For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആവർത്തനമാണെങ്കിലും കൃത്യമായ രാഷ്ട്രീയവും ദൃശ്യഭാഷയുമുണ്ട് ചന്ദ്രഗിരി'യ്ക്ക്.. ശൈലന്റെ റിവ്യൂ

  By Desk
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in

  Rating:
  3.0/5
  Star Cast: Lal, Sajitha Madathil, Joy Mathew
  Director: Mohan Kuplari

  മോഹന്‍ കുപ്ലേരി ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രഗിരി. ഗുരുപൂര്‍ണയുടെ ബാനറില്‍ എന്‍ സുചിത്ര നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, കൊച്ചു പ്രേമന്‍, ഹരിഷ് പേരാടി, സജിത മഠത്തില്‍, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയായ ഷോണ്‍ ആണ് ചിത്രത്തിലെ നായിക. പുതുമുഖങ്ങളായ നൂറ് പേരടക്കം 178 പേര്‍ ഈ സിനിമയിലുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. സിനിമയെ കുറിച്ച് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

  ആഴ്ച തോറും ഒരനുഷ്ഠാനമെന്ന പോൽ ഇറങ്ങിക്കൊണ്ടിരിക്കുന്ന വികലസിനിമാ സൃഷ്ടികളിൽ ഒന്നെന്ന മുൻ_വിധിയുമായി ചന്ദ്രഗിരി' കാണാൻ തിയേറ്ററിൽ കേറിയാൽ പാളും. കൃത്യമായ രാഷ്ട്രീയവും ദൃശ്യഭാഷയുമായി മോഹൻ കുപ്ലേരി സംവിധാനം ചെയ്ത് ലാൽ നായകനായി അഭിനയിക്കുന്ന ചന്ദ്രഗിരി ചങ്കിൽ കുത്തുന്ന ചില തീക്ഷ്ണാനുഭവങ്ങളാൽ ചില സമയങ്ങളിൽ പ്രേക്ഷകരെ പൊള്ളിച്ചുകളയും..

  അടൂർ ഗോപാലകൃഷ്ണന്റെ അസിസ്റ്റന്റായി ഫീൽഡിലേക്ക് വന്ന് ഗൃഹപ്രവേശം മുതൽ പായും പുലി വരെയുള്ള സിനിമകളും ഒരുപിടി ടിവി സീരിയലുകളും സംവിധാനം ചെയ്തിട്ടുള്ള മോഹൻ കുപ്ലേരിയുടെ കരിയറിലെ ഏറ്റവും മികച്ച വർക്കെന്ന് ചന്ദ്രഗിരി'യെ വിശേഷിപ്പിക്കാം. മലയാള സിനിമയിലെ മറ്റൊരു മോഹനനായ എം മോഹനന്റെ മാണിക്യക്കല്ലും മനോജ് കാനയുടെ അമീബയുമൊക്കെ കൈകാര്യം ചെയ്ത വിഷയങ്ങൾ ഇഴചേർന്നു നിൽക്കുന്നതാണെങ്കിലും ചന്ദ്രഗിരി ശ്രദ്ധേയമാവുന്നത് അത് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തോടുള്ള ആത്മാർത്ഥത ഒന്നുകൊണ്ട് മാത്രമാണ്.

  വിനോദ് കുട്ടമത്ത് എഴുതിയിരിക്കുന്ന തിരക്കഥ ചന്ദ്രഗിരി എന്ന ഗ്രാമത്തെയും അവിടത്തെ എയുപി സ്കൂളിനെയും പ്രധാനാധ്യാപകനായ രാഘവൻ മാഷിനെയും മറ്റധ്യാപകരെയും കുട്ടികളെയും മറ്റു കച്ചവട താല്പര്യങ്ങളുള്ള പട്ടേലർ എന്ന സ്കൂൾ മാനേജരെയും എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളെയും വിഷബാധിതരായ പാവങ്ങളെയുമെല്ലാം ചുറ്റിപ്പറ്റിയാണ് പുരോഗമിക്കുന്നത്. മുൻപ് സൂചിപ്പിച്ച പടങ്ങളിൽ ചർച്ച ചെയ്ത പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെയും എൻഡോസൾഫാൻ ബാധയുടെയും പ്രശ്നങ്ങൾ തന്നെയാണ് സ്ക്രിപ്റ്റിന്റെ നട്ടെല്ല് എങ്കിലും കാസർഗോഡിന്റെ തനത് കലാരൂപമായ യക്ഷഗാനവും സന്താനഗോപാലം കഥയുമായി ബ്ലെൻഡ് ചെയ്താണ് കുപ്ലേരി ചന്ദ്രഗിരിയെ വേറിട്ട അനുഭമാക്കിമാറ്റുന്നത്.. ബാലികാ പീഡനത്തിന്റെ വേറിട്ട ചില ആംഗിളുകളും സിനിമയിൽ സബ് പ്ലോട്ടായി മാറുന്നുണ്ട്.

  ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ഗംഭീരമെന്നു തന്നെ പറയാവുന്ന പ്രകടനങ്ങളിൽ ഒന്നായി ചന്ദ്രഗിരി എയുപി സ്കൂളിലെ രാഘവൻ മാസ്റ്റർ എന്ന പ്രധാനാധ്യാപകൻ മാറുന്നു. പൊതുവെ ലൗഡ് ആയ കഥാപാത്രങ്ങളിൽ വിഹരിക്കുന്ന അദ്ദേഹം അത്ഭുതപ്പെടുത്തുന്നത്ര സൂക്ഷ്മമായും മിതത്വത്തോടുമാണ് രാഘവൻ മാസ്റ്ററാവുന്നത്. ക്ലൈമാക്സിനോടടുപ്പിച്ച സീനുകളിലെ യക്ഷഗാനപ്രകടനങ്ങളിലൊക്കെ ലാൽ നിറഞ്ഞാടിയിരിക്കുന്നു.

  സ്കൂൾ നിൽക്കുന്ന സ്ഥലം ഡിസ്റ്റിലറിക്ക് കൈമാറാൻ താല്പര്യമെടുക്കുന്ന/ സ്വന്തം സ്കൂളിനെതിരെ കുത്തിത്തിരിപ്പുണ്ടാക്കുന്ന/ കശുമാവിൻ തോട്ടമുതലാളി കൂടിയായ മാനേജർ പട്ടേലർ ആയി വരുന്നത് ഹരീഷ് പേരടി ആണ്. ഉടലിൽ എത്രയോകാലമായി പട്ടേലരെ വഹിക്കുന്നതായി തോന്നിപ്പിക്കുന്നുണ്ട് പേരടി. കാര്യസ്ഥൻ നാഗപ്പയായ സുനിൽ സുഖദയ്ക്കും എം എൽ എ ജോയി മാത്യുവിനും സുര എന്ന നന്ദുവിനും ഭാര്യയായ മഞ്ജു പത്രോസിനുമൊക്കെ കാസറഗോഡൻ ഭാഷ ഒരു വെല്ലുവിളിയാകുന്നത് കണ്ടില്ലെന്ന് നടിക്കാനേ രക്ഷയുള്ളൂ.. രാഘവൻ മാഷുടെ മകൾ ദയയായി വരുന്ന ഷോൺ റോമി (കമ്മട്ടിപ്പാടം) പ്രൊഫഷണൽ ഡബ്ബിംഗ് ആർട്ടിസ്റ്റിന്റെ ക്ലീഷെ ശബ്ദത്തിൽ സംസാരിച്ചതായിരുന്നു ഏറ്റവും കത്തി.

  ശ്രീവൽസൻ ജെ മേനോൻ ആണ് സംഗീത സംവിധായകൻ. പൊതുവെ കൊച്ചു സിനിമക്ക് പരാധീനതയാവാറുള്ളത് സാങ്കേതിക വിഭാഗത്തിന്റെ അമെച്വറിഷ്നെസ് ആണ്. എന്നാൽ നൂറുകോടി പുലിമുരുഗന്റെ ക്യാമറാ വിഭാഗം കൈകാര്യം ചെയ്ത ഷാജികുമാർ ആണ് ചന്ദ്രഗിരിയുടെ കാഴ്ചകൾക്ക് പിന്നിലും പ്രവർത്തിക്കുന്നത് എന്നത് സിനിമയുടെ ദൃശ്യഭംഗിക്ക് ഗാംഭീര്യമേറ്റുന്നുണ്ട്. മൂന്നരക്കോടി ചെലവഴിച്ച് നിർമ്മിച്ചതെന്ന് വാർത്തകളിൽ കാണുന്ന ചന്ദ്രഗിരി ഒരു കൊച്ചുസിനിമ ആണോ എന്നത് വേറെ കാര്യം..

  എത്ര ബഡ്ജറ്റ് ചെലവിട്ടാലും ഇത്തരം സിനിമകളുടെ ഏറ്റവും ദയനീയവശം മാർക്കറ്റിംഗിന്റെത് തന്നെയാണ്. മുക്കത്തെ റോസ് തിയേറ്ററിൽ മൂന്നാം നാൾ ഞാൻ ചെന്നപ്പോഴെക്ക് ആളില്ലാത്തതിനാൽ പടത്തെ മാറ്റി കൂടെ"യെ വീണ്ടും റെഗുലർ ഷോ ആക്കിയിരുന്നു. ഹതാശനാവാതെ കോഴിക്കോട് ശ്രീ"യിൽ ചെന്ന് ഇന്ന് കാണുമ്പോൾ വിരലിൽ എണ്ണാവുന്ന ആളുകളേ ഹാളിലുള്ളൂ.. കുറവുകൾ പലതുണ്ടെങ്കിലും ഇത്തിരി കൂടിയൊക്കെ അർഹിക്കുന്നുണ്ട് ഈ സിനിമ.

  English summary
  Chandragiri movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X