»   » അതിസാധാരണം.. പക്ഷെ തീവ്രവും സംഘർഷഭരിതവുമായ പ്രണയം- ഈട ശൈലന്റെ റിവ്യു..

അതിസാധാരണം.. പക്ഷെ തീവ്രവും സംഘർഷഭരിതവുമായ പ്രണയം- ഈട ശൈലന്റെ റിവ്യു..

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

മികച്ച തുടക്കത്തോടെ പുതിയ വര്‍ഷത്തില്‍ മൂന്ന് സിനിമകളാണ് റിലീസിനെത്തിയത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ താരപുത്രന്‍ ഷെയിന്‍ നിഗം നായകനായി അഭിനയിച്ച 'ഈട'യായിരുന്നു. ആദ്യ സിനിമയില്‍ നിന്നു തന്നെ ശ്രദ്ധിക്കപ്പെടുന്ന താരനിരയിലേക്കുയര്‍ന്ന നിമിഷ സജയന്റെ രണ്ടാമത്തെ സിനിമയാണ് എന്ന പ്രത്യേകതയും ഈടയ്ക്കുണ്ടായിരുന്നു.

ആകെ മൊത്തം ടോട്ടൽ ആർട്ടിഫിഷ്യലായി ദിവാൻ-ജി മൂല! (മൂലയ്ക്കാക്കി ചാക്കോച്ചനെ) ശൈലന്റെ റിവ്യു

പ്രണയം ഇതിവൃത്തമാക്കി മായാനദി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അക്കൂട്ടത്തിലേക്ക് പുതിയൊരു സിനിമ കൂടി എത്തിയെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഈട കൃത്യമായ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്നുണ്ട്. എഡിറ്റിങ്ങില്‍ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ബി അജിത്ത് കുമാറിന്റെ സിനിമയ്ക്ക് ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

ഹർത്താലിൽ തുടക്കം..

രാഷ്ട്രീയ കൊലപാതകത്തെ തുടർന്ന് ജില്ലാഹർത്താൽ നടക്കുന്ന ദിവസം കണ്ണൂരിൽ ട്രെയിനിറങ്ങിയ അമ്മു എന്ന ഐശ്വര്യ യാദൃച്ഛികമായി അവിടെത്തുന്ന നന്ദു എന്ന ആനന്ദിന്റെ പൾസർ ബൈക്കിൽ കയറി തന്റെ ചെറിയമ്മയുടെ വീട്ടിലേക്ക് പോകുന്നതിലൂടെ ആണ് ബി. അജിത് കുമാറിന്റെ "ഈട" ആരംഭിക്കുന്നത്. ഗത്യന്തരമില്ലാതെ ചെയ്യുന്ന ആ യാത്രയിൽ തീർത്തും മെക്കാനിക്കലായി പരിചയപ്പെടുമ്പോൾ അവർക്കൊപ്പം നമ്മൾക്കും മനസിലാവുന്നു, രണ്ടാളും മൈസൂരുവിലാണ് താമസം എന്ന്. നായകൻ ഒരു പ്രൈവറ്റ് ഇൻഷൂറൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുകയും നായിക അവിടെ ഉപരിപഠന വിദ്യാർത്ഥിനിയും. ആ പ്രായത്തിലുള്ള രണ്ടുപേർ എത്ര ഊഷ്മളമായല്ലാതെ പരിചയപ്പെട്ടാലും പിന്നീട് സ്വാഭാവികമായി സംഭവിക്കുന്ന പുരോഗതികളിലൂടെയും വഴിത്തിരിവുകളിലൂടെയും ആ ബന്ധവും ഈട എന്ന സിനിമയും മുന്നോട്ട് പോവുന്നു.

