»   » കഠോരഭീകരം തന്നെ ദുര്യോധന.. എന്നാലും ഞാനങ്ങോട്ട് സഹിച്ചു.. നന്നായി വരട്ടെ.. ശൈലന്റെ റിവ്യൂ!!

കഠോരഭീകരം തന്നെ ദുര്യോധന.. എന്നാലും ഞാനങ്ങോട്ട് സഹിച്ചു.. നന്നായി വരട്ടെ.. ശൈലന്റെ റിവ്യൂ!!

Subscribe to Filmibeat Malayalam

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  2.0/5
  Star Cast: Pradosh Mohan, Vinu Raghav, Shilpa Sunil
  Director: Pradosh Mohan

  വെയ്റ്റിങ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ശിൽപ പണിക്കർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ദുര്യോധന. വാർ എഗെൻസ്റ്റ് ഈവിൾ എന്ന ടാഗ് ലൈനുമായി എത്തുന്ന ദുര്യോധന പ്രദോഷാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ തിരക്കഥയും പ്രദോഷ് തന്നെ. യുവതാരങ്ങളായ വിനുരാഗവ്, അനിൽകുമാർ, ഹിമാശങ്കർ, ശ്രീലക്ഷ്മി എന്നിങ്ങനെ പോകുന്നു അഭിനേതാക്കൾ. ശൈലന്റെ ദുര്യോധന റിവ്യൂ വായിക്കാം...

  കാട്ടുകൂതറയെന്നാൽ എന്തെന്ന് അന്വേഷിച്ച് നടക്കേണ്ടതില്ല.. അത് ലക്ഷ്മിറായിയുടെ ജൂലി-2.. ശൈലന്റെ റിവ്യൂ!!

  ദുര്യോധന എങ്കിൽ ദുര്യോധന

  ഡിസംബർ ഒന്നിന് എത്തുമെന്ന് പറഞ്ഞ് ഇന്നുമുതൽ എന്ന തിയേറ്റർ സ്ട്രിപ്പ് സഹിതം പോസ്റ്ററോട്ടിച്ച ലിജോ ജോസ് പെല്ലിശ്ശേരിയുടെ "ഈ.മ.യൗ" ഒന്നിന്നും രണ്ടിനും എത്താത്തതുകാരണമാണ് അടുത്ത തിയേറ്ററിലുള്ള ദുര്യോധന" യ്ക്ക് കേറിയത് മഞ്ചേരിയിലെ ശ്രീകൃഷ്ണ തിയേറ്ററിന്റെ ഒരു വലിയ ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ 50രൂപയേ ടിക്കറ്റിനുള്ളൂ എന്നതാണ്‌.. (ബാൽക്കണിയിൽ ഇരിക്കേണ്ടവർക്ക് 60രൂപ കൊടുത്താൽ അതുമാവാം) തുച്ഛമായ ടിക്കറ്റ് നിരക്ക് ഈടാക്കുമ്പോഴും 145രൂപ വാങ്ങിച്ച് വച്ച് സിനിമ കാണിച്ചുതരുന്ന കോഴിക്കോട് കൈരളിയെക്കാളുമൊക്കെ മികച്ച സ്ക്രീനും വിഷ്വൽക്ലാരിറ്റിയും സൗണ്ട്സിസ്റ്റവുമാണെന്നതും എടുത്തുപറയേണ്ടതാണ്.. ആയതിനാൽ ദുര്യോധന എങ്കിൽ ദുര്യോധന..!

  മലയാള ചിത്രമാണ്

  പോസ്റ്ററിൽ കണ്ട മുഖങ്ങളൊന്നും ഒട്ടും പരിചയമുള്ളതല്ലായിരുന്നു.. ആയതിനാൽ, തിയേറ്ററിൽ കേറിയ ശേഷം ആദ്യം തന്നെ ദുര്യോധനന്റെ ഭാഷ മലയാളമാണോ തമിഴാണോ കന്നഡയാണോന്ന് എന്ന് സെർച്ച് നോക്കി.. ആഹാാ മലയാളം തന്നെ! 117മിനുറ്റ് ലെങ്ത് എന്ന് സർട്ടിഫിക്കറ്റിൽ കാണിച്ചത് തുടക്കത്തിൽ തന്നെ മധുരമായി. നബിദിന ഘോഷയാത്രയിൽ പെട്ട് ബ്ലോക്കായിരുന്നപ്പോൾ ഘോഷയാത്രക്കാർ തന്ന ഐസ്ക്രീമിലൂടെ പോരുന്ന വഴിയിലും മധുരം കിട്ടിയിരുന്നു.. ദുര്യോധനൻ ഇതിലുമൊക്കെ വലിയ മധുരമാവുമെന്ന് പ്രതീക്ഷിക്കുന്നതിൽ എന്താണ് തെറ്റ്..

