For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിർമ്മിക്കപ്പെടുന്ന ചരിത്രത്തിന്റെ നേർസാക്ഷ്യം.. കമ്മാരൻ ഒരൊന്നൊന്നര സംഭവമാണ്.. ശൈലന്റെ റിവ്യൂ!

  By Desk
  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  ദിലീപിനെ നായകനാക്കി പുതുമുഖ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ സിനിമ മുതല്‍ മുടക്ക് 20 കോടിയോളം രൂപയാണ്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മ്മിക്കുന്നത്. ദിലീപിന്റെ കീഴിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷനാണ് സിനിമ വിതരണത്തിനെത്തിച്ചത്.

  നമിത പ്രമോദ് നായകിയായി അഭിനയിക്കുമ്പോള്‍ തമിഴ് താരങ്ങളായ സിദ്ധാര്‍ത്ഥ്, ബോബി സിംഹ, മുരളി ഗോപി, ഇന്ദ്രന്‍സ്, സിദ്ദിഖ്, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ദിലീപിന്റെ കരിയറിലെ വ്യത്യസ്ത കഥാപാത്രവുമായെത്തിയ കമ്മാരസംഭവത്തിന് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം...

  കമ്മാരസംഭവം..

  കമ്മാരസംഭവം..

  "കൂടിയാലോചിച്ച് നിശ്ചയിച്ചുറപ്പിച്ച് എഴുതി വെക്കുന്ന നുണകളുടെ കടലാസുകെട്ടിനെ ചരിത്രം എന്ന് വിളിക്കുന്നു" എന്ന നെപ്പോളിയൻ ബോണോപ്പാർട്ടിന്റെ വചനം എഴുതിക്കാണിച്ചു കൊണ്ടാണ് കമ്മാരസംഭവം തുടങ്ങുന്നത്.. മൂന്നേകാൽ മണിക്കൂറോളം (182മിനിറ്റ് എന്നേ സർട്ടിഫിക്കറ്റിൽ ഉള്ളൂ) ദൈർഘ്യത്തിനൊടുവിൽ പടം അവസാനിക്കുമ്പോഴും അതേ വാചകം തന്നെ സ്ക്രീനിൽ തെളിയുന്നു.. അതിനിടയിൽ ചരിത്രത്തെ എങ്ങനെയാണ് തലകീഴായി വളച്ചൊടിച്ച് ജനങ്ങളിലേക്ക് ആഴത്തിൽ സ്ഥാപിച്ചെടുക്കുന്നത് എന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുന്നു.. അതുകൊണ്ടു തന്നെ മുരളി ഗോപി തിരക്കഥ എഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്തിരിക്കുന്ന കമ്മാരസംഭവം മലയാള സിനിമ കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ സറ്റയറുകളിൽ ഒന്നായി രേഖപ്പെടുത്താം.. ടിപ്പിക്കൽ ഡാർക്ക് ഹ്യൂമർ എന്റർടൈനർ..

  സമകാലീനതയിൽ തുടക്കം..

  സമകാലീനതയിൽ തുടക്കം..

  കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ബാറുകൾ അടച്ചുപൂട്ടിയപ്പോൾ ഗതിമുട്ടിയ ചില അബ്കാരികൾ( വിജയരാഘവൻ, ബൈജു, സുധീർ കരമന, വിനയ് ഫോർട്ട്) തങ്ങളിൽ ഒരാളായ സുരേന്ദ്രന്റെ (ഇന്ദ്രൻസ്) ഈർക്കിൾ പാർട്ടിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പഴക്കമുള്ള നേതാവായ, സജീവ രാഷ്ട്രീയത്തിലില്ലാത്ത കമ്മാരൻ നമ്പ്യാരെ അണ്ണാഹസാരെ സ്റ്റൈലിൽ സൂപ്പർ ലീഡറായി വളർത്തിക്കൊണ്ടുവന്ന് ഭരണത്തിൽ നിർണായക ശക്തിയാവുക എന്ന അജൻഡ വച്ച് സിനിമ നിർമ്മിക്കാൻ പ്ലാൻ ചെയ്യുന്നതോടെ ആണ് സിനിമ തുടങ്ങുന്നത്.. തൊണ്ണൂറുവയസിലധികം പ്രായമുള്ള വാർധക്യ ശയ്യയിലുള്ള കമ്മാരൻ നമ്പ്യാരെ (ദിലീപ്) കാണാൻ തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനായ പുലികേശിയെയും (ബോബി സിംഹ) കൊണ്ടാണ് അവർ പോകുന്നത്.. അബ്കാരികളെയും മകനെയും (സിദ്ദിഖ്) എല്ലാം മുറിയിൽ നിന്നും ആട്ടിയിറക്കിയ കമ്മാരൻ സംവിധായകനോട് മാത്രമായി തന്റെ കഥ പറഞ്ഞു തുടങ്ങുന്നു. അത് നമ്മൾ ഉദ്ദേശിക്കുന്ന ഒരു കഥയേ അല്ല താനും..

