»   » ആകെ മൊത്തം ടോട്ടൽ ആർട്ടിഫിഷ്യലായി ദിവാൻ-ജി മൂല! (മൂലയ്ക്കാക്കി ചാക്കോച്ചനെ) ശൈലന്റെ റിവ്യു

ആകെ മൊത്തം ടോട്ടൽ ആർട്ടിഫിഷ്യലായി ദിവാൻ-ജി മൂല! (മൂലയ്ക്കാക്കി ചാക്കോച്ചനെ) ശൈലന്റെ റിവ്യു

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

പുതുവര്‍ഷം പിറന്നതിന് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സാണ്' തിയറ്ററുകളിലേക്കെത്തുന്ന ആദ്യ സിനിമകളിലൊന്ന്. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ നായികയാവുന്നത് നൈല ഉഷയാണ്.

സിനിമയുടെ മറ്റൊരു പ്രധാന ആകര്‍ഷണം കോഴിക്കോട്ടുകാരുടെ കളക്ടര്‍ ബ്രോ ആയിരുന്ന എന്‍ പ്രശാന്ത്, സംവിധായകന്‍ അനില്‍ രാധാകൃഷ്ണനൊപ്പം ചേര്‍ന്ന് സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നു എന്നുള്ളതാണ്. ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ് എന്ന വ്യത്യസ്ത പേരുമായെത്തിയ സിനിമയില്‍ നെടുമുടി വേണു, വിനായകന്‍, സിദ്ധിഖ്, സുധീര്‍ കരമന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കം...

2018 ലെ കന്നിച്ചിത്രം..

മുൻപൊക്കെ കൊല്ലത്തിൽ ആദ്യമായി ഇറങ്ങുന്ന മലയാള ചിത്രം പരാജയപ്പെടുമെന്നൊരു അന്ധവിശ്വാസം സിനിമാക്കാർക്കിടയിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ഏതെങ്കിലുമൊക്കെ നിർഗുണ ചിത്രങ്ങൾ റിലീസായി അകാലമൃത്യു വരിക്കാൻ മുഖ്യധാരാ സിനിമാക്കാർ ജനുവരിയിലെ ആദ്യ ആഴ്ചകളിൽ പിറകോട്ട് പതുങ്ങുന്ന പതിവും ഉണ്ടായിരുന്നു. റിലീസിംഗിനായ് തിയേറ്റർ കിട്ടാതെ സിനിമകൾ കാത്തുകെട്ടിക്കിടക്കുന്നതോണ്ടാവുമെന്നു തോന്നുന്നു, ഇപ്പോൾ അത്തരം മിഥ്യാധാരണകളെയെല്ലാം കാറ്റിൽ പറത്തി മൂന്നു ചിത്രങ്ങൾ ആണ് ആദ്യ ആഴ്ചയിൽ തന്നെ തിയേറ്ററിൽ എത്തിയിരിക്കുന്നത്.. അതിലെ മുഖ്യചിത്രമാണ് ദിവാൻജിമൂല ഗ്രാൻഡ് പിക്സ്.

പേരിൽ അഭിരമിക്കുന്ന മേനോൻ..

നോർത്ത് 24 കാതം, സപ്തമശ്രീ തസ്കര: , ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി തുടങ്ങിയ വിചിത്രനാമധേയങ്ങളുള്ള സിനിമകൾ കൊണ്ട് ശ്രദ്ധേയനായ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോന്റെ നാലാമത്തെ സിനിമ ആണ് ദിവാൻജിമൂല ഗ്രാൻഡ് പിക്സ്. താൻ ഇടുന്ന വിചിത്ര നാമങ്ങളിൽ അനിൽ രാധാകൃഷ്ണ മേനോൻ വളരെയധികം ഊറ്റം കൊള്ളുന്നു എന്ന് വേണം അനുമാനിക്കാൻ. കാരണം, ക്രെഡിറ്റ്സ് കാണിക്കുമ്പോൾ ബൈക്ക് റെയ്സിംഗ് നടക്കുന്ന സ്ഥലത്ത് വഴിതെറ്റിയെത്തിയ സംഘത്തോട് പുരാണം പറയുന്ന ടിനി ടോമിനോട് "ആരാപ്പോ ഇദിന്ന് ഇങ്ങന്യൊരു പേര് ഇട്ടത്" എന്ന് കൗതുകം കൂറുന്ന ഹരീഷ് കണാരന് ഉത്തരമായിട്ടാണ് അഭിമാനപൂർവം ശ്രീ. മേനോൻ തന്റെ പേര് സ്ക്രീനിൽ എഴുതിക്കാണിക്കുന്നത്.

