For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അത്രയ്ക്ക് മോശമല്ല ചാണക്യതന്ത്രം.. താമരക്കുളത്തിന് പുരോഗതിയുണ്ട്... ശൈലന്റെ റിവ്യു..!!

  By Desk
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത സിനിമയാണ് ചാണക്യതന്ത്രം. ഉണ്ണി മുകുന്ദന്‍ സ്ത്രീ രൂപമടക്കം വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നു എന്നതായിരുന്നു സിനിമയുടെ പ്രത്യേകത. ജയറാമിന്റെ ആട് പുലിയാട്ടത്തിന് ശേഷം ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയ സിനിമ മേയ് 3 ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ശിവദ, ശ്രുതി രാമചന്ദ്രന്‍, തുടങ്ങിയവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  തിങ്കൾ മുതൽ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായൻസ് തുടങ്ങിയ സിനിമകളുടെ സംവിധായകൻ എന്ന നിലയിൽ സിനിമാ ഗ്രൂപ്പുകളിൽ മുക്തകണ്ഠമായ ട്രോളുകൾ ഏറ്റുവാങ്ങിയ ആളാണ് കണ്ണൻ താമരക്കുളം. അദ്ദേഹത്തിന്റെ നാലാമത്തെ സിനിമയായ ചാണക്യതന്ത്രത്തിന് കേറുമ്പോൾ അതുകൊണ്ടു തന്നെ ആർക്കും പ്രത്യേകിച്ച് പ്രതീക്ഷകളുടെ അമിതഭാരമോ സാദാഭാരമോ ഒന്നും ഉണ്ടാവാൻ സാധ്യതയില്ല. എന്നാൽ കണ്ണൻ താമരക്കുളം ഒരു സംവിധായകൻ എന്ന നിലയിൽ കഴിഞ്ഞ മൂന്നു സൃഷ്ടികളിൽ ഗ്രാജ്വലായി ഉയർത്തിക്കൊണ്ടു വന്ന ഗ്രാഫ് നാലാമത്തെ സംരംഭമായ 'വാച്ചബിൾ' എന്നൊരു ലെവലിലേക്ക് എത്തിക്കുന്ന ആനന്ദകരമായ കാഴ്ചയാണ് ചാണക്യതന്ത്രത്തിലൂടെ കാണാൻ സാധിക്കുന്നത്..

  ആദ്യസിനിമകളിൽ ജയറാമിനെ നായകനാക്കുകയും അച്ചായൻസ് ആയപ്പോഴേക്കും ജയറാമിനെ നിഴലായി സൈഡിലൊതുക്കി ഉണ്ണിമുകുന്ദനെ മുന്നിലേക്ക് നിർത്തുകയും ചെയ്ത കണ്ണൻ ഇത്തവണ ഉണ്ണിയെ ഏകനായകനാക്കിയാണ് ചാണക്യൻ കളിക്കാൻ ഇറങ്ങിയിരിക്കുന്നത്.. ദോഷം പറയരുതല്ലോ പിവിആറിലെ സെവൻ ത് സ്ക്രീനിൽ ഹൗസ്ഫുള്ളായിരുന്നു, ആക്ഷൻകിംഗ് ഉണ്ണിമുകുന്ദൻ എന്നൊക്കെ വൻ ഡെക്കറേഷനിൽ അക്ഷരം കറങ്ങിത്തിരിഞ്ഞുവന്ന് ടൈറ്റിൽ എഴുതിത്തുടങ്ങുന്നത് കാണാൻ.. സന്തോഷം.

  ചാണക്യൻ, തന്ത്രം, ആക്ഷൻ കിംഗ് എന്നൊക്കെയുള്ള ഡെക്കറേഷനുകളൊക്കെ ഉണ്ടെങ്കിലും സിനിമ, യഥാർത്ഥത്തിൽ അർജുൻ എന്നൊരു പാവം യുവാവ് (ഉണ്ണി മുകുന്ദൻ) ഗതികേടുകളാൽ എത്തിപ്പെടുന്ന ഊരാക്കുടുക്കുകളെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്.. എംഎ ക്രിമിനോളജിയിൽ ടോപ്പറായ അർജുൻ, ഹോക്ക്സ് ഐ എന്നൊരു പ്രൈവറ്റ് investigative ഏജൻസിയിൽ ഡിറ്റക്റ്റീവ് ആയി ജോയിൻ ചെയ്യുന്നു.. ഐറിൻ(ശിവദ) ഗോകുൽ എന്നിവരാണ് അവിടത്തെ പ്രധാന പുള്ളികൾ. അയാളുടെ കൺസെപ്റ്റിൽ പെട്ട അസൈന്മെന്റ്സ് ഒന്നുമല്ല അയാൾക്ക് ഡിറ്റക്റ്റീവ് എന്ന നിലയിൽ അവിടുന്ന് കിട്ടുന്നത്. ഐറിന്റെ നിർദേശപ്രകാരം നാലുപേരെ ഫോളോ ചെയ്യുന്ന അർജുന് അവരുടെ എല്ലാവരുടെയും മരണത്തിന് സാക്ഷിയാകേണ്ടി വരുന്നു. തന്മൂലം സംശയത്തിന്റെ നിഴലിലാവുന്ന അയാൾക്ക് അഞ്ചാമതൊരാളുടെ ഫയൽ കൂടി ഫോളോ ചെയ്യാനായി ലഭിക്കുന്നതും പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാകുന്നു..