  കമ്മാരൻ പറഞ്ഞ ചരിത്രം..

  കമ്മാരൻ പറഞ്ഞ ചരിത്രം..

  അധ്യായം ഒന്ന് എന്നെഴുതി കാണിച്ച് കമ്മാരൻ പറയുന്ന ചരിത്രം അമൃത സമുദ്രം എന്ന അക്കാലത്തെ മൈസൂർ-മദിരാശി അതിർത്തി പ്രദേശത്ത് 1940കളിലാണ് നടക്കുന്നത്.. യുവാവായ കമ്മാരൻ ഓഞ്ഞ ലുക്കുള്ളവനും ഊളയും ചതിയനും കുടില തന്ത്രജ്ഞനും എന്തും ചെയ്യാൻ മടിയില്ലാത്തവനുമാണ്.. സ്വാതന്ത്ര്യ സമരം നടക്കുന്ന കാലമായിട്ടും അയാൾക്ക് നാടിനോടോ നാട്ടുകാരോടോ ജന്മിയോടോ അടിയാളന്മാരോടോ ബ്രിട്ടീഷുകാരോടോ ഐഎൻഎ യോടോ നാട്ടിലെ പോരാട്ടങ്ങളോടോ ഒന്നും താല്പര്യമില്ല.. വൈദ്യനായ അയാൾക്ക് എല്ലായിടത്തും ആക്സപറ്റൻസ് ഉള്ളതിനാൽ അത് മുതലെടുത്ത് എല്ലാവരുടെയും ആളായി നടിക്കുകയും പരസ്പരം തമ്മിലടിപ്പിക്കുകയും ചെയ്യുന്നു.. കേളു നമ്പ്യാർ എന്ന ജന്മി (മുരളി ഗോപി) ക്രൂരനാണെങ്കിലും മകൻ ഒതേനൻ (സിദ്ധാർഥ്) ആണ് ആ എപ്പിസോഡിലെ ഹീറോ.. മുറപ്പെണ്ണായ ഭാനുമതിയിൽ (നമിത) കമ്മാരന് നല്ല താല്പര്യമുണ്ടെങ്കിലും അവൾക്കും ഒതേനനോടാണ് പ്രണയം.. എല്ലാ അർത്ഥത്തിലും വില്ലനും ഫ്രോഡുമായ കമ്മാരൻ എല്ലാവരുടെയും ചതിച്ച് ആ നാടിനെ തന്നെ കുട്ടിച്ചോറാക്കുന്നിടത്ത് ഒന്നേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള യഥാർത്ഥചരിത്രം തീരുന്നു..

  കമ്മാരൻ എന്ന സംഭവം..

  കമ്മാരൻ എന്ന സംഭവം..