  ദുര്യോധനയുടെ തുടക്കം

  മുംബൈ നഗരത്തിലൂടെ സഞ്ചരിക്കുന്ന ക്യാമറയിലൂടെ ആണ് ദുര്യോധന തുടങ്ങുന്നത്.. അതിനാടകീയവും വൃത്തികെട്ട ശബ്ദത്തിലുള്ളതുമായ ഒരു വോയിസ് ഓവറിലൂടെ ടൈറ്റിൽ വന്നുതുടങ്ങുകയാണ്.. പറയുന്നത് എന്താണെന്ന് പറയുന്ന ആൾക്കും എഴുതിക്കൊടുത്തവനും പോലും മനസിലാകാത്ത തരം സാഹിത്യം. അതിനൊടുവിൽ അവതരണക്കാരൻ പറയുന്നു, ആ കടലിന്ന് മുകളിൽ പറന്ന് നടക്കുന്ന നീലവെളിച്ചമാണ് ശങ്കരവാര്യർ എന്ന താൻ എന്നും പട്ടാളത്തിലായിരിക്കെ രക്തസാക്ഷിയായ ആളാണ് എന്നും മറ്റുമൊക്കെ.

  ദുര്യോധന വേഷത്തിന്റെ വരവ്

  പിന്നെയാണ് അവതരണക്കാരൻ പറഞ്ഞ ദുര്യോധന വേഷത്തിന്റെ വരവ്.. പ്രാന്തനെപ്പോലെ താടിയും മുടിയുമൊക്കെ വളർത്തിയ ആണൊരുത്തൻ കടൽക്കരയിലും കുറ്റിക്കാടുകളിലുമൊക്കെയായി അലഞ്ഞുതിരിയുന്നതും വിചിത്രമായ മുദ്രകൾ കാണിക്കുകയുമൊക്കെയാണ് ടിയാൻ.. ദുരൂഹമായ ബിൽഡപ്പുകൾ കുറെയേറെനേരം തുടർന്നശേഷം ഒരു അരമണിക്കൂറൊക്കെ ആവുമ്പോഴാണ് നമ്മൾക്ക് കാര്യ ങ്ങളുടെ ഒരു ഏകദേശ കിടപ്പ് പിടികിട്ടുക. ക്യാപ്റ്റൻ റാം എന്നാണ് മേല്പറഞ്ഞ നായകകഥാപാത്രത്തിന്റെ പേര്. പുള്ളിയും പട്ടാളത്തിൽ തന്നെ..

  ഏകപക്ഷീയമായ പ്രണയം

  ദില്ലിയിൽ രാഷ്ട്രപതി ഭവന്റെ അരികെക്കൂടി ഇടക്കിടെ നടക്കുന്നതൊക്കെ കാണിക്കുന്നതിൽ നിന്നും ആളു വല്ല്യ പുള്ളിയാണെന്ന് നമ്മൾ മനസിലാക്കിക്കോണം.. ടൈറ്റിൽസ് കാണിക്കുന്ന സമയത്ത് വോയ്സ് ഓവർ തന്ന ശങ്കരൻ വാര്യരെന്ന ആത്മാവിന്റെ മകൾ ആര്യനന്ദ എന്ന വാര്യരുകുട്ടിയ്ക്ക് ക്യാപ്റ്റൻ റാമിൽ ഏകപക്ഷീയമായി ഒരു അനുരാഗമുണ്ട്.. കുട്ടി പ്രണയാർദ്രമായി എഴുതുന്ന ഇൻലൻഡ് റാം രാഷ്ട്രപതി ഭവന്റെ അരികിൽ നിന്ന് പലപ്പോഴും വായിക്കുന്നുണ്ട്.. പ്ലസ് റ്റുവിലും കോളേജിലുമൊക്കെ എത്തി വേറെ ചെക്കന്മാരെ കാണുന്നതോടെ കുട്ടിക്ക് തന്നിലുള്ള പ്രണയം തീർന്നോളുമെന്നാണ് റാം അപ്പോഴൊക്കെ മറുപടിക്കുന്നത്.

