»   » സ്പൂഫിനേക്കാളും ക്ലീഷേഭരിതം.. അറുപഴഞ്ചനാണ് മെഴുതിരിയും അത്താഴവും! ശൈലന്റെ റിവ്യൂ

സ്പൂഫിനേക്കാളും ക്ലീഷേഭരിതം.. അറുപഴഞ്ചനാണ് മെഴുതിരിയും അത്താഴവും! ശൈലന്റെ റിവ്യൂ

By Desk
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  2.5/5
  Star Cast: Anoop Menon,Miya,Dileesh Pothan
  Director: Sooraj Thomas

  അനൂപ് മേനോനെ നായകനാക്കി നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്ത ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. ചിത്രത്തിന് തിരക്കഥ ഒരുക്കിയതും അനൂപ് മേനോൻ തന്നെയാണ്. മിയ ജോർജ് നായികയായി എത്തിയ ചിത്രത്തിൽ അലന്‍സിയര്‍, ബൈജു, സംവിധായകന്മാരായ ദിലീഷ് പോത്തന്‍, ലാല്‍ ജോസ്, വികെ പ്രകാശ്, എന്നിങ്ങനെ നിരവധി താരങ്ങളുമുണ്ട്. 999 ഫിലിംസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ച് ശൈലൻ എഴുതിയ റിവ്യൂ വായിക്കാം.

  കൊച്ചിയിൽ ഗ്യാസ്ട്രോണമി എന്ന ലക്ഷ്വറി റസ്റ്റോറന്റ് നടത്തുന്ന സഞ്ജയ് എന്ന മില്ല്യണയർ ഷെഫിന്റെ കല്യാണം നിശ്ചയിക്കുന്നു. സ്വാഭാവികമായും മറ്റൊരു കോടീശ്വരന്റെ മകളായ താര ആണ് പ്രതിശ്രുതവധു. കല്യാണത്തിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിലൊന്നിൽ സഞ്ജുവിന് ദൂരെ നിന്നൊരു ഫോൺ വരുന്നു. അഞ്ജലി വന്നിട്ടുണ്ട് എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. പടം തുടങ്ങി പതിനാറാമത്തെ മിനിറ്റിൽ നായകൻ മൂന്നു വർഷങ്ങൾക്ക് മുൻപ് എന്നും പറഞ്ഞ് ഫ്ലാഷ്ബാക്കിട്ടു തുടങ്ങുന്നു. പതിനാറായിരത്തെട്ട് വട്ടം സിനിമകളിൽ കണ്ടുകണ്ട് ചെടിച്ച ഈ ഒരു സന്ദർഭത്തിൽ, തുടർന്നുള്ള 130 മിനിറ്റിൽ എന്തായിരിക്കും സംഭവിക്കാൻ പോവുകയെന്ന് നമ്മക്ക് കൃത്യമായൊരു ചിത്രം മനസിൽ വിടരുന്നു. അതിൽ നിന്ന് തെല്ലിട അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ പടം മുന്നോട്ടു പോവുകയും പഴകിത്തേഞ്ഞ അതേ മട്ടിൽ അവസാനരംഗവും തീർന്നു പോകുകയും ചെയ്യുന്നു.

  പടത്തിന്റെ പേര് "എന്റെ മെഴുകുതിരി അത്താഴങ്ങൾ" എന്നാണ് എന്നതിലുപരിയായി പടം നിർത്തുന്നിടത്ത് വൻസെറ്റപ്പിൽ ആദ്യം എഴുതിക്കാണിക്കുന്ന ആദ്യ ക്രെഡിറ്റ് written & designed (മുദ്ര ശ്രദ്ധിക്കണം) by അനൂപ് മേനോൻ എന്നതാണ് എന്ന കാര്യമാണ് എടുത്തു പറയേണ്ട കാര്യം.. അതു കഴിഞ്ഞേ സംവിധായകനായ സൂരജ് തോമസിന്റെയും നിർമ്മാതാവായ നോബിൾ ജോസിന്റെയും പേരുകൾ പോലും വരുന്നുള്ളൂ.. അതെ.. അനൂപ് മേനോൻ തന്നെ. ബ്യൂട്ടിഫുളും ട്രിവാൻഡ്രം ലോഡ്ജും ഹോട്ടൽ കാലിഫോർണിയയുമൊക്കെ സ്മാർട്ടായും കുസൃതിയോടെയും എഴുതി ഓർമ്മിക്കത്തക്കതാക്കിയ അതേ അനൂപ് മേനോൻ തന്നെയാണ് ഇവിടെ വെട്ടമൊട്ടുമില്ലാത്ത പഴകിയ അത്താഴവും കൊണ്ട് അരച്ചത് തന്നെ അരച്ച് വെറുപ്പിച്ച് കൊല്ലുന്നത്..