  നായകൻ വീട്ടിൽ നിന്ന് പോരുന്നതും കൂട്ടുകാരനായ അവിനാശിന്റെ (ഹരീഷ് കണാരൻ) അടുത്തെത്തുന്നതും കുറ്റാന്വേഷണ ഏജൻസിയിൽ പ്രവേശിക്കുന്നതും വേഷം മാറി ഫയലുകളെ പിന്തുടർന്ന് ഡാറ്റകൾ കളക്റ്റ് ചെയ്യുന്നതുമൊക്കെയായ ഫസ്റ്റ് ഹാഫ് ടിപ്പിക്കൽ കണ്ണൻ താമരക്കുളം ലൈനിൽ തന്നെയാണ് മുന്നോട്ട് പോവുന്നത്. ദിനേശ് പള്ളത്ത് എന്ന തിരക്കഥാകൃത്തും തന്റെ ഇതുവരെയുള്ള ലെവൽ ആദ്യപാതിയിൽ കീപ്പ് ചെയ്യുന്നു. കോമഡിയുടെ പേരിൽ കണാരനെയും പിഷാരടിയെയും വച്ച് കോമഡിക്കായ് നടത്തുന്ന ശ്രമങ്ങൾ പടം ഉദ്ദേശിക്കുന്ന ഗൗരവസ്വഭാവത്തിന് പാരപണിയുകയും ചെയ്യുന്നു.. ഇന്റർവെൽ വരെ ഓർത്തുവെക്കാൻ ഒന്നുമില്ല എന്നുതന്നെ പറയാം.

  സെക്കന്റ് ഹാഫിൽ പക്ഷെ, കണ്ണനും പള്ളത്തും പ്രതീക്ഷകൾക്കെല്ലാം അപ്പുറത്ത് ചാടി പടത്തെ ഒന്നാം തരമൊരു ത്രില്ലർ ലെവലിലേക്ക് വളർത്തിയെടുക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.. ലബ്ധപ്രതിഷ്ഠരായ സിനിമാക്കാരെ പോലും കൊതിപ്പിക്കുന്ന കയ്യടക്കത്തോടെയും അൺപ്രെഡിക്റ്റബിളിറ്റിയോടെയും ക്ലീഷേമുക്തമായും കാര്യങ്ങൾ മുന്നോട്ടു പോവുമ്പോൾ അന്തം വിട്ടുപോയി എന്നതാണ് സത്യം. കണ്ടിരിക്കുന്ന പടം മാറിപ്പോയോ എന്നുവരെ തോന്നിപ്പിക്കുന്ന കുറച്ചു ഭാഗങ്ങളാണിത്. പക്ഷെ കാര്യങ്ങൾ ഒരു തരത്തിൽ ആർക്കും കുറ്റം പറയാനാവാത്ത വിധത്തിൽ മുറുകി വന്നപ്പോഴേക്ക് സംവിധായകനും തിരക്കഥാകാരനും തങ്ങളുടെ ലെവലിലേക്ക് തിരിച്ചുവരികയും അതിനൊത്ത് വണ്ണമൊരു ക്ലൈമാക്സ് ഒപ്പിച്ചെടുത്ത് പടമങ്ങാട്ട് സമാപിപ്പിച്ച് കളയുന്നുവെന്നത് വേറെ കാര്യം..

  മാസ്റ്റർപീസിലെയും ബാഗമതിയിലെയും ഗ്രെയ്സുള്ള പെർഫോമൻസ് ഒന്നുമല്ലെങ്കിലും ഉണ്ണി മുകുന്ദൻ മോശമാക്കിയിട്ടില്ല. ഇക്ബാൽ എന്നൊരു ദുരൂഹതയുണർത്തുന്ന കഥാപാത്രമായി അനൂപ് മേനോനും രണ്ടാം പാതിയിൽ പതിവ് വെറുപ്പിക്കലുകളൊന്നുമില്ലാതെ രംഗപ്രവേശം ചെയ്യുന്നുണ്ട്. പക്ഷെ കൈകാര്യം ചെയ്യുന്ന വേഷത്തിനോട് ഒട്ടും നീതിപുലർത്താത്ത ഒരു ഗെറ്റപ്പാണ് സംവിധായകൻ ഇക്ബാലിന് കൊടുത്തിരിക്കുന്നത്. ശിവദ, ശ്രുതി ഹരിഹരൻ എന്നിവരാണ് ഫീമെയിൽ ലീഡ് റോളുകളിൽ. രണ്ടാൾക്കും നിർണായക വേഷങ്ങളാണ് താനും.. ഹരീഷ് കണാരനും രമേഷ് പിഷാരടിയും മുൻപ് പറഞ്ഞ പോൽ തീർത്തും അനാവശ്യമായിരുന്നു. സായികുമാർ, ബിജു പപ്പൻ എന്നിവരും ചെറിയ റോളുകളിൽ ഉണ്ട്.

  ആകെമൊത്തം ടോട്ടൽ നോക്കുമ്പോൾ ചാണക്യതന്ത്രം എല്ലാ കുറ്റങ്ങൾക്കും കുറവുകൾക്കുമിടയിൽ വാച്ചബിൾ ആയി നിലനിൽക്കുന്ന ഒരു സിനിമയാണ്. കണ്ണൻ താമരക്കുളം എട്ടാമത്തെയോ പത്താമത്തെയോ പടമാവുമ്പോഴെക്കും കിടുവാകാനുള്ള എല്ലാ സാധ്യതകളും പ്രതീക്ഷകളും അത് മുന്നോട്ട് വെക്കുന്നു.

  English summary
  Chanakya Thanthramam movie review

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more