  നിഷ്കളങ്ക പരിശുദ്ധപ്രണയങ്ങളാണ്

  ഇതിൽ നിന്നും കുട്ടി എട്ടിലോ ഒൻപതിലോ മറ്റോ പഠിക്കുകയാണെന്ന് നമ്മൾക്ക് മനസിലാവുന്നു.. എന്നാൽ നാട്ടിലെത്തുമ്പോൾ വാര്യത്ത് ചെന്ന് പിന്നിൽ ചെന്ന് കണ്ണുപൊത്തിയും കൂടെ ബുള്ളറ്റിൽ കറങ്ങാൻ കൊണ്ടുപോയും ഐസ്ക്രീം വാങ്ങിച്ചുകൊടുത്തും ഒക്കെ ആര്യക്കുട്ടിയെ കൊതിപ്പിക്കുന്നുണ്ട് കള്ളൻ.. ഡയലോഗ് അപ്പോഴും മേൽപ്പറഞ്ഞ മട്ടിൽ തന്നെ.. കുട്ടി എത്രയും പെട്ടെന്ന് ഒന്ന് പത്താം ക്ലാസിൽ നിന്ന് കടന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് നമ്മൾ കൊതിച്ചു പോകും.. സമാന്തരമായി പാലക്കാടുള്ള ശിവ എന്ന ഒരു അയ്യർവാൾ യുവാവിന്റെയും വോൾഗ എന്നൊരു യുവതിയുടെയും നിഷ്കളങ്ക പരിശുദ്ധപ്രണയവും കാണിക്കുന്നുണ്ട്..

  സംഗതികളുടെ പോക്ക് ഇങ്ങനെ

  എന്നാൽ പടത്തിന്റെ പൊരുളും കാതലും കിടക്കുന്നത് അവിടെയൊന്നുമല്ല.. ആര്യനന്ദയും വോൾഗയും അങ്ങനെ കുറെയേറെ പേരും തട്ടിക്കൊണ്ട് പോകപ്പെടുന്നതിനെ തുടർന്ന് ക്യാപ്റ്റൻ ഒരു കൊടുങ്കാറ്റാവുകയാണ്. ശിവയും ഒപ്പമുണ്ട്.. അന്താരാഷ്ട്ര അവയവക്കടത്ത് സംഘമാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കാണാതാകപ്പെടുന്ന വിജയ് എന്ന ജേണലിസ്റ്റിന്റെ കാമുകിയോ മറ്റോ ആയ സ്നേഹാനങ്ങ്യാർ എന്നൊരു യുവതിയും ഇവരുടെ തീപാറുന്ന പോരാട്ടങ്ങളിൽ മുന്നണിപ്പോരാളിയായുണ്ട്.. സ്വാഭാവികമായും ഈ അവയവക്കടത്ത് സംഘത്തിന് പിന്നിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമായ ജെകെ എന്ന ജയകൃഷ്ണൻ ആയിരിക്കും എന്ന് നിങ്ങൾക്ക് എപ്പോഴേ മനസിലായിക്കാണും..

  നിർമാണവും സംവിധാനവും പാട്ടെഴുത്തും അഭിനയവും

  ദുര്യോധനയുടെ രചന സംവിധാനം നിർമ്മാണം നിർവഹിച്ചിരിക്കുന്നത് പ്രദോഷ് എന്നൊരാൾ ആണ്. പാട്ടുകളിൽ ചിലതിന്റെ ലിറിക്സ് എഴുതിയിരിക്കുന്നതും പ്രദോഷ് തന്നെ.. ഇന്റർവെല്ലിന് വെറുതെ എടുത്ത് ഗൂഗിൾ ചെയ്തു നോക്കുമ്പോൾ ക്യാപ്റ്റൻ റാം ആയി വരുന്ന ടി. കക്ഷി തന്നെ പ്രദോഷ് എന്നറിയുമ്പോൾ ഉള്ളിൽ നിറയുന്ന ഒരു ആനന്ദമുണ്ടല്ലോ, അത് സമാനതകൾ ഇല്ലാത്തത് ആണ്. വിനു രാഘവ്, ശില്പാസുനിൽ, ശ്രീലക്ഷ്മി, ഹിമാശങ്കർ എന്നിവർ ഒക്കെയാണ് മറ്റ് അഭിനേതാക്കൾ. സി എസ്.കുമാർ-രഘു പുത്തില്ലത്ത് എന്നിവർ ചേർന്നാണ് സംഗീതസംവിധാനം ചെയ്തിരിക്കുന്നത്.