  രണ്ടാഴ്ച മുൻപാണ് സി എസ് അമുദന്റെ തമിഴ്പടം 2.0 ഇറങ്ങിയത്. (മൂന്നു കൊല്ലം മുൻപ് വന്ന അതിന്റെ ആദ്യഭാഗം തൽക്കാലം വിടാം) അമുദൻ ടാർഗറ്റ് ചെയ്യുന്ന ക്ലീഷെകൾ എല്ലാം ഒത്തിണങ്ങിയിരിക്കുന്നു മെഴുകിതിരി അത്താഴങ്ങളിൽ. കോടീശ്വരനും ഹോട്ടൽ മൊയലാളിയുമായ ഷെഫ്, ഇടയ്ക്ക് താമസിക്കാൻ പോകുന്ന ഹിൽസ്റ്റേഷനിലെ ബംഗ്ലാവ്, അവിടെ പേയിംഗ് സ്റ്റേഷൻ, കോടമഞ്ഞ്, സംഗീതം, പേയിംഗ് ഗസ്റ്റായ നായിക, വളയാൻ തയ്യാറില്ലായ്മ, പക്ഷെ മികച്ച സൗഹൃദം, ഒപ്പമുള്ള രാത്രി യാത്ര, പ്രണയം തിരിച്ചു വെളിപ്പെടുത്തൽ, ഉടനെയുള്ള തിരോധാനം, അന്വേഷിച്ചിട്ട് കണ്ടെത്തായ്ക, കാത്തിരുന്ന് വെറുത്തൊടുവിൽ കല്യാണം നിശ്ചയിക്കുമ്പോൾ അവളുടെ തിരിച്ചു വരവ്, തുടർന്നുള്ള നടപടിക്രമങ്ങൾ ഹഹഹ ഒരുമാറ്റവുമില്ല ഒന്നിനും ഏതിനും.. ഏന്നാലും ഇത്തരം സാഹചര്യങ്ങളിൽ ട്രീറ്റ്മെന്റിന് ഒരു ഫ്രെഷ്നെസ് കൊടുത്ത് കുപ്പി പുതിയതാണെന്ന് തോന്നിപ്പിക്കാൻ മറ്റാരായാലും ഒരു ശ്രമമെങ്കിലും നടത്തി നോക്കാറുണ്ട്. അതിനായുള്ള നേരിയൊരു ശ്രമവും നടത്താതിരിക്കാനുള്ള സാഹസികത എഴുത്തിലും ഡിസൈനിംഗിലും മേനോൻ കാണിച്ചു എന്നത് മാത്രമാണ് മെഴുകിതിരി അത്താഴങ്ങളിൽ കണ്ടെത്താവുന്ന ഏക ഹൈലൈറ്റ്.

  സഞ്ജയ് ആയി വരുന്ന അനൂപ് മേനോനെ തന്നെയാണ് പടത്തിൽ മുഴുനീളത്തിൽ പ്ലേയ്സ് ചെയ്തിരിക്കുന്നത്. ആദ്യ ഷോട്ടിൽ ഗ്യാസോട്ടണമിയുടെ ഫ്രെയിമിൽ വന്ന അനിൽ മുരളി, ടിനി ടോം സംഘം സഞ്ജുവിന്റെ മാജിക്കൽ ചിക്കൻ റെസിപ്പിയെ കുറിച്ച് ബിൽഡപ്പ് കൊടുത്ത് അവതരിപ്പിക്കപ്പെട്ട ശേഷം ഫ്രെയിം റ്റു ഫ്രെയിം മേനോൻ ഷോ തന്നെയാണ് പടം. പഴയ സർവജ്ഞഭാവത്തിന് അല്പം കുറവ് വരുത്തിയിട്ടുണ്ടെങ്കിലും വിക്കി ടൈപ്പ് ഡയലോഗുകൾക്ക് കുറവൊന്നുമില്ല. പരിഹാസാത്മകമായ വിശേഷണങ്ങൾ സഹകഥാപാത്രങ്ങളുടെ വായിൽ നിന്നും തനിക്കുനേരെ തൊടുക്കുന്ന ശ്രീനിവാസൻ ടൈപ്പൊരു സംഭാഷണ പദ്ധതിക്ക് തുടക്കമിടുന്നതാണ് മേനോൻ കൊണ്ടു വരാൻ ശ്രമിക്കുന്ന ഒരു പുതുമ. തടിച്ച് പന്നിക്കുട്ടിയെ പോലായിരിക്കുന്നുവെന്ന് മഞ്ജു പത്രോസിനെക്കൊണ്ട് പറയിക്കുന്നതും താടിയെല്ല് മഷിയിട്ട് തെരഞ്ഞ് നോക്കിയാൽ കണ്ടുപിടിക്കാനാവാത്തത്ര ഫാറ്റ് മൂടിയിരിക്കുന്നതിനാൽ തന്നെ പ്രണയിക്കാൻ സാധ്യമല്ല എന്ന് നായികയോട് പറയിപ്പിക്കുന്നതുമെല്ലാം ഉദാഹരണം. പ്രായമാവുന്നതിന്റെയാവണം..

  മിയാ ജോർജ് ആണ് അഞ്ജലി എന്ന നായികയാവുന്നത്. ക്യാരക്റ്ററിന്റെ ക്ലീഷേ സ്വഭാവം മാറ്റി നിർത്തിയാൽ പ്രകടനത്തിൽ മിയ മനോഹരമാക്കിയിട്ടുണ്ട് വേഷം. ഹന്ന റെജി കോശി ആണ് ബലിയാട് മോഡിൽ വരുന്ന പ്രതിശ്രുതനായിക. പാവം. രക്ഷാധികാരി ബൈജുവിൽ നല്ല റോളായിരുന്നു.

  കേന്ദ്രപ്രമേയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ചില സബ്പ്ലോട്ടുകൾ ആണ് പടത്തിൽ എന്തെങ്കിലും തരത്തിലുള്ള ഉണർവ് തരുന്ന ചില നേരങ്ങൾ. സ്റ്റീഫച്ചായൻ-ഗ്രേസി (ബൈജു-മഞ്ജു പത്രോസ്) ദാമ്പത്യം‌, സഞ്ജുവിന്റെ ബാല്യകാല ക്ലാസ്മേറ്റായ തുളസിയുടെ ദാമ്പത്യം, ബോബിയുടെ (നിർമൽ പാലാഴി) സ്വവർഗാനുരാഗ പ്രവണത എന്നിവയ്ക്കൊക്കെ ഇത്തിരിയെങ്കിലുമൊരു ഫീൽ ഉണ്ട്.

  ജിത്തു ദാമോദറിന്റെ ക്യാമറാ ഫ്രെയ്മുകളും മുട്ടിന് മുട്ടിന് വന്നു പോകുന്ന എം ജയചന്ദ്രന്റെ പാട്ടുകളും രാഹുൽ രാജി‌ന്റെ ബാക്ഗ്രൗണ്ട് സ്കോറിംഗുമെല്ലാം മനോഹരമാണെന്നതിൽ ഒട്ടും സംശയമില്ല, പക്ഷെ, കാലഘട്ടത്തിന് അതൊക്കെ എത്ര കണ്ട് അനുയോജ്യമാണെന്ന കാര്യത്തിൽ മാത്രമേ ചോദ്യമുള്ളൂ.. ലാൽ ജോസിന്റെതും ദിലീഷ് പോത്തന്റെതുമായി വരുന്ന പ്ലോട്ടുകളും അതുപോലെ മുഴച്ച് നിന്നു. പടത്തിനൊരു തട്ടിക്കൂട്ടൽ സ്വഭാവം നൽകാൻ മാത്രമേ അത് ഉപകരിച്ചുള്ളൂ..

  എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന ജമണ്ടൻ ശീർഷകമൊക്കെ എടുത്ത് പെട്ടിയിൽ വച്ച് "മലയാളപടം 2.5'" എന്നോ മറ്റോ പേരിട്ട സ്പൂഫ് പടമെന്ന മട്ടിൽ അവതരിപ്പിച്ചാൽ പടത്തിന്റെ എന്റർടൈന്മെന്റ് വാല്യൂ കുത്തനെ കുതിച്ചുയരുമെന്നും തിയേറ്ററിൽ ആളുകേറുമെന്നും തോന്നുന്നു..

  ente mezhuthiri athazhangal,

  English summary
  Ente Mezhuthiri Athazhangal movie review Schzylan

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more