നിറഞ്ഞ് നിൽക്കുന്ന രാഷ്ട്രീയ പശ്ചാത്തലം

കെ പി എം എന്നും കെ ജെ പി എന്നും പേരുള്ള രണ്ട് രാഷ്ട്രീയ സംഘടനകളുടെ കുടിപ്പകയും പകരത്തിന് പകരമെന്ന മട്ടിലുള്ള കൊലപാതക കണക്കു തീർക്കലുകളുടെയും ഇടയിൽ ആണ് അമ്മുവും നന്ദുവും ജനിച്ചതും ജീവിച്ചതും. പേരിൽ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ടെന്നതൊഴിച്ചാൽ സംവിധായകൻ കൃത്യമായി സി പി എമ്മിനെയും ബിജെപിയെയും തന്നെയാണ് ഫോളോ ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. കൊലപാതകത്തിന്റെ കാരണങ്ങളിലേക്കും അതിന്റെ ന്യായാന്യായങ്ങളിലേക്കുമൊന്നും ഫോക്കസ് ചെയ്യാൻ നിൽക്കാതെ കൊലയ്ക്ക് കൊല എന്ന പോയിന്റിലേക്ക് മാത്രം ഫോക്കസ് ചെയ്ത് നിഷ്പക്ഷന്റെ കുപ്പായമിട്ടുള്ള ബാലൻസിംഗ് തന്ത്രം തൽക്കാലം കണ്ടില്ലെന്ന് വയ്ക്കാം. ഐശ്വര്യ അടിയുറച്ച ഇടതുപക്ഷ കുടുംബത്തിൽ നിന്നും ആനന്ദ് സംഘപരിവാർ കുടുംബത്തിൽ നിന്നും വരുന്നവരാണ് എന്നതാണ് സിനിമയെ പിന്നീട് നിർണയിക്കുന്നത്. അടിയുറച്ച കുടുംബം എന്ന് പറയുന്നതിന് പകരം കൊലയുറച്ച കുടുംബമെന്ന് പറയുന്നതാവും കറക്റ്റ്. കാരണം, തന്ത്രങ്ങളും ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നതും മറ്റും ഈ കുടുംബങ്ങളുടെ ചുറ്റുവട്ടത്തു നിന്നുമാണ്..

മൈസൂരിലെ പ്രണയപർവം

നാട്ടിൽ നിന്നും മൈസൂരിൽ തിരിച്ചെത്തിയ ആനന്ദും ഐശ്വര്യയും സ്വാഭാവികമായും പിന്നെയും കണ്ടുമുട്ടുന്നു. എഫ് ബിയിൽ ഫ്രന്റ്സ് ആവുന്നു. ഫോണിൽ സംസാരിക്കുന്നു. വാട്ട്സപ്പിൽ മെസേജുകളയക്കുന്നു. ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു. വുഡ്ലാന്റ്സ് തിയേറ്ററിൽ റിച്ചി കാണാൻ പോവുന്നു. അതിഭാവുകത്വം കോരിയൊഴിക്കാതെ തീർത്തും നാച്ചുറൽ ആയിട്ടാണ് ഒന്നരമണിക്കൂറോളമുള്ള ആദ്യപാതി സംവിധായകനും ഷെയിൻ നിഗാമും നിമിഷ സജയനും കൂടി മുന്നോട്ട് കൊണ്ടുപോവുന്നത്. മാർക്കറ്റിൽ വച്ച് ഐശ്വര്യ പ്രണയം പറയുന്നതും പിന്നീട് വിഷമിച്ച് ഫ്ലാറ്റിൽ കിടക്കുന്ന ആനന്ദിനടുത്തെത്തി കല്യാണ തീരുമാനം പറയുന്നതുമൊക്കെ മലയാളസിനിമ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത സ്വാഭാവികതയോടെയാണ്. മറ്റേതെങ്കിലും നടീനടന്മാരായിരുന്നെങ്കിൽ ഒരു പക്ഷെ പൂർണ്ണമായും പാളിപ്പോവാൻ സാധ്യത ഉണ്ടായിരുന്ന ഇന്റർവെൽ വരെയുള്ള ഭാഗത്തെ മധുരതരമാക്കുന്നത് നായികാനായകന്മാരുടെ കൂടി മികവ്.