  തുടർന്ന് ഇന്റർവെലിന് ശേഷം കാണുന്നത്, അബ്കാരികൾ നിർമ്മിച്ച് ദിലീപ് എന്ന മലയാള നായകനെ കമ്മാരൻ നമ്പ്യാരെ അവതരിപ്പിച്ചു കൊണ്ട് പുലികേശി സംവിധാനം ചെയ്ത സംഭവം എന്ന സിനിമയാണ്.. അതുവരെ കണ്ട യഥാർത്ഥ ചരിത്രത്തെ സിനിമയിലൂടെ ഹൈജാക്ക് ചെയ്യപ്പെടുകയും അടിമുടി ഹീറോയിക്കായി ഉടച്ചു വാർക്കപ്പെടുന്ന കമ്മാരൻ ഒരു സംഭവമായി മാറുകയും ചെയ്യുന്നു.. അയാളാണ് നാട്ടിലെ സ്വാതന്ത്ര്യ സമരം നയിക്കുന്നത്.. ഗാന്ധിജിയ്ക്കും നെഹ്റുവിനും നേതാജിയ്ക്കും എല്ലാം വേണ്ടപ്പെട്ടവനാണ് കമ്മാരൻ.. വില്ലനും ഒറ്റുകാരനുമാണ് ഒതേനൻ. ഹാസ്യത്തിന്റെ കറുത്ത യാഥാർത്ഥ്യങ്ങളാൽ വായ് പിളർന്നിരിക്കുകയും ചിരിച്ചു കുന്തം മറിഞ്ഞു പോകുകയും ചെയ്യുന്ന ലെവലിലാണ് പിന്നീടങ്ങോട്ട് കാര്യങ്ങളുടെ പോക്ക്.. എക്സലന്റ് സറ്റയർ..

  ടെയിൽ എൻഡിൽ പോലും വില്ലൻ

  ടെയിൽ എൻഡിൽ പോലും വില്ലൻ

  കമ്മാരൻ എന്ന കേന്ദ്രകഥാപാത്രത്തെ സിനിമയിൽ എവിടെയെങ്കിലും വെള്ള പൂശാനോ ന്യായീകരിക്കാനോ ശ്രമിക്കുന്നില്ല എന്നിടത്താണ് പടം വേറെ ലെവലാകുന്നത്.. അപ്രതീക്ഷിതമായി എന്തെങ്കിലും ട്വിസ്റ്റ് വരുമെന്ന് പ്രേക്ഷകൻ കാത്തിരിക്കുന്ന ടെയിൽ എൻഡ് ഫ്ലാഷ്ബാക്കിൽ വരെ അയാൾ അടിമുടി നീചനാണ്.. ഇങ്ങനെയൊരു പടം പ്ലാൻ ചെയ്ത് നടപ്പിലാക്കാൻ കാണിച്ച ധീരതയെ കുറച്ചു കാണാൻ പറ്റുകയേയില്ല..

  നാലു വിധം ദിലീപ്

  നാലു വിധം ദിലീപ്

  ദിലീപ് നാലു ഗെറ്റപ്പുകളിലായാണ് സിനിമയിൽ വരുന്നത്.. ഒന്ന് കഥ പറഞ്ഞുതുടങ്ങുന്ന തൊണ്ണൂറുകാരനും വൃദ്ധനുമായ കമ്മാരൻ നമ്പ്യാർ ആണ്. നന്നായിട്ടുണ്ട് ആ ഗെറ്റപ്പും ചലനങ്ങളും.. രണ്ടാമത്തെത് കമ്മാരൻ വൈദ്യർ എന്ന അയാളുടെ ശരിക്കുള്ള യുവത്വമാണ്.. ഊളയും ഓഞ്ഞ ലുക്കുള്ളവനുമായ അയാൾ ക്യാരക്റ്റർ ആവശ്യപ്പെടും പ്രകാരം പ്രേക്ഷകനിൽ അസ്വസ്ഥത പടർത്തും.. മൂന്നാമത്തേത് പുലികേശിയുടെ സിനിമയിൽ വീരപരിവേഷത്തോടെ കെട്ടിപ്പൊക്കിയിരിക്കുന്ന സ്വാതന്ത്ര്യ സമരസേനാനിയായ കമ്മാരൻ നമ്പ്യാരുടെ സ്റ്റൈലിഷ് മെയ്ക്കോവറാണ്.. 85ദിവസം ജയിലിൽ കിടന്നപ്പോൾ നീട്ടി വളർത്തിയ താടി മാസ് പരിവേഷത്തോടെ ഉപയോഗപ്പെടുത്തിയിരിക്കുന്നു ഇതിൽ.. നാലാമത്തേത് കമ്മാരൻ നമ്പ്യാരായി അഭിനയിക്കാൻ വരുന്ന ദിലീപ് എന്ന റിയൽ ലൈഫ് റോൾ തന്നെ.. ഇവയെല്ലാം കൂടിച്ചേർന്നുള്ള വല്ലാത്തൊരു ക്രാഫ്റ്റ് ആണ് പടത്തിന്റേത്.. പാളിപ്പോവാൻ സകല സാധ്യതയുമുണ്ടായിട്ടും എവിടെയും കയ്യിൽ നിന്ന് പോവാതെ കൈകാര്യം ചെയ്യാൻ ദിലീപിനും സ്ക്രിപ്റ്റിനും സാധിച്ചിട്ടുണ്ട്.

