയ്ക്ക് ഒരു പ്രധാന പ്രതിബന്ധമായി മാറുന്ന നിരവധി രംഗങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിന്റ ആദ്യ പകുതി അവസാനിക്കുന്നത് മികച്ച നടനുളള ദേശീയ പുരസ്‌കാരം അവസാന നിമിഷം നഷ്ടമായതറിഞ്ഞ് രാജാമണി ബോധംകെട്ട് വീഴുന്നതോടെയാണ്. നടനെന്ന നിലയില്‍ മണിയുടെ വളര്‍ച്ചയും തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ നടിക്ക് തെലുങ്കില്‍ അവസരം വാങ്ങിക്കൊടുക്കുന്നതും സുഹൃത്തുക്കളേയും നാട്ടുകാരേയും സഹായിച്ച്മുന്നോട്ട് പോകുന്ന രാജാമണിയുടെ ജീവിതത്തില്‍ മദ്യപാനം വില്ലനായി എത്തുന്നതോടെ സിനിമ ഗൗരവ സ്വഭാവത്തിലേക്ക് നീങ്ങുന്നു. സാമ്പത്തീകമായി മണി ചതിക്കപ്പെടുന്നതും വിനയന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ ജീവിതത്തില്‍ പരാജയപ്പെട്ടുപോകും എന്ന് ആരോ പറഞ്ഞ വാക്കുകളെ ശരിവച്ചുകൊണ്ടാണ് മണി അവസാന ശ്വാസം വലിക്കുന്നത്.

    ഫെഫ്ക

    മാക്ട പിളര്‍ത്തി ഫെഫ്ക രൂപീകരിച്ചതും വിനയനേയും തിലകനേയും വിലക്കിയതുമെല്ലാം ഈ ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. വിനയന്റെ ആത്മാശംസമുള്ള ഹരി എന്ന സംവിധായകനാണ് രാജാമണിയുടെ സിനിമ ജീവിതത്തില്‍ കൈത്താങ്ങാകുന്നത്. സുധീര്‍ കരമനയാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. നിറവും മിമിക്രി പശ്ചാത്തലവും മാത്രമാണ് മണിയായി സെന്തില്‍ കൃഷ്ണയെന്ന രാജാമണിയെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന ധാരണകളെ പൊളിച്ചെഴുതുന്ന പ്രകടനമാണ് രാജാമണി കാഴ്ചവച്ചിരിക്കുന്നത്. പല രംഗങ്ങളിലും മണിയുടെ മാനറിസങ്ങളെ തന്റെ ശരീര ഭാഷയില്‍ കൊണ്ടുവരാന്‍ രാജാമണിക്ക് സാധിച്ചിട്ടുണ്ട്. കലാഭവന്‍ മണിയെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച വിനയന്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന മറ്റൊരു മികച്ച സംഭവാനയാണ് രാജാമണി എന്ന അഭിനേതാവ്. രാജാമണിയുടെ അപ്പനായി എത്തിയ സിലം കുമാര്‍, സുഹൃത്തുക്കളായ വിഷ്ണു വിനയ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും പ്രകടനത്തില്‍ മികച്ചു നിന്നു. രമേശ് പിഷാരടിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും ജോജു ജോര്‍ജ്ജിന്റെ സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാറും കോട്ടയം നസീറിന്റെ സംവിധായകനും ചിത്രത്തിലെ എടുത്തു പറയേണ്ട കഥാപാത്രങ്ങളാണ്.

    അത്ഭുത

    2005ല്‍ പുറത്തിറങ്ങിയ അത്ഭുത ദ്വീപ്, ബോയ് ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനയനിലെ മികച്ച സംവിധായകനെ പ്രേക്ഷകര്‍ക്ക് തിരികെ നല്‍കുന്ന സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. കലാഭവന്‍ മണി എന്ന പ്രേക്ഷക വികാരത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനുകുന്ന വിധം സ്‌ക്രീനില്‍ പകര്‍ത്താന്‍ വിനയനിലെ സംവിധായകനും എഴുത്തുകാരനും സാധിച്ചിരിക്കുന്നു. താര-സംവിധായക സംഘനടകളുടെ വിലക്ക് നീങ്ങി എത്തിയ വിനയന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല.

    ചാലക്കുടി

    വിനയന്റെ കഥയ്ക്ക് വിനയനും ഉമ്മര്‍ മുഹമ്മദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചാലക്കുടി എന്ന ഗ്രാമത്തിന്റെ സൗന്ദര്യം പ്രേക്ഷകര്‍ക്ക് കൃത്യമായി പകര്‍ന്ന് നല്‍കാന്‍ പ്രകാശ് കുട്ടിയുടെ ഛായാഗ്രഹണത്തിനും സാധിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഭാവം പ്രേക്ഷകരിലേക്ക് പകര്‍ന്ന് നല്‍കുന്നതില്‍ ബിജിബാലിന്റെ പശ്ചാത്തല സംഗീതത്തിനുള്ള പങ്ക് ചെറുതല്ല. മെല്ലെ മെല്ലെ തുടങ്ങുന്ന ചിത്രം അവസാനിക്കുന്നത് പ്രേക്ഷകരുടെ മിഴിയില്‍ നനവ് പടര്‍ത്തിക്കൊണ്ടാണ്.

    നിരാശപ്പെടുത്തുന്നില്ല

    വിനയന്‍ എന്ന സംവിധായകന്റെ പ്രതാപ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, കലാഭവന്‍ മണിയെ നെഞ്ചേറ്റുന്ന പ്രേക്ഷകരെ ഒരു തരത്തിലും നിരാശപ്പെടുത്തുന്നില്ല. മണിയുടെ മരണത്തിന് തന്റേതായ ഒരു വ്യാഖ്യാനം നല്‍കുമ്പോഴും വിവാദങ്ങളിലേക്ക് മണിയുടെ ജീവിതത്തെ വലിച്ചിഴയ്ക്കാതിരിക്കാനും വിനയനിലെ സുഹൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്. മണിയുടെ കഥ എന്നതിലുപരി ഒരു നല്ല കുടുംബ ചിത്രം പ്രതീക്ഷിച്ച ധൈര്യമായി തിയറ്ററിലേക്ക് പോകാം.

    English summary
    Chalakkudikkaran Changathi is an emotinaly touching film experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X