  നല്ലോണം പണിയെടുത്തിട്ടുണ്ട്

  ദോഷം പറയരുതല്ലോ ചില്ലറപ്പണിയൊന്നുമല്ല രണ്ടു പേരും കൂടി ചെയ്തിരിക്കുന്നത്. 90കളിലെയൊക്കെ ഹിന്ദി മസാല പടങ്ങളെ കടത്തി വെട്ടുന്ന ബീറ്റ്സാണ് പശ്ചാത്തലത്തിൽ ഉടനീളം. നാലോ അഞ്ചോ പാട്ടുകൾ ഉണ്ട്. രണ്ടെണ്ണമെങ്കിലും കൊള്ളാവുന്നതാണ്.. മഹേഷ് രാമൻ മാധവൻ - ഹാരിസ് അബ്ദുല്ല- റിക്സൺ എന്നിങ്ങനെ മൂന്നു സിനിമാറ്റോഗ്രാഫർമാർ ചേർന്നാണ് ദുര്യോധനയുടെ ദൃശ്യങ്ങൾ സ്ക്രീനിൽ പകർത്തിയിരിക്കുന്നത്.. പ്രദോഷ് ഉദ്ദേശിച്ചിരിക്കുന്നത് ഒരു കുട്ടിക്കളിയല്ലെന്ന് വ്യക്തം..

  സഹിക്കാവുന്നതേ ഉള്ളൂ

  ട്രാഷ്, എന്നോ ചവർ എന്നോ കാലഹരണപ്പെട്ടത് എന്നോ ഒക്കെ പറഞ്ഞ് അധിക്ഷേപിക്കാം.. പക്ഷെ, എനിക്കിത്തരം സിനിമകൾ കാണുമ്പോൾ അവയ്ക്ക് പിന്നിലുള്ള അധ്വാനങ്ങളോട് വല്ലാത്ത കാരുണ്യം തോന്നും. അതു രചനയും സംവിധാനവും നിർമ്മാണവും നായകനുമൊക്കെ ഒരാൾ തന്നെയാവുമ്പോൾ വളരെയധികം കൂടും.. പ്രദോഷ് ഒരു സഹനടനൊക്കെ ആകാൻ മാത്രം ഫിഗറുള്ള ആളാണ്. അഭിനയവും അത്ര ബോറല്ല. ശബ്ദവും ഡയലോഗ് ഡെലിവറിയുമൊക്കെ ദശകങ്ങളായി നിറഞ്ഞുനിൽക്കുന്ന മുൻനിര നടന്മാരെക്കാളും ഭേദം.. ഇതിലും തല്ലിപ്പൊളി രചനയിലും സംവിധാനത്തിലുമുള്ള എത്രയോ സിനിമകൾ കണ്ടിട്ടുള്ളതിനാൽ ഞാനിതങ്ങോട്ട് സഹിച്ചു..

  നന്നായിവരട്ടെ

  നല്ലൊരു ഒഴിവുദിവസമായിട്ട് നിങ്ങളുടെ സമ്പൂർണസൃഷ്ടി കണ്ടുകൊണ്ട് (മൂന്നും അഞ്ചും വയസും പ്രായമുള്ള എന്റെ കുഞ്ഞുങ്ങളെ പിടിച്ചുവെക്കാൻ പാടുപെട്ടുകൊണ്ട്) ഉച്ചയ്ക്ക് രണ്ടുമണിക്കൂർ തിയേറ്ററിൽ ഇരുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.. നമ്മളൊക്കെ ചത്തുപോവാനുള്ളവരല്ലേ.. കേരളത്തിലുടനീളമുള്ള ചുമരുകളിൽ ഒട്ടപ്പെട്ട പോസ്റ്ററുകളിൽ നിങ്ങളുടെ ഫിഗറും മുഖവും നിറഞ്ഞുനിൽക്കുന്നതിൽ നിങ്ങൾക്കൊപ്പം ഞാനും ആഹ്ലാദിക്കുന്നു.. നന്നായിവരട്ടെ

  ചുരുക്കം: ഒട്ടും വിശ്വാസയോഗ്യമല്ലാത്ത കഥയും കഥാപാത്രങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ദുര്യോധന എന്ന ചിത്രം.

  English summary
  Duryodhana movie review by Schzylan Sailendrakumar.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more