  സ്ക്രിപ്റ്റ്, സംവിധാനം, അഭിനയം..

  സ്ക്രിപ്റ്റ്, സംവിധാനം, അഭിനയം..

  പിന്തിരിപ്പൻ ആശയങ്ങളുടെ പേരിൽ മുൻപ് പലവട്ടം പഴികേട്ടിട്ടുള്ള ആളാണ് മുരളി ഗോപി. ബട്ട് കമ്മാരസംഭവത്തിന്റെ സ്ക്രിപ്റ്റ് മലയാളത്തിൽ ഇന്നുവരെ വരാത്ത ഒരു ഴോണറിൽ ഉള്ളതും എക്കാലവും പ്രസക്തമായതും ഗംഭീരവുമാണ്.. രതീഷ് അമ്പാട്ട് എന്ന സംവിധായകൻ ഒരു പുതുമുഖമെന്ന് എവിടെയും തോന്നിപ്പിക്കാത്ത രീതിയിൽ കൃതഹസ്തന്റെ കയ്യൊപ്പോടെ ആണ് സിനിമയാക്കിയിരിക്കുന്നു.. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സുനിൽ കെഎസ് ഒരു പുതുമുഖമാണെന്നതാണ് മറ്റൊരു വിസ്മയം. ഗോപി സുന്ദർ പതിവുപോലെത്തന്നെ കിട്ടിയ തക്കത്തിൽ പൊളിച്ചടുക്കി.. സിനിമയിലെ യഥാർത്ഥ നായകൻ എന്നു പറയാവുന്ന സിദ്ധാർത്ഥ് എന്ന ഓൾ ഇന്ത്യ നടനെക്കുറിച്ച് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ.. സിദ്ദിഖ് ദിലീപിന്റെ മകനായി അഭിനയിക്കുന്നു എന്നത് പോലുള്ള കൗതുകങ്ങൾ ഉള്ള കമ്മാരസംഭവത്തിൽ നമിത പ്രമോദും ശ്വേതാമേനോനും ആണ് ഫീമെയിൽ ലീഡ്സ്.. മുഴച്ച് നിൽക്കാത്ത റോളുകളാണ് എല്ലാവരുടേതും..

  ന. ബി.

  ന. ബി.

  ഇന്നലെ കണ്ട മെർക്കുറി എന്ന സിനിമയുടെ ആകെ ദൈർഘ്യം ഒന്നേ മുക്കാൽ മണിക്കൂർ ആയിരുന്നെങ്കിൽ കമ്മാരസംഭവത്തിന്റെ ആദ്യപാതി തന്നെ അതിലധികം സമയമുണ്ട്. സാധാരണ മൂന്നു മണിക്കൂർ ഒക്കെയുള്ള സിനിമകൾ കടുത്ത തലവേദന സമ്മാനിക്കാറുണ്ടെനിക്ക്. അങ്ങനെ ഒരു മുൻ വിധിയോടെ ആണ് തിയേറ്ററിൽ ഇരുന്നതും.. പക്ഷെ ഇത് അവസാന നിമിഷം വരെ engaged ആയ entertaining ആയും തുടർന്ന കമ്മാരസംഭവം പ്രിജുഡീസിനെ തകർത്തു.. അത്രമാത്രം പ്രസക്തമാണ് ഇപ്പടം. സമകാലിക ഇൻഡ്യൻ രാഷ്ട്രീയത്തിൽ പ്രത്യേകിച്ചും..

  ചതിക്കുള്ള പ്രതികാരം തുടങ്ങി? കമ്മാരന്‍ പറഞ്ഞ സംഭവം, കമ്മാരന്‍ പറയാത്ത സംഭവവുമായി ദിലീപേട്ടന്‍!

  English summary
  Dileep starrer Kammara Sambhavam review by Schzylan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X