പിടിമുറുക്കുന്ന സംഘർഷവും കൊലപാതകങ്ങളും..

പ്രണയ മനോഹരമായ ഫസ്റ്റ് ഹാഫ് കണ്ട് ആനന്ദഭരിതരായി രണ്ടാം പകുതിയിലേക്ക് പ്രവേശിക്കുന്ന പ്രേക്ഷകർക്ക് മുന്നിൽ സംഘർഷവം ചോരക്കളികളും തുടർ കൊലപാതകങ്ങളുമൊക്കെയായി മറ്റൊരു ടോണിലുള്ള സിനിമയാണ് പിന്നീട് സംവിധായകൻ കാണിച്ചു തരുന്നത്. ആനന്ദ് ഡയറക്റ്റായി തന്നെ പ്രതിപ്പട്ടികയിൽ വരികയും ഐശ്വര്യയുടെ ഗതികേടുകൾ എത്തുകയും ചെയ്യുമ്പോൾ പടം വലിഞ്ഞുമുറുകുന്നു. പ്രവചനാതീതമായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ജീവിക്കുന്ന രക്തസാക്ഷിയെ വച്ച് പാർട്ടിയെ ഒറ്റുന്ന ഡയലോഗ് പറയിപ്പിക്കുന്നതും ശത്രുവിന് അഭയം കൊടുക്കുന്നതുമൊക്കെ കാണിക്കുന്നത് സംവിധായകൻ ചെയ്യുന്ന ഫൗളുകളാണ് എങ്കിലും ഒട്ടൊക്കെ യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ പകർത്തിയിരിക്കുന്നത് എന്നതാണ് ഈട"യെ ഒരു സിനിമയെന്ന നിലയിൽ ശരാശരിക്കും മേലെ നിർത്തുന്നത്.

ഹർത്താലിൽ തന്നെ ഒടുക്കം

രാഷ്ട്രീയ കൊലപാതകത്തെ തുടർന്നുള്ള ഹർത്താലിൽ തുടങ്ങുന്ന സിനിമ ഒരു വൃത്തം കറങ്ങി മറ്റൊരു രാഷ്ട്രീയ കൊലപാതകത്തെ തുടർന്നുള്ള ഹർത്താലിന്റെ പശ്ചാത്തലത്തിൽ നിശ്ചലമായ ടൗണിന്റെ കാഴ്ചയിൽ ആണ് അവസാനിക്കുന്നതും. (അതിനിടെ പുട്ടിന് പീര കണക്കെ കൊലപാതകങ്ങളും ഹർത്താലുകളും ഇടക്കൊക്കെ വേറെയും നടക്കുന്നുണ്ട് എന്നത് വേറെ കാര്യം) ക്ലൈമാക്സിനെക്കുറിച്ചൊക്കെ എതിരഭിപ്രായവും കല്ലുകടിയും ഉള്ളവർ കാണും. മറ്റൊരു മട്ടിൽ ആയിരുന്നെങ്കിൽ അവിസ്മരണീയമാകുമായിരുന്നു അന്ത്യം എന്ന് എനിക്കും അഭിപ്രായമുണ്ട്. പ്രണയത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമാവട്ടെ രാഷ്ട്രീയവും വയലൻസുമിങ്ങനെയൊക്കെ തന്നെ തുടർന്ന് കൊണ്ടേയിരിക്കും ഇതിനൊന്നും പ്രത്യേകിച്ച് പ്രതിവിധിയും പരിഹാരവുമില്ല എന്ന സംവിധായകന്റെ അപ്രോച്ച് ഏതായാലും നല്ലതായിത്തന്നെ തോന്നി.

ഷെയിനും നിമിഷയും


മുൻപെ പറഞ്ഞപോൽ തന്നെ ഷെയിൻ നിഗമിന്റെയും നിമിഷ സജയന്റെയും സ്വാഭാവിക ചലനങ്ങൾ തന്നെയാണ് ഈടയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. Subtle ആയ ആക്റ്റിംഗ് ശൈലിയിലൂടെ മുന്പും ഞെട്ടിച്ചിട്ടുള്ള ഷെയിൻ പുഷ്പം പോൽ കൈകാര്യം ചെയ്തു ആനന്ദിനെ. തൊണ്ടിമുതലിലെ ശ്രീജയിൽ നിന്നും വേറിട്ട എക്സ്ട്രീമിൽ ഉള്ള ഐശ്വര്യ ആയി നിമിഷ സജയനും അദ്ഭുതപ്പെടുത്തി. കാസ്റ്റിംഗ് തന്നെയായിരുന്നു സംവിധായകന്റെ ഏറ്റവും വലിയ ആയുധം. സിനിമാവ്യാകരണങ്ങൾ വച്ച് നായികാ സങ്കല്പങ്ങൾക്ക് സ്യൂട്ടായതോ ഷെയിനിന് ഓപ്പോസിറ്റ് നിർത്താവുന്നതോ ആയ ഒരു താരശരീരമല്ല നിമിഷയുടെത്. പക്ഷെ മറ്റൊരു നായികയെ സങ്കല്പിക്കാൻ പോലും കഴിയാത്ത വണ്ണം ജീവിച്ചു ആ പെൺകുട്ടി. മണികണ്ഠന്റെ ഉപേന്ദ്രൻ, അലൻസിയറുടെ ഗോവിന്ദേട്ടൻ, രാജേഷ് ശർമയുടെ ഉണ്ണികൃഷ്ണൻ, ബാലേട്ടന്റെ ആചാര്യൻ എന്നിങ്ങനെ ജീവനുള്ള ക്യാരക്റ്ററുകൾ വേറെയുമുണ്ട് ഈടയിൽ. ദേശീയ അവാർഡ് കിട്ടിയ സുരഭിയെ നാമമാത്രമായ ഒരു വേഷത്തിൽ ഒതുക്കിയതിൽ വിയോജിപ്പ് ഉണ്ട് താനും.

അരങ്ങേറ്റം ഗംഭീരം

ചിത്രസംയോജകൻ എന്ന നിലയിൽ ശ്രദ്ധേയനായ ബി അജിത് കുമാറിന്റെ സംവിധായകൻ എന്ന നിലയിലുള്ള ആദ്യ സിനിമയാണ് ഈട. പക്ഷെ ഒരു തുടക്കാരന്റെ കൈ വിറയൽ സ്ക്രിപ്റ്റിംഗിലോ മേക്കിംഗിലോ എവിടെയും പ്രകടമല്ല എന്നത് എടുത്ത് പറയേണ്ടതാണ്. തീർത്തും സാധാരണമായ ഒരു സ്റ്റോറി ലൈൻ ആയിട്ടുപോലും റിയലിസ്റ്റിക് ആയ ട്രീറ്റ്മെന്റിലൂടെയും തികഞ്ഞ കയ്യടക്കത്തോടെയും അജിത്കുമാർ ഈട"യെ അനുഭവിപ്പിച്ചു. റോമിയോ ആന്റ് ജൂലിയറ്റിനെ കക്ഷി രാഷ്ട്രീയത്തിന്റെയും വയലൻസിന്റെയും പശ്ചാത്തലത്തിൽ മലയാളപ്പെടുത്തുമ്പോൾ നായകനെയും നായികയും കണ്ണൂർക്കാർ തന്നെയാക്കിയത് തീവ്രതയെ വിശ്വസനീയമായ അളവിൽ പകർത്താൻ സഹായകമായി. തമിഴിലാണെങ്കിൽ, മധുരയുടെ ഗ്യാംഗ് വാറുകൾക്കിടയിൽ ഇതേ സംഗതി നമ്മളെത്ര കണ്ടതാ. ഇവിടെയാവുമ്പോൾ 'ഈട' ത്തന്നെ.. ഈട!!

English summary
Eeda movie review by Schylan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X