»   » ഫുക്രി നിരൂപണം; അടിമുടി തരികിട

ഫുക്രി നിരൂപണം; അടിമുടി തരികിട

Posted By: Rohini
Subscribe to Filmibeat Malayalam

ആദ്യാവസാനം വരെ പ്രേക്ഷകരെ ചിരിപ്പിയ്ക്കുക എന്നത് മാത്രമാണ് പണ്ട് മുതലേ സിദ്ധിഖ് - ലാല്‍ ചിത്രത്തിന്റെ ഉദ്ദേശം. അന്നൊക്കെ പ്രേക്ഷകര്‍ അത്തരം സിനിമകളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അതുപോലൊരു ഫുള്‍ ആന്റ് ഫുള്‍ കോമഡി - ഫാമിലി എന്റര്‍ടൈന്‍മെന്റ് തന്നെയാണ് സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രി.

എസ് ടാക്കീസിന്റെ ബാനറില്‍ സിദ്ധിഖും വൈശാഖ സിനിമാസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം സിദ്ധിഖ് സിനിമകളുടെ ആരാധകരെ സംതൃപ്തിപ്പെടുത്തുന്നതാണ്. എന്നാല്‍ പതിവ് സിദ്ധിഖ് ചിത്രത്തിന്റെ നിലവാരം നിലനിര്‍ത്താന്‍ ഫുക്രിയ്ക്ക് സാധിച്ചിട്ടില്ല.


കഥാപശ്ചാത്തലം

എഞ്ചിനിയറിങ് ഡ്രോപ്പൗട്ടായ ലക്കിയാണ് കഥാനായകന്‍. അല്ലറച്ചിലറ കണ്ടുപിടുത്തങ്ങളും തരികിട നമ്പുറുകളു ക്വട്ടേഷനുമൊക്കെയായിട്ടാണ് ലക്കിയുടെ ജീവിതം മുന്നോട്ട് പോകുന്നത്. അങ്ങനെ ഒരു ക്വട്ടേഷന്റെ ഭാഗമായിട്ടാണ് സുലൈമാന്‍ ഫുക്രിയുടെ വീട്ടില്‍ ലക്കി എത്തുന്നത്. ലുക്ക്മാന്‍ അലി ഫുക്രിയായി ലക്കിയും കൂട്ടുകാരും സുലൈമാന്‍ ഫുക്രിയുടെ വീട്ടിലെത്തുന്നു. എന്തിന് വന്നു, പിന്നെ എന്ത് സംഭവിയ്ക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥ.


തിരക്കഥ- സംവിധാനം - സിദ്ദിഖ്

സിദ്ധിഖ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഫുക്രി. എന്നാല്‍ പൂര്‍ണമായുമൊരു എന്റര്‍ടൈന്‍മെന്റായി ചിത്രത്തെ മാറ്റുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു. ഒരുപാട് നല്ല ഹാസ്യ സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ അവതരണത്തിലെ പാളിച്ചകള്‍ക്കൊണ്ട് ആസ്വദിക്കാന്‍ കഴിയാതെ പോകുന്നു. ആദ്യപകുതിയ്ക്ക് ദൈര്‍ഘ്യക്കൂടുതല്‍ അനുഭവപ്പെട്ടു. നടകീയമായ ഡയലോഗും, ക്ലൈമാക്‌സിലെ 'തിക്കും തിരക്കും' സിനിമയുടെ പോരായ്മയാണ്.


ലക്ക്മാന്‍ എന്ന ലക്കി

ലക്ക്മാന്‍ എന്ന ലക്കിയായിട്ടെത്തുന്നത് ജയസൂര്യയാണ്. തരികിട നമ്പറുകളും അലമ്പും കാണിക്കുന്ന കഥാനായകന് എന്തുകൊണ്ടും ജയസൂര്യ യോജിച്ചു നില്‍ക്കുന്നു. എന്നാല്‍ കൂടുതലൊന്നും കഥാപാത്രത്തിന് വേണ്ടി ജയസൂര്യ എന്ന നടന് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ഒരുപാട് കഥാപാത്രങ്ങള്‍ വന്ന് പോകുന്ന സിനിമയില്‍ ഒരു കേന്ദ്ര കഥാപാത്രം മാത്രം.


സുലൈമാന്‍ ഫുക്രി

കുടുംബത്തിലെ കാര്‍ണവരായ സുലൈമാന്‍ ഫുക്രിയായെത്തുന്നത് സിദ്ധിഖാണ്. ഗെറ്റപ്പുകൊണ്ടും മറ്റും തീര്‍ത്തും വ്യത്യസ്തമായ വേഷമാണ് സിദ്ധിഖിന്റേത്.


അലി ഫുക്രി

കഥയെ വഴിതിരിച്ചുവിടുന്ന കഥാപാത്രമാണ് ലാല്‍ അവതരിപ്പിയ്ക്കുന്ന റമദാന്‍ അലി ഫുക്രി. സുലൈമാന്‍ ഫുക്രിയുടെ മകനാണ് അലി ഫുക്രി


നഫ്‌സിയായി പ്രയാഗ

അലി ഫുക്രിയുടെ അനന്തരവളും സുലൈമാന്‍ ഫുക്രിയുടെ കൊച്ചുമകളുമായ നഫ്‌സ എന്ന കഥാപാത്രമായിട്ടാണ് പ്രയാഗ മാര്‍ട്ടിന്‍ ചിത്രത്തിലെത്തുന്നത്. ലക്ക്മാന്‍ അലി ഫുക്രി എന്ന പേരിലെത്തുന്ന ലക്കിയുമായി നഫ്‌സ പ്രണയത്തിലാകുന്നു


മണിക്കുട്ടിയായി അനു സിത്താര

മണിക്കുട്ടി എന്ന ആലിയയായിട്ടാണ് അനു സിത്താര ചിത്രത്തിലെത്തുന്നത്. യഥാര്‍ത്ഥത്തില്‍ അലി ഫുക്രിയുടെ മകളും സലൈമാന്റെ കൊച്ചുമകളും മണിക്കുട്ടിയാണ്.


മറ്റ് കഥാപാത്രങ്ങള്‍

സൗബിന്‍ ഷഹീര്‍, കൃഷ്ണപ്രഭ, ഭഗത് മാനുവല്‍, ബാലു വര്‍ഗ്ഗീസ്, ജോണ്‍ കൈപ്പള്ളി, കെപിഎസി ലളിത, തെസ്‌നി ഖാന്‍, ശ്രീലത നമ്പൂതിരി തുടങ്ങിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഒരുപാട് കഥാപാത്രങ്ങളുടെ ഒഴുക്ക് തന്നെയാണ് സിനിമയിലുടനീളം.


സാങ്കേതികവശം

വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ഭംഗിയുള്ള ചില ഫ്രെയിമുകള്‍ ഫുക്രിയുടെ പ്ലസ്‌പോയിന്റാണ്. കെആര്‍ ഗൗരികൃഷ്ണന്റെ ചിത്രസംയോജനം ചിലപ്പോഴൊക്കെ മടുപ്പുളവാക്കുന്നതാണ്. ആദ്യപകുതി നീട്ടിക്കൊണ്ടു പോകേണ്ടതില്ലായിരുന്നു.


ഒറ്റവാക്കില്‍

പതിവ് സിദ്ധിഖ് ചിത്രം പ്രതീക്ഷിച്ച് ഫുക്രി കാണാന്‍ പോകരുത്. ചിരിക്കാന്‍ ഒരുപാട് സന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ട്, എന്നാല്‍ പതിവ് സിദ്ധിഖ് ചിത്രത്തിന്റെ നിലവാരമില്ല. കുടുംബത്തോടൊപ്പം കണ്ടിരിയ്ക്കാവുന്ന സിനിമയാണ്.
English summary
Fukri Movie Review: Strictly For Siddique Fans!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam