For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും“ഫണ്ണി ഖാൻ”! ദുൽക്കറിന്റെ കാർവാനോപ്പം എത്തിയ ചിത്രം - റിവ്യൂ

  |

  Rating:
  3.0/5
  Star Cast: Aishwarya Rai Bachchan, Anil Kapoor,Rajkummar Rao
  Director: Atul Manjrekar

  ദുൽക്കർ സൽമാൻ ബോളിവുഡിലേക്ക് ചുവടുവച്ച 'കാർവാൻ 'എന്ന ചിത്രത്തിനൊപ്പം ഇന്ത്യയിൽ ഓഗസ്റ്റ് മൂന്നാം തീയതിയാണ് അനിൽ കപൂർ, ഐശ്വര്യ റായ്, രാജ്കുമാർ റാവു തുടങ്ങിയ ശ്രദ്ധേയ താരങ്ങൾ അണിനിരന്ന “ഫണ്ണി ഖാൻ” എന്ന മ്യൂസിക്കൽഡ്രാമാ ചിത്രവും തീയറ്ററുകളിലേക്ക് എത്തിയത്.

  പ്രതീക്ഷിച്ചപോലെ വൻ വിജയം നേടാനായില്ലെങ്കിലും ചിത്രം തീരെ മോശമാണെന്നും പറയാൻ കഴിയില്ല. വിവിധ മാധ്യമങ്ങളിലും, പ്രേക്ഷക പ്രതികരണങ്ങളിലും സമ്മിശ്രമായ അഭിപ്രായങ്ങളാണ് ചിത്രത്തേക്കുറിച്ച് പുറത്തുവന്നിട്ടുള്ളത്.

  മ്യൂസിക്കൽ കോമഡി ഡ്രാമ :

  മ്യൂസിക്കൽ കോമഡി ഡ്രാമ :

  സ്വപ്നങ്ങൾക്കും, പ്രതീക്ഷകൾക്കും, ബന്ധങ്ങൾക്കും നടുവിലൂടെയാണ് ഫണ്ണി ഖാൻ എന്ന ചിത്രം സഞ്ചരിക്കുന്നത്‌. അതുൽ മഞ്ചരേക്കർ എന്ന സംവിധായകന്റെ ആദ്യ ചിത്രമായെത്തിയ ഫണ്ണി ഖാനിൽ തന്റെ സ്വപ്നങ്ങൾ മകളിലൂടെ സാക്ഷാൽക്കരിക്കാൻ ആഗ്രഹിക്കുന്ന ഒരച്ഛന്റെ കഥയാണ് പറയുന്നത്. മധ്യവയസ്ക്കനായ ആ അച്ഛന്റെ വേഷത്തിലാണ് അനിൽ കപൂർ ചിത്രത്തിലെത്തുന്നത്. വളരെ പ്രശസ്ഥയായ ബേബി സിംഗ് എന്ന ഗായികയായി ഐശ്വര്യ റായിയും അനിൽ കപൂറിന്റെ കഥാപാത്രത്തിന്റെ ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തായി രാജ്കുമാർ റാവുവും ചിത്രത്തിലഭിനയിച്ചിരിക്കുന്നു.

  ടി സീരീസ് ഫിലിംസ്, രാകേഷ് ഓംപ്രകാശ് മെഹ്‌റ പിക്ച്ചേർസ്, അനിൽ കപൂർ ഫിലിംസ്, കമ്മ്യൂണിക്കേഷൻ നെറ്റ്വർക്ക് എന്നീ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

  ബെൽജിയൻ ചിത്രത്തിന്റെ റീമേക്ക് :

  ബെൽജിയൻ ചിത്രത്തിന്റെ റീമേക്ക് :

  2002 ലെ ബെൽജിയൻ ചിത്രമായ "എവരിബഡിസ് ഫേമസ്"- ന്റെ റീമേക്കാണ് ഫണ്ണി ഖാൻ.
  തന്റെ മകളെ ഒരു സ്റ്റാർ ആക്കുക എന്ന ലക്ഷ്യത്തിനായി പ്രശസ്ഥ ഗായികയെ ഒരച്ഛൻ തട്ടിക്കൊണ്ട് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

  ചിത്രത്തിന്റെ കഥാസാരം :

  ചിത്രത്തിന്റെ കഥാസാരം :

  ഫണ്ണി ഖാൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രശാന്ത് കുമാർ (അനിൽ കപൂർ) അറിയപ്പെടുന്ന ഒരു ഗായകനാകണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അയാളുടെ സാഹചര്യം അതിനയാളെ അനുവദിച്ചില്ല. വളരെക്കുറച്ച് ആളുകൾക്ക് മുന്നിൽ മാത്രം പാട്ടുകൾ പാടാൻ കഴിഞ്ഞു എന്നതിന് പുറമെ തന്നെ ആരും അറിയപ്പെടാതെ പോകുന്നതിൽ ദുഃഖിച്ചിരുന്ന പ്രശാന്തിന് ഒരു മകൾ ജനിക്കുമ്പോൾ തന്റെ സ്വപ്നം അവളിലൂടെ പൂർത്തിയാക്കാം എന്ന് പ്രതീക്ഷിക്കുന്നു.
  അയാൾ അവൾക്ക് ലത എന്നാണ് പേര് നൽകിയത്‌.

  ലത (പീഹു സന്ധ്)വളർന്നപ്പോൾ പാട്ട് പാടാൻ കഴിവുണ്ടായിരുന്നിട്ടും അമിത വണ്ണത്തിന്റെ പേരിൽ എല്ലായിടത്തും നിന്ന് പരിഹാസമേറ്റുവാങ്ങേണ്ടി വരുന്നു. മകൾക്ക് ഒരവസരം കിട്ടാത്തതിൽ പ്രശാന്ത് കുമാർ ആകെ നിരാശനായിരിക്കുന്ന സമയത്ത് അയാൾ ജോലി ചെയ്തിരുന്ന ഫാക്ടറി കൂടി അടച്ചു പൂട്ടുന്നു. ജോലി നഷ്ട്ടപ്പെട്ട അയാൾ പഴയ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ടാക്സ്സിയിൽ ഡ്രൈവറായി ജോലി ചെയ്യാൻ തുടങ്ങി.

  ഈ സമയത്താണ് ബേബി സിംഗ് (ഐശ്വര്യ റായി) എന്ന വളരെ പോപ്പുലറായ ഗായിക തന്റെ മാനേജർ കരൺ കക്കടുമായുള്ള (ഗിരീഷ് കുൽക്കർണ്ണി) അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സ്വന്തം കാറുപേക്ഷിച്ച് പ്രശാന്ത് കുമാറിന്റെ ടാക്സ്സിയിൽ കയറുന്നത്.

  തന്റെ മകൾക്കായി സ്വയം ഒരു ആൽബം നിർമ്മിക്കാൻ പണം സ്വരൂപിച്ചുകൊണ്ടിരുന്ന പ്രശാന്ത് ഈ അവസരം മുതലെടുക്കാം എന്ന് ചിന്തിക്കുകയും, ആൽബം നിർമ്മിക്കുന്നതിന് ആവശ്യമായ പണത്തിനായി ബേബി സിംഗിനെ തട്ടിക്കൊണ്ട് പോയി താൻ ജോലി ചെയ്തിരുന്ന ഫാക്ടറിയിൽ അടച്ചിടുകയും ചെയ്യുന്നു.

  തുടർന്നുള്ള കാര്യങ്ങൾ ഒറ്റക്ക് ചെയ്യാൻ ധൈര്യമില്ലാതിരുന്ന പ്രശാന്ത് ഒപ്പം ജോലി ചെയ്തിരുന്ന ആധിറിനെ ( രാജ്കുമാർ റാവു ) സഹായത്തിന് വിളിച്ചു. പക്ഷെ സംഭവം അറിഞ്ഞ ആധിർ പ്രശാന്തിനോട് ഇക്കാര്യത്തിൽ തനിക്ക് ഒപ്പം നിൽക്കാൻ കഴിയില്ല എന്ന് മറുപടി നല്കി മടങ്ങുകയാണ് ചെയ്തത്.

  എന്നാൽ തുടർന്ന് ശുദ്ധ ചിന്താഗതിക്കാരനായ ആധിറിന് തന്റെ പക്കൽ പണം ഇല്ലാത്തതിനാൽ തന്റെ കാമുകി തന്നെ പതിയെ ഒഴിവാക്കുകയാണെന്ന് ബോധ്യപ്പെടുമ്പോൾ അയാൾ പ്രശാന്തിനടുത്തേക്ക് തന്നെ തിരികെയെത്തുന്നു.

  പ്രശാന്തിന്റേയും, ആധിറിന്റെയും യഥാർത്ഥ വ്യക്തിത്വം മനസ്സിലാക്കുന്ന ബേബി സിംഗ് ഒട്ടും ഭയപ്പെടാതെ ഏറെ വർഷങ്ങൾക്ക് ശേഷം തനിക്ക് ലഭിച്ച തിരക്കൊഴിഞ്ഞ ഏകാന്തവാസം ആഘോഷിക്കുകയാണ് ചെയ്യുന്നത്.

  ബേബി സിംഗിന്റെ മാനേജർ കക്കടിനെ വിളിച്ച് താൻ താരത്തെ കിഡ്നാപ്പ് ചെയ്തെന്നും അവരെ വിട്ടുകിട്ടണമെങ്കിൽ താൻ നൽകുന്ന ഗാനം ലത ശർമ്മ (പ്രശാന്തിന്റെ മകൾ ) എന്ന പെൺകുട്ടിയെകൊണ്ട് റെക്കോർഡ് ചെയ്യിപ്പിക്കണം എന്നും പ്രശാന്ത് തന്റെ ആവശ്യം അറിയിച്ചു.

  പ്രശാന്തിന്റെ ആഗ്രഹം പോലെ ഗാനം റെക്കോർഡ് ചെയ്തെങ്കിലും കൂർമ്മ ബുദ്ധിയുള്ള കക്കട് കിഡ്നാപ്പർ ലതയുടെ അച്ഛനാണെന്ന് തിരിച്ചറിയുന്നു.

  തുടർന്ന് ബേബി സിംഗ് ജഡ്ജ് ആയിരുന്ന ‘ഇന്ത്യാ കി ആവാസ്‘ (ഇന്ത്യയുടെ ശബ്ദം) എന്ന റിയാലിറ്റി ഷോയുടെ നിർമ്മാതാവും കക്കടും ചേർന്ന് അവരുടെ ഷോയുടെ ഗ്രാൻഡ് ഫിനാലയുടെ റേറ്റിംഗ് വർദ്ധിപ്പിക്കാൻ പ്രശാന്തിനെ കരുവാക്കുന്നു.

  പ്രശാന്ത് കുമാറിന് തന്റെ മകളെ ഒരു സ്റ്റാർ ഗായികയായി കാണാൻ കഴിയുമോ എന്നതിനൊപ്പം താൻ അകപ്പെട്ട കുടുക്കിൽ നിന്നും മകളെ ജീവനേക്കാൾ സ്നേഹിച്ച അച്ഛന് രക്ഷപെടാൻ കഴിയുമോ എന്നതുമാണ് ചിത്രത്തിന്റെ ക്ലൈമാക്സിലൂടെ സിനിമ പങ്കുവയ്ക്കുന്ന ആകാംക്ഷയുണർത്തുന്ന കാര്യങ്ങൾ.

  ഗാനങ്ങൾ :

  ഗാനങ്ങൾ :

  ചിത്രത്തിന്റെ മുഖ്യ പ്രത്യേകതകളിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് അതിലെ ഗാനങ്ങൾ.
  അമിത് ത്രിവേദിയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്തിരിക്കുന്നത്‌.

  ‘വദൻ പെ സിത്താരെ' എന്ന പ്രശസ്ഥ ഗാനം ഫണ്ണി ഖാനിൽ റീമേക്കും ചെയ്തിട്ടുണ്ട്, തനിഷ്ക്ക് ബഗ്ച്ചിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

  ‘തേരെ ജൈസാ തൂ ഹെ', ‘ഹൽക്കാ ഹൽക്കാ' തുടങ്ങിയ ഗാനങ്ങൾ ചിത്രത്തിൽ മികച്ചു നിന്നു. ഇതു കൂടാതെ മൊഹബത്ത്, അച്ഛേ ദിൻ, എന്നിങ്ങനെ തുടങ്ങുന്ന ശരാശരി നിലവാരം പുലർത്തിയ ചില ഗാനങ്ങൾ കൂടി ചിത്രത്തിലുണ്ട്.

  അഭിനയം:

  അഭിനയം:

  അനിൽ കപൂറിന്റെ ഇതുവരെ കണ്ടിട്ടുള്ളതിൽ വ്യത്യസ്ഥമായ കഥാപാത്രമാണ് ഫണ്ണി ഖാനിലെ ഫണ്ണി ഖാൻ!
  തന്റെ പ്രായത്തിന് ചേരുന്ന കഥാപാത്രത്തെ നല്ല മിഴിവോടെ തന്നെ താരം പകർന്നാടിയിട്ടുണ്ട്. തമാശയും, സംഗീതവുമായി വലിയ വലിയ സ്വപ്നങ്ങൾ കാണുന്നത് തന്നെയാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് വിശ്വസിക്കുന്ന ഒരു സാധാരണക്കാരനാണ് പ്രശാന്ത് കുമാർ എന്ന കഥാപാത്രം. അനിൽ കപൂറിന് കൈകാര്യം ചെയ്യാൻ വലിയ വെല്ലുവിളികൾ നിറഞ്ഞ വേഷമായിരുന്നില്ല ഇതെങ്കിലും വ്യത്യസ്ഥങ്ങളായ ഇമോഷൻസ് നിറഞ്ഞ കഥാപാത്രമായിരുന്നു അത്. കഥാപാത്രത്തോട് മാക്സിമം നീതി പുലർത്താൻ അനിൽ കപൂർ എന്ന നടന് കഴിഞ്ഞിട്ടുണ്ട്.

  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഐശ്വര്യ റായിയും, രാജ്കുമാർ റാവുവും തങ്ങളുടെ മികവ് വീണ്ടും ഒരുതവണ കൂടി ബോധ്യപ്പെടുത്തിയിട്ടുണ്ട്, പക്ഷെ രാജ്കുമാർ റാവു എന്ന വലിയ റേയ്ഞ്ചുള്ള നടന്റെ അഭിനയം നല്ലരീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന കഥാപാത്രമായിരുന്നില്ല ചിത്രത്തിൽ നിന്നും ലഭിച്ചത്.

  താരത്തിന് തിളങ്ങാനുള്ള അവസരം ശരിക്കും സംവിധായകൻ നൽകിയിട്ടില്ല എന്നു വേണം പറയാൻ.

  തിരക്കഥ - സംവിധാനം:

  തിരക്കഥ - സംവിധാനം:

  വളരെ ദുർബ്ബലമായ തിരക്കഥയാണ് ചിത്രത്തിന്റേത്.
  പ്രമുഖ താരങ്ങളുടെ സാന്നിധ്യവും,അനിൽ കപൂറിന്റെ പുതിയ ലുക്കും - പെർഫോമൻസും, ഏകദേശം മുപ്പത് കോടിയോളം മുതൽ മുടക്കും, ശ്രദ്ധേയമായ ഗാനങ്ങളും, വലിയ പബ്ലിസിറ്റിയും തുടങ്ങിയവ ഒന്നുകൊണ്ടും സിനിമയെ നേരെ താങ്ങിനിർത്താൻ കഴിയുന്നില്ല. മികച്ച നടി-നടന്മാരെ വച്ച് തന്റെ ആദ്യ ചിത്രമൊരുക്കുമ്പോൾ സംവിധായകൻ അതുൽ മഞ്ചരേക്കർ കുറേക്കൂടി ജാഗ്രത പുലർത്തണമായിരുന്നു പ്രത്യേകിച്ചും സ്ക്രിപ്ടിൽ.

  കഴിവുണ്ടായിട്ടും അമിതവണ്ണത്തിന്റെ പേരിൽ ഒരു പെൺകുട്ടിയെ എവിടെയും എല്ലാവരും ഒരുപോലെ അവഗണിക്കുകയും കളിയാക്കുകയും ചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ ഇന്നത്തെ നിലയിൽ വെറും ബാലിശമായ ചിന്താഗതിയായാണ് തോന്നുത്.

  ക്ലൈമാക്‌സിൽ റിയാലിറ്റി ഷോയുടെ ടി ആർ പി കൂട്ടാനെന്ന പേരിൽ കക്കട് എന്ന ബേബി സിംഗിന്റെ മാനേജറും ഷോയുടെ നിർമ്മാതാവും പ്ലാൻ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകരുടെ യുക്തിയേയും ചോദ്യം ചെയ്യുന്നതാണ്‌. എല്ലാത്തിനും ശേഷം ഇത്തരത്തിൽ ഗൂഢനീക്കം നടത്തിയവർക്ക് ഒരു തിരിച്ചടിയും ലഭിക്കുന്നില്ല എന്നത് മറ്റൊരു കല്ലുകടി!

  റേറ്റിംഗ് : 5.5/10

  റേറ്റിംഗ് : 5.5/10

  മൂന്ന് ചിത്രങ്ങളാണ് ഓഗസ്റ്റ് 3-ന് റിലീസ് ചെയ്തത്. മൂന്നും വാണിജ്യപരമായി വലിയ റെക്കോർഡ് നേട്ടങ്ങളൊന്നും കൊയ്യാത്ത ചെറു ചിത്രങ്ങളാണ് ,അതിൽ കൂടുതൽ മുതൽ മുടക്കിയെത്തിയതും, ശ്രദ്ധേയ താരങ്ങൾ അണിനിരന്നതുമായ ഫണ്ണി ഖാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
  മൗത്ത് പബ്ലിസിറ്റിയിലൂടെ ഒന്നാമതായി കാർവാൻ ഓടിക്കൊണ്ടുമിരിക്കുന്നു.


  തിരക്കഥയുടെ ബലഹീനത തിരച്ചടിയാണെങ്കിലും അനിൽ കപൂറിന്റെ പ്രകടനത്താലും ബേസിക്ക് കഥക്കൊണ്ടും പ്രത്യേകിച്ചും അതിലെ അച്ഛന്റെയും അമ്മയുടേയും മകളോടുള്ള സ്നേഹം തുടങ്ങിയ ഇമോഷണൽ ഘടകങ്ങളാലും ഒരു തവണ കാണാൻ കഴിയുന്ന കുടുംബചിത്രം തന്നെയാണ് ഫണ്ണി ഖാൻ.

  English summary
  fanney khan bollywood movie review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X