ക്ലീഷേകളുടെയും കൃത്രിമത്വങ്ങളുടെയും വലിയ ദിവാൻ

പേരിലെ വൈചിത്ര്യങ്ങൾക്കൊപ്പം തന്നെ ക്വാളിറ്റി കൊണ്ടും ശ്രദ്ധേയമായ സൃഷ്ടികളായിരുന്നു അനിൽ രാധാകൃഷ്ണ മേനോന്റെ ആദ്യ മൂന്നുചിത്രങ്ങളും. സപ്തമശ്രീ തസ്കര: ഒക്കെ ബോക്സോഫീസിൽ വൻ വിജയവുമായിരുന്നു. മേൽപ്പറഞ്ഞ മൂന്നിൽ മികച്ചത് ഏത് എന്നത് സംബന്ധിച്ച് പ്രേക്ഷകർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായേക്കാമെങ്കിലും മേനോന്റെ ഏറ്റവും പൊട്ട ചിത്രം ഏത് എന്നതിന് കൃത്യമായ ഉത്തരവുമായിട്ടാണ് ദിവാൻജിമൂലയുടെ വരവ്. കൃത്രിമത്വവും ക്ലീഷെകളും നിറഞ്ഞു തുളുമ്പുന്ന (കഥയില്ലാ) ബോറൻ സ്ക്രിപ്റ്റിൽ മേനോൻ തന്റെ നാലാം സിനിമ പണിതിരിക്കുന്നു. ആകർഷിക്കത്തക്കതായി ഒരു ഘടകവും സിനിമയിൽ ഇല്ല എന്നുമാത്രമല്ല, വിരസത കൊണ്ട് കോട്ടുവായിട്ട് മരിക്കാനുമാണ് തിയേറ്ററിൽ ഇരിക്കുന്ന രണ്ടു മണിക്കൂർ പത്തുമിനിറ്റ് നേരത്തിന്റെ വിധി.

കലക്ടർബ്രോയും ചാക്കോച്ചനും..

കലക്ടർ ബ്രോ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ജനകീയനായ പഴയ കോഴിക്കോട് കളക്ടർ പ്രശാന്ത് നായരെയും കൂട്ടിയാണ് മേനോൻ ദിവാൻ ജി മൂലയുടെ സ്ക്രിപ്റ്റ് രചിച്ചിരിക്കുന്നത്. തൃശൂർ ജില്ലാ കലക്ടർ ആയി സാജൻ ജോസഫ് എന്ന കുഞ്ചാക്കോ ബോബൻ ചാർജെടുക്കുന്നതിലൂടെ ട്രാക്കിൽ കയറുന്ന കലക്ടർ ബ്രോയുടെ നേരനുഭവങ്ങളും ജില്ലാഭരണ നിയന്ത്രണവുമായി ബന്ധപ്പെട്ട സത്യസന്ധമായ ആവിഷ്കരണങ്ങളും ഒക്കെ പ്രതീക്ഷിച്ചു പോവുന്നത് സ്വാഭാവികം. എന്നാൽ സ്ക്രിപ്റ്റിലും സിനിമയിലും ജില്ലയുമില്ല ഭരണവുമില്ല കലക്ടറുമില്ല രാഷ്ട്രീയവുമില്ല ഒരു കോപ്പുമില്ല എന്നതാണ് അവസ്ഥ. നാമമാത്രമായുുള്ള ഈ റോളിന് കുഞ്ചാക്കോ ബോബൻ സമ്മതിച്ചത് മേനോനോടുള്ള സോഫ്റ്റ് കോർണർ കൊണ്ട് മാത്രമാണ്. ഇത്ര ഐഡന്റിറ്റിയില്ലാത്ത ഒരു റോൾ ചാക്കോച്ചൻ ഈയടുത്തൊന്നും ചെയ്തിട്ടില്ല. ഔദ്യോഗിക വാഹനം അകമ്പടി ഓടിപ്പിച്ച് ആഡംബര ബൈക്കിൽ മുന്നിൽ സഞ്ചരിക്കുന്നു എന്നതൊക്കെയാണ് ബ്രോയും മേനോനും ജില്ലാ കളക്ടർക്കായി കരുതി വച്ചിരിക്കുന്ന പുതുമ.

സിദ്ദിഖും നൈല ഉഷയും

മേൽപ്പാലത്തിനായി സ്ഥലമെടുത്തപ്പോൾ നാനാവിധമായി പല ദിക്കിലേക്ക് കുടിയേറി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ദിവാൻജിമൂലക്കാരുടെ ആത്മാഭിമാനം തിരിച്ചുപിടിക്കാനായി ബൈക്ക് റെയ്സിംഗ് സംഘടിപ്പിക്കുന്നതും തദ്ദേശീയനായ ശത്തൻ (ശക്തൻ) എന്ന ബധിരമൂകനായ അനാഥ പയ്യനെ പ്രാക്റ്റീസ് ചെയ്യിപ്പിച്ച് ഗ്രാൻഡ് പ്രീ യ്ക്ക് ഇറക്കുന്നതും ഒക്കെയാണ് പടത്തിന്റെ പ്രമേയം (ഹെന്താാല്ലെ!!!) ദിവാൻജിമൂലയിലെ പഴയകാല ബൈക്കോട്ട പോരാളിയായ ജിതേന്ദ്രനും മകൾ എഫ്ഫി മോളുമാണ് പടത്തിലെ പ്രധാന രണ്ടുകഥാപാത്രങ്ങൾ. കഴുത്തുപോലും അനക്കാനാവാതെ വീൽ ചെയറിൽ ആയിപ്പോയ ബൈക്കോട്ടക്കാരന്റെ വേഷം സിദ്ദിഖിന്റെ ഉടലിൽ ഭദ്രമാണ്. പടത്തിന്റെ നേരിയ ഹൈലൈറ്റ് എന്ന് പറയാവുന്നതും സിദ്ദിഖ് തന്നെ. എന്നാൽ സജീവ സാമൂഹ്യ പ്രവർത്തകയും തൃശൂർ കോർപ്പറേഷൻ മുപ്പത്തെട്ടാം ഡിവിഷൻ കൗൺസിലറും ഓവർ സ്മാർട്ടുമായ മകൾ എഫ്ഫി മോളുടെ ക്യാരക്റ്ററൈസേഷനൊക്കെ കൊള്ളാവുന്ന രീതിയിൽ നടത്തിയിട്ടുണ്ടെങ്കിലും നൈലാ ഉഷയ്ക്ക് പത്ത് ശതമാനം പോലും അത് ആയി മാറാനാവാതെ അവർ വെറുതെ കിടന്ന് തിളയ്ക്കുന്നത് പടത്തിന്റെ ദൈന്യതകളിൽ പ്രധാനപ്പെട്ടതാണ്.

ഹിന്റമ്മോ.. ഹെന്തൊരു ക്ലൈമാക്സ്..


ഫുട്ബോളും റഗ്ബിയും വള്ളം കളിയും കബഡിയും മുതൽ ബാന്റ് മേളവും കാളപൂട്ടും കുതിരപ്പന്തയവും വരെയുള്ള ലോകത്തിലുള്ള നാനാവിധ മൽസരങ്ങളും കഥാപാത്രങ്ങളുടെയും സിനിമയുടെയും വിധിനിർണയിക്കും വിധം ക്ലൈമാക്സിൽ ഫിറ്റ് ചെയ്തതായിട്ടുള്ള നൂറുകണക്കിന് കച്ചവട സിനിമകൾ നമ്മൾ കണ്ടുകഴിഞ്ഞതാണ്. ബട്ട് മേനോൻ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ബൈക്ക് റെയ്സിംഗിനാണ് ദിവാൻജിമൂലയുടെ ഭാവി നിർണയത്തിനായി മേനോൻ ക്ലൈമാക്സിലേക്ക് ഇട്ടുതരുന്നത്. ഇത്തരത്തിൽ പെട്ട ഒരു സിനിമയെങ്കിലും കണ്ടവർക്ക് മൽസരത്തിന്റെ പോക്കും അന്തിമ വിധിയും എന്താവുമെന്നതിനെക്കുറിച്ച് ഒരു സംശയവുമുണ്ടാവില്ല. ബൈക്കോട്ടമാണെങ്കിൽ നായകന്റെ സ്റ്റാർട്ടിംഗ് അരമണിക്കൂർ വൈകിയാലും വഴിയിൽ കുത്തിമറിഞ്ഞ് ആശുപത്രിയിൽ രണ്ടു ദിവസം അഡ്മിറ്റായാലും കപ്പ് ഓൻ തന്നെ അടിക്കുമെന്ന് ബാംഗ്ലൂർ ഡെയ്സിൽ അഞ്ജലി മേനോൻ കാണിച്ചുതന്നതാണ്. എന്നിട്ടുണ്ടോ ഈ മേനോന് കുലുക്കം? ഇത്തരം സിനിമകളിൽ തിരുകിക്കയറ്റാറുള്ള ഉദ്വേഗവും ആവേശത്തുടിപ്പുമൊക്കെ സീറോ ലെവലിൽ ആക്കിയാണ് മേനോൻ സിനിമയെ വെറൈറ്റി ആക്കാൻ ശ്രമിക്കുന്നത്

നിർഗുണനായ പുതുമുഖം..

പൊതുവെ ഇത്തരം ക്ലൈമാക്സുകളിൽ നായകനായ ക്യാരക്റ്റർ തന്നെയാണ് ബൈക്കിന്റെയോ കുതിരയുടെയോ പോത്തിന്റെയോ ഒക്കെ മുകളിൽ മൽസരിക്കാൻ ഉണ്ടാവാറുള്ളത്. എങ്കിൽ ഇവിടെ അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഒരു സൈഡ് റോളുകാരനെയാണ് സംവിധായകൻ മൽസരാർത്ഥിയാക്കി ഇറക്കിയിരിക്കുന്നത് എന്നതും ഒരു വെറൈറ്റി ആയി എടുക്കാം. ബധിരമൂകനും അനാഥനും ആണെന്ന് പറയപ്പെടുന്ന ശക്തൻ എന്ന കഥാപാത്രത്തെ ആകെ മൊത്തം കിളിപോയ മട്ടിൽ ആണ് സ്ക്രീനിലുള്ള മൊത്തം നേരവും കാണിക്കുന്നത്. റെയ്സിംഗിൽ പങ്കെടുക്കുമ്പോൾ പോലും ടിയാന് മുഖത്തിന് ഭാവഭേദങ്ങളൊന്നുമില്ല. ബാംഗ്ലൂർ മോഡൽ ആയ രാഹുൽ ആണത്രേ ശക്തനെ ഊജ്ജ്വലമാക്കിയിരിക്കുന്നത്. കൊള്ളാം സാറേ.. ഈ സിലുമയ്ക്ക് ഇയാൾ തന്നെ ധാരാളമാണ്..

ആകെ മൊത്തം പാഴ്

പടം തുടങ്ങി ഒരു മണിക്കൂർ നാല്പത് മിനിറ്റാവുമ്പോൾ രംഗത്തെത്തുന്ന വിനായകന്റെ വറീതേട്ടൻ എന്ന സുവിശേഷ പ്രാസംഗികൻ മാത്രമാണ് തിയേറ്ററിൽ എന്തെങ്കിലും രീതിയിൽ ഒരനക്കം ഉണ്ടാക്കിയത്. പുതുമയുള്ള ഒരു ക്യാരക്റ്റർ ആയിരുന്നെങ്കിലും കുറച്ച് ചെന്നപ്പോൾ വിനായകനും മേനോനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെറുപ്പിക്കാനാവുമെന്ന് തെളിയിച്ച് തുടങ്ങി. സപ്തമശ്രീയിൽ നിന്നുള്ള സുധീർ കരമനയുടെ ലീഫ് വാസു എന്ന കഥാപാത്രത്തെ ഇതിലേക്കും എക്സ്റ്റന്റ് ചെയ്തിട്ടുണ്ട്.. എന്തിനായിരുന്നെന്ന് അറിയണമെങ്കിൽ സംവിധായകനോട് തന്നെ പോയി ചോദിക്കേണ്ടിവരും. ഒരു സിനിമയിലെ ക്യാരക്റ്ററുകൾ മൊത്തം പാഴായിപ്പോകുന്ന ഒരവസ്ഥ ഈയടുത്ത ഇത്രത്തോളം ഭീകരമായി മറ്റെങ്ങും കണ്ടിട്ടില്ലെന്ന് തോന്നുന്നു. ഇതുപോലുള്ള പടങ്ങൾ ജനുവരിയിൽ ഇറങ്ങിയാലും ജൂലൈയിൽ ഇറങ്ങിയാലും ഒക്ടോബറിൽ ഇറങ്ങിയാലും തലവര സെയിം തന്നെ എന്നിരിക്കെ ഇതിന്റെ പേരിലൊക്കെ അന്ധവിശ്വാസം രൂപീകരിക്കുന്നവന്മാരെ മട്ടലുവെട്ടി അടിക്കണം.. അല്ലാതെന്ത് പറയാൻ.

English summary
Diwanjimoola Grand Prix movie review by